Image

വക്കീല്‍ കുപ്പായമണിയാന്‍ ബാലചന്ദ്രമേനോന്‍;ഇനി അഡ്വ. ബാലചന്ദ്രമേനോന്‍

Published on 29 July, 2012
വക്കീല്‍ കുപ്പായമണിയാന്‍ ബാലചന്ദ്രമേനോന്‍;ഇനി അഡ്വ. ബാലചന്ദ്രമേനോന്‍
കൊച്ചി: എന്റോളുകാരുടെ ലിസ്റ്റിലെ ഒന്നാം നമ്പര്‍ പേരുകാരനിലായിരുന്നു ഹൈക്കോടതി ഹാളില്‍ തിങ്ങിക്കൂടിയവരുടെ ശ്രദ്ധ മുഴുവന്‍. മൈക്കില്‍ ആ പേര് ഉറക്കെ വിളിച്ചപ്പോള്‍ സ്‌റ്റേജിലേക്ക് കയറി എല്ലാവരേയും കൈയുര്‍ത്തി വീശി ഒന്നാം നമ്പറുകാരന്‍ നടന്നു നീങ്ങി. ആക്ടിങ് ചീഫ് ജസ്റ്റിനെ വണങ്ങി, എന്റോള്‍മെന്റ് സര്‍ട്ടിഫിക്കറ്റ് ഇരു കൈകളിലും ഏറ്റുവാങ്ങി. സര്‍ട്ടിഫിക്കറ്റ് നെഞ്ചോട് ചേര്‍ത്ത് ഇറങ്ങുമ്പോള്‍ പശ്ചാത്തലത്തില്‍ മുഴങ്ങിയ ശബ്ദം ഇങ്ങനെയായിരുന്നു: 'ബാലചന്ദ്രമേനോന്‍. എസ് എന്റോള്‍ഡ് ആസ് ആന്‍ അഡ്വക്കേറ്റ്.' കഥ, തിരക്കഥ, സംഭാഷണം, ഗാനരചന, സംവിധാനം  അഡ്വ. എസ്. ബാലചന്ദ്രമേനോന്‍ വെള്ളത്തിരയിലെ വെള്ള സ്‌ക്രീനില്‍ ഈ ബഹുമുഖ പ്രതിഭയുടെ പേര് ഇനി ഇങ്ങനെ തെളിയും. 

ബാലചന്ദ്രമേനോന്‍ ഉള്‍പ്പടെ 376 പേരാണ് ഞായറാഴ്ച ഹൈക്കോടതിയുടെ ഹാളില്‍ നടന്ന ചടങ്ങില്‍ അഭിഭാഷകരായി എന്റോള്‍ ചെയ്തത്. ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍ മുഖ്യാതിഥിയായി എത്തിയ പരിപാടിയില്‍ ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്‍ സി.ശ്രീധരന്‍ നായര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. 

വര്‍ഷങ്ങളുടെ കാത്തിരിപ്പിനാണ് ഇതോടെ വിരാമമിട്ടിരിക്കുന്നതെന്ന് ബാലചന്ദ്രമേനോന്‍ പറഞ്ഞു. കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി നുണഞ്ഞു നടന്ന മധുരം വൈകി വന്ന വസന്തമല്ലെന്ന് ബാലചന്ദ്രമേനോന്റെ അഭിപ്രായം. 1987 ലാണ് ബാലചന്ദ്രമേനോന്‍ തിരുവനന്തപുരം ലോ അക്കാദമിയില്‍ നിയമ പഠനത്തിന് ചേര്‍ന്നത്. പല തവണ മുടങ്ങിയ പഠനം ആത്മവിശ്വാസത്തോടെ വീണ്ടെടുത്തതിനു പിന്നിലും സ്വന്തം സിനിമയായ വിളംബരത്തിലെ അഡ്വ. നമ്പൂതിരിയോടായിരുന്നു കടപ്പാട്. ആ ചിത്രം നോക്കി ഇരുന്ന് അതു പോലെയാവാന്‍ ശ്രമിച്ചതാണ് ഇന്ന് അഭിഭാഷകനായി എന്റോള്‍ ചെയ്തതിനു പിന്നിലെന്നും അദ്ദേഹം പറയുന്നു.

ഒന്നാന്തരമൊരു വക്കീലാകാനാണ് തന്റെ ആഗ്രഹം. എന്നു കരുതി സിനിമ ഉപേക്ഷിച്ചിട്ടൊന്നുമില്ല. അടുത്ത സിനിമ ഉടന്‍ തന്നെയുണ്ടാകും. സമൂഹത്തില്‍ ഒരുപാട് പ്രശ്‌നങ്ങള്‍ നിലവിലുണ്ടെന്നും പ്രസക്തിയുള്ളതാണെങ്കില്‍ അഭിഭാഷക കുപ്പായമണിഞ്ഞ് അതില്‍ ഇടപെടാന്‍ മടിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ആരേയും വശത്താക്കാന്‍ കഴിയുന്ന വിളംബരത്തിലെ അഡ്വ. നമ്പൂതിരിയുടെ ബുദ്ധികൂര്‍മതയും, കാര്യം നിസ്സാരത്തില്‍ പ്രേം നസീര്‍ അഭിനയിച്ച അഡ്വ. ഉണ്ണിത്താന്റെ ശുദ്ധതയും ഒരേ സമയം ഉള്‍ക്കൊള്ളുന്ന വക്കീലാകാനാണ് തന്റെ ആഗ്രഹമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 


വക്കീല്‍ കുപ്പായമണിയാന്‍ ബാലചന്ദ്രമേനോന്‍;ഇനി അഡ്വ. ബാലചന്ദ്രമേനോന്‍  വക്കീല്‍ കുപ്പായമണിയാന്‍ ബാലചന്ദ്രമേനോന്‍;ഇനി അഡ്വ. ബാലചന്ദ്രമേനോന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക