Image

ഹൈന്ദവ ഐക്യനീക്കം സ്വാഗതാര്‍ഹം

Published on 16 July, 2012
ഹൈന്ദവ ഐക്യനീക്കം സ്വാഗതാര്‍ഹം
കേരളത്തിലെ രണ്ട്‌ പ്രബല സമുദായസംഘടനകള്‍ ഹൈന്ദവ ഐക്യത്തിന്‌ സന്നദ്ധത പ്രകടിപ്പിച്ചിരിക്കുന്നത്‌ ആശാവഹമാണ്‌. അതിനുള്ള പ്രാരംഭ ചര്‍ച്ചകള്‍ ആരംഭിക്കുകയും ചെയ്തിരിക്കുന്നു. നായര്‍ സര്‍വ്വീസ്‌ സൊസൈറ്റിയും ശ്രീനാരായണ ധര്‍മ്മ പരിപാലനയോഗവും ആരംഭിച്ച ഈ നീക്കം വിശാല ഹിന്ദു ഐക്യത്തിന്റെ ആദ്യ പടിയായാണ്‌ പൊതുവെ കണക്കാക്കുന്നത്‌. കേരളത്തിന്റെ ഇന്നത്തെ സാമൂഹ്യ-രാഷ്ട്രീയ സാഹചര്യത്തില്‍ അനിവാര്യമായതും സ്വാഗതാര്‍ഹവുമായ നീക്കമാണിതെന്ന കാര്യത്തില്‍ സംശയമില്ല. ജനസംഖ്യയില്‍ ഭൂരിപക്ഷമുണ്ടെങ്കിലും ഹിന്ദു അംസഘടിതരായതിനാല്‍ പലപ്പോഴും അവഗണനയും അവഹേളനവുമാണ്‌ സഹിക്കേണ്ടവന്നിട്ടുള്ളത്‌. അത്‌ അതിന്റെ പാരമ്യതയില്‍ എത്തിനില്‍ക്കുന്ന സന്ദര്‍ഭമാണിത്‌. ഭൂരിപക്ഷത്തിനില്ലാത്ത അവകാശങ്ങളും ആനുകൂല്യങ്ങളും അനര്‍ഹരായ ന്യൂനപക്ഷക്കാര്‍ പോലും തട്ടിയെടുക്കുന്നു. മുന്നണി രാഷ്ട്രീയത്തില്‍ മുഖ്യ കക്ഷികളുടെ ദൗര്‍ബല്യങ്ങള്‍ ചൂഷണം ചെയ്ത്‌ വര്‍ഗ്ഗീയ രാഷ്ട്രീയ ശക്തികള്‍ തണ്ടും തടിമിടുക്കും പ്രയോഗിക്കുകയാണ്‌. കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിലെ ഏറ്റവും മ്ലേഛമായ പിടിച്ചടക്കലും പിടിച്ചെടുക്കലും ശൈലിക്കാണ്‌ ഇന്ന്‌ ആധിപത്യം. അത്‌ ഭൂരിപക്ഷ സമുദായമായ ഹിന്ദു സമൂഹത്തോടുള്ള ഒരു വെല്ലുവിളിയായി ഇപ്പോള്‍ മാറിയിരിക്കുകയാണ്‌. അതുകൊണ്ടുതന്നെയാണ്‌ എന്‍എസ്‌എസ്‌ ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായരും എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും മുന്‍കൈയെടുത്ത്‌ ഐക്യത്തിനുള്ള ശ്രമം വീണ്ടും ആരംഭിച്ചിട്ടുള്ളത്‌. അത്‌ കേരളത്തിലെ മുഴുവന്‍ ഹിന്ദുക്കളുടെയും ഹൃദയ വികാരത്തിന്റെ പ്രതിഫലനമാണ്‌. കൂടാതെ വര്‍ഗ്ഗീയ രാഷ്ട്രീയക്കാരുടെ അവിഹിതമായ ഇടപാടുകളില്‍ അമര്‍ഷമുള്ള മറ്റ്‌ മതവിഭാഗങ്ങളില്‍പ്പെട്ടവരുടെ താല്‍പര്യം കൂടിയാണിത്‌.
ഐക്യത്തിനുവേണ്ടിയുള്ള സന്നദ്ധത ഇരുസമുദായ നേതാക്കളും ദിവസങ്ങളായി പ്രകടിപ്പിച്ചുവരികയാണ്‌. വിശാലഹിന്ദു ഐക്യം വേണമെന്ന്‌ മൂന്നാറില്‍ ചേര്‍ന്ന എസ്‌എന്‍ഡിപി നേതൃയോഗം പ്രഖ്യാപിക്കുകയായിരുന്നു. ഭൂരിപക്ഷ വിഭാഗങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിന്‌ എസ്‌എന്‍ഡിപിയുമായി സഹകരിച്ച്‌ പ്രവര്‍ത്തിക്കാന്‍ പെരുന്നയില്‍ ചേര്‍ന്ന എന്‍എസ്‌എസ്‌ ഡയറക്ടര്‍ ബോര്‍ഡ്‌ യോഗവും തീരുമാനിച്ചതോടെയാണ്‌ ചിരകാല സ്വപ്നം പൂവണിയുമെന്ന പ്രതീക്ഷ ജനങ്ങളില്‍ ഉണര്‍ന്നിരിക്കുന്നത്‌. 13ന്‌ തുടങ്ങിയ എസ്‌എന്‍ഡിപി നേതൃയോഗം ഇന്നലെ സമാപിച്ചു. വിശാലഹിന്ദു ഐക്യത്തിന്‌ പെരുന്നയില്‍ നടന്ന എന്‍എസ്‌എസ്‌ ഡയറക്ടര്‍ ബോര്‍ഡിലുണ്ടായ തീരുമാനം ഇന്നലെ ചര്‍ച്ചകളില്‍ സജീവമായി. എന്‍എസ്‌എസ്‌ – എസ്‌എന്‍ഡിപി ഐക്യം സംബന്ധിച്ച്‌ പെരുന്നയില്‍ ചേര്‍ന്ന എന്‍എസ്‌എസ്‌ ഡയറക്ടര്‍ ബോര്‍ഡ്‌ യോഗമാണ്‌ നിര്‍ണ്ണായക തീരുമാനം കൈക്കൊണ്ടത്‌. യോഗം അംഗീകരിച്ച നയരൂപ രേഖയില്‍ ഭൂരിപക്ഷവിഭാഗങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിന്‌ എസ്‌എന്‍ഡിപി യുമായി എന്‍എസ്‌എസ്‌ സഹകരിച്ചു പ്രവര്‍ത്തിക്കുവാനാണ്‌ തീരുമാനിച്ചിരിക്കുന്നത്‌. എസ്‌എന്‍ഡിപിയുമായി ഐക്യമാണ്‌ എന്‍ എസ്‌ എസ്‌ ഇപ്പോള്‍ ഉദ്ദേശിക്കുന്നതെന്ന്‌ ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ യോഗതീരുമാനങ്ങളെക്കുറിച്ച്‌ വ്യക്തമാക്കുകയായിരുന്നു. ഇരുസമുദായ സംഘടനകളുമായി ഐക്യത്തിന്‌ തടസ്സമാകുന്ന വിഷയങ്ങള്‍ പരസ്പര ചര്‍ച്ചകളിലൂടെ പരിഹരിക്കുമെന്നാണ്‌ സുകുമാരന്‍നായര്‍ അറിയിച്ചത്‌. എന്‍ എസ്‌ എസ്‌ – എസ്‌ എന്‍ ഡി പി സംഘടനകളുടെ പ്രവര്‍ത്തന താല്‍പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ട്‌ പരസ്പര സഹകരണത്തോടെ ഐക്യം നിലനിര്‍ത്താനും എന്‍ എസ്‌ എസ്‌ തീരുമാനം എന്തുകൊണ്ടും പ്രശംസനീയമാണ്‌.
ഭൂരിപക്ഷ വിഭാഗങ്ങളുടെ ഐക്യമാണ്‌ ഇപ്പോള്‍ ലക്ഷ്യമിടുന്നതെന്നും ഐക്യം മതത്തിന്റെയോ രാഷ്ട്രീയത്തിന്റെയോ പേരിലുള്ളതാകാന്‍ പാടില്ലെന്നും എന്‍ എസ്‌ എസ്‌ അഭിപ്രായപ്പെട്ടിട്ടുണ്ട്‌. ജാതിക്കോ മതത്തിനോ തൊഴിലിനോ അല്ല, പാവങ്ങള്‍ക്കാണ്‌ നീതി കൊടുക്കേണ്ടത്‌. നീതി നിഷേധിക്കപ്പെട്ട പാവങ്ങള്‍ക്കുവേണ്ടിയാണ്‌ ഹൈന്ദവശാക്തീകരണമെന്നും വെള്ളാപ്പള്ളിയും അഭിപ്രായപ്പെട്ടിരിക്കുന്നു. ഹൈന്ദവ ഏകീകരണത്തിനായുള്ള എസ്‌എന്‍ഡിപി യോഗത്തിന്റെയും എന്‍എസ്‌എസിന്റെയും ശ്രമത്തിന്‌ ആറുപതിറ്റാണ്ടിന്റെ പഴക്കമുണ്ട്‌. മന്നത്ത്‌ പത്മനാഭനും ആര്‍.ശങ്കറും അതിനായി ഒട്ടേറെ പ്രയത്നിച്ചതാണ്‌. അവര്‍ മുന്‍കൈ എടുത്ത്‌ രൂപംകൊണ്ട ഹിന്ദുമഹാമണ്ഡലത്തെ ആസൂത്രിതമായി തകര്‍ക്കാന്‍ ചില തല്‍പരകക്ഷികള്‍ക്ക്‌ സാധിച്ചു. അതിനുശേഷം യോജിപ്പിന്റെ മേഖലകളെക്കാള്‍ വിയോജിപ്പിന്റെ ലക്ഷണങ്ങള്‍ക്ക്‌ മേല്‍ക്കൈ കിട്ടി. അഞ്ചുവര്‍ഷം മുമ്പ്‌ പി.കെ.നാരായണ പണിക്കരും വെള്ളാപ്പള്ളി നടേശനും ഒരുമിച്ചിരുന്നു യോജിപ്പിന്റെ മേഖലകള്‍ വീണ്ടും കണ്ടെത്തിയതാണ്‌. അവിടെയും ചില കീറാമുട്ടികളെ ഇട്ടുകൊടുക്കാന്‍ ചിലരുണ്ടായി. നായാടി മുതല്‍ നമ്പൂതിരിവരെയുള്ളവരുടെ യോജിപ്പാണ്‌ ലക്ഷ്യമെന്ന്‌ ഇരുസംഘടനകളും പ്രഖ്യാപിച്ച്‌ മുന്നോട്ടുപോകവെയാണ്‌ തടസ്സങ്ങളുണ്ടാക്കിയത്‌. ഇത്തവണ അനുഭവജ്ഞരായ നേതാക്കള്‍ എല്ലാതടസ്സങ്ങളും മുന്‍കൂട്ടികണ്ട്‌ അതിനെ അതിജീവിക്കാന്‍ തയ്യാറാകുമെന്ന്‌ ആശിക്കാം. ഇന്നത്തെ ഐക്യസന്നദ്ധത പരപ്രേരണ കൊണ്ടല്ല. എല്ലാ സമുദായങ്ങളിലും പെട്ട ലക്ഷക്കണക്കിന്‌ ജനങ്ങളുടെ അടങ്ങാത്ത ആഗ്രഹമാണ്‌ നേതാക്കളില്‍ കൂടി പ്രകടമായിരിക്കുന്നത്‌. ഇത്‌ ആരെയെങ്കിലും എതിര്‍ക്കാനല്ല. സ്വന്തം നിലനില്‍പ്പിനുവേണ്ടിയുള്ള യജ്ഞമാണ്‌. ഇത്‌ വിജയത്തിലെത്തിയേ തീരു. അതിനനുസരിച്ചുള്ള കരുതലോടെയുള്ള നീക്കങ്ങള്‍ എല്ലാഭാഗത്തുനിന്നും ഉണ്ടാകുമെന്ന്‌ പ്രതീക്ഷിക്കാം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക