Image

കാര്‍ണിവല്‍ ഗ്ലോറിയില്‍ നന്മ കൂടൊരുങ്ങി

ജോയിച്ചന്‍ പുതുക്കുളം Published on 08 August, 2012
കാര്‍ണിവല്‍ ഗ്ലോറിയില്‍ നന്മ കൂടൊരുങ്ങി
ന്യൂയോര്‍ക്ക്‌: ഫോമയുടെ കണ്‍വന്‍ഷന്‍ നടന്ന കാര്‍ണിവല്‍ ഗ്ലോറി എന്ന ആഢംബര കപ്പലില്‍ വെച്ച്‌ സമാന ചിന്താഗതിക്കാരായ ഒരുകൂട്ടം സുമനസുകള്‍ `നന്മക്കൂട്‌' എന്ന പ്രസ്ഥാനത്തിന്‌ രൂപം നല്‍കി.

കലാ-സാംസ്‌കാരിക-സാമൂഹ്യ രംഗങ്ങളിലെ പ്രമുഖരുടെ ഈ കൂട്ടായ്‌മ ലക്ഷ്യമിടുന്നത്‌ കേരളത്തിലെ ഗ്രാമപ്രദേശങ്ങളിലെ സ്‌കൂളുകളിലെ നിര്‍ധരായ പഠിക്കാന്‍ സമര്‍ത്ഥരായ കുട്ടികള്‍ക്ക്‌ പഠനോപകരണങ്ങള്‍, യൂണീഫോം എന്നിവ അടക്കമുള്ള സാമ്പത്തിക സഹായം എത്തിക്കുക എന്നതാണ്‌. അടുത്ത അദ്ധ്യനവര്‍ഷത്തില്‍ കൊല്ലം, പത്തനംതിട്ട, കോട്ടയം എന്നീ ജില്ലകളില്‍ മാനദണ്‌ഡത്തിന്റെ അടിസ്ഥാനത്തില്‍ 1 മുതല്‍ 7 വരെയുള്ള ക്ലാസുകളില്‍പ്പെട്ട പാവപ്പെട്ട വിദ്യാര്‍ത്ഥികളില്‍ നിന്നും സമര്‍ത്ഥരെ സ്‌കൂള്‍ അധികൃതരുടെ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കുകയും അവര്‍ക്ക്‌ സഹായം എത്തിക്കുകയും ചെയ്യും.

തുടക്കമെന്ന നിലയില്‍ മൂന്നു ജില്ലകളില്‍ നിന്ന്‌ ഓരോ സ്‌കൂള്‍ വീതം ആയിരിക്കും തെരഞ്ഞെടുക്കുക. പിന്നീടുള്ള വര്‍ഷങ്ങളില്‍ ജില്ലകളുടേയും സ്‌കൂളുകളുടേയും എണ്ണം വര്‍ധിപ്പിക്കുമെന്നും സംഘാടകര്‍ അറിയിച്ചു.

രൂപീകരണ യോഗത്തില്‍ ഫിലിപ്പ്‌ മഠത്തില്‍, സക്കറിയ കരുവേലി, ചലച്ചിത്രതാരങ്ങളായ ഇന്ദ്രന്‍സ്‌, പ്രചോദ്‌ കലാഭവന്‍ എന്നിവരും, അഡ്വ. ലാലു ജോസഫ്‌, ഏഷ്യാനെറ്റ്‌ കോമഡി സ്റ്റാര്‍സ്‌ താരങ്ങളായ ദിലീപ്‌ കോട്ടയം, റോജിന്‍ തോമസ്‌ എന്നിവരും ചേര്‍ന്ന്‌ ഒരു വര്‍ഷത്തേക്കുള്ള പ്രവര്‍ത്തനപദ്ധതി രൂപീകരിച്ചു.

കാര്‍ണിവല്‍ ഗ്ലോറിയിലെ ആഹ്ലാദാരവങ്ങള്‍ക്കു നടുവില്‍ മലയാള നാട്ടിലേക്ക്‌ സാന്ത്വനത്തിന്റെ തൂവല്‍സ്‌പര്‍ശമേകാന്‍ ഇവര്‍ ഒത്തുചേര്‍ന്നത്‌ വേറിട്ട സംഭവമായി.
കാര്‍ണിവല്‍ ഗ്ലോറിയില്‍ നന്മ കൂടൊരുങ്ങി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക