Image

മദനിയെ സര്‍ക്കാര്‍ വിചാരിച്ചാലും പുറത്തിറക്കാന്‍ കഴിയുന്ന അവസ്ഥയിലല്ല: ഇ.ടി. മുഹമ്മദ്‌ ബഷീര്‍

Published on 11 August, 2012
മദനിയെ സര്‍ക്കാര്‍ വിചാരിച്ചാലും പുറത്തിറക്കാന്‍ കഴിയുന്ന അവസ്ഥയിലല്ല: ഇ.ടി. മുഹമ്മദ്‌ ബഷീര്‍
മസ്‌കത്ത്‌: സര്‍ക്കാര്‍ വിചാരിച്ചാല്‍ പോലും പുറത്തിറക്കാന്‍ കഴിയുന്ന അവസ്ഥയിലല്ല ഇപ്പോള്‍ പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്‌ദനിയെന്ന്‌ പാര്‍ലമെന്‍റംഗം ഇ.ടി. മുഹമ്മദ്‌ ബഷീര്‍. മസ്‌കത്ത്‌ കെ.എം.സി.സി. സംഘടിപ്പിച്ച ഇഫ്‌താര്‍ സംഗമത്തില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു.

അബ്ദുന്നാസര്‍ മഅ്‌ദനിക്ക്‌ നീതി നിഷേധിക്കപ്പെട്ടു എന്നതില്‍ തര്‍ക്കമില്ല. നീണ്ടുപോകുന്ന മഅ്‌ദനിയുടെ ജയില്‍വാസം പൊതുപ്രശ്‌നവും മനുഷ്യാവകാശപ്രശ്‌നവുമാണ്‌. എന്നാല്‍ കോടതിയുടെ പരിഗണനയിലിരിക്കുന്ന ഈ പ്രശ്‌നത്തില്‍ സര്‍ക്കാരോ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയോ വിചാരിച്ചാല്‍ ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനാ സംവിധാനത്തിന്‌ അകത്തുനിന്നേ ഇക്കാര്യത്തില്‍ സര്‍ക്കാറുകള്‍ക്ക്‌ പ്രവര്‍ത്തിക്കാന്‍ കഴിയുകയുള്ളു. വിചാരണ തടവുകാരുടെ ജയില്‍വാസം അവര്‍ ചെയ്‌ത കുറ്റത്തിന്‌ ലഭിക്കാവുന്ന പരമാവധി ജയില്‍ശിക്ഷയേക്കാള്‍ കൂടുതലാകുന്നത്‌ ഒഴിവാക്കുന്നത്‌ സംബന്ധിച്ച്‌ ഭരണതലത്തില്‍ ചര്‍ച്ചകള്‍ സജീവമാണ്‌. മഅ്‌ദനിയും അത്തരത്തില്‍ തടവ്‌ അനുഭവിക്കുകയാണ്‌. അദ്ദേഹത്തോട്‌ ആര്‍ക്കും അനുകമ്പ ഇല്ലാഞ്ഞിട്ടല്ല. കഴിഞ്ഞ യു.ഡി.എഫ്‌ സര്‍ക്കാറിന്‍െറ കാലത്ത്‌ കോയമ്പത്തൂര്‍ ജയിലില്‍ കഴിഞ്ഞിരുന്ന അദ്ദേഹത്തിന്‍െറ മോചനത്തിനായി യു.ഡി.എഫും മുസ്ലിംലീഗും ഇടപ്പെട്ടിരുന്നു. മഅ്‌ദനിക്ക്‌ നീതി ആവശ്യപ്പെട്ട്‌ യോഗം ചേര്‍ന്ന മുസ്ലിം സംഘടനകളുടെ യോഗത്തില്‍ മുസ്ലിംലീഗിന്‍െറ അസാന്നിധ്യത്തെ കുറിച്ച്‌ ചോദിച്ചപ്പോള്‍ അത്തരമൊരു യോഗം നടന്നതായി താന്‍ അറിഞ്ഞിട്ടില്ലെന്നായിരുന്നു മറുപടി. പ്രവാസികളുടെ യാത്രപ്രശ്‌നം പരിഹരിക്കാന്‍ `എയര്‍കേരള' പദ്ധതിയുമായി കേരള സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണെന്നും സര്‍ക്കാര്‍ വിചാരിച്ചാല്‍ ഇതിന്‍െറ സാങ്കേതിക തടസങ്ങള്‍ ഒഴിവാക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

ജനകീയ സര്‍ക്കാറുണ്ടാക്കിയ നിയമങ്ങള്‍ സര്‍ക്കാറിന്‌ മാറ്റാവുന്നതേയുള്ളു. ഗള്‍ഫില്‍ നിന്ന്‌ നാട്ടിലേക്ക്‌ കപ്പല്‍ സര്‍വീസ്‌ ആരംഭിക്കുന്നത്‌ സംബന്ധിച്ച നടന്ന പഠനങ്ങളില്‍ അത്‌ ലാഭകരമായിരിക്കില്ല എന്ന റിപ്പോര്‍ട്ടാണ്‌ ലഭിച്ചത്‌. 20,000 രൂപക്ക്‌ മുകളില്‍ സ്വര്‍ണം കൊണ്ടുവരുന്ന പ്രവാസികളില്‍ നിന്ന്‌ കസ്റ്റംസ്‌ തീരുവ വാങ്ങുന്നത്‌ ഒഴിവാക്കാന്‍ അതിന്‍െറ പരിധി ഉയര്‍ത്തുമെന്നാണ്‌ തനിക്ക്‌ വിവരം ലഭിച്ചതെന്നും എം.പി. പറഞ്ഞു.

നേരത്തേ നടന്ന ശിഹാബ്‌ തങ്ങള്‍ അനുസ്‌മരണം ഇ.ടി. മുഹമ്മദ്‌ ബഷീര്‍ ഉദ്‌ഘാടനം ചെയ്‌തു. അഷ്‌റഫ്‌ നാദാപുരം അധ്യക്ഷനായിരുന്നു. അഷ്‌റഫ്‌ പുന്നക്കന്‍, ഉപദേശകസമിതി ചെയര്‍മാന്‍ അബ്ദുല്‍കരീം എന്നിവര്‍ സംസാരിച്ചു. സാലിം ഫൈസി കുളത്തൂര്‍ അനുസ്‌മരണ പ്രഭാഷണം നടത്തി. മുജീബ്‌ കടലുണ്ടി സ്വാഗതവും ഖാലിദ്‌ കുന്നുമ്മല്‍ നന്ദിയും പറഞ്ഞു.
മദനിയെ സര്‍ക്കാര്‍ വിചാരിച്ചാലും പുറത്തിറക്കാന്‍ കഴിയുന്ന അവസ്ഥയിലല്ല: ഇ.ടി. മുഹമ്മദ്‌ ബഷീര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക