Image

കടല്‍ തേടി മണിരത്‌നം ആലപ്പുഴയില്‍

Published on 04 August, 2012
കടല്‍ തേടി മണിരത്‌നം ആലപ്പുഴയില്‍
ആലപ്പുഴ: കടലിന്റെ പശ്ചാത്തലത്തില്‍ പ്രണയകഥ പറയുന്ന മണിരത്‌നത്തിന്റെ പുതിയ ചിത്രത്തിന് ആലപ്പുഴയോളം പോന്ന ലൊക്കേഷനില്ല. മലയാളിയെപ്പോലെ, മണിരത്‌നത്തിനും അതു നന്നായറിയാം.തമിഴ് നടന്‍ കാര്‍ത്തിക്കിന്റെ മകന്‍ ഗൗതം കാര്‍ത്തിക്കും പഴയകാല നടി രാധയുടെ മകള്‍ തുളസി നായരും പ്രണയാതുരരുടെ വേഷങ്ങളിലെത്തുന്ന കടല്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് മൂന്നുദിവസമായി ആലപ്പുഴയില്‍ തുടരുകയാണ്. 

പതിവുപോലെ പുറത്തുനിന്നാരെയും ലൊക്കേഷനിലേക്ക് കടത്താതെ, തീര്‍ത്തും രഹസ്യമായാണ് ചിത്രീകരണം.ലൊക്കേഷനിലേക്ക് പുറത്തുനിന്നുള്ള ക്യാമറകള്‍ക്ക് പ്രവേശനമില്ല.കായലിലെ ചിത്രീകരണത്തിന് സെക്യൂരിറ്റിക്കാരുടെ കുടയുടെ മറ.ബോംബെയ്ക്കും ഗുരുവിനും ശേഷം മലയാളിയായ രാജീവ് മേനോനാണ് ചിത്രത്തിന് ഛായാഗ്രഹണം ഒരുക്കുന്നത്. മൂന്നു ദിവസത്തെ ഷൂട്ടിങ്ങാണ് ആലപ്പുഴയില്‍ ഉദ്ദേശിച്ചതെങ്കിലും നീണ്ടുപോകാനാണ് സാധ്യത. 

മാര്‍ച്ച് ഒന്നിന് തൂത്തുക്കുടിയില്‍ ആരംഭിച്ച കടല്‍ രാമേശ്വരത്തും ആന്റമാനിലും ചിത്രീകരണം കഴിഞ്ഞാണ് ആലപ്പുഴയില്‍ എത്തിയത്. മുഹമ്മയിലെ കായല്‍ഭംഗിയില്‍ തുളസി അഭിനയിക്കുന്ന ഗാനചിത്രീകരണമാണ് നടന്നത്. രാമേശ്വരം തന്നെയാണ് കഥയുടെ പശ്ചാത്തലം. തമിഴിലും തെലുങ്കിലുമായി ഒരേസമയം ഒരുക്കുന്ന ചിത്രത്തില്‍ ആക്ഷന്‍ ഹീറോ അര്‍ജുന്‍ വില്ലന്‍ വേഷത്തിലെത്തും. 

ദളപതിയിലൂടെ മണിരത്‌നം അവതരിപ്പിച്ച റോജയിലെ റൊമാന്റിക് നായകനായിരുന്ന അരവിന്ദ് സ്വാമി വര്‍ഷങ്ങളുടെ നീണ്ട ഇടവേളയ്ക്ക് ശേഷം 'കടലി'ലൂടെ അഭിനയരംഗത്തേക്ക് മടങ്ങിയെത്തുന്നു എന്നതും കടലിന്റെ പ്രത്യേകതയാണ്.പാര്‍ഥിപനും ശക്തമായ വേഷം അവതരിപ്പിക്കുന്നുണ്ട്. ലക്ഷ്മി മഞ്ചു, തമ്പി രാമയ്യ എന്നിവരും ചിത്രത്തിലുണ്ടാവും. വൈരമുത്തുവിന്റെ വരികള്‍ക്ക് എ.ആര്‍ റഹ്മാന്റേതാണ് സംഗീതം.മദ്രാസ് ടാക്കീസിന്റെ ബാനറില്‍ മണിരത്‌നം തന്നെയാണ് കടല്‍ നിര്‍മ്മിക്കുന്നത്.

കടല്‍ തേടി മണിരത്‌നം ആലപ്പുഴയില്‍കടല്‍ തേടി മണിരത്‌നം ആലപ്പുഴയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക