Image

മസ്‌കത്തില്‍ കെട്ടിടം തകര്‍ന്ന് എട്ടുപേര്‍ക്ക് പരിക്ക്

ഷിനോജ് കെ.ഷംസുദ്ദീന്‍ Published on 11 August, 2012
മസ്‌കത്തില്‍ കെട്ടിടം തകര്‍ന്ന് എട്ടുപേര്‍ക്ക് പരിക്ക്
മസ്‌കത്ത്: ഗ്യാസ് പൈപ്പ്‌ലൈനിലുണ്ടായ വന്‍ സ്‌ഫോടനത്തില്‍ മസ്‌കത്തിലെ റെസിഡന്‍ഷ്യല്‍ കെട്ടിട സമുച്ചയം തകര്‍ന്ന് എട്ടുപേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. ശനിയാഴ്ച രാവിലെ ഒമ്പതോടെ ബോഷറിലെ ‘മസ്‌കത്ത് ഒയാസിസ് റെസിഡന്‍സ്’ എന്ന റെസിഡന്‍ഷ്യല്‍ കോംപ്‌ളക്‌സിലാണ് അപകടം. മലയാളികളടക്കം നൂറുകണക്കിന് പേര്‍ താമസിക്കുന്ന കെട്ടിടസമുച്ചയത്തില്‍ പാചകവാതക വിതരണ പൈപ്പ് ലൈന്‍ ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനത്തില്‍ കെട്ടിടത്തിന് മുന്‍വശത്തെ ഒന്നും രണ്ടും നിലകള്‍ നിലംപൊത്തി. മൂന്നും നാലും നിലകളിലെ ചുവരുകള്‍ വീണ്ടുകീറി. കെട്ടിടത്തിന് അരികില്‍ നിര്‍ത്തിയിട്ടിരുന്ന 20ഓളം വാഹനങ്ങളുടെയും സമീപത്തെ കെട്ടിടങ്ങളുടെയും ചില്ലുകള്‍ തകര്‍ന്നു.

കുടുംബങ്ങളിലധികവും അവധിയിലായതും മറ്റുള്ളവര്‍ ജോലി ആവശ്യാര്‍ത്ഥം പുറത്ത് പോയതും അപകടത്തിന്റെ വ്യാപ്തി കുറച്ചു. കോംപ്‌ളക്‌സിന്റെ മുന്‍വശത്ത് 14 കുടുംബങ്ങള്‍ താമസിക്കുന്ന ഭാഗത്താണ് പൊട്ടിത്തെറിയുണ്ടായതെന്നും ഒരു ലബനീസ് കുടുംബം അപകടത്തില്‍ പെട്ടിട്ടുണ്ടെന്നും ഇവിടുത്തെ താമസക്കാര്‍ പറഞ്ഞു. പരിക്കേറ്റവരെ റോയല്‍ ആശുപത്രിയിലേക്ക് മാറ്റി. ഗുരുതര പരിക്കേറ്റവരില്‍ ഒരു ഇന്ത്യന്‍ വിദ്യാഭ്യാസ പ്രവര്‍ത്തകന്റെ മകനും ഉള്‍പ്പെടുന്നതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

റോയല്‍ ഒമാന്‍ പൊലീസും സിവില്‍ഡിഫന്‍സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. രണ്ടുപേരെ കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നാണ് പുറത്തെടുത്തതെന്ന് സമീപവാസികള്‍ പറഞ്ഞു. ഗ്യാസ് ലൈനില്‍ പൊട്ടിത്തെറിയുണ്ടാകാനുള്ള കാരണം അന്വേഷിച്ചുവരികയാണ്. പൊലീസിന്റെ ഡോഗ് സ്വകാഡ് ഉള്‍പ്പെടെയുള്ള സംഘം തെളിവെടുപ്പിനായി സംഭവസ്ഥലത്ത് എത്തിയിരുന്നു. സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ കെട്ടിട ഉടമകളും താമസക്കാരും തങ്ങളുടെ ഗ്യാസ് വിതരണ ശൃംഖലകളുടെ സുരക്ഷപരിശോധിക്കണമെന്നും ഇവ കൃത്യമായി അറ്റകുറ്റപണി നടത്തണമെന്നും റോയല്‍ ഒമാന്‍ പൊലീസ് മുന്നറിയിപ്പ് നല്‍കി.

മസ്‌കത്തില്‍ കെട്ടിടം തകര്‍ന്ന് എട്ടുപേര്‍ക്ക് പരിക്ക്
ഗ്യാസ് ലൈനിലുണ്ടായ സ്‌ഫോടനത്തെ തുടര്‍ന്ന് തകര്‍ന്ന മസ്‌കത്തിലെ ‘മസ്‌കത്ത് ഒയാസിസ് റെസിഡന്‍സ്’ റെസിഡന്‍ഷ്യല്‍ കോംപ്‌ളക്‌സ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക