Image

നഴ്‌സിംഗ് ലോബി റിക്രൂട്ട്‌മെന്റില്‍ വഞ്ചിതരാവരുത്: നഴ്‌സിംഗ് രജിസ്ട്രാര്‍

Published on 23 July, 2012
നഴ്‌സിംഗ് ലോബി റിക്രൂട്ട്‌മെന്റില്‍ വഞ്ചിതരാവരുത്: നഴ്‌സിംഗ് രജിസ്ട്രാര്‍
തിരുവനന്തപുരം: വ്യാജ നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് ലോബികളുടെ ചതിക്കുഴിയില്‍പ്പെട്ടു പണവും ജീവിതവും പാഴാക്കരുതെന്നു കേരള നഴ്‌സിംഗ് കൗണ്‍സില്‍ രജിസ്ട്രാര്‍ മുന്നറിയിപ്പ് നല്‍കി. നഴ്‌സിംഗ് കോഴ്‌സിനു പ്രവേശനവും വിദേശത്തു ജോലിയും വാഗ്ദാനം ചെയ്തുകൊണ്ട് മറ്റു സംസ്ഥാനങ്ങളിലെ നഴ്‌സിംഗ് ലോബികളുടെ ഏജന്റുമാര്‍ സംസ്ഥാനത്തെ ഓരോ താലൂക്കിലും ശാഖകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഈ മുന്നറിയിപ്പ്. 

കേരളത്തിലെ നഴ്‌സിംഗ് സ്ഥാപനത്തില്‍ പ്രവേശനത്തിനു അപേക്ഷിക്കുമ്പോള്‍ നടപ്പ് അധ്യായന വര്‍ഷത്തില്‍ ഈ സ്ഥാപനത്തിന്റെ അംഗീകാരം കേരള നഴ്‌സസ് ആന്‍ഡ് മിഡ്‌വൈവ്‌സ് കൗണ്‍സില്‍ പിന്‍വലിച്ചിട്ടില്ലെന്ന് ഉറപ്പാക്കണം. 
www.keralanursingcouncil.org/www.indiannursingcouncil.org
എന്നീ വെബ്‌സൈറ്റുകളില്‍ നിന്നു സ്ഥാപനങ്ങളുടെ അംഗീകാരം ഉറപ്പുവരുത്താം. ഐഎന്‍സി, കെഎന്‍എംസി അംഗീകാരമുള്ള സ്ഥാപനങ്ങളില്‍ നിന്നു പാസാകുന്നവര്‍ക്കു മാത്രമേ കെഎന്‍എംസി നഴ്‌സ്/മിഡ്‌വൈഫ് രജിസ്‌ട്രേഷന്‍ നല്‍കുകയുള്ളൂ. കേരള നഴ്‌സസ് ആന്‍ഡ് മിഡ്‌വൈവ്‌സ് കൗണ്‍സിലിന്റെ രജിസ്‌ട്രേഷന്‍ ഇല്ലാതെ കേരളത്തിലെ ഒരു ആശുപത്രിയിലും ഹെല്‍ത്ത് കെയര്‍ സെന്ററുകളിലും ജോലി ചെയ്യാന്‍ പാടുള്ളതല്ല.

റെഗുലര്‍ കോഴ്‌സ് പഠിക്കാതെ തന്നെ കേരളത്തിനു പുറത്തുള്ള ചില സംസ്ഥാനങ്ങളില്‍ നിന്നു നഴ്‌സിംഗില്‍ ബിരുദ- ബിരുദാനന്തര സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതായി അറിയുന്നു. ഇത്തരം വ്യാജബിരുദങ്ങള്‍ കേരള നഴ്‌സിംഗ് കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്യില്ലെന്നും രജിസ്ട്രാര്‍ വ്യക്തമാക്കി. കൂടുതല്‍ വിവരങ്ങള്‍ക്കു . ഫോണ്‍: 0471-2774102, 2774110, 2301278.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക