Image

മികച്ച ദമ്പതി മത്സരം മനം കവര്‍ന്നു

Published on 03 August, 2012
മികച്ച ദമ്പതി മത്സരം മനം കവര്‍ന്നു
കാര്‍ണിവല്‍ ഗ്ലോറി: ചിരിയരങ്ങിനേക്കാള്‍ മികച്ച ചിരി സമ്മാനിച്ചുകൊണ്ട്‌ മികച്ച ദമ്പതികളെ കണ്ടെത്താനുള്ള മത്സരം അക്ഷരാര്‍ത്ഥത്തില്‍ കാണികളുടെ മനം കവര്‍ന്നു. സമ്മാനം ലഭിച്ചില്ലെങ്കിലും നവദമ്പതികളായ ജോസഫ്‌ ഔസോ- സുജ, അനിയന്‍ ജോര്‍ജ്‌ -സിസി എന്നിവര്‍ താരങ്ങളായി.

ലോംഗ്‌ ഐലന്റില്‍ നിന്നുള്ള റോഷിന്‍ മാമ്മനും ഭാര്യയും മികച്ച മാതൃകാ ദമ്പതികളായി.

രണ്ടു ദിവസം മുമ്പ്‌ കാര്‍ണിവല്‍ ഗ്ലോറിയില്‍ വെച്ചുതന്നെ വിവാഹം കഴിച്ച മുന്‍ ഫോമാ ട്രഷറര്‍ കൂടിയായ ജോസഫ്‌ ഔസോയും സുജയും ബോഡി ഗാര്‍ഡ്‌ എന്ന ചിത്രത്തിലെ ഗാനത്തിന്‌ നൃത്തം ചെയ്‌ത്‌ കാണികളുടെ ഹൃദയം കവര്‍ന്നു. തന്റെ മൂന്നു മക്കളും വിവാഹം കഴിഞ്ഞ്‌ നല്ല നിലയില്‍ കഴിയുന്നുവെന്ന്‌ ഔസോ നേരത്തെ പറഞ്ഞു. തന്റെ രണ്ടു മക്കളെപ്പറ്റി സുജയും പറഞ്ഞു. ജീവിതത്തിന്റെ അപരാഹ്നത്തിലാണ്‌ തങ്ങള്‍ ഒത്തുകൂടിയതെങ്കിലും ഇനിയുള്ള കാലം ഒന്നായി ജീവിക്കാനാണ്‌ തങ്ങള്‍ വിവാഹിതരായത്‌. രണ്ടാള്‍ക്കും കൂടി അഞ്ചുമക്കള്‍ എന്നത്‌ അടുത്ത ഫോമാ കണ്‍വന്‍ഷന്‍ ആകുമ്പോഴേക്കും ആറു തന്നെയായാലും അത്ഭുതപ്പെടേണ്ടതില്ലെന്നും ഓസോ പറഞ്ഞു.

അമേരിക്കയില്‍ പഠിക്കാന്‍ വന്നപ്പോള്‍ 1974-ല്‍ കിട്ടിയ കൂട്ടുകാരി ആണ്‌ ഡയ്‌സി എന്നും അന്നു പിടിച്ച കൈ ഇപ്പോഴും വിട്ടിട്ടില്ലെന്നും സ്റ്റാറ്റന്‍ഐലന്റില്‍ നിന്നുള്ള തോമസ്‌ തോമസ്‌ പറഞ്ഞു. അല്ലിയാമ്പല്‍ കടവില്‍....എന്ന ഗാനമാണ്‌ ഇരുവരും രണ്ടാമത്തെ സെഗ്‌മെന്റില്‍ പാടിയത്‌.

ഫോമാ ട്രഷറര്‍ ഷാജി എഡ്വേര്‍ഡും ഭാര്യ സുബിയയും 23 വര്‍ഷം മുമ്പ്‌ വിവാഹിതരായവരാണ്‌. നാലു മക്കള്‍.

ജോസ്‌-സുജ ദമ്പതികള്‍ 29 വര്‍ഷത്തെ വിവാഹജീവിതത്തെപ്പറ്റി പറഞ്ഞു.

പൂമുഖ വാതില്‍ക്കല്‍ ചൂലുമായി നില്‍ക്കുന്ന....എന്ന പാരഡിയോടെയാണ്‌ അനിയന്‍ ജോര്‍ജ്‌ തടക്കമിട്ടത്‌. വിവാഹ ജീവിതം കപ്പല്‍യാത്ര പോലെയാണ്‌. ലക്ഷ്യത്തിലെത്തിയാലേ ഇറങ്ങൂ. പക്ഷെ പലരും ബസ്‌ യാത്ര പോലെയാണ്‌ കരുതുന്നത്‌. ഇടയ്‌ക്കിടെ സ്റ്റോപ്പില്‍ ഇറങ്ങാന്‍ തോന്നും.

പഠിക്കുന്ന കാലത്ത്‌ തനിക്കൊരു ബസ്‌ സര്‍വീസ്‌ ഉണ്ടായിരുന്നു. അതില്‍ താന്‍ സ്‌നേഹിച്ച പെണ്‍കുട്ടിയും ഉണ്ടായിരുന്നു. പിന്നീട്‌ മല്ലപ്പള്ളിയില്‍ കടകള്‍ നടത്തിയിരുന്നു. അപ്പോഴൊരു പരിചയക്കാരന്‍ അമേരിക്കയിലുള്ള പുത്രിക്കുവേണ്ടി വിവാഹം ആലോചിക്കണമെന്നു പറഞ്ഞു തന്നെ സമീപിച്ചു. അഡ്രസ്‌ വാങ്ങിവെച്ച്‌ കത്തുകള്‍ എഴുതി തുടങ്ങിയ ബന്ധം. പതിനേഴാം വയസില്‍ കണ്ടുവെങ്കിലും അഞ്ചുവര്‍ഷത്തിനുശേഷം വിവാഹം.

മകന്‌ 17 വയസായി. 22 വര്‍ഷം മുമ്പാണ്‌ വിവാഹം നടന്നത്‌. ഭര്‍ത്താവിനെ ഇത്രയും കാലം താന്‍ വളര്‍ത്തി വലുതാക്കുകയായിരുന്നുവെന്ന്‌ സിസി പറഞ്ഞപ്പോള്‍ ചിരിപൊട്ടി. ആയിരം കണ്ണുമായ്‌.....എന്ന ഗാനത്തിന്റെ പാരഡിയോടെയാണ്‌ അനിയന്‍ കലാരംഗം സംബന്ധിച്ച സെഗ്‌മെന്റില്‍ പാടിയത്‌.

ദു:ഖത്തിന്റെ പാനപാത്രം.....എന്ന പാട്ട്‌ അര്‍ത്ഥസൂചകമായി സിസിയും പാടിയതോടെ സദസ്‌ പൊട്ടിച്ചിരികളില്‍ മുഖരിതമായി.

പരിപാടി മികച്ച രീതിയില്‍ അവതരിപ്പിച്ച നാരായണന്‍കുട്ടി മേനോന്‍ അവസാന സെഗ്‌മെന്റായി എട്ടു ചോദ്യം വീതം ദമ്പതികളിലൊരാള്‍ക്കുവീതം കൊടുത്തു. ആ ചോദ്യം തന്നെ മറ്റേ ദമ്പതികളോട്‌ ചോദിച്ചു. രണ്ട്‌ ഉത്തരവും ശരിയായി വന്നാല്‍ അവര്‍ മാതൃകാ ദമ്പതികളാകും. റോഷന്‍ മാമ്മനും, ഭാര്യയും പറഞ്ഞ ആറ്‌ ഉത്തരങ്ങളും ഒരുപോലെയായിരുന്നു. ഏറ്റവും ഇഷ്‌ടമുള്ള നടന്‍ ആര്‌ എന്ന ചോദ്യത്തിന്‌ കൂടുതല്‍ പേര്‍ പറഞ്ഞത്‌ മോഹന്‍ലാല്‍ എന്നായിരുന്നു. പ്രേം നസീറിനേയും മധുവിനേയും ഷീലയേയും ഷക്കീലയേയും ഇഷ്‌ടപ്പെടുന്നവരും ഉണ്ടായിരുന്നു. സ്‌നേഹം കൂടിയാല്‍ എന്തു ചെയ്യുമെന്ന ചോദ്യത്തിന്‌ കെട്ടിപ്പിടിച്ച്‌ ഉമ്മവെയ്‌ക്കും എന്നായിരുന്നു മിക്കവരുടേയും മറുപടി. വെണ്ടയ്‌ക്കാ കറി ഉണ്ടാക്കി കൊടുക്കും എന്ന ഉത്തരവും വന്നു.
മികച്ച ദമ്പതി മത്സരം മനം കവര്‍ന്നുമികച്ച ദമ്പതി മത്സരം മനം കവര്‍ന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക