Image

കെഐജി ഇഫ്‌താര്‍ വിരുന്ന്‌ സംഘടിപ്പിച്ചു

Published on 08 August, 2012
കെഐജി ഇഫ്‌താര്‍ വിരുന്ന്‌ സംഘടിപ്പിച്ചു
കുവൈറ്റ്‌: കുവൈറ്റിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരേയും സംഘടനാ നേതാക്കളേയും അവരുടെ കുടുംബങ്ങളേയും പങ്കെടുപ്പിച്ച്‌ കെഐജി കുവൈറ്റ്‌ ഇഫ്‌ത്താര്‍ വിരുന്ന്‌ സംഘടിപ്പിച്ചു.

അബാസിയ പ്രവാസി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ വി.പി ഷൗക്കത്തലി റമദാന്‍ സന്ദേശം നല്‍കി. സ്വാര്‍ഥതയുടെയും സങ്കുചിത താല്‍പര്യങ്ങളുടേയും തടവറയില്‍ കഴിയുന്ന മനുഷ്യസമൂഹത്തെ മാനവികതയുടെ സന്ദേശം ഓര്‍മിപ്പിക്കുകയാണ്‌ റമദാന്‍ ചെയ്യുന്നതെന്ന്‌ അദ്ദേഹം പറഞ്ഞു. എല്ലാ മനുഷ്യരും ഒരേ സൃഷ്‌ടാവിന്റെ സൃഷ്‌ടികളും ഒരേ മാതാവിന്റേയും പിതാവിന്റെയും മക്കളുമാണ്‌. മാനവരാശിക്ക്‌ സന്‍മാര്‍ഗദര്‍ശന ഗ്രന്ഥമായി ഖുര്‍ആന്‍ അവതരിച്ചുവെന്നതാണ്‌ റമദാനിന്റെ പ്രധാന സവിശേഷത. ഭൗതികതയുടേയും ആര്‍ത്തിയുടേയും ദേഹേഛയുടേയും അടിമകളായ മനുഷ്യനെ അവന്റെ ആത്‌മാവ്‌ ആഗ്രഹിക്കുന്ന ഉയര്‍ന്ന വിതാനത്തിലേക്ക്‌ ഉയര്‍ത്താനുള്ള പരിശീലനമാണ്‌ വ്രതം.

സ്വാതന്ത്ര്യത്തിന്റെ കുപ്പായമണിഞ്ഞ മനുഷ്യന്‍ ഇന്ന്‌ പലതിന്റേയും അടിമകളാണെന്നന്നും സൃഷ്‌ടാവായ ഏകദൈവത്വത്തിന്റെ മാത്രം അടിമത്വം അംഗീകരിക്കുമ്പോഴാണ്‌ മനുഷ്യന്‍ യഥാര്‍ഥത്തില്‍ സ്വതന്ത്രനാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

സാം പൈനംമൂട,്‌ ജോണ്‍ മാത്യു, ചാക്കോ ജോര്‍ജുകുട്ടി, അഡ്വ. തോമസ്‌ പണിക്കര്‍, കൈട്ടൂര്‍ തങ്കച്ചന്‍, തോമസ്‌ മാത്യു കടവില്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത്‌ പ്രസംഗിച്ചു. ഹ്രസ്വ സന്ദര്‍ശനാര്‍ഥം കുവൈറ്റിലെത്തിയ കോഴിക്കോട്‌ ജെ.ഡി.ടി ഇസ്‌ലാം ഓര്‍ഫനേജ്‌ സാരഥി സി.പി

കുഞ്ഞുമുഹമ്മദ്‌ സദസിനെ അഭിസംബോധന ചെയ്‌തു. കെ.ഐ.ജി ആക്‌ടിംഗ്‌ പ്രസിഡന്റ്‌ കെ അബ്‌ദുറഹ്‌മാന്‍ അധ്യക്ഷത വഹിച്ചു. കെ.എം അന്‍സാറിന്റെ ഖുര്‍ആന്‍ പാരായണത്തോടെ ആരംഭിച്ച പരിപാടിയില്‍ കെ.ഐ.ജി ജനറല്‍ സെക്രട്ടറി അന്‍വര്‍ സയിദ്‌ സ്വാഗതം പറഞ്ഞു. ഫൈസല്‍ മഞ്ചേരി സമാപന പ്രഭാഷണം നടത്തി.
കെഐജി ഇഫ്‌താര്‍ വിരുന്ന്‌ സംഘടിപ്പിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക