Image

മാമ്മന്‍ മാത്യുവിന്റെ കുടിവെപ്പ്‌ എന്ന കവിതയുടെ ഒരു ആസ്വാദനം

ജേക്കബ്‌ തോമസ്‌ Published on 23 July, 2012
മാമ്മന്‍ മാത്യുവിന്റെ കുടിവെപ്പ്‌ എന്ന കവിതയുടെ ഒരു ആസ്വാദനം
കുടിവെപ്പ്‌

പണ്ട്‌ പണ്ട്‌ , ദാ ഇവിടെ
മുത്തശ്ശന്‍ മലര്‍ന്നു നീന്തിയിരുന്നു..
മലര്‍ന്നൊഴുകിയ പമ്പയെ നാം
ഊഴമിട്ടു പകുത്തു ..

അണകെട്ടി മാര്‍ത്തോമ്മന്‍
ചെളിപ്പുറമൊരുക്കി
മലയിറങ്ങി അയ്യവേഷം
കടവെല്ലാം കൂറക്കയ്യമാക്കി

തോട്ടരുവികള്‍ വാര്‍ത്തുമൂടി
മലചുരന്നതു മടമൂടി
ആറാട്ടുകടവിലും നീരാട്ടുനിളയിലും
വറുതിയൂറി..

അരക്കാതമരികെ കടമ്മനിട്ടക്കോലം
അലറിയ്യാടി
`നിങ്ങളെന്റെ കരളറുത്തതു ചുട്ടുതിന്നില്ലേ ..
നിങ്ങളെന്റെ കരള്‍ പിളര്‍ന്നതു ചുട്ടുതിന്നില്ലേ ..`

ആഞ്ഞിലിക്കൊമ്പില്‍ പരഗതി തൂങ്ങിയ
ഞറുക്കീലുകളുടെ ശീല്‍ക്കാരം ..

ഈ തല്‌പത്തില്‍ അല്‌പം ബാക്കിയുണ്ട്‌
കുടിവെയ്‌ക്കാം ..
മുത്തശ്ശനോ അതോ പമ്പയ്‌കോ ?

ശ്രീ മാമ്മന്റെ ലേഖനങ്ങള്‍ വായിച്ചിട്ടുണ്ട്‌. അദ്ദേഹത്തിന്റെ ഭാഷയും ശൈലിയും ഇഷ്ടമാണ്‌. മാമ്മന്‍ കവിതകള്‍ ഇതിനുമുന്‍പ്‌ വായിച്ച ഓര്‍മ്മയില്ല. ഏതെങ്കിലും വേദിയില്‍ ഞാനുള്ളപ്പോള്‍ കേട്ടതായും ഓര്‍ക്കുന്നില്ല.

കവിത വായിക്കുന്നവരേക്കാളും എഴുതുന്ന ആളുകള്‍ കൂടുതലുള്ള ദേശത്താണ്‌ നമ്മള്‍ എന്ന്‌ ശ്രീ റജീസ്‌ നെടുങ്ങാടപ്പള്ളി, ഫോറിന്‍ കവിതകള്‍ എന്ന സമാഹാരത്തിന്റെ ആമുഖത്തില്‍ പറയുന്നുണ്ട്‌ . ഈ കവിതാ പ്രളയത്തില്‍ ഞാന്‍ മാമ്മന്‍ കവിതകള്‍ കാണാതെ പോയതാവാം. അത്‌ എന്റെ നഷ്ടം.

സാഹിത്യകാരനായി അറിയപ്പെടാനുള്ള ഒരു കുറുക്കുവഴിയാണ്‌ ഇന്ന്‌ കവിതയെഴുത്ത്‌ പലരും കാണുന്നത്‌. വരുമുറിച്ചെഴുതി കവിത എന്ന്‌ പേരില്‍ അയച്ചുകൊടുത്താല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ പ്രസിദ്ധീകരിക്കുന്ന ഇലക്ട്രോണിക്‌സ്‌ പ്രസിദ്ധീകരണങ്ങളുണ്ട്‌. വാളെടുക്കുന്നവരെല്ലാം വെളിച്ചപ്പാടുകള്‍ തന്നെ.

കവിതയ്‌ക്ക്‌ മുറിഞ്ഞ വരികളുടെ ഷേപ്പുമാത്രമുണ്ടായാല്‍ പോര, മുറിവേല്‌പിക്കാനുള്ള കരുത്തുമുണ്ടായിരിക്കണം. കുറച്ചു വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ ചൂണ്ട എന്ന എന്റെ കവിതയില്‍ ഞാന്‍ ഇതിനെക്കുറിച്ച്‌ ഇങ്ങനെ എഴുതുകയുണ്ടായി കൂര്‍ത്തയര്‍ത്ഥങ്ങള്‍

തൊണ്ടയില്‍തടഞ്ഞ്‌
മുറിവേല്‌പിച്ച്‌
ചങ്കിലേക്കിറങ്ങണം.
താളുമറിഞ്ഞ്‌
കണ്ണ്‌ ഊരിരക്ഷപ്പെട്ടാലും
നീറ്റല്‍ നിലനില്‍കണം.

ഞാന്‍ പറഞ്ഞുവരുന്നത്‌ കവിതക്ക്‌ ആത്മാവുണ്ടായിരിക്കണം. അത്‌ നമ്മെ സ്‌പര്‍ശിക്കണം. ഒന്നുകൂടി വായിക്കാന്‍ തോന്നണം, ചിന്തിക്കാന്‍ പ്രേരിപ്പിക്കണം. ഇത്‌ ഗദ്യ രചനകള്‍ക്കും ബാധകമാണ്‌. പണ്ടുകാലത്ത്‌ കവിതകള്‍ക്ക്‌ വൃത്തം മുതലായ നിബന്ധനകളുമുണ്ടായിരുന്നു. പക്ഷെ ഇന്നത്തെ പല കവികളും അത്‌ പഴഞ്ചനായി കണക്കാക്കുന്നു. സച്ചിദാനന്ദനും ആറ്റൂരും അയ്യപ്പനുമൊക്കെ അതുപേക്ഷിച്ചില്ലെ, പിന്നെ ഞങ്ങളെന്തിന്‌ അത്‌ പിന്തുടരണം? സച്ചിദാനന്ദന്റെ സത്യവാങ്‌മൂലം എന്ന കവിതയി

തൊണ്ടയിടറുകയും കണ്ണു കലങ്ങുകയും ചെയ്യുമ്പോള്‍

ഞാനെന്റെ വൃത്തവും പ്രാസവും മറന്നുപോകുന്നു

എന്റെ വൃത്തം ഓടയില്‍ പെറ്റുവീണ കുഞ്ഞിന്റെ

നിലവിളിയുടെ വൃത്തമാണ്‌

എന്ന്‌ അദ്ദേഹം പറഞ്ഞിട്ടുണ്ടാകാം, പക്ഷെ, വൈലോപ്പിള്ളി മരിച്ചപ്പോള്‍ വൈലോപ്പിള്ളിയുടെ പ്രിയപ്പെട്ട വൃത്തത്തില്‍ സച്ചിദാനന്ദനെഴുതിയ `ഇവനെക്കൂടി' എന്ന വിലാപകാവ്യം കേകയില്‍ എഴുതപ്പെട്ട മികച്ച കവിതകളില്‍ ഒന്നാണ്‌. ഇവരുടെയൊക്കെ മിക്ക കവിതകളിലും നല്ല താളബോധം കാണാം. അയ്യപ്പന്‍ കവിതകളില്‍ ചിലപ്പോള്‍ അറിയാതെയാണ്‌ കേക കടന്നുവരുന്നത്‌. കെ. ആര്‍. ടോണി, പി.പി രാമചന്ദ്രന്‍, അന്‍വര്‍ അലി തുടങ്ങിയവരുടെ അടുത്തിറങ്ങിയ കവിതകള്‍ സംസ്‌കൃത വൃത്തങ്ങള്‍പോലും ഭദ്രമായും അയഞ്ഞും സന്ദര്‍ഭമനുസരിച്ച്‌ ഉപയോഗിക്കുന്നുണ്ട്‌ പക്ഷെ താളബോധമുള്ള വായനക്കാര്‍ക്കേ അത്‌ തിരിച്ചറിയാനാവൂ.

ഈ പറഞ്ഞതുകൊണ്ടൊന്നും എന്താണ്‌ കവിത എന്ന്‌ കൃത്യമായി പറയുവാന്‍ കഴിയുകയില്ല. 1964 ല്‍ അമേരിക്കന്‍ സുപ്രീം കോര്‍ട്ട്‌ ജഡ്‌ജായ പോട്ടര്‍ സ്റ്റ്യൂവര്‍ട്ട്‌ ഒരു ഫ്രഞ്ച്‌ ചലച്ചിത്രം പോര്‍ണോഗ്രഫിയാണോ ആര്‍ട്ട്‌ ആണോ എന്ന കേസിന്‌ വിധി പറയേണ്ടി വന്നു. അദ്ദേഹം പറഞ്ഞു perhaps I could never succeed in intelligibly defining what pornogrphy is. But I know it when I see it. അതുപോലെ ഒരു നല്ല വായനക്കാരന്‌ നല്ല കവിത കണ്ടാല്‍ തിരിച്ചറിയാന്‍ സാധിക്കും എന്നാണ്‌ എന്റെ വിശ്വാസം. കവിത എഴുതുന്നവര്‍ നല്ല വായനക്കാരാണെങ്കില്‍, എഴുതുന്നതെല്ലാം നല്ല കവിതകളെല്ലെന്ന്‌ തിരിച്ചറിഞ്ഞെങ്കില്‍, വായനക്കാര്‍ രക്ഷപെടുമായിരുന്നു.

ഇനി നമുക്ക്‌ മാമ്മന്റെ കവിതയിലേക്ക്‌ പ്രവേശിക്കാം. വേളി കഴിഞ്ഞ്‌ ഭര്‍തൃഗ്രഹത്തിലേക്ക്‌ നവവധു കാലെടുത്തുവെക്കുന്ന ഒരു മംഗള സന്ദര്‍ഭമാണ്‌ കുടിവെപ്പ്‌ എന്ന തലക്കെട്ട്‌ കണ്ടപ്പോള്‍ മനസ്സില്‍ പ്രവേശിച്ചതെങ്കിലും രണ്ടുമൂന്ന്‌ വരികള്‍ കഴിയുമ്പോഴേക്കും നദികള്‍ക്ക്‌ സംഭവിക്കുന്ന ദുരന്തത്തിലേക്ക്‌ കവിത മനസ്സിനെ വഴിമാറ്റി ഒഴുക്കുന്നു.

ഈ വിഷയം ആധാരമാക്കി അനേകം കവിതകള്‍ പിറവിയെടുത്തിട്ടുണ്ട്‌. വൈലോപ്പിള്ളി പറഞ്ഞു `പുഴയുണ്ടെന്നാലും നടുവേനലില്‍ വെള്ളംകിട്ടാതുഴലുക' എന്ന്‌. സച്ചിദാനന്ദന്‍ മനോഹരമായി പറഞ്ഞു

അവരേ വന്നെത്തുന്നു കീശതന്‍ കിലുക്കത്തില്‍

നിളയെ തളക്കുവാന്‍, പെരിയാര്‍ ലേലം കൊള്ളാന്‍

അവരേ വിലപറയുന്നു സഹ്യന്‌

കാട്ടിലലയും മദംപൂണ്ട പൂമണത്തിന്‌

അവരടിയായളക്കുന്നു കുയിലിന്‍പാട്ട്‌

തൂക്കിനോക്കുന്നു നിലാവിനെ.

മാമ്മന്‍ തന്റേതായ രീതിയില്‍ ഈ വിഷയം അവതരിപ്പിച്ചിരിക്കുന്നു. പമ്പാനദിയെ കേരളീയര്‍ ?ഊഴമിട്ട്‌ പകുത്തെടുത്ത്‌? വരുത്തിവച്ച ദുരന്തത്തിന്റെ വിവിധ മുഖങ്ങള്‍ അടുത്ത വെറും ആറ്‌ വരികളില്‍ വരച്ചുകാണിക്കുന്നു.
അതിന്റെ ഫലമോ ആറാട്ടുകടവിലും നീരാട്ടുനിളയിലും വറുതിയൂറി എന്നതാണ്‌. ഈ വരികളില്‍ താളമുണ്ട്‌, പ്രാസമുണ്ട്‌.

കവിയുടെ ആക്രോശമയി കടമ്മനിട്ടയെക്കൊണ്ട്‌ പറയിക്കുന്ന അടുത്ത രണ്ട്‌ വരികള്‍ക്കും ഒരേ അര്‍ത്ഥ്‌മായിപ്പോയി എന്നു പറയാതെ വയ്യ. കടമ്മനിട്ട കുറത്തിയില്‍ പറഞ്ഞത്‌

നിങ്ങളെന്റെ കറുത്തമക്കളെ ചുട്ടുതിന്നുന്നോ?

നിങ്ങളവരുടെ നിറഞ്ഞ കണ്ണുകള്‍ ചുഴന്നെടുക്കുന്നോ?

എന്നാണല്ലൊ. രണ്ടാമത്തെ വരി മറ്റെന്തെങ്കിലും ആക്കാമായിരുന്നു എന്ന്‌ തോന്നുന്നു.

അവസാനത്തെ അഞ്ചുവരികളാണ്‌ കവിതയുടെ കാതല്‍. ആലിന്‍കൊമ്പില്‍ ആരുടെയൊക്കെ പരഗതിയാണ്‌ തൂങ്ങിക്കിടക്കുന്നത്‌? എത്രയെത്ത ജീവജാലങ്ങളും പ്രകൃതി സ്വത്തുമാണ്‌ നമ്മള്‍ നശിപ്പിച്ചത്‌, അന്യം നിന്നുപോയത്‌? നരിച്ചീറുകള്‍ എന്തുകൊണ്ടാണ്‌ ആ തല്‌പത്തില്‍ ഇനിയും അല്‍പ്പം സ്ഥലം മാത്രമേ ബാക്കിയുള്ളു എന്ന്‌ പറയുന്നത്‌? ഭൂരിഭാഗവും പരഗതി പൂകിയോ? പമ്പാനദിക്ക്‌ അവിടെ ഒരിടം റിസര്‍വ്‌ ചെയ്യുവാന്‍ സമയമായോ? നമ്മെ ചിന്തിപ്പിക്കുന്ന അനേകം ധ്വനികള്‍ ഈ വരികളിലുണ്ട്‌.

ശ്രീ മാമ്മന്റെ കവിതകള്‍ ആസ്വദിക്കുവാനുള്ള അവസരങ്ങള്‍ ഇനിയുമുണ്ടാകട്ടെ.

ജേക്കബ്‌ തോമസ്‌

ജൂലൈ 21ന്‌ ജനനി മാസികയും ഫോക്കാനയും ചേര്‍ന്ന്‌ നടത്തിയ സാഹിത്യ ശില്‍പ്പശാലയില്‍ അവതരിപ്പിച്ചത്‌.
മാമ്മന്‍ മാത്യുവിന്റെ കുടിവെപ്പ്‌ എന്ന കവിതയുടെ ഒരു ആസ്വാദനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക