Image

ഓണത്തപ്പനെ കാത്ത്‌

പീറ്റര്‍ നീണ്ടൂര്‍ Published on 04 August, 2012
ഓണത്തപ്പനെ കാത്ത്‌
മലയാളിയെ തട്ടിയുണര്‍ത്തുന്ന ഓണത്തിന്റെ ഓര്‍മ്മകള്‍
സ്വദേശത്തും വിദേശത്തും
പല പല രീതികളില്‍-
അത്തംതൊട്ടു പത്തുനാള്‍ പൂവിടല്‍,
തിരുവോണ നാള്‍ മാവേലിക്കു വരവേല്‍പ്‌.
മൃഷ്‌ടാന്ന ഭോജനം, മാവേലിക്കും പ്രജകള്‍ക്കും.
കാണം വിറ്റും ഓണമുണ്ണണം
എന്ന വായ്‌മൊഴിപ്പകര്‍ച്ചകള്‍ തലമുറകളായി....

ദാരിദ്ര്യമനുഭവിച്ചിരുന്ന ജനങ്ങള്‍ക്ക്‌
വര്‍ഷത്തിലൊരിക്കലെങ്കിലും
വയറു നിറച്ചാഹാരം തരപ്പെടുത്താന്‍
വളരെ വളരെ വര്‍ഷങ്ങള്‍ക്കു മുമ്പ്‌
എതോ ബുദ്ധിരാക്ഷസന്‍ എഴുതിവെച്ച
മിത്താണ്‌
മാവേലിക്കഥയും ഓണക്കഥയും എന്ന്‌
ഇന്നത്തെ ബുദ്ധിജീവികളില്‍ ചിലര്‍....

എന്റെ കളിക്കൂട്ടുകാരി കുഞ്ഞമ്മിണിക്ക്‌-
തിരുവാതിരകളിയുടെ ആലസ്യത്തിലുറങ്ങുമ്പോള്‍-
ഒരകന്ന ബന്ധു സമ്മാനിച്ചു ജീവന്റെ തുടിപ്പ്‌.
തുടര്‍വര്‍ഷങ്ങളില്‍
ആ ഉണ്ണിയുടെ കൈപിടിച്ച്‌
അവള്‍ വിദൂരതയിലേക്കു നോക്കി നില്‍ക്കും,
മറ്റൊരോണസമ്മാനവും തരാതെ
നാടുവിട്ട ഉണ്ണീടച്ഛന്‍ തിരിച്ചു വരുമെന്ന പ്രതീക്ഷയില്‍....

എല്ലാവര്‍ഷവും ഓണത്തപ്പന്‍ വരുന്നു,
ബന്ധുക്കളെക്കൂട്ടിവരുത്തുന്നു
ഉണ്ണീടച്ഛന്‍ മാത്രം വരുന്നില്ല...
എന്നെങ്കിലും വരും
മഹാബലിയായി,
അതോ, വാമനനായി
പാഹിമാം
ഓം, വിഷ്‌ണു ഹരേ....
ഓണത്തപ്പനെ കാത്ത്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക