Image

`പറുദീസ'യിലെ തനി നാടന്‍ വില്ലന്‍

Published on 14 July, 2012
`പറുദീസ'യിലെ തനി നാടന്‍ വില്ലന്‍
`പറുദീസ'യിലെ വില്ലനായ ജഗതി ശ്രീകുമാര്‍ സൗമ്യനാണ്‌. തനി നാടനാണ്‌. പുല്ലാനിമല പഞ്ചായത്ത്‌ പ്രസിഡന്റാണ്‌. പണക്കാരനാണ്‌, കരപ്രമാണിയാണ്‌. ഈ വിശേഷണങ്ങള്‍ക്കൊക്കെ ഉപരി പള്ളി കൈക്കാരനുമാണ്‌. ഇന്നത്തെ രാഷ്‌ട്രീയക്കാരുടെ എല്ലാ കുപട മുഖങ്ങളും ഔതച്ചന്‍ മുതലാളി എന്ന കഥാപത്രത്തിനുണ്ട്‌.

പുല്ലാനിമല പളളി വികാരി ആഞ്ഞിലിത്താനച്ചനാണെങ്കില്‍ (ശ്രീനിവാസന്‍) എല്ലാ കാര്യങ്ങള്‍ക്കും ഔതച്ചന്‍ മുതലാളിയുടെ സഹായം ആവശ്യമാണ്‌. അച്ചന്റെ സഹായിയും കമ്യൂണിസ്റ്റ്‌ അനുഭാവിയുമായ സഖാവ്‌ ജോസിന്‌ (തമ്പി ആന്റണി) അതില്‍ അതൃപ്‌തിയുണ്ട്‌. മഠത്തിലെ കുശിനിക്കാരി ത്രേസ്യാമ്മ (ശ്വേതാ മേനോന്‍) ഗര്‍ഭിണിയായതുള്‍പ്പടെയുള്ള പല കാര്യങ്ങളിലും ഔതച്ചന്റെ ഇടപെടലുകളെ വിമര്‍ശിക്കുന്നുണ്ട്‌. ജോസ്‌ നാട്ടിലുള്ള യുവാക്കളെ സംഘടിപ്പിച്ച്‌ ഔതച്ചന്‍ മുതലാളിയെ കൈക്കാരന്‍ സ്ഥാനത്തുനിന്നും നീക്കാനും പദ്ധതിയിടുന്നു. ഔതച്ചാനാണെങ്കില്‍ പണത്തിനുമേലേ പരുന്തല്ല ഒരു പള്ളിയും കുരിശുപോലുമില്ലെന്ന ഭാവത്തിലാണ്‌. അങ്ങനെ പുല്ലാനിമല അടക്കിവാഴുന്ന കരുത്തനായ കഥാപാത്രമാണ്‌ ജഗതിയുടേത്‌.

കാര്‍ അപകടത്തിനു തൊട്ടുമുമ്പ്‌ പൂര്‍ത്തിയാക്കിയ പറുദീസയിലെ ഈ കഥാപാത്രം അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും നല്ല കഥാപാത്രങ്ങളിലൊന്നാണെന്ന്‌ നിസംശയം പറയാം.

ആര്‍. ശരത്തിന്റെ ആദ്യ ജനകീയ ചിത്രമായ പറുദീസ നിര്‍മിച്ചത്‌ കായല്‍ ഫിലിംസാണ്‌.

ശ്രീനാവാസന്‍, തമ്പി ആന്റണി, ജഗതി ശ്രീകുമാര്‍, ശ്വേതാ മേനോന്‍, ഇന്ദ്രന്‍സ്‌, നന്ദു, ജയകൃഷ്‌ണന്‍, കൃഷ്‌ണപ്രസാദ്‌, സിബി ഡേവിഡ്‌, ബാബു തുടങ്ങിയ വന്‍ താരനിരയുണ്ട്‌ ചിത്രത്തില്‍.

സംവിധായകനായ ആര്‍ ശരത്തിന്റെ കഥയ്‌ക്ക്‌ തിരക്കഥ രചിച്ചിരിക്കുന്നത്‌ പ്രശസ്‌ത നോവലിസ്റ്റായ വിനു ഏബ്രഹാമാണ്‌. വിനുവിന്റെ അഭിപ്രായത്തില്‍ ഇതൊരു ഗ്രാമത്തിന്റെ കഥയാണ്‌. ഒരു വിദേശ സിനിമകളുടേയും സ്വാധീനമില്ലാത്ത ഒരു നാടന്‍ സിനിമ. മേലുകാവിനടുത്തുള്ള എരുമാപ്ര എന്ന കുഗ്രാമവും അവിടുത്തെ മലനിരകളും മനോഹരമായ താഴ്‌വാരങ്ങളും സെന്റ്‌ പീറ്റേഴ്‌സ്‌ ദേവാലയുമൊക്കെ അഭ്രപാളികളില്‍ പകര്‍ത്തിയത്‌ പ്രശസ്‌ത ഛായാഗ്രാഹകനായ സജന്‍ കളത്തിലാണ്‌.

അങ്ങനെ എല്ലാ അര്‍ത്ഥത്തിലും ഒരു ഗ്രാമത്തിന്റെ കഥപറയുന്ന പറുദീസയ്‌ക്ക്‌ കേരളത്തില്‍ നല്ല വരവേല്‍പ്‌ തന്നെയുണ്ടാകുമെന്ന പ്രതീക്ഷയിലാണ്‌ അതിന്റെ അണിയറ പ്രവര്‍ത്തകര്‍. രമ്യാ മൂവീസ്‌ (അമ്പിളി) ഓഗസ്റ്റ്‌ മൂന്നിന്‌ ചിത്രം തീയേറ്ററുകളില്‍ എത്തിക്കും.
`പറുദീസ'യിലെ തനി നാടന്‍ വില്ലന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക