Image

സൗദിയില്‍ തൊഴിലാളികള്‍ക്ക്‌ വേതന സുരക്ഷാപദ്ധതി സെപ്‌റ്റംബറോടെ

Published on 08 August, 2012
സൗദിയില്‍ തൊഴിലാളികള്‍ക്ക്‌ വേതന സുരക്ഷാപദ്ധതി സെപ്‌റ്റംബറോടെ
റിയാദ്‌: സൗദിയില്‍ തൊഴിലാളികളുടെ മാസവേതന വിതരണം വ്യവസ്ഥാപിതവും സുരക്ഷിതവുമാക്കാന്‍ വേതന സുരക്ഷാ പദ്ധതിയുമായി തൊഴില്‍മന്ത്രാലയം. പദ്ധതിയുടെ പ്രഖ്യാപനം സെപ്‌റ്റംബര്‍ മാസത്തിലുണ്ടാകും. നിതാഖാത്ത്‌ പരിഷ്‌കരണത്തിന്‍െറ ഭാഗമായാണിത്‌.

വിവിധ ഘട്ടങ്ങളിലായാണ്‌ ഇത്‌ നടപ്പാക്കുക. പദ്ധതിയനുസരിച്ച്‌ രാജ്യത്തെ എല്ലാ പൊതുസ്വകാര്യമേഖലയിലുള്ള സ്ഥാപനങ്ങളും സ്വദേശികളും വിദേശികളുമായ ജീവനക്കാരുടെ പേരില്‍ അക്കൗണ്ട്‌ തുറക്കണം. കമ്പനികളുടെ അക്കൗണ്ടുകള്‍ തൊഴില്‍മന്ത്രാലയത്തിന്‍െറ ഏകീകൃത ഓണ്‍ലൈന്‍ സംവിധാനവുമായി ബന്ധിപ്പിക്കും.

മന്ത്രാലയത്തിന്‍െറ വെബ്‌സൈറ്റ്‌ വഴി കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമുള്ള സര്‍വീസ്‌ പ്രൊവൈഡറിലൂടെയാണ്‌ ഈ സംവിധാനം നടപ്പാക്കുക. ഇതുവഴി ഓരോ കമ്പനിയും തൊഴിലാളികള്‍ക്ക്‌ വിതരണം ചെയ്യുന്ന പ്രതിമാസവേതനം സംബന്ധിച്ച സമഗ്രവിവരങ്ങള്‍ മന്ത്രാലയത്തിന്‌ അപ്പപ്പോള്‍ നിരീക്ഷിക്കാം.

ഈ പദ്ധതി പ്രാബല്യത്തില്‍ വരുന്നതോടെ ഓരോ സ്ഥാപനത്തിലും തൊഴിലെടുക്കുന്ന സ്വദേശികളും വിദേശികളുമായ തൊഴിലാളികളെക്കുറിച്ചും അവരുടെ മാസവേതന നിരക്കും കൃത്യമായി മന്ത്രാലയത്തിന്‌ അറിയാനും പ്രതിമാസം അവരുടെ വേതനം സമയബന്ധിതമായി വിതരണം ചെയ്യപ്പെടുന്നുണ്ടെന്ന്‌ ഉറപ്പുവരുത്താനും സാധിക്കും.
സൗദിയില്‍ തൊഴിലാളികള്‍ക്ക്‌ വേതന സുരക്ഷാപദ്ധതി സെപ്‌റ്റംബറോടെ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക