Image

ഓണ്‍ലൈന്‍ പത്രത്തിന്റെ ട്രേഡ് സീക്രട്ടുകള്‍

ബെര്‍ലി തോമസ്‌ Published on 10 August, 2012
ഓണ്‍ലൈന്‍ പത്രത്തിന്റെ ട്രേഡ് സീക്രട്ടുകള്‍

പ്രിയപ്പെട്ട ഷിജു ചേട്ടന്,

എന്തൊക്കെയുണ്ട് വിശേഷങ്ങള്‍ ? ഇവിടെ ഞാന്‍ സുഖമായിപ്പോകുന്നു. ഇവിടുത്തെ മലയാളി അസോസിയേഷന്‍കാര്‍ ഉണ്ടാക്കിയ തുഞ്ചത്തെഴുത്തച്ഛന്‍ അവാര്‍ഡ് എനിക്ക് കിട്ടുമെന്നു ഞാന്‍ പറഞ്ഞായിരുന്നല്ലോ, അതെനിക്കു തന്നെ കിട്ടി. ഇപ്പോ എല്ലാ മലയാളികള്‍ക്കും എന്നോടു വലിയ ബഹുമാനമാണ്. അവള്‍ക്കും തരക്കേടില്ലാത്ത ബഹുമാനമുണ്ട്. ഷിജു ചേട്ടന്‍ ഇപ്പോഴും സൂപ്പര്‍മാര്‍ക്കറ്റിലെ പണീം കൊച്ചിനെ നോട്ടോം തന്നെയാണോ ? നാട്ടില്‍ എങ്ങനെ കഴിഞ്ഞയാളാ ഷിജു ചേട്ടന്‍, ഇവിടെ വന്നപ്പോ എല്ലാ മലയാളികളെയും പോലെ ചേട്ടനും ഏഴാംകൂലിയായിപ്പോയല്ലോ എന്നോര്‍ക്കുമ്പോള്‍ എനിക്കു സങ്കടമുണ്ട്. ചേച്ചിക്ക് എന്നും നൈറ്റ് ഷിഫ്റ്റായതുകൊണ്ട് കാര്യങ്ങളൊന്നും നടക്കുന്നില്ലെന്നും ചേട്ടനോട് ഇപ്പോള്‍ ഒരു ബഹുമാനവുമില്ലെന്നും കഴിഞ്ഞ മെയിലില്‍ ചേട്ടന്‍ പറഞ്ഞായിരുന്നല്ലോ. എനിക്ക് അതു മനസ്സിലാകും. ഞാനും ഇവിടെ പട്ടിയെപ്പോലെ കഴിഞ്ഞിരുന്നതാണ്. ഇപ്പോള്‍ നോക്കൂ, എനിക്കിവിടെ വലിയ പേരാണ്, നാട്ടിലും തരക്കേടില്ലാത്ത പേരുണ്ട്. അവള്‍ക്ക് പേടി കലര്‍ന്ന ബഹുമാനവുമുണ്ട്. അതുകൊണ്ട് ചേട്ടന്‍ ഒന്നുമാലോചിക്കേണ്ട, ഞാന്‍ ചെയ്തതുപോലെ എത്രയും പെട്ടെന്ന് ഒരു ഓണ്‍ലൈന്‍ പത്രം തുടങ്ങണം.

നമ്മള്‍ കോട്ടയത്തുകാര്‍ പത്രമുതലാളിമാരാകാന്‍ ജനിച്ചവരാണ് ഷിജു ചേട്ടാ. പ്രീഡിഗ്രിയ്ക്ക് മലയാളം സെക്കന്‍ഡ് ലാംഗ്വേജിനു തോറ്റ എനിക്ക് ഇവിടെ എഴുത്തച്ഛന്‍ പുരസ്‌കാരം കിട്ടിയെങ്കില്‍ എംഎ മലയാളം പാസ്സായ ഷിജു ചേട്ടന് ജ്ഞാനപീഠം കിട്ടും. മലയാളി അസോസിയേഷന്‍കാര് അവിടെയുമുണ്ടല്ലോ. ഒരു ഓണ്‍ലൈന്‍ പത്രം തുടങ്ങിയാല്‍ ഷിജു ചേട്ടനും എന്നെപ്പോലെ വലിയ പത്രമുതലാളിയാവാം. ധൈര്യമായി മുന്നോട്ടുപോകൂ ഷിജു ചേട്ടാ, ഒന്നും ആലോചിക്കാനില്ല.

ഓണ്‍ലൈന്‍ പത്രം തുടങ്ങാന്‍ പത്രപ്രവര്‍ത്തനം പഠിക്കണോ എന്നു ഷിജു ചേട്ടന്‍ ചോദിച്ചായിരുന്നല്ലോ. വെബ്‌സൈറ്റ് റജിസ്റ്റര്‍ ചെയ്യാനുള്ള കാശും കോപി പേസ്റ്റ് ചെയ്യാനുള്ള മൗസും ഫേസ്ബുക്കിലുള്ള തെണ്ടികളുടെ തെറി കേള്‍ക്കാനുള്ള തൊലിക്കട്ടിയുമുണ്ടെങ്കില്‍ ചേട്ടന് നാളെത്തന്നെ ഓണ്‍ലൈന്‍ പത്രം തുടങ്ങാം. ചേട്ടനോടു ബഹുമാനമില്ലാത്ത അലവലാതികളുടെ ചുറ്റിക്കളികളും രഹസ്യങ്ങളുമൊക്കെ വച്ച് ചേട്ടന്‍ എഴുതിയാല്‍ അവന്മാരെല്ലാം ഒതുങ്ങിക്കോളും. ആദ്യകാലത്ത് അധികം വായനക്കാരൊന്നും കാണത്തില്ല. അതുണ്ടാക്കാന്‍ ഞാന്‍ സഹായിക്കാം. ചേട്ടന്റെ വെബ്‌സൈറ്റില്‍ എന്തെങ്കിലും ചൊറിയുന്ന ലേഖനം കൊടുക്കണം. അപ്പോള്‍ ഞാന്‍ എന്റെ വെബ്‌സൈറ്റില്‍ ചേട്ടനെ തെറിവിളിച്ച് വാര്‍ത്ത കൊടുക്കും. അങ്ങനെ എല്ലാവരും ചേട്ടന്റെ വെബ്‌സൈറ്റ് വായിക്കാന്‍ തുടങ്ങും. അപ്പോള്‍ ചേട്ടന്‍ എന്നെ തെറിവിളിച്ച് വേറെ വാര്‍ത്ത കൊടുക്കണം. നമ്മള്‍ ശരിക്കും ഉടക്കാണെന്നു കരുതി കൂടുതലാളുകള്‍ നമ്മുടെ ഓണ്‍ലൈന്‍ പത്രങ്ങള്‍ വായിക്കാന്‍ തുടങ്ങും. അപ്പോള്‍ സൈറ്റില്‍ പരസ്യമിട്ട് നമുക്ക് കാശുണ്ടാക്കാം.

പ്രവാസിയാണെന്നും മലയാളിയാണെന്നും സൂചിപ്പിക്കുന്ന ഒരു പേരിട്ട് ആദ്യം ചേട്ടന്‍ വെബ്‌സൈറ്റ് റജിസ്റ്റര്‍ ചെയ്യണം. ഈ രണ്ടുവാക്കും വച്ച് യുകെയിലുള്ള മിക്കവാറും കോട്ടയത്തുകാരും ഓരോ ഓണ്‍ലൈന്‍ പത്രം തുടങ്ങിയിട്ടുണ്ട്. അതുപോലെയുള്ള മറ്റൊരു പേര് ചേട്ടനും റജിസ്റ്റര്‍ ചെയ്യണം. പിന്നെ മനോരമ, മാതൃഭൂമി, മംഗളം, കേരളകൗമുദി, മാധ്യമം തുടങ്ങിയ കേരളത്തിലിറങ്ങുന്ന പത്രങ്ങളുടെയും ടിവി ചാനലുകളുടെയും വെബ്‌സൈറ്റുകള്‍ എപ്പോഴും തുറന്നു വച്ചിരുന്നാല്‍ മതി. അതില്‍ വരുന്ന വാര്‍ത്തകള്‍ കോപി ചെയ്ത് വേറൊരു തലക്കെട്ടിട്ട് നമുക്ക് പ്രസിദ്ധീകരിക്കാം. നമ്മള്‍ യുകെയിലായതുകൊണ്ട് ആരെയും പേടിക്കേണ്ട കാര്യമില്ല. ഈ വാര്‍ത്തകള്‍ അതില്‍ നിന്നു മോഷ്ടിച്ചതാണെന്നു തോന്നാതിരിക്കാന്‍ ആ വാര്‍ത്തയിലെവിടെയെങ്കിലും കേരളത്തിലെ മാധ്യമങ്ങള്‍ ഈ വാര്‍ത്ത മുക്കിയെന്ന് ഒരു വാചകം ചേര്‍ത്താല്‍ മതി. നമ്മുടെ സൈറ്റ് വായിക്കുന്നവര്‍ പത്രങ്ങളോ പത്രങ്ങള്‍ വായിക്കുന്നവര്‍ നമ്മുടെ സൈറ്റോ വായിക്കാറില്ല.

സിപിഎമ്മുകാരെയും മറ്റും വിമര്‍ശിക്കാന്‍ നമുക്ക് ആരെയും പേടിക്കേണ്ട. നമ്മള്‍ യുകെയിലായതുകൊണ്ട് പെട്ടെന്നൊന്നും ആരും ഒന്നും ചെയ്യാന്‍ വരില്ല. എല്ലാവരെയും വെല്ലുവിളിക്കുകയും ചീത്തവിളിക്കുകയും ചെയ്യുമ്പോള്‍ നമ്മള്‍ ധീരന്മാരായ പത്രപ്രവര്‍ത്തകരാണെന്ന് വായിക്കുന്നവര്‍ക്ക് തോന്നും. നാട്ടില്‍ ലീവിനു വരുന്ന സമയത്തു മാത്രം ഒന്നും സൂക്ഷിച്ചാല്‍ മതി. ഞാന്‍ ഈ വരവിന് അപ്പച്ചേനം അമ്മച്ചിയേം കൂടി ഇങ്ങോട്ടു കൊണ്ടുപോരുവാ, പിന്നെ നാട്ടിലോട്ടില്ല. അതുകൊണ്ട് ഇനിയങ്ങോട്ട് ഞാന്‍ ഭയങ്കര എഴുത്തായിരിക്കും.

ചേട്ടന്‍ ധൈര്യമായിട്ട് പത്രം തുടങ്ങ് എല്ലാം ശരിയാവും. നമ്മുടെ മലയാളി അസോസിയേഷന്‍കാരുടെയൊക്കെ വാര്‍ത്തയും ഫോട്ടോയും ഇടക്കൊക്കെ കൊടുത്ത് അവരെ സന്തോഷിപ്പിച്ചാല്‍ അവര്‍ നമുക്ക് അവാര്‍ഡൊക്കെ തരും. ആ അവാര്‍ഡിന്റെ വാര്‍ത്ത നമുക്ക് നാട്ടിലെ പത്രങ്ങളിലൊക്കെ വരുത്താം. അങ്ങനെ നാട്ടിലുള്ളവര്‍ക്കും നമ്മളോട് ബഹുമാനമുണ്ടാവും. അതു കഴിഞ്ഞാല്‍ നമ്മുടെ ഓണ്‍ലൈന്‍ പത്രത്തിന്റെ പേരില്‍ നമുക്ക് അവാര്‍ഡുകള്‍ ഏര്‍പ്പെടുത്താം. ആദ്യം വല്ല ബ്ലോഗ് അവാര്‍ഡോ ഫേസ്ബുക്ക് അവാര്‍ഡോ ഒക്കെ മതി. അത് നാട്ടില്‍ നമ്മള്‍ അവധിക്കുപോകുന്ന സമയത്ത് വലിയ വാര്‍ത്തയൊക്കെ കൊടുത്ത് നടത്തിയാല്‍ മതി. ഒരു പത്ത് പേര്‍ക്ക് അവാര്‍ഡ് കൊടുക്കാം. അതില്‍ അഞ്ചു പേര്‍ വളരെ പ്രസിദ്ധരായിരിക്കണം. പിന്നെയൊരഞ്ചു പേര്‍ ആരുമറിയാത്തവരും. അവരുടെ കയ്യില്‍ നിന്ന് ഓരോ ലക്ഷം രൂപ വീതം വാങ്ങി 10000 രൂപ വീതം എല്ലാവര്‍ക്കും അവാര്‍ഡ് നല്‍കി ചടങ്ങും നടത്തിക്കഴിഞ്ഞാലും ഒരു ലക്ഷം രൂപ മിച്ചം പിടിക്കാം. കാശുതരുന്നവര്‍ക്കും നമുക്കും പ്രശസ്തിയും പത്രത്തില്‍ പേരും പടവുമൊക്കെ വരികയും ചെയ്യും.

ഇതൊക്കെ ഓണ്‍ലൈന്‍ പത്രങ്ങളുടെ ഡ്രേ് സീക്രട്ടുകളാണ്. ചേട്ടന്‍ ചെയ്യുന്നെങ്കില്‍ ചെയ്യാന്‍ വേണ്ടി പറഞ്ഞതാണ്. ഇതൊന്നും വേറെയാരോടും പറയരുത്. മണി പത്താവുന്നു. നാട്ടിലെ പത്രങ്ങളൊക്കെ വാര്‍ത്ത അപ്‌ഡേറ്റ് ചെയ്യുന്ന സമയമായി. ഞാനതെല്ലാം കോപ്പി ചെയ്ത് എന്റെ സൈറ്റിലിടട്ടെ. ചേട്ടന്‍ ആലോചിച്ചിട്ട് മറുപടി അയക്കൂ.

സ്വന്തം ഷാജി.

http://berlytharangal.com/?p=9608

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക