Image

ബഹ്‌റൈനിലെ സംഭവങ്ങള്‍ക്ക് അറബ് വസന്തവുമായി ബന്ധമില്ല:അമേരിക്കന്‍ വിദേശകാര്യ സഹമന്ത്രി

Published on 05 August, 2012
ബഹ്‌റൈനിലെ സംഭവങ്ങള്‍ക്ക് അറബ് വസന്തവുമായി ബന്ധമില്ല:അമേരിക്കന്‍ വിദേശകാര്യ സഹമന്ത്രി
മനാമ: ബഹ്‌റൈനിലെ സംഭവ വികാസങ്ങള്‍ക്ക് അറബ് വസന്തവുമായി ബന്ധമില്ലെന്ന് അമേരിക്കന്‍ വിദേശകാര്യ സഹമന്ത്രി മൈക്കള്‍ ബോസ്‌നര്‍ പറഞ്ഞു. ബഹ്‌റൈനിലെ നിലവിലെ അവസ്ഥ വളരെ ശാന്തമാണെന്നും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സര്‍ക്കാര്‍ ക്രിയാത്മക നിലപാടാണ് സ്വീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ടോം ലാന്‍ോസ് ഹ്യൂമണ്‍ റൈറ്റ്‌സ് കമീഷന് നല്‍കിയ സ്‌റ്റേറ്റ്‌മെന്റിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അന്താരാഷ്ട്ര വിദഗ്ധന്‍ പ്രൊഫ. ബസ്യൂനിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ കമ്മിറ്റിയെ നിയോഗിച്ചതും കമ്മിറ്റിയുടെ നിര്‍ദേശം നടപ്പാക്കാന്‍ സന്നദ്ധമായതും ശ്രദ്ധേയമാണ്.

രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫയുടെ നടപടികള്‍ രാജ്യത്തെ ശാന്തിയിലേക്കും സമാധാനത്തിലേക്കും കൊണ്ടുവരുന്നതില്‍ സഹായിച്ചു. റെഡ്‌ക്രോസ് സംഘത്തിന് ജയിലുകള്‍ സന്ദര്‍ശിക്കാനും പൊളിച്ച ആരാധനാലയങ്ങള്‍ പുതുക്കിപ്പണിയാനും പൊലീസുകാര്‍ക്ക് അന്താരാഷ്ട്ര വിദഗ്ധരുടെ നേതൃത്വത്തില്‍ മനുഷ്യാവകാശ വിഷയങ്ങളില്‍ പരിശീനലനം നല്‍കാനും സര്‍ക്കാര്‍ സന്നദ്ധമായി. തുനീഷ്യ, ഈജിപ്ത്, ലിബിയ എന്നിവിടങ്ങളില്‍ നടന്ന ജനകീയ വിപ്ലവങ്ങളായ അറബ് വസന്തവുമായി ബഹ്‌റൈനിലെ സംഭവ വികാസങ്ങളെ താരതമ്യപ്പെടുത്താന്‍ കഴിയില്ല. 

ജനാധിപത്യം ആസ്വദിച്ച് സമാധാനപരമായി മുന്നോട്ട് പോകുന്ന രാജ്യങ്ങളില്‍ ബോധപൂര്‍വം അക്രമങ്ങള്‍ നടത്തി അശാന്തി വിതക്കാനുള്ള ശ്രമങ്ങളെ അമേരിക്ക പിന്തുണക്കുകയില്ല. അമേരിക്കയുമായി വളരെ അടുത്ത ബന്ധമാണ് ബഹ്‌റൈനുള്ളതെന്നും കഴിഞ്ഞ 60 വര്‍ഷമായി ഇത് ശക്തമായി തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക, രാഷ്ട്രീയ, സൈനിക മേഖലകളില്‍ പരസ്പര സഹകരണത്തോടെയാണ് ഇരു രാജ്യങ്ങളും മുന്നോട്ട് പോകുന്നത്. കഴിഞ്ഞ 18 മാസത്തിനുള്ളില്‍ താന്‍ അഞ്ച് തവണ ബഹ്‌റൈന്‍ സന്ദര്‍ശിക്കുകയും സര്‍ക്കാരിലെ ഉന്നത വ്യക്തിത്വങ്ങള്‍, മാധ്യമപ്രവര്‍ത്തകര്‍, അഭിഭാഷകര്‍ തുടങ്ങിയവരുമായി കൂടിക്കാഴ്ച്ചകളും ചര്‍ച്ചകളും നടത്തുകയും ചെയ്തിട്ടുണ്ട്്. പൊലീസുകാര്‍ക്കും പൊതുജനങ്ങള്‍ക്കുമിടയില്‍ മെച്ചപ്പെട്ട ബന്ധം ഉണ്ടാക്കിയെടുക്കുന്നതിന് ശ്രമങ്ങള്‍ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. വിവിധ തുറകളില്‍ പെട്ടവരെ ഒരുമിച്ചിരുത്തി സംവാദം നടത്തി പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും നീക്കം നടക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബഹ്‌റൈനിലെ സംഭവങ്ങള്‍ക്ക് അറബ് വസന്തവുമായി ബന്ധമില്ല:അമേരിക്കന്‍ വിദേശകാര്യ സഹമന്ത്രി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക