Image

ഓര്‍മ്മകളുടെ ഒരു കൊളാഷ്‌ (സുധീര്‍ പണിക്കവീട്ടില്‍)

Published on 07 August, 2012
ഓര്‍മ്മകളുടെ ഒരു കൊളാഷ്‌ (സുധീര്‍ പണിക്കവീട്ടില്‍)
ക്ലാസ്സിക്ക്‌ കൃതികളെ പുനരാഖ്യാനം ചെയ്യുകയും അവയിലെ കഥാപാത്രങ്ങളെ വ്യത്യസ്‌ഥമായി അവതരിപ്പിക്കുകയും ചെയ്യുന്നത്‌ എഴുത്തുകാര്‍ വളരെ ഗൗരവതരമായി എടുക്കുന്നത്‌ കാണാം.പല ഭാഷകളിലും നമ്മള്‍ പഴയ കൃതികളുടെ പുതിയ രൂപങ്ങള്‍ കണ്ടു കഴിഞ്ഞു. അവയില്‍ പ്രശസത്‌മായത്‌ മലയാളത്തില്‍ എം.ടി.യുടെ രണ്ടാമൂഴം, ഒ.ന്‍.വിയുടെ ഉജ്ജയിനി, മറാഠിയില്‍ ഖണ്ടേക്കറുടെ യയാതി, ഒറിയയില്‍ പ്രതിഭ റെയുടെ `യജ്‌ഞസേനി' ഒക്കെയാണു പെട്ടെന്നു ഓര്‍മ്മവരുന്നത്‌. ഉജ്ജയിനി കാളിദാസനെക്കുറിച്ച്‌ കവി കേട്ട അപവാദങ്ങള്‍ ശരിയല്ലെന്നു തോന്നുന്ന ഒരു വിചാരത്തിന്റെ കാവ്യ-ആവിഷ്‌കാരമാണു.അതൊരു കാവ്യാഖായികയാണെന്നു കവി അഭിപ്രായപ്പെട്ടിട്ടുണ്ട്‌. എഴുത്തുകാര്‍ക്ക്‌ മറ്റൊരു എഴുത്തുകാരന്റെ ഭാവനയില്‍ പിറന്ന സൃഷ്‌ടിയെകുറിച്ച്‌ ഉള്‍കാഴച്ചകള്‍, പൊരുത്തമില്ലായ്‌മകള്‍, അല്ലെങ്കില്‍ വ്യ്‌ത്യസ്‌ഥ വ്യാഖ്യാനങ്ങള്‍ ഒക്കെ ഉണ്ടാകുക സാധാരണമാണ്‌.

ഇയ്യിടെ `മരക്കാന്റെ ദൈവം' എന്ന പേരില്‍ പ്രൊഫ്‌. ഡോക്‌ടര്‍ ജോയ്‌ ടി. കുഞ്ഞാപ്പു ഇ-മലയാളിയില്‍ ഒരു കവിതയെഴുതിയിരുന്നു. തകഴിയുടെ വിശ്വവിഖ്യാതമായ നോവല്‍ `ചെമ്മീനിലെ' കഥാപാത്രങ്ങള്‍ പ്രസ്‌തുത കവിതയില്‍ പ്രത്യക്ഷപ്പെടുന്നു. വെള്ളിത്തിരയില്‍ കഥാപാത്രങ്ങള്‍ക്ക്‌ ജീവന്‍ നല്‍കിയ നടി-നടന്മാരെയും അനുസ്‌മരിച്ചുകൊണ്ടാണ്‌ കവിത അവതരിപ്പിക്കുന്നത്‌. കഥയേയും കഥാപാത്രങ്ങളെയും തകഴി നിര്‍ത്തിയേടത്ത്‌ തന്നെ നിര്‍ത്തി ഡോക്‌ടര്‍ കുഞ്ഞാപ്പു അവരെ വേറൊരു കോണിലൂടെ നോക്കി കാണുമ്പോള്‍ വായനക്കാരന്റെ മനസ്സില്‍ ഓര്‍മ്മകളുടെ ഒരു കൊളാഷ്‌ പെട്ടെന്നുണ്ടാകുന്നു. 1956 ല്‍ പ്രസിദ്ധീകരിച്ച ചെമ്മീനിന്റെ ഇംഗ്ലീഷ്‌ പരിഭാഷ വന്നത്‌ 1962ല്‍ ആണെന്നു തോന്നുന്നു. അതിന്റെ പിറ്റെ വര്‍ഷം തകഴി ന്യൂയോര്‍ക്ക്‌ സന്ദര്‍ശിച്ചു. ഇരുപത്തിനാലു വര്‍ഷത്തോളം ന്യൂയോര്‍ക്ക്‌ ടൈംസിനുവേണ്ടി നിരൂപണങ്ങള്‍ എഴുതിയിരുന്ന ഓര്‍വില്‍ പ്രെസ്‌കോട്ട്‌ ചെമ്മീനിനെ കുറിച്ച്‌ മൂന്നു കോളത്തില്‍ ഒരു കുറിപ്പ്‌ എഴുതി. അതില്‍ ടാഗോറിനു ശേഷം ഇന്ത്യ കണ്ട സാഹിത്യ പ്രതിഭ എന്നു തകഴിയെ വിശേഷിപ്പിട്ടിരുന്നു. തകഴിയുമായുള്ള അഭിമുഖത്തെകുറിച്ച്‌ പ്രെസ്‌കൂട്ട്‌ പറഞ്ഞത്‌ഃപാശ്‌ചാത്യ വേഷത്തില്‍ അദ്ദേഹത്തിനു ബുദ്ധിമുട്ടനുഭവപ്പെടുന്നതായി തോന്നിയെങ്കിലും അദ്ദേഹം തെറ്റിക്ലാതെ ഇംഗ്ലീഷില്‍ സംസാരിച്ചു എന്നാണ്‌. കുട്ടനാട്ടുകാരനായ ശ്രീ ശിവശങ്കരപിള്ള മുറുക്കാനൊഴിയാത്ത വായയും മുണ്ടുമുടുത്ത്‌ എഴുതിയത്‌ ഒമ്പത്‌ വയസ്സ്‌ മുതല്‍ കണ്ടും കേട്ടും പരിചയിച്ച കടലിനേയും കടലമ്മയേയും കുറിച്ചാണ്‌. ആ വേഷത്തില്‍ അദ്ദേഹത്തില്‍ നിന്നും അനശ്വര കലാസൃഷ്‌ടികള്‍ പിറന്നു വീണു. കടലും കടലമ്മയും ചെമ്മീനിലൂടെ അനശ്വരത നേടി. മുക്കുവ സമുദായത്തില്‍ നില നിന്നു പോന്നിരുന്ന ഒരു ആചാരത്തെ ബലപ്പെടുത്തുന്ന കഥ വായനക്കാര്‍ ചോദ്യങ്ങളിക്ലാതെ വായിച്ചാസ്വാദിച്ചു. ഒരു പഴയ ആചാരം നോവലില്‍ വില്ലനായി വരുന്നുണ്ടെങ്കിലും ചെമ്മീന്‍ കറുത്തമ്മയുടേയും പരീകുട്ടിയുടേയും അനശ്വര പ്രേമത്തിന്റെ കഥയാണു്‌. ''മരക്കാന്റെ ദൈവം` എന്ന കവിതയിലൂടെ ഡോക്‌ടര്‍ കുഞ്ഞാപ്പു കഥാപാത്രങ്ങളുടെ മാനസിക സംഘര്‍ഷങ്ങള്‍ വിവരിച്ചുകൊണ്ട്‌ വായനകാരന്റെ ശ്രദ്ധ അദ്ദേഹത്തിന്റെ വീക്ഷണകോണിലേക്ക്‌ തിരിച്ചു വിടുന്നു.

അത്ഭുതങ്ങള്‍ അനവധിയാണു എന്നാല്‍ മനുഷ്യനെക്കാള്‍ അതുഭുതകരമായി ഒന്നുമില്ലെന്നു ഗ്രീക്കിലെ ദുരന്തനാടകങ്ങളുടെ രചയിതാവ്‌ സോഫോക്‌ലീസ്‌ പറഞ്ഞിട്ടുണ്ട്‌. പട്ടുറുമാലും സില്‍ക്കു കുപ്പായങ്ങളും ഇട്ട്‌ ബാലനായ പരീകുട്ടി കടപ്പുറത്ത്‌ വന്നപ്പോള്‍ കറുത്തമ്മയും ഒരു ബാലികയായിരുന്നു. അവനു അത്തറിന്റെ മണവും തനിക്ക്‌ മത്സ്യഗന്ധവുമാണെന്നറിയാതെ അവള്‍ അവനോടൊത്ത്‌ കളിച്ച്‌ വളര്‍ന്നു. വളര്‍ന്നപ്പോള്‍ അവരുടെ മനസ്സുകള്‍ അകലാന്‍ കഴിയാത്ത വിധം അടുത്തു. എന്നാല്‍ തലയും മുലയും വന്ന മരക്കാത്തിക്ക്‌ അത്തരം മോഹങ്ങള്‍ പാടില്ലെന്നു അവള്‍ തിരിച്ചറിയുന്നതോടെ കടല്‍ ഇരമ്പാന്‍ തുടങ്ങി. ഇവിടെ മരക്കാന്റെ ദൈവം പ്രത്യക്ഷപ്പെടുന്നു. മരക്കാന്റെ ദൈവങ്ങള്‍ എന്നായിരിക്കുമോ ശരി? കാരണം കരയിലെ പെണ്ണും കടലിലെ അമ്മയുമാണ്‌ മരക്കാന്റെ വിശ്വാസപ്രകാരം അവനെ രക്ഷിക്കുന്നത്‌. മരക്കാന്റെ ദൈവങ്ങളില്‍ ഒന്നായ കടലമ്മ നിത്യകന്യകയാണു. നിത്യകന്യകമാര്‍ക്ക്‌ സുമംഗലിമാരോടുള്ള അസൂയയുടെ ഒരു പ്രതീകമാകാം കടലമ്മ. മനുഷ്യരെപോലെ കടലമ്മക്കും മാസമുറയുണ്ട്‌. ചെമ്മീന്‍ കണ്ടിട്ട്‌ വര്‍ഷങ്ങളായെങ്കിലും അതിലെ ഒരു സംഭാഷണം ഓര്‍ക്കുന്നു. കാറും കോളൂം മൂലം കടലില്‍ പോകാന്‍ പറ്റാതെ പട്ടിണി അനുഭവിക്കുന്ന മുക്കുവര്‍ കടലില്‍ പോകാമെന്നുറച്ചപ്പോള്‍ തമ്മില്‍ തമ്മില്‍ പറയുന്നു `ഇതിനിടയില്‍ കടലമ്മ തീണ്ടാരിയായി.' അപ്പോള്‍ കടലില്‍ പോകുന്നത്‌ നിഷിദ്ധമാണ്‌. പിന്നെയും മരക്കാനു ഒരു ദൈവം ഉണ്ട്‌. അതു അവന്റെ മരക്കാത്തിയാണ്‌. മരക്കാത്തിയുടെ ചാരിത്ര്യശുദ്ധിയാണു അവനെ കടലില്‍ പോകുമ്പോള്‍ രക്ഷിക്കുന്നത്‌. ഈ രണ്ട്‌ ദൈവങ്ങളില്‍ മരക്കാന്റെ പ്രാണന്‍ നിന്നാടുന്നത്‌ അവന്റെ ഭാര്യ എന്ന ദൈവത്തിലാണ്‌. അവളുടെ മനസിന്റെ ചാഞ്ചാട്ടം കടലമ്മയെ കോപിപ്പിക്കും, മരക്കാനെ കൊല്ലും. മരക്കാത്തി ചെയ്യുന്ന കുറ്റത്തിനു നിഷകളങ്കനായ മരക്കാനെ കൊല്ലുന്ന കടലമ്മയെ മരക്കാനും മാനിക്കുന്നു, വിശ്വസിക്കുന്നു എന്നത്‌ ഒരത്ഭുതമാണു. ഡോക്‌ടര്‍ കുഞ്ഞാപ്പു അതിലേക്ക്‌ വിരല്‍ ചൂണ്ടുന്നു.

ചെമ്മീന്‍ എന്ന നോവലിലെ കഥയില്‍ വില്ലനായി എത്തുന്ന മരക്കാന്റെ ദൈവത്തിനിരയായവരെകുറിച്ച്‌ പറയുമ്പോള്‍ ചെമ്പന്‍ കുഞ്ഞ്‌ എന്ന വലിയ മരക്കാന്റെ അഴകുള്ള മകളായി അഭിനയിച്ച മലയാളത്തിലെ മാദകറാണി ഷീലയെ കവി കാണുന്നില്ല. എന്നു വച്ചാല്‍ കറുത്തമ്മയെ ഒറ്റക്കായി കാണുന്നില്ല. അവരെ കാണുന്നത്‌ മുന്‍കാമുകന്‍ പരീക്കുട്ടിയോടൊപ്പമാണ്‌. മധുരസ്വപ്‌നങ്ങളുമായി ഉറക്കമൊഴിഞ്ഞ്‌ കിടക്കുന്ന കറുത്തമ്മ നിലാവില്‍ ഒഴുകിയെത്തുന്ന കാമുകഗാനം കേട്ട്‌ അരയന്റെ പുരവാതില്‍ തുറന്നു പുറത്ത്‌ വരുന്നത്‌ ഓര്‍ത്ത്‌ പരീക്കുട്ടിയുടെ താടി വളര്‍ന്നു. കടലിന്റെ ഉപ്പുരസമുള്ള കാറ്റില്‍, നിറഞ്ഞ നിലാവില്‍ അയാളുടെ വികാരം വീര്‍പ്പുമുട്ടി. ഡോക്‌ടര്‍ കുഞ്ഞാപ്പു അയാളേയും കാണുന്നില്ല. കിഴവനും കടലുമെന്ന നോവലിലെ കഥാപാത്രം സാന്റിയാഗൊവിനേയും ചെമ്മീനിലെ പളനിയായി വേഷമിട്ട സത്യനേയും കവി കാണുന്നു. നെറിയോടെ മുറയോടെ ജീവിക്കാന്‍ ശ്രമിച്ച കറുത്തമ്മയെ കാണുന്നില്ല, കടപ്പുറത്ത്‌ കൈവിട്ടുപോയ പെണ്ണിനെ ഓര്‍ത്ത്‌ വേവലാതിപ്പെട്ട്‌ പാടി നടക്കുന്ന വിഢിയായ കാമുകനെ കവി കാണുന്നില്ല. ഇര വിഴുങ്ങി കഴിഞ്ഞ്‌ പ്രാണരക്ഷാര്‍ഥം ആഴിയുടെ ആഴങ്ങളിലേക്ക്‌ ചൂണ്ടയെറിഞ്ഞവനെ വലിച്ചുകൊണ്ടു പോകുന്ന മത്സ്യത്തെ കാണുന്നു. കരയിലും അതു തന്നെ നടക്കുന്നു. ഇവിടേയും കാമന്റെ ചൂണ്ടയിലേക്ക്‌ കറുത്തമ്മ വന്നു വീഴുന്നു. അവളും ഉല്‍ക്കടമായ വികാരതള്ളലാല്‍ കടലമ്മയെപോലെ പ്രക്ഷുബ്‌ദയാണ്‌. അരയത്തി പെണ്ണു പിഴച്ചുപോയാല്‍ കടലില്‍ പോയ അരയനെ കടലമ്മ കൊണ്ടുപോകുമെന്ന വിവേകമൊന്നും അവള്‍ക്കപ്പോഴില്ല. എണ്‍പത്തിനാലു ദിനങ്ങള്‍ കടലില്‍ പോയി വെറും കയ്യോടെ വന്ന സാന്റിയാഗൊവിനു പിറ്റെദിവസം വലിയ മീനിനെ കിട്ടിയെങ്കിലും കരക്കെത്തിയപ്പോഴേക്കും അതിന്റെ എല്ലും മുള്ളുമാത്രമാണവ ശേഷിച്ചത്‌. അതു കണ്ടു നിരാശനാകാതെ അയാള്‍ പറഞ്ഞു വിധിക്ക്‌ എന്നെ തോല്‍പ്പിക്കാം പക്ഷെ തകര്‍ക്കാന്‍ പറ്റില്ലെന്നു. കറുത്തമ്മയും വിധി തോല്‍പ്പിച്ചിട്ടും അതായത്‌ പരീകുട്ടിയെവിട്ടു പളനിയെ വരിക്കേണ്ടി വന്നിട്ടും പിടിച്ചുനിന്നു. പക്ഷെ അവരുടെ പ്രേമബന്ധം തകര്‍ക്കാന്‍ കഴിഞ്ഞില്ല. അവസരമെത്തിയപ്പോള്‍ അവള്‍ പൂര്‍വ്വകാമുകന്റെ നെഞ്ചിലേക്ക്‌ ചാഞ്ഞുപോയി.

മാനുഷിക വികാരങ്ങളും അവയെ നിയന്ത്രിക്കുന്ന നിയമങ്ങളും മഴവില്ലു പോലെ ക്ഷണികമായി നിലകൊള്ളുന്നു. ഏതു നിമിഷവും വ്യത്യസ്‌ഥ ഭാവങ്ങള്‍ കൈകൊണ്ട്‌ ജീവിതത്തെ അത്‌ നിരന്തരം മാറ്റി മറക്കുന്നത്‌ നമുക്ക്‌ ചുറ്റും നാം കണ്ടുകൊണ്ടിരിക്കുന്നു. ശാരീരിക ദൗര്‍ബ്ബല്യങ്ങള്‍ ഒന്നുമില്ലെങ്കില്‍ ഏത്‌ അനുരാഗവും മാംസനിബദ്ധമാകുമെന്ന്‌ മനുഷ്യ ചരിത്രം എന്നും ഉറക്കെ ഘോഷിക്കുന്നുണ്ട്‌. പ്രതികൂലതയോട്‌ ഏറ്റുമുട്ടി ധീരതയോടെ മരണം വരിക്കുന്ന പളനിയെയാണു കവിക്ക്‌ കാണാന്‍ ഇഷ്‌ടം, അതേപോലെ പ്രേമസാഫല്യത്തിനുവേണ്ടി ജീവന്‍ വെടിയുന്ന കമിതാക്കളെയും. അവരെ അനശ്വരരാക്കിയ എഴുത്തുകാരനേയും. മരക്കാന്റെ ദൈവം മരക്കാന്‍ സമുദായത്തിനു ദുരന്തങ്ങള്‍ നല്‍കികൊണ്ടിരിക്കുക മാത്രമാണു. അരയത്തി പെണ്ണുങ്ങള്‍ കൂട്ടത്തോടെ പാതിവൃത്യലംഘനം ചെയ്യുമ്പോള്‍ സുനാമികള്‍ ഉണ്ടാകുന്നു എന്നു ആരും വിശ്വസിക്കുകയില്ല. മരക്കാന്റെ ദൈവം മനുഷ്യന്റെ ബലഹീനതയില്‍ നിന്നും ഭയത്തില്‍ നിന്നും മനുഷ്യന്‍ തന്നെയുണ്ടാക്കിയ ഒരു മിഥ്യ മാത്രമാണെന്നും മനുഷ്യരുടെ ജീവിതോന്നമനത്തിനല്ല അവനെ തെറ്റുകള്‍ ചെയ്യാന്‍ പ്രലോഭിപ്പിക്കുകയും തെറ്റു ചെയ്യുമ്പോള്‍ ശിക്ഷിക്കുകയും ചെയ്യുന്ന ഒരു വിശ്വാസം മാത്രമാണെന്നും ഈ കവിതയില്‍ ഡോക്‌ടര്‍ കുഞ്ഞാപ്പു സൂചിപ്പിക്കുന്നു. പരുക്കനാണെങ്കിലും മനസ്സലിവും സ്‌നേഹവുമുണ്ടായിരുന്ന പളനിയുമൊത്ത്‌ മുറയും നെറിയും തെറ്റാതെ ജീവിക്കാന്‍ കറുത്തമ്മ ആശിച്ചിരുന്നു അതിനായ്‌ ശ്രമിച്ചിരുന്നു. എന്നാല്‍ അവളേയും പളനിയേയും ജീവിക്കാന്‍ അനുവദിക്കാതെ സമൂഹം കഴുകനെപോലെ വട്ടമിട്ടപ്പൊള്‍ മരക്കാന്റെ ദൈവം അനങ്ങുന്നില്ല. കറുത്തമ്മയെകൊണ്ട്‌ തെറ്റു ചെയ്യിക്കാനും പളനിയെ മരണകെണിയില്‍ വീഴ്‌ത്താനുമല്ലാതെ മരക്കാന്റെ ദൈവത്തിനു കഴിഞ്ഞില്ലെന്നുള്ള അറിവില്‍ നിന്നും മരക്കാന്റെ ദൈവത്തിന്റെ പരിമിതികളും അങ്ങനെ ഒരു സങ്കല്‍പ്പത്തിന്റെ അര്‍ഥശൂന്യതയും നമുക്ക്‌ ബോദ്ധ്യമാകുന്നു. ആ അറിവിലൂടെ ചിന്തിക്കുമ്പോള്‍ കറുത്തമ്മയുടേയും പരീകുട്ടിയുടേയും പ്രണയവും സമുദായത്തിന്റെ ലംഘനങ്ങള്‍ മറികടന്നുള്ള അവരുടെ സംഗമവും, പളനിയുടെ സാഹസികതയും ദൈവീകത്വം പൂണ്ടു നില്‍ക്കുന്നു എന്ന്‌ സ്‌ഥാപിക്കുകയല്ലേ ഡോക്‌ടര്‍ കുഞ്ഞാപ്പു? അവരെ സൃഷ്‌ടിച്ച എഴുത്തുകാരന്റെ അതുല്യമായ സര്‍ഗ്ഗപ്രതിഭ സ്വര്‍ഗ്ഗസീമകളില്‍ മുട്ടി നില്‍ക്കുന്നു എന്നു്‌ ഉദ്‌ഘോഷിക്കയല്ലേ? പ്രശംസിക്കുകയല്ലേ? മരക്കാന്റെ ദൈവം പ്രസ്‌തുത വ്യക്‌തികളുടെ മുന്നില്‍ ദൈവീകത്വം ലേശം പോലുമില്ലാത്ത ഒരു സങ്കല്‍പ്പം മാത്രമായ സങ്കല്‍പ്പമെന്ന്‌ വായനകാരനോട്‌ പറയുകയല്ലേ?

(മരക്കാന്റെ ദൈവം എന്ന കവിത വായിക്കന്‍ ഈ ലിങ്കില്‍ പോകുക)
http://www.emalayalee.com/varthaFull.php?newsId=26932

ശുഭം
ഓര്‍മ്മകളുടെ ഒരു കൊളാഷ്‌ (സുധീര്‍ പണിക്കവീട്ടില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക