Image

പുതുതലമുറയ്ക്കായി സുവിശേഷ വാഹകരാവുക: ബ്രദര്‍ തങ്കച്ചന്‍ കാരയ്ക്കാട്ട്

Published on 14 July, 2012
 പുതുതലമുറയ്ക്കായി സുവിശേഷ വാഹകരാവുക: ബ്രദര്‍ തങ്കച്ചന്‍ കാരയ്ക്കാട്ട്
വിയന്ന: ക്രിസ്തുവിന്റെ പ്രബോധനങ്ങള്‍ ഉള്‍ക്കൊണ്ട് യൂറോപ്പിലെ മലയാളികളായ യുവതലമുറയുടെ മധ്യേ സുവിശേഷം പ്രചരിപ്പിക്കുവാനും ക്രിസ്തു നയിച്ച വഴികളിലൂടെ അവരെ കൈപിടിച്ചു നടത്തുവാനും ബ്രദര്‍ തങ്കച്ചന്‍ കാരയ്ക്കാട്ട് ആഹ്വാനം ചെയ്തു. വിയന്നയിലെ ഐക്യരാഷ്ട്ര സഭാ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന ജീസസ് പ്രയര്‍ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ ജൂലൈ പത്തിന് സംഘടിപ്പിച്ച പ്രാര്‍ഥനാ ശുശ്രൂഷയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

പാശ്ചാത്യ സംസ്‌കാരത്തിന്റെ ആകര്‍ഷണീയ വലയത്തില്‍പ്പെട്ട് ഉഴലുകയാണ് ഇന്നത്തെ ഒരു പറ്റം യുവതിയുവാക്കള്‍. ദൈവമുണെ്ടന്നോ, ദൈവത്തിന്റെ പ്രബോധനങ്ങള്‍ എന്തെന്നോ അറിയാതെ ആധുനികതയുടെ പിന്നാലെ പരക്കം പായുന്ന പുത്തന്‍തലമുറയെ വെളിച്ചത്തിന്റെ പാതയിലേക്ക് അടുപ്പിക്കുവാന്‍ മാതാപിതാക്കള്‍ മുന്‍കൈയെടുക്കണം. ഇല്ലെങ്കില്‍ മദ്യത്തിനും മയക്കുമരുന്നിനും മറ്റ് സാമൂഹിക വിപത്തുകള്‍ക്കും അടിമപ്പെട്ട് ജീവിതമൂല്യങ്ങള്‍ നഷ്ടപ്പെട്ട, ഇരുളില്‍ നട്ടം തിരിയുന്ന തലമുറയെയാവും നമുക്ക് തിരികെ ലഭിക്കുകയെന്ന് അദ്ദേഹം ഓര്‍മപ്പെടുത്തി.

മാനുഷികമൂല്യങ്ങള്‍ക്ക് വില കല്‍പ്പിക്കാത്ത കാലഘട്ടത്തിലൂടെയാണ് നാമിന്ന് കടന്നുപോകുന്നത്. ചെറുപ്പകാലങ്ങളില്‍ നമ്മുടെ പൂര്‍വികരിലൂടെ ലഭിച്ച ദൈവിക ചൈതന്യവും മാനുഷിക മൂല്യവും ഇന്നു നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. ബന്ധങ്ങള്‍ക്കും ജീവനും ഇന്നു കേരളത്തില്‍ പോലും വില കല്‍പ്പിക്കപ്പെടുന്നില്ല. സുവിശേഷ ചൈതന്യം മറ്റുള്ളവരിലേക്ക് പകര്‍ന്നുകൊടുത്തുകൊണ്ട് സ്വയമുരുകി മറ്റുള്ളവര്‍ക്ക് വെളിച്ചമേകുന്ന മെഴുകുതിരികളായി തീരുവന്‍ അദ്ദേഹം ആഹ്വാനം ചെയ്തു.

ഇടുക്കി, കാഞ്ഞിരപ്പള്ളി രൂപതകളില്‍ സുവിശേഷ പ്രഘോഷണം നടത്തുന്ന ബ്രദര്‍ തങ്കച്ചന്‍ കാരയ്ക്കാട്ട് (പാമ്പാടുംപാറ തങ്കച്ചന്‍) കഴിഞ്ഞ രണ്ട് ആഴ്ചകളിലായി വിയന്നയിലെ വിവിധ പ്രാര്‍ഥനാ ഗ്രൂപ്പുകളില്‍ ദൈവവചനം പ്രസംഗിക്കുകയും പ്രാര്‍ഥന ശുശ്രൂഷകള്‍ നടത്തുകയും ചെയ്തു. ജൂലൈ ഏഴിന് (ശനി) വിയന്നയിലെ സ്റ്റാട്ട്‌ലൗ പള്ളി ഓഡിറ്റോറിയത്തില്‍ നടന്ന ഏകദിന വചനപ്രഘോഷണത്തില്‍ ഓസ്ട്രിയയിലെ നിരവധി ക്രൈസ്തവ വിശ്വാസികള്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: മോനിച്ചന്‍ കളപ്പുരയ്ക്കല്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക