Image

മുപ്പത് വെള്ളിക്കാശ്: ഷൂട്ടിംഗ് സംഘം ഇസ്രയേലിലേക്ക്

Published on 21 July, 2012
മുപ്പത് വെള്ളിക്കാശ്: ഷൂട്ടിംഗ് സംഘം ഇസ്രയേലിലേക്ക്
ലോകസിനിമയില്‍ ആദ്യമായി ത്രീഡിയില്‍ നിര്‍മിക്കുന്ന മുപ്പതു വെള്ളിക്കാശ് എന്ന സമ്പൂര്‍ണ ക്രിസ്തുചിത്രത്തിന്റെ ചിത്രീകരണത്തിനായി ഷൂട്ടിംഗ് സംഘം ഇസ്രയേലിലേക്കു പോകുന്നു.യേശു ജീവിച്ചുതീര്‍ത്ത വഴിത്താരകള്‍, പ്രസംഗിച്ച ഇടങ്ങള്‍, യേശുവിന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട സംഭവങ്ങള്‍ അരങ്ങേറിയ സ്ഥലങ്ങള്‍ എന്നിവയെല്ലാം യഥാര്‍ഥമായി ചിത്രത്തില്‍
അവതരിപ്പിക്കുന്നതിനുവേണ്ടിയാണ് നിര്‍മാതാവ് ജോണി സാഗരിഗയുടെയും സംവിധായകന്‍ കുര്യന്‍ വര്‍ണശാലയുടെയും നേതൃത്വത്തില്‍ വലിയ സംഘം ഇസ്രയേലിലേക്കു തിരിക്കുന്നത്.

യേശുവിന്റെ ജനനംകൊണ്ടും പ്രവര്‍ത്തനങ്ങള്‍കൊണ്ടും അനുഗ്രഹീതമായ ജറുസലേം, ബേത്‌ലഹേം, ജോര്‍ദാന്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് മുപ്പതു വെള്ളിക്കാശ് എന്ന ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരിക്കുന്നത്. സമരിയാക്കാരി സ്ത്രീയുമായി കിണറ്റിന്‍കരയില്‍വെച്ചു കണ്ടുമുട്ടുന്ന രംഗം, മരുഭൂമിയിലെ സ്‌നാപകയോഹന്നാന്റെ പ്രഭാഷണം, ഹേറോദാസ് അന്തപ്പാസ് സ്‌നാപകയോഹന്നാനെ ബന്ധനസ്ഥനാക്കുന്നത്, സ്‌നാപക യോഹന്നാന്‍ ജോര്‍ദാന്‍ നദിയില്‍വെച്ച് യേശുവിന് സ്‌നാനം നല്‍കുന്നത്... തുടങ്ങിയ രംഗങ്ങളെല്ലാം യഥാര്‍ഥ സ്ഥലങ്ങളില്‍വെച്ചു ചിത്രീകരിക്കുന്നതിനാണ് മുപ്പതുവെള്ളിക്കാശിന്റെ അണിയറപ്രവര്‍ത്തകരുടെ പരിശ്രമം.

ഡാവിഞ്ചിയുടെ ഒടുവിലത്തെ അത്താഴം എന്ന ചിത്രം അതേരൂപത്തില്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ച് പുന:സൃഷ്ടിച്ചിരിക്കുന്നതും മുപ്പതു വെള്ളിക്കാശ് എന്ന ചിത്രത്തില്‍ കാണാന്‍ സാധിക്കും. ഇസ്രയേലില്‍ ഒരുമാസത്തെ ഷൂട്ടിംഗില്‍ ആദ്യത്തെ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കും. സംവിധായകന്‍ കുര്യന്‍ വര്‍ണശാല തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ തയാറാക്കുന്നത്. 

സിനിമാ ചിത്രീകരണത്തിലെ ആധുനിക സങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തിയാണ് ഈ ത്രീഡി ചിത്രം അണിയിച്ചൊരുക്കുന്നത്. ബ്രഹ്മാണ്ഡ ഹോളിവുഡ് ചിത്രങ്ങള്‍ക്ക് സ്‌പെഷല്‍ ഇഫക്റ്റ് ഒരുക്കുന്ന ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എപ്പിക്‌സ് സ്റ്റുഡിയോ ആണ് മുപ്പുതു വെള്ളിക്കാശിന്റെ ത്രീഡി വിഭാഗം ഒരുക്കുന്നത്. 

ലോകത്തിലെ ഏറ്റവും വലിയ ഗ്രാഫിക്‌സ് ടീം എക്‌സല്‍ ഫ്രണ്ട് ലൈന്‍ ഗ്ലോബല്‍ ഐ.ടി സര്‍വീസ് ആണ് മുപ്പതു വെള്ളിക്കാശിന്റെ ഗ്രാഫിക്‌സ് വിഭാഗം കൈകാര്യം ചെയ്യുന്നത്. 

കത്തോലിക്കാ സഭയുടെ ആശീര്‍വാദത്തോടെ ചിത്രീകരിക്കുന്ന ജോണി സാഗരിഗ ഗ്രൂപ്പ് ഓഫ് കമ്പനിയുടെ ഈ ചിത്രത്തിന് സഭാ പിതാക്കന്മാരുടെ പിന്തുണയും ആശീര്‍വാദവുമുണ്ട്. 


മുപ്പത് വെള്ളിക്കാശ്: ഷൂട്ടിംഗ് സംഘം ഇസ്രയേലിലേക്ക്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക