Image

ഗുഹാമുഖം (നെല്ലിക്കുന്ന്‌)

Published on 24 July, 2012
ഗുഹാമുഖം (നെല്ലിക്കുന്ന്‌)
തമസ്സ്‌ പവിത്രമായ ഒരു ഗുഹാമുഖമായി അയാളുടെ മുന്നില്‍ വിടര്‍ന്നു. ഭയഭക്തിബഹുമാനങ്ങളോടെ അയാള്‍ ഉള്ളിലേക്കു കടന്നുചെല്ലാന്‍ ഭാവിച്ചു. അപ്പോള്‍ ചുറ്റിലും തനിക്കു നേരെ അയസ്‌കാന്തങ്ങള്‍ നീളുകയും അവയുടെ നീരാളിപ്പിടുത്തത്തിലമര്‍ന്ന്‌ താനൊരു തരിയായിത്തീരുകയും ചെയ്യുന്നതുപോലെ അയാള്‍ക്കു തോന്നി.

പിന്നീട്‌ ഇരുട്ടിനെ മറച്ചുകൊണ്ട്‌ ഒരു വെളുത്ത പൊടിപടലം ചുരുള്‍ നിവര്‍ത്തി ആകാശത്തേക്കുയര്‍ന്നു. അയാള്‍ വിസ്‌മയം പൂണ്ട്‌ മേലോട്ടു കണ്ണുകള്‍ പായിച്ചു. ഒന്നും വേണ്ടത്ര വ്യക്തമല്ലായിരുന്നു. നിഗൂഢമായ ഏതോ വിഹ്വലതയില്‍ അയാള്‍ പകച്ചു നിന്നു.

പൊടുനെ, എവിടെയോ മിന്നിയ ഒരു നുറുങ്ങു വെളിച്ചം പൊടിപടലത്തെ തേടിയെത്തി. പൊടിപടലം ദീപ്‌തമായി. എങ്കിലും അടുത്ത ക്ഷണത്തില്‍ അത്‌ തമോഗര്‍ത്തത്തില്‍ നിപതിച്ചു.

എന്തു ചെയ്യണമെറിയാതെ അയാള്‍ കുഴങ്ങി. അയാള്‍ക്ക്‌ അടിമുടി വിറയലനുഭവപ്പെട്ടു. ഗുരുസിധാനം തേടിയുള്ള ഈ പരക്കംപാച്ചിലിന്‌ അന്ത്യമില്ലേ അയാള്‍ തന്നോടുതന്നെ ചോദിച്ചു.

ഏറെ ത്യാഗങ്ങള്‍ സഹിച്ചും ദുര്‍ഘടമായ അനവധി കടമ്പകള്‍ കടന്നുമാണ്‌ ഇവിടംവരെ എത്തിപ്പറ്റിയത്‌. പിന്നില്‍ വിശാലമായ അനന്തത മാത്രം. മുന്നിലോ? ഒന്നും പിടി കിട്ടുന്നില്ല.

പിന്നിട്ട വഴികളെയും കണ്ടുമുട്ടിയ ജീവികളെയും ഭൂതകാലത്തെ അപ്പാടെയും എന്നന്നേക്കുമായി വിസ്‌മരിക്കാന്‍ അയാള്‍ ആഗ്രഹിച്ചു. എന്നിട്ടോ ഒന്നും ഓര്‍മ്മയില്‍നിന്നു മായുന്നില്ല. കഴിഞ്ഞുപോയ വിചിത്രരംഗങ്ങളെല്ലാം മനസ്സിന്റെ കാലിഡോസ്‌കോപ്പില്‍ മാറിമാറിത്തെളിയുന്നു.

ഗൃഹാതുരത്വത്തില്‍ നിന്നുള്ള മോചനമായിരുന്നു അയാള്‍ക്കാവശ്യം. അതിനുവേണ്ടി അയാള്‍ ജന്മാന്തരങ്ങളിലൂടെ അവിശ്രാന്തമായി സഞ്ചരിച്ചു. എന്നാല്‍ മോചനം അയാള്‍ക്ക്‌ അപ്രാപ്യമായിരുന്നു . വികാരതീവ്രമായ സ്‌മരണകള്‍ വേ`നായ്‌ക്കളെപ്പോലെ അയാളെ പിന്തുടര്‍ുകൊണ്ടിരുന്നു.

എങ്കിലും ഈ മനോഹരമായ മലഞ്ചെരുവില്‍, ഈ ഗുഹയുടെ അനര്‍ഘമായ ശാന്തതയില്‍, ഗുരുവിനെ കണ്ടെത്താനാവുമെും തന്റെ പ്രശ്‌നത്തിനു ശാശ്വതമായ പരിഹാരമുണ്ടാവുമെന്നും അയാള്‍ ദൃഢമായി വിശ്വസിച്ചു. വാനപ്രസ്ഥത്തിലേക്കും തുടര്‍ന്ന്‌ സന്യാസത്തിലേക്കുമുള്ള പ്രയാണത്തെക്കുറിച്ചു ചിന്തിച്ചുകൊണ്ട്‌ അയാള്‍ അവിടെത്തന്നെ നിലകൊണ്ടു.

ഒടുവില്‍, പുലരിയുടെ പുതുവെളിച്ചത്തിന്റെ നാമ്പുകള്‍ ഗുഹാമുഖത്തെ വര്‍ണമുത്തുകള്‍ കൊണ്ട്‌ അലങ്കരിച്ചപ്പോള്‍ ഗുരുവിന്റെ പാവനമായ സാന്നിധ്യം അയാള്‍ക്കനുഭവപ്പെട്ടു. സുസ്‌മേരവദനനായി അയാളുടെ മുന്നില്‍ നിന്ന ഗൂരു സ്വതസിദ്ധമായ ഗാംഭീര്യത്തോടെ അയാളെ വീക്ഷിച്ചു. എന്നിട്ട്‌, ഒരു നിമിഷത്തെ അര്‍ത്ഥഗര്‍ഭമായ ധ്യാനത്തിനു ശേഷം അയാളോടു മൊഴിഞ്ഞു

`വല്‍സാ, സമയമായിട്ടില്ല.'

ഗുരുവിന്റെ വാക്കുകള്‍ അയാളെ അസ്വസ്ഥനാക്കി. എന്തിനാണ്‌ എല്ലാം ഉപേക്ഷിച്ച്‌ ഇത്രയും കാലംകൊണ്ട്‌ ഇത്രയും ദൂരം സഞ്ചരിച്ചത്‌? ഇതു കേള്‍ക്കാന്‍ വേണ്ടിയോ?

`കാലവും ദൂരവും സങ്കല്‌പങ്ങള്‍ മാത്രമാണ്‌.' ഗുരു മറ്റൊും ഉരിയാടാതെ ധ്യാനത്തിലേക്കു മടങ്ങി.

ഭൗതികശരീരം നിലനില്‍ക്കുന്നിടത്തോളം കര്‍മ്മബന്ധങ്ങളില്‍ നിന്നു മോചനമില്ലെന്ന്‌ അപ്പോള്‍ അയാള്‍ അറിഞ്ഞു. ഓരോ ആശ്രമത്തിന്റേയും ധര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടു മാത്രം അടുത്തതിലേക്കു കടക്കുക. അത്രതന്നെ.

പുതിയൊരു സത്യം ഗ്രഹിച്ചവനെപ്പോലെ അയാള്‍ ആഹ്ലാദിച്ചു. അയാള്‍ക്ക്‌ ഉണര്‍വും ഉന്മേഷവും തോന്നി. കൈയിലിരുന്ന പരശ്‌ ചുമലിലേന്തി, ഉറച്ച കാല്‍വെപ്പുകളോടെ അയാള്‍ തെക്കോട്ടു നടന്നു.

മഴയുടെ ഇരമ്പലും കാറ്റിന്റെ താളവും അയാള്‍ക്കു പുതുജീവന്‍ പകര്‍ന്നു.
ഗുഹാമുഖം (നെല്ലിക്കുന്ന്‌)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക