Image

ചാനല്‍ മത്സരത്തിലേക്ക് ഫിലിം ചേംബറും

Published on 16 July, 2012
ചാനല്‍ മത്സരത്തിലേക്ക്  ഫിലിം ചേംബറും
കൊച്ചി: ചാനല്‍ മത്സരത്തിലേക്ക് കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സും കടന്നുവരുന്നു. സമ്പൂര്‍ണ സിനിമാ ചാനല്‍ തുടങ്ങാനുള്ള ആലോചനകളിലാണ് ചേംബര്‍. വിവിധ സിനിമാ സംഘടനകളുടെ സഹകരണത്തോടെ ചാനല്‍ തുടങ്ങാനാണ് പദ്ധതി.

പ്രാഥമിക ചര്‍ച്ചകള്‍ പൂര്‍ത്തിയായി. 19ന് ടെലിവിഷന്‍ ചാനലുകളുടെ സംഘടനയായ കേരള ടെലിവിഷന്‍ ഫെഡറേഷനുമായി ചേംബര്‍ പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തുണ്ട്. അതിനുശേഷമായിരിക്കും മറ്റ് സിനിമാ സംഘടനകളുമായുള്ള ചര്‍ച്ചകള്‍. നിര്‍മാതാക്കള്‍ക്ക് പരമാവധി പ്രയോജനം ലഭിക്കുകയെന്ന ലക്ഷ്യമാണ് സ്വന്തം ചാനല്‍ എന്ന ആശയത്തിനു പിന്നിലെന്ന് ഫിലിം ചേംബര്‍ ജനറല്‍ സെക്രട്ടറി അനില്‍ തോമസ് പറഞ്ഞു. ചേംബറിലെ ചില അംഗങ്ങള്‍ തന്നെയാണ് നിര്‍ദേശം ആദ്യം മുന്നോട്ടുവെച്ചത്.

ഫിലിം ചേംബര്‍ ചാനല്‍ തുടങ്ങുകയാണെങ്കില്‍ സിനിമകളുടെ പ്രദര്‍ശനം അതിലൂടെ മാത്രമായിരിക്കുമെന്ന് അനില്‍ തോമസ് വ്യക്തമാക്കി. സെക്കന്‍ഡ് ഹാന്‍ഡ് വ്യവസ്ഥയിലായിരിക്കും പിന്നീട് സിനിമകള്‍ മറ്റു ചാനലുകള്‍ക്ക് ലഭിക്കുക. ഇതോടെ സാറ്റലൈറ്റ് അവകാശത്തിനുമേല്‍ ചേംബര്‍ ആധിപത്യമുറപ്പിക്കും.

ഇപ്പോള്‍ 99 വര്‍ഷത്തേക്കാണ് ചാനലുകള്‍ സിനിമകളുടെ സാറ്റലൈറ്റ് അവകാശം സ്വന്തമാക്കുന്നത്. ഇത് ഇനി അംഗീകരിക്കാനാകില്ലെന്ന നിലപാടിലാണ് ചേംബര്‍. പരമാവധി 10 വര്‍ഷം വരെ മാത്രമേ അവകാശം നല്‍കാനാകൂ എന്നതാണ് അവരുടെ നിലപാട്. സാറ്റലൈറ്റ് അവകാശം വാങ്ങുന്നത് നിര്‍ത്തിയത് ചാനലുകളുടെ ഏകപക്ഷീയ തീരുമാനമായിരുന്നുവെന്നും ചേംബര്‍ ആരോപിക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക