Image

കേരളത്തിലേക്ക്‌ തുറക്കുന്ന വാതിലായി ബഹൃദ്‌ഗ്രന്ഥം

Published on 31 July, 2012
കേരളത്തിലേക്ക്‌ തുറക്കുന്ന വാതിലായി ബഹൃദ്‌ഗ്രന്ഥം
ന്യൂയോര്‍ക്ക്‌: ഈയൊരു പ്രവര്‍ത്തനത്തിലൂടെ അലക്‌സ്‌ കോശി വിളനിലത്തിന്റെ ജീവിതം സാര്‍ത്ഥകമായി. ഇനിയൊന്നും ചെയ്‌തില്ലെങ്കിലും അദ്ദേഹം എക്കാലവും ഓര്‍മ്മിക്കപ്പെടും. ഗള്‍ഫില്‍ നിന്നുവന്ന ഗോപിയോ നേതാവും പത്രപ്രവര്‍ത്തകനുമായ സണ്ണി കുലത്താക്കല്‍ പറഞ്ഞു.

`ഇന്‍ട്രൊഡക്ഷന്‍ ടു കേരള സ്റ്റീഡീസ്‌' എന്ന ബഹൃദ്‌ ഗ്രന്ഥത്തിന്റെ പ്രകാശനമായിരുന്നു ചടങ്ങ്‌. കേരളാ സെന്ററില്‍ പുസ്‌തകത്തിന്റെ കോപ്പി മുന്‍ ചീഫ്‌ സെക്രട്ടറി ഡോ. ബാബു പോള്‍, കൊളംബിയ പ്രൊഫസര്‍ പത്മശ്രീ സോമസുന്ദരന്‌ കൈമാറി നിര്‍വഹിച്ചു. മുന്‍ അംബാസിഡറും കേരളത്തിലെ ഹയര്‍ എഡ്യൂക്കേഷന്‍ പോളിസി എക്‌സിക്യൂട്ടീവുമായ ടി.പി. ശ്രീനിവാസന്‍ പങ്കെടുത്തു.

1400-ല്‍പ്പരം പേജുകളിലായി രണ്ടു തടിയന്‍ വോള്യങ്ങളില്‍ കേരളത്തിന്റെ സംസ്‌കാരവും ചരിത്രവും വരച്ചുകാട്ടുന്ന വൈജ്ഞാനിക ഗ്രന്ഥത്തെ മലയാളിക്ക്‌ ലഭിച്ച അപൂര്‍വ്വ നേട്ടമായി പ്രാസംഗികര്‍ ചൂണ്ടിക്കാട്ടി. 106 പണ്‌ഡിതര്‍ 86 വിഷയങ്ങളെപ്പറ്റി എഴുതിയ ആധികാരിക പഠനം യൂണിവേഴ്‌സിറ്റി തലത്തില്‍ പാഠപുസ്‌തകം ആക്കുന്നതിനും പര്യാപ്‌തമാണ്‌. പുതിയ തലമുറയ്‌ക്ക്‌ കേരളം എന്തെന്ന്‌ ബോധ്യമാക്കുന്ന വിജ്ഞാനകോശവുമാണ്‌.

ആഴവും പരപ്പുംകൊണ്ട്‌ ചരിത്രംകുറിക്കുന്ന ഗ്രന്ഥമാണെന്ന്‌ ടി.പി. ശ്രീനിവാസന്‍ പറഞ്ഞു. കേരളത്തെപ്പറ്റി ആധികാരികമായി അറിയാന്‍ ഈ പുസ്‌തകം വായിക്കണം. പ്രവാസികള്‍ക്ക്‌ മാത്രമല്ല കേരളത്തിലുള്ളവര്‍ക്കും ഇത്‌ പ്രയോജനകരമാണ്‌.

കേരളത്തിന്റെ വിദ്യാഭ്യാസരംഗം മുരടിച്ചുനില്‍ക്കാന്‍ പ്രധാന കാരണം കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നതുകൊണ്ടാണ്‌. ഇരുപത്തിയൊന്നാം നൂറ്റാണ്ടിനു പറ്റിയ വിദ്യാഭ്യാസമല്ല ഇപ്പോഴിവിടെ. ഇപ്പോഴത്തെ വിദ്യാഭ്യാസ രീതിയില്‍ അല്ലറ ചില്ലറ മാറ്റം വരുത്തിയാലൊന്നും അതു മാറില്ല. അതിനു അലകുംപിടിയും മാറണം.

ലോകത്തിലെ ഏറ്റവും നല്ല 500 യൂണിവേഴ്‌സിറ്റികളില്‍ ഇന്ത്യയില്‍ നിന്ന്‌ ഒന്നുമില്ല. പണില്ലാത്തതുകൊണ്ടൊന്നുമല്ല അത്‌. മികവ്‌ എങ്ങനെ നേടുന്നു എന്നത്‌ വ്യക്തമായി മനസിലായിട്ടില്ല.

ഈ പുസ്‌തകത്തിന്‌ രൂപംകൊടുത്ത ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഫോര്‍ സയന്റിഫിക്‌ ആന്‍ഡ്‌ അക്കാഡമിക്‌ കൊളാബറേഷന്‍ (ഐസാക്‌) മുന്‍കൈ എടുത്ത്‌ യു.എസില്‍ നിന്ന്‌ വിദ്യാര്‍ത്ഥികളെ പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയില്‍ വിടുന്നുണ്ട്‌. അവര്‍ കേരളത്തിലും വരുന്നുണ്ട്‌. പോണ്ടിച്ചേരിക്ക്‌ പകരം കേരളത്തിലെ യൂണിവേഴ്‌സിറ്റികളില്‍ അവരെ കൊണ്ടുവരാന്‍ ശ്രമിക്കും.

പുസ്‌തകത്തില്‍ നയതന്ത്രത്തെപ്പറ്റിയുള്ള അദ്ധ്യായം താനാണ്‌ എഴുതിയത്‌. കഴിഞ്ഞ മൂന്നു വിദേശകാര്യ സെക്രട്ടറിമാര്‍ കേരളീയരായിരുന്നു. സര്‍ദാര്‍ കെ.എം പണിക്കരും, കെ.പി.എസ്‌ മേനോനുമൊക്കെ കാണിച്ചുതന്ന പാതിയിലൂടെയാണവര്‍ വന്നത്‌. അതിനു പുറമെ നയതന്ത്രത്തിന്‌ പറ്റിയ ജീനുകള്‍ കേരളീയരിലുണ്ട്‌. തികഞ്ഞ വ്യക്തിത്വവാദികളായ (ഇന്‍ഡിവിഷ്വലിസ്റ്റ്‌) മലയാളി അത്‌ വിടാതെ ശോഭിക്കാന്‍ പറ്റിയ രംഗമാണ്‌ നയതന്ത്രതലം.

ചേരിചേരായ്‌മയില്‍ നിന്ന്‌ നാം ഇപ്പോള്‍ `സെലക്‌ടീവ്‌ അലൈന്‍മെന്റ്‌' എന്ന സ്ഥിതിയിലേക്ക്‌ മാറിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരളത്തെപ്പറ്റി അറിയാന്‍ കൂടുതല്‍ പേര്‍ താത്‌പര്യപ്പെടുന്നുണ്ടെങ്കിലും അതിനു പറ്റിയ ഗ്രന്ഥങ്ങള്‍ കുറവാണെന്ന്‌ പുസ്‌തകത്തിന്റെ പ്രധാന ശില്‍പികളിലൊരാളായ ബാബു പോള്‍ ചൂണ്ടിക്കാട്ടി. കേരളത്തിലെ നേട്ടങ്ങളെപ്പറ്റി പലരും അജ്ഞരാണ്‌. 1812-ല്‍ റീജന്റ്‌ മഹാറാണി പ്രജകളുടെ വിദ്യാഭ്യാസം സര്‍ക്കാരിന്റെ ചുമതലയാണെന്ന്‌ ഉത്തരവിറക്കിയ നാടാണിത്‌. അതു കഴിഞ്ഞിട്ട്‌ ഇപ്പോള്‍ 200 വര്‍ഷമായി.

തന്റെ വല്യമ്മ 140 വര്‍ഷം മുമ്പാണ്‌ ജനിച്ചത്‌. കോട്ടയത്ത്‌ ബേക്കര്‍ സ്‌കൂള്‍ ഉണ്ടായിരുന്നതുകൊണ്ട്‌ അവര്‍ വിദ്യാഭ്യാസം നേടി. വനിതകള്‍ കേരളത്തിന്റെ നട്ടെല്ലായി നിന്ന നാടാണ്‌ കേരളം. അവരിലൂടെയാണ്‌ സംസ്‌കാരം കൈമാറപ്പെട്ടത്‌.

ധവളവിപ്ലവവും (അമുല്‍-വി. കുര്യന്‍), ഗ്രീന്‍ റവല്യൂഷനും (ഡോ. എം.എസ്‌. സ്വാമിനാഥന്‍) മലയാളികളുടെ സംഭാവനയായിരുന്നു.

കോരളം ഒരു കടങ്കഥയാണ്‌. അതേസമയം പ്രചോദനവും. എങ്കിലും മുമ്പെ പോകുന്ന ഞണ്ടിനെ പിടിച്ചുവലിച്ചു താഴെയിടുന്ന `ക്രാബ്‌ സിന്‍ഡ്രോം' നമുക്കിടയില്‍ ഇല്ലാതാകുന്നുമില്ല- അദ്ദേഹം പറഞ്ഞു.

ഈ പുസ്‌തകം തന്റേതല്ലെന്ന്‌ വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ നേതാവായിരിക്കെ ഇത്തരമൊരാശയം സഫലമാക്കാന്‍ ഇറങ്ങിത്തരിച്ച അലക്‌സ്‌ വിളനിലം പറഞ്ഞു. ഇത്തരമൊരു പുസ്‌തകം വേറെയില്ല. പുസ്‌തകത്തിന്റെ ആദ്യ അദ്ധ്യായം എഴുതിയത്‌ ഗൗരി ലക്ഷ്‌മിഭായി തമ്പുരാട്ടിയാണ്‌. ഹൈന്ദവ പാരമ്പര്യം എന്നതായിരുന്നു വിഷയം. `ദി കേരളാ റൂട്ട്‌സ്‌: ആന്‍ ഇന്‍ട്രൊഡക്ഷന്‍' എന്നതാണ്‌ ശശി തരൂരിന്റെ വിഷയം. കേരള ഫോര്‍ എഡ്യൂക്കേഷണല്‍ ട്രാവലര്‍ എന്നതാണ്‌ ഡോ. സണ്ണി ലൂക്കും ലേസി കൂപ്പറും എഴുതിയ അദ്ധ്യായം. 1498 വരെയുള്ള ചരിത്രമാണ്‌ എം.സി. വസിഷ്‌ട്‌ ചിത്രീകരിക്കുന്നത്‌. കേരള സമ്പദ്‌ഘടനയെപ്പറ്റി പ്രൊഫ. ശ്രീധര്‍ കാവിലും, വിധുല വേണുഗോപാലും എഴുതിയിരിക്കുന്നു. കേരളത്തിലെ ചികിത്സാ സമ്പ്രദായങ്ങളെപ്പറ്റിയാണ്‌ ഡോ. എം.വി. പിള്ള എഴുതിയത്‌.

ഓരോ അഞ്ചുവര്‍ഷവും നവീകരിക്കുമെന്നും ഡിജിറ്റല്‍ കോപ്പി ഉണ്ടാക്കുമെന്നും വിളനിലം പറഞ്ഞു. അമേരിക്കയിലെ പുതിയ തലമുറ ഈ പുസ്‌തകം വായിച്ചിരിക്കണം.

കപ്പല്‍ നിര്‍മ്മാണ രംഗത്ത്‌ മൂന്നു പതിറ്റാണ്ടോളം പ്രവര്‍ത്തിച്ച താന്‍ നാട്ടില്‍ എന്തെങ്കിലും ചെയ്യാന്‍ ഒരുങ്ങിപ്പുറപ്പെട്ടപ്പോള്‍ എല്ലാവരും തന്നെ വിലക്കുകയായിരുന്നുവെന്ന്‌ ആന്റണി
പ്രിന്‍സ് പറഞ്ഞു. എങ്കിലും താന്‍ പത്തു കപ്പലുകള്‍ക്ക്‌ കൊച്ചിന്‍ ഷിപ്പ്‌ യാര്‍ഡില്‍ ഓര്‍ഡര്‍ നല്‍കി. തൊഴിലാളികളുമായി ബന്ധപ്പെട്ട്‌ അവരുടെ പ്രശ്‌നങ്ങളെന്തെന്ന്‌ മനസിലാക്കി. അവ പരിഹരിച്ചു. അതോടെ കാര്യങ്ങള്‍ ഭംഗിയായി നടന്നു. സമയത്തിനു മുമ്പ്‌ കപ്പലുകള്‍ നിര്‍മ്മിക്കപ്പെട്ടു. 35 വര്‍ഷംകൊണ്ട്‌ 13 കപ്പല്‍ നിര്‍മ്മിച്ച സ്ഥാനത്ത്‌ മൂന്നുവര്‍ഷംകൊണ്ട്‌ പത്തു കപ്പല്‍ നിര്‍മ്മിച്ചു.

അതിനുശേഷം താന്‍ വിദേശത്തേക്ക്‌ മടങ്ങാന്‍ ഒരുങ്ങിയെങ്കിലും ആളുകള്‍ സമ്മിതിച്ചില്ല. അങ്ങനെ ഒരു ഷിപ്പ്‌ ഡിസൈന്‍ സ്ഥാപനം കൊച്ചിയില്‍
തുടങ്ങി. ഇപ്പോഴതില്‍ 110 എന്‍ജിനീയര്‍മാര്‍ പ്രവര്‍ത്തിക്കുന്നു. 24 മണിക്കൂര്‍ കൊണ്ട്‌ അനുമതികള്‍ ലഭിച്ച ചരിത്രമാണ്‌ തനിക്ക്‌. ഉദ്യോഗസ്ഥരിപ്പോള്‍ പഴയപോലെയല്ല.

നാട്ടില്‍ പോയി വെറുതെ കുറെ പണം മുടക്കിയാല്‍ അത്‌ വിജയിക്കണമെന്നില്ല. നാം കൂടെനിന്ന്‌ അത്‌ വിജയിപ്പിച്ചെടുക്കണം.

ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ സമര്‍ത്ഥരാണെങ്കിലും മികച്ച ഗവേഷണമൊന്നും അവിടെ നടക്കുന്നില്ലെന്ന്‌ ഡോ. സോമസുന്ദരന്‍ പറഞ്ഞു. വിദേശത്ത്‌ ഇതിനകം നടന്ന ഗവേഷണങ്ങള്‍ ആവര്‍ത്തിക്കുന്നതിനു പകരം വലിയ സാധ്യതയുള്ള നൂതന പദ്ധതികളില്‍ ഗവേഷണം നടത്തണം. 100 എണ്ണം വിജയിച്ചില്ലെങ്കിലും 101-മത്തേത്‌ വിജയിച്ചെന്നിരിക്കും- അദ്ദേഹം പറഞ്ഞു.

ഡോ.
സൂസന്‍ ചെറിയാന്‍ സ്വാഗതം പറഞ്ഞു. അനിയന്‍ ജോര്‍ജ്‌, ജോസ്‌ ഏബ്രഹാം എന്നിവരായിരുന്നു എം.സിമാര്‍.

മുന്‍ വൈസ്‌ ചാന്‍സലര്‍ ഡോ.ജെ.വി. വിളനിലം, ഡോ. ആന്റണി പാലയ്‌ക്കല്‍ (ലയോള കോളജ്‌, തിരുവനന്തപുരം), ഡോ. സണ്ണി ലൂക്ക്‌ (ഐസാക്‌ പ്രോഗ്രാം ഡയറക്‌ടറും, മുന്‍ പ്രൊഫസറും) ആണ്‌ പുസ്‌തകത്തിന്റെ എഡിറ്റര്‍മാര്‍.

പുസ്‌തകത്തിന്റെ വില : 150 ഡോളര്‍.

വിവരങ്ങള്‍ക്ക്‌; alex.koshy@bookonkerala.com
കേരളത്തിലേക്ക്‌ തുറക്കുന്ന വാതിലായി ബഹൃദ്‌ഗ്രന്ഥം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക