Image

അടുത്ത കണ്‍വെന്‍ഷന്‍ മൂന്നു വര്‍ഷം കഴിഞ്ഞു മതിയെന്നു നിര്‍ദേശം

Published on 03 August, 2012
അടുത്ത കണ്‍വെന്‍ഷന്‍ മൂന്നു വര്‍ഷം കഴിഞ്ഞു മതിയെന്നു നിര്‍ദേശം
കാര്‍ണിവല്‍ ഗ്ലോറി: അറ്റ്‌ലാന്റിക്‌ സമുദ്രത്തിലെ ഫോമാ കണ്‍വെന്‍ഷനില്‍ പ്രസിഡന്റ്‌ ബേബി ഊരാളിനും പത്‌നിക്കും പുറമെ ഊരാളിലിന്റെ ഏഴു സഹോദരങ്ങളും പങ്കെടുക്കുന്നു. മൊത്തം ഒമ്പത്‌ സഹോദരങ്ങളില്‍ 8 പേര്‍ കപ്പലിലുണ്ട്‌. സെക്രട്ടറി ബിനോയി തോമസ്‌ വന്നത്‌ കോളജ്‌ വിദ്യാര്‍ത്ഥിയായ പുത്രന്‍ നിധീഷിനൊപ്പമാണ്‌. ഫോമയുടെ ഇപ്പോഴത്തേയും മുമ്പത്തേയും സാരഥികളെല്ലാം കുടുംബസമേതം ഒന്നുചേര്‍ന്ന കപ്പല്‍ യാത്രയ്‌ക്ക്‌ കുടുംബമേള എന്ന പേരും അന്വര്‍ത്ഥമായി.

തെരഞ്ഞെടുപ്പിന്റെ ചൂടില്‍ മുങ്ങിപ്പോയെങ്കിലും രാവിലെ നടന്ന ജനറല്‍ബോഡിയോഗം ശ്രദ്ധേയമായിരുന്നു. പല പുതിയ നിര്‍ദേശങ്ങളും അവിടെ ഉയര്‍ന്നുവന്നു. പ്രധാനത്തേത്‌ അടുത്ത കണ്‍വെന്‍ഷന്‍ മൂന്നുവര്‍ഷം കഴിഞ്ഞുമതി എന്നതായിരുന്നു. ഭരണഘടനപ്രകാരം രണ്ടുവര്‍ഷം എന്നത്‌ മൂന്നുവര്‍ഷമാക്കണമെന്ന്‌ വെസ്റ്റ്‌ ചെസ്റ്ററില്‍ നിന്നുള്ള തോമസ്‌ കോശിയാണ്‌ നിര്‍ദേശിച്ചത്‌. ഇപ്പോള്‍ ഒരേ വര്‍ഷം ജൂലൈ- ആഗസ്റ്റ്‌ മാസങ്ങളില്‍
ജാതി-മത കണ്‍ വന്‍ഷനുകളെല്ലാം  നടക്കുന്നത്‌ ആളുകളെ വലയ്‌ക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഫോമയ്‌ക്ക്‌ മാത്രമല്ല മലയാളി സമൂഹത്തിനുവേണ്ടി കൂടിയാണിത്‌.

ഫോമാ പ്രസിഡന്റ്‌ ബേബി ഊരാളിലും സെക്രട്ടറി ബിനോയി തോമസും തത്വത്തില്‍ ഇതിനോട്‌ യോജിച്ചുവെങ്കിലും ഇതിനായി നിയമ ഭേദഗതി തന്നെ വേണമെന്ന്‌ ചൂണ്ടിക്കാട്ടി. അതിനാല്‍ ഒക്‌ടോബര്‍ മാസത്തില്‍ നടക്കുന്ന ജനറല്‍ബോഡിയുടെ അജണ്ടയില്‍ ഉള്‍പ്പെടുത്തി തീരുമാനം എടുക്കണമെന്ന്‌ തീരുമാനമായി. ഇലക്ഷന്‌ മുമ്പാണ്‌ ഈ നിര്‍ദേശം കൊണ്ടുവന്നത്‌. ഇലക്ഷന്‍ കഴിഞ്ഞാല്‍ അത്‌ അംഗീകരിക്കാനിടയില്ലെന്നു കണ്ടാണ്‌ മുന്‍കൂട്ടി കൊണ്ടുവന്നതെന്ന്‌ തോമസ്‌ കോശി പറഞ്ഞു.

കണ്‍വെന്‍ഷന്റെ രണ്ടാം ദിനം ഇലക്ഷന്‍ വെച്ചതിനെ ചിക്കാഗോയില്‍ നിന്നുള്ള പീറ്റര്‍ കുളങ്ങര ചോദ്യം ചെയ്‌തു. തങ്ങള്‍ക്കും അവസാന ദിവസം ഇലക്ഷന്‍ വെയ്‌ക്കാനായിരുന്നു താത്‌പര്യമെന്ന്‌ ബിനോയി തോമസ്‌ പറഞ്ഞു. പക്ഷെ സ്ഥാനാര്‍ത്ഥികളുടെ കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്ന്‌ വഴങ്ങേണ്ടിവന്നു.

ഇപ്പോഴുള്ള 45 അംഗസംഘടനകള്‍ക്കു പുറമെ പുതുതായി അപേക്ഷിച്ച മൂന്നു സംഘടനകള്‍ക്ക്‌ അംഗത്വം നല്‍കുന്നതിനുള്ള തീരുമാനം ഭരണഘടനാ ഭേഗദതി കമ്മിറ്റിയുടെ പരിഗണനയ്‌ക്ക്‌ വിട്ടു. കുര്യന്‍ വര്‍ഗീസ്‌, ഈശോ സാം ഉമ്മന്‍, ഡോ. ജയിംസ്‌ കുറിച്ചി, ജോര്‍ജ്‌ പാര്‍ണേല്‍, വിന്‍സന്‍ പാലത്തിങ്കല്‍ എന്നിവരാണ്‌ കമ്മിറ്റി.

പ്രൊഫഷണല്‍ സംഘനകള്‍, സാഹിത്യകാരന്മാര്‍ തുടങ്ങി സഹയാത്രികരാകാന്‍ പറ്റുന്ന വിഭാഗങ്ങളെയെല്ലാം ഫോമയിലേക്ക്‌ ആകര്‍ഷിക്കാന്‍ രണ്ടുവര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍കൊണ്ടായെന്ന്‌ ബിനോയി തോമസ്‌ പറഞ്ഞു. കണ്‍വന്‍ഷന്‍ സംഘടന അല്ല എന്നു തെളിയിക്കാന്‍ തങ്ങള്‍ക്കായി. പുതിയ കാഴ്‌ചപ്പാടും ദിശാബോധവും സംഘടനയ്‌ക്ക്‌ കൈവരിക്കാനായി.

ഉദ്‌ഘാടന സമ്മേളനം തന്നെ വെറുമൊരു മലയാളി സമ്മേളനം ആകാതിരിക്കാന്‍ ശ്രമിച്ചു. സ്റ്റേറ്റ്‌ ഡിപ്പാര്‍ട്ട്‌മെന്റിലെ അഡൈ്വസര്‍ മിഥുല്‍ ദേശായി, ന്യൂജേഴ്‌സി അസംബ്ലിമാന്‍ ഉപേന്ദ്ര ചിവുക്കുള തുടങ്ങിയവരുടെയൊക്കെ സാന്നിധ്യം അതിനു തെളിവായിരുന്നു.

രണ്ടുവര്‍ഷത്തെ പ്രവര്‍ത്തനം കൊണ്ട്‌ മാതൃകയാകാന്‍ തങ്ങള്‍ക്കായി എന്ന വിശ്വാസത്തോടെയാണ്‌ തങ്ങള്‍ രംഗം വിടുന്നതെന്ന്‌ ബേബി ഊരാളില്‍ പറഞ്ഞു. കാലത്തിന്റെ നിയോഗം തങ്ങള്‍ പൂര്‍ത്തിയാക്കി പിന്നോക്കം മാറുന്നതില്‍ സന്തോഷമേയുള്ളൂ.

മിഡില്‍ സ്‌കൂള്‍ കഴിയുമ്പോള്‍ ഹൈസ്‌കൂളില്‍ പോകുന്നതുപോലെയാണ്‌ തങ്ങളെ സംബന്ധിച്ചടത്തോളം അധികാരം വിട്ട്‌ സാധാരണ നിലയിലേക്ക്‌ മടങ്ങുന്നതെന്ന്‌ ബിനോയി പറഞ്ഞു. മിഡില്‍ സ്‌കൂളില്‍ തന്നെ തളച്ചിടണമെന്ന്‌ ആരും വാശിപിടിച്ചില്ലല്ലോ.

നഷ്‌ടമില്ലാതെ കണ്‍വെന്‍ഷന്‍ തീരുമെന്നാണ്‌ പ്രതീക്ഷയെന്ന്‌ ട്രഷറര്‍ ഷാജി എഡ്വേര്‍ഡ്‌ പറഞ്ഞു. എന്നാല്‍ അടുത്ത ജനറല്‍ബോഡിയാകുമ്പോള്‍ മാത്രമേ ചിത്രം വ്യക്തമാകുകയുള്ളൂ.

വൈസ്‌ പ്രസിഡന്റ്‌ സ്റ്റാന്‍ലി കളരിക്കമുറി, പ്രസിഡന്റ്‌ ബേബി ഊരാളിന്റെ നേതൃത്വത്തെ പ്രശംസകള്‍കൊണ്ട്‌ പൊതിഞ്ഞു. അതുപോലെ തന്നെ സെക്രട്ടറി ബിനോയി തോമസിന്റെ കര്‍മകുശലതയേയും എന്തിനേയും ശാന്തമായി നേരിടാനുള്ള കഴിവിനേയും പ്രകീര്‍ത്തിച്ചു. സംഘടനയുടെ തലപ്പത്തുള്ളവരും മറ്റുള്ളവും തോളോടുതോള്‍ ചേര്‍ന്ന്‌ പ്രവര്‍ത്തിച്ചപ്പോഴാണ്‌ ഉയരങ്ങളിലെത്തിയതെന്ന്‌ സ്റ്റാന്‍ലി പറഞ്ഞു. ട്രഷറര്‍ ഷാജി, കണ്‍വന്‍ഷന്‍ ചെയര്‍ സണ്ണി പൗലോസ്‌, ജോ. സെക്രട്ടറി ഐപ്‌ മാരേട്ട്‌ തുടങ്ങി എല്ലാവരുടേയും പ്രവര്‍ത്തനങ്ങളെ സ്റ്റാന്‍ലി നന്ദിപൂര്‍വ്വം സ്‌മരിച്ചു.

ഡോ. ബാബു പോള്‍. ടി.പി. ശ്രീനിവാസന്‍, രാജു മൈലപ്ര, ഡോ. എം.വി. പിള്ള എന്നിവര്‍ നയിച്ച ചിരിയരങ്ങ്‌, കുട്ടികളുടെ കലാപരിപാടികള്‍ (ജഡ്‌ജിയായി നടി കല്‍പ്പനയും), യുവജന സമ്മേളനം തുടങ്ങിയവയായിരുന്നു രണ്ടാം ദിനത്തിലെ പ്രധാന പരിപാടികള്‍.

വെള്ളിയാഴ്‌ച രാവിലെ 8-ന്‌ കാനഡയിലെ സെന്റ്‌ ജോണ്‍സില്‍ കപ്പല്‍ നങ്കൂരമിടും. ഏതാനും മണിക്കൂറുകള്‍ അവിടെ തങ്ങും. നാലുമണിക്ക്‌ കപ്പല്‍ പുറപ്പെടുമ്പോള്‍ മിസ്‌ ഫോമ അടക്കം എതാനും കലാപരിപാടികളും ഉണ്ടാവും.
അടുത്ത കണ്‍വെന്‍ഷന്‍ മൂന്നു വര്‍ഷം കഴിഞ്ഞു മതിയെന്നു നിര്‍ദേശം അടുത്ത കണ്‍വെന്‍ഷന്‍ മൂന്നു വര്‍ഷം കഴിഞ്ഞു മതിയെന്നു നിര്‍ദേശം അടുത്ത കണ്‍വെന്‍ഷന്‍ മൂന്നു വര്‍ഷം കഴിഞ്ഞു മതിയെന്നു നിര്‍ദേശം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക