Image

അതിരുകളില്ലാത്ത ലോകവും ലേബലുകളില്ലാത്ത മനുഷ്യരും (ജയന്‍ വര്‍ഗീസ്‌)

Published on 10 August, 2012
അതിരുകളില്ലാത്ത ലോകവും ലേബലുകളില്ലാത്ത മനുഷ്യരും (ജയന്‍ വര്‍ഗീസ്‌)
തിരുവനന്തപുരത്തുകാരന്‍ ഷൗഫീക്ക്‌ അഹമ്മദ്‌ എന്ന ചെറുപ്പക്കാരന്‍ സൗദിയിലെത്തുന്നു. ഒരു ഫര്‍ണീച്ചര്‍ ഷോപ്പില്‍ ജോലി സമ്പാദിച്ച്‌ ജീവിക്കുന്നതിനിടയില്‍ പെട്ടന്നൊരു ദിവസം ബോധരഹിതനായി കുഴഞ്ഞു വീഴുന്നു. അമിതമായ രക്തസമ്മര്‍ദ്ദവും പ്രമേഹവുമായിരുന്നു കാരണം എന്ന്‌ പിന്നീട്‌ അിറഞ്ഞു. സൗദിയിലെ ഒരാശുപത്രിയില്‍ പ്രവേശിക്കപ്പെട്ട ഷൗഫിക്ക്‌ അഹമ്മദ്‌ ചലിക്കാനോ സംസാരിക്കാനോ കഴിയാത്ത അവസ്ഥയില്‍ വെന്റിലേറ്ററലിലായി. ആളും അര്‍ത്ഥവുമില്ലാതെ കോമ സ്റ്റേജില്‍ മരണത്തോട്‌ മല്ലടിക്കുന്ന ഈ മനുഷ്യനെ നാട്ടിലെത്തിക്കുന്നതിനുള്ള സുഹൃത്തുക്കളുടെ മേജര്‍ ശ്രമങ്ങള്‍ നിയമക്കുരുക്കില്‍ കുടുങ്ങി കുറേ നീണ്ടു. എങ്കിലും മലയാളികള്‍ ഉള്‍പ്പടെയുള്ള കുറെ നല്ല മനുഷ്യരുടെ കഠിന പരിശ്രമങ്ങളുടെ ഫലമായി തടസ്സങ്ങള്‍ നീക്കപ്പെട്ടു. വെന്റിലേറ്ററില്‍ ശ്രീ അഹമ്മദിനെപരിചരിച്ചിരുന്ന സൗദി പൗരന്മാരായ രണ്ട്‌ ടെക്‌നീഷ്യന്മാര്‍ ഇന്‍ഡ്യന്‍ വിസ്സ സമ്പാദിച്ച്‌ രോഗിയോടൊപ്പം ഇന്‍ഡ്യയിലേക്ക്‌ വരുന്നതിനായി സന്നദ്ധരായി. ഡോക്‌ടറും നേഴ്‌സും വെന്റിലേറ്റര്‍ ടക്‌നീഷ്യന്‍സും ഒരു മലയാളിയും ഉള്‍പ്പടെയുള്ള ഒരു സംഘം അഹമ്മദിനെ തിരുവനന്തപുരത്തെത്തിച്ചു.

അടിസ്ഥാന മൂല്യങ്ങള്‍ കൈമോശം വന്നു കഴിഞ്ഞ ആധുനിക പ്രവാസി മേഖലയില്‍ നിന്നുള്ള ഈ വാര്‍ത്ത നന്മയുടെ നറും തിരികള്‍ പൂര്‍ണ്ണമായും അണ ഞ്ഞുകഴിഞ്ഞിട്ടില്ലാത്ത ഇടങ്ങള്‍ ഇനിയും ഭൂമിയിലുണ്ട്‌ എന്ന്‌ ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ്‌. ലാഭത്തില്‍ മാത്രം കണ്ണുവച്ചുകൊണ്ട്‌ എന്തിനെയും സമീപിക്കുന്ന നമ്മുടെ സമൂഹത്തില്‍ ഈ സംഭവം ഒരു പുതിയ ചരിത്രം എഴുതി ചേര്‍ക്കുന്നുണ്ട്‌.

സൗദി ആശുപത്രി വെന്റിലേറ്ററിലെ സൗദി പൗരന്മാര്‍ രണ്ടു ടെക്‌നീഷ്യന്‍മാരാണ്‌. തങ്ങളുടെ ദേശത്ത്‌ തങ്ങളുടെ തൊഴില്‍ മേഖലയില്‍ ഇടിച്ചു കയറി വന്ന ഒരാള്‍ വീണെങ്കില്‍ അവര്‍ക്കെന്ത്‌ ? അയാളെ നാട്ടില്‍എത്തിക്കണമെങ്കില്‍ വേണ്ടപ്പെട്ടവര്‍ക്ക്‌ വേണ്ടത്ര സഹകരണം വാഗ്‌ദാനം ചെയ്‌ത്‌ നല്ലപിള്ള ചമഞ്ഞ്‌ മാറി നില്‍ക്കാം. രോഗിയോ ബന്ധുക്കളോ മലയാളി സമൂഹമോ അവരെ കുറ്റപ്പെടുത്തുകയില്ല. പക്ഷേ നിസ്സംഗതരായ കാഴ്‌ചക്കാരായി അവര്‍ മാറിനിന്നില്ല. സങ്കീര്‍ണ്ണമായ വിസ നിയമങ്ങളെ നേരിട്ട്‌ അവര്‍ ഇന്‍ഡ്യന്‍ വിസ്സ നേടിയെടുത്തു. രോഗിക്കുവേണ്ടി വിമാനത്തിലൊരുക്കിയ വെന്റിലേറ്ററില്‍ രോഗിയോടൊപ്പം അവര്‍ യാത്ര ചെയ്‌തു. തിരുവനന്തപുരത്ത്‌ എത്തുന്നതുവരെ ഇടത്തും വലത്തുമായി അവര്‍ കാവല്‍ നിന്നു.

മനുഷ്യന്റെ ലോകം അവര്‍ക്കും രോഗിക്കുമിടയില്‍ അതിരുകള്‍ നിര്‍മ്മിച്ചിരുന്നു. രണ്ട്‌ രാജ്യക്കാര്‍ എന്ന നിലയില്‍ മനുഷ്യന്റെ ലോകം അവരുടെ നെറ്റികളില്‍ ലേബലുകള്‍ ഒട്ടിച്ചിരുന്നു. രണ്ടു മതക്കാര്‍ എന്ന നിലയില്‍ ഈ തടസ്സങ്ങളെ അവര്‍ ധീരമായി തരണം ചെയ്‌തു. അതിരുകളില്ലാത്ത ലോകത്തിലെ ലേബലുകളില്ലാത്ത മനുഷ്യര്‍ എന്ന ദൈവികസ്വപ്‌നം തികച്ചും മാത്രുകാപരമായി അവര്‍ സാക്ഷാത്‌കരിച്ചു.

അതിന്‌ അവരെ പ്രേരിപ്പിച്ച ചേതോവികാരം സ്‌നേഹമായിരുന്നു. ഇവിടെ സ്‌നേഹത്തിന്‌ കരുതല്‍ എന്ന രൂപമാറ്റം സംഭവിക്കുന്നു. കരുതലായി രൂപം മാറുന്ന ഈ സ്‌നേഹമാണ്‌ പ്രപഞ്ചനിര്‍മ്മിതിക്കായി ദൈവം നിര്‍ദ്ദാരണം ചെയ്‌ത ഊര്‍ജ്ജം. നക്ഷത്രങ്ങളും നക്ഷത്രപടലങ്ങളും,സൗരയൂധവും ഭൂമിയും ,ഭൂമിയിലെ പുല്ലും,പുല്ലിലെ പുഴുവും വരെ സംവിധാനം ചെയ്യപ്പെട്ടിട്ടുള്ളത്‌ ഈ കരുതലിലാണ്‌. നക്ഷത്രങ്ങള്‍ ഭ്രമണ താളംതെറ്റിക്കാത്തതും, ഉല്‍ക്കകള്‍ നമ്മുടെ ഉച്ചിയില്‍ പതിക്കാതിരിക്കുന്നതും ഇതുകൊണ്ടാണ്‌. ഇത്‌ തിരിച്ചറിഞ്ഞ മഹാദാര്‍ശനികരാണ്‌ ദൈവം സ്‌നേഹമാകുന്നു എന്ന്‌ ലോകത്തോട്‌ സധൈര്യം വിളിച്ച്‌ പറഞ്ഞത്‌.

തിരുവനന്തപുരത്തെ തന്റെ ബന്ധു വലയത്തില്‍ എത്തിപ്പെട്ട ശ്രീ റഫീക്ക്‌ അഹമ്മദിന്റെ ഇപ്പോഴത്തെ നില അറിയില്ല. അതെന്തായിരുന്നാലും അദ്ദേഹത്തെ അവിടെയെത്തിച്ച സാഹചര്യങ്ങള്‍ക്കായി ശാരീരികവും മാനസ്സികവുമായി അദ്ധ്വാനിച്ച മനുഷ്യ സ്‌നേഹികള്‍ക്ക്‌ - അതിരുകളില്ലാത്ത ലോകത്തിലെ ലേബലുംകളില്ലാത്ത മനുഷ്യര്‍ക്ക്‌ -ഹൃദയപൂര്‍വ്വം അഭിവാദനങ്ങള്‍ അര്‍പ്പിച്ചു കൊള്ളുന്നു.

ഈ സന്ധിയില്‍ നമ്മള്‍ അമേരിക്കയിലെ മലയാളികളുടെ അവസ്ഥ ഒന്നാലോചിച്ചു പോവുകയാണ്‌ . ഈ നാട്ടിലെ സാമൂഹ്യ സംവിധാനങ്ങളില്‍ ഇത്തരം പ്രശ്‌നങ്ങള്‍ക്ക്‌ ഒരു പരിധിവരെ പരിഹാരമുണ്ട്‌ എന്ന്‌ സമ്മതിച്ചാല്‍ തന്നെയും, അത്‌ ലഭ്യമല്ലാതെ പോയേക്കാവുന്ന ഒരു ന്യൂനപക്ഷമെങ്കിലും ഉണ്ടാവും എന്നതു തീര്‍ച്ചയാണ്‌. ഇവര്‍ക്കു വേണ്ടി ആവശ്യസമയത്ത്‌ സഹായമെത്തിക്കുന്നതിനുള്ള ഒരു സംവിധാനത്തെപ്പറ്റി ഫൊക്കാനാ -ഫോമാകള്‍ ചിന്തിക്കുന്നതുകൊള്ളാം. ഇടക്കിടെ വമ്പന്‍ സ്റ്റാര്‍ ഹോട്ടലുകളിലും, ഉല്ലാസക്കപ്പലുകളിലും ഒത്തുകൂടി അടിച്ചു പൊളിക്കുന്നതുകൊണ്ട്‌, കുടിച്ചു കൂത്താടുന്നതുകൊണ്ട്‌ ആര്‍ക്കെന്തു നേട്ടം? കുറേ രാഷ്‌ട്രീയക്കാരെയും വളിപ്പന്‍ മിമിക്രിക്കാരെയും എഴുന്നള്ളിച്ചു നടക്കുന്നതുകൊണ്ട്‌ ആര്‍ക്കെന്തു നേട്ടം ?

ഇതു മനസ്സിലാക്കുന്നതുകൊണ്ടാണ്‌ മഹാഭൂരിപക്ഷം വരുന്ന മലയാളി സമൂഹം ഈ പ്രസ്ഥാനങ്ങളില്‍ നിന്നും മാറിചിന്തിക്കുന്നത്‌. ലക്ഷക്കണക്കിനു മലയാളികളുള്ള അമേരിക്കയില്‍ ഈ സംഘടനകളില്‍ ചേര്‍ന്നു നില്‍ക്കുന്നവര്‍ എത്രയുണ്ട്‌? ഏതാനും നൂറുകള്‍ മാത്രം എന്നതല്ലേ സത്യം?

പത്രങ്ങളില്‍ അച്ചടിച്ചുവരുന്ന ഇവരുടെ സംഘടനാ വാര്‍ത്തകള്‍ വായിച്ചാല്‍ മതി എത്ര ദുര്‍ബ്ബലമായ ഒരടിത്തറിയിലാണ്‌ ഇവര്‍ വേച്ച്‌ വേച്ച്‌ നില്‍ക്കുന്നതെന്ന്‌ മനസ്സിലാക്കുവാന്‍. കഴിഞ്ഞ ഒന്നോ രണ്ടോ ദശകങ്ങളുടെ ചരിത്രമെടുത്താല്‍ തന്നെ ഇത്‌ ചക്കിയും ചങ്കരനും തമ്മിലുള്ള ഒരൊളിച്ചുകളിയാണ്‌ എന്ന്‌ മനസ്സിലാക്കാം. ഒന്നുകില്‍ ചക്കിയകത്ത്‌ ചങ്കരന്‍ പുറത്ത്‌. അല്ലെങ്കില്‍ ചങ്കരന്‍ അകത്ത്‌ ചക്കി പുറത്ത്‌. പുതിയതായി ആരുമില്ല. കൂട്ടിപിടിച്ച്‌ നില്‍ക്കുന്ന ആ ഏതാനും നൂറുകളുടെ ഒരു കസേരകളി മാത്രമായി തരം താണുകഴിഞ്ഞിരിക്കുന്നു സപ്‌തസാഗരങ്ങള്‍ താണ്ടിവന്ന തട്ടുപൊളിയന്‍ മലയാളികളുടെ ഉത്തുംഗമഹാസംഘടനകള്‍. കേവലമായ ഒരാസ്ഥാന മേല്‍ക്കൂരപോലും സ്വന്തമാക്കിയിട്ടില്ലാതെ.

സൗദിയില്‍ നിന്നുള്ള മനുഷ്യ സ്‌നേഹത്തിന്റെ മഹത്തായ മാതൃക പോലെയുള്ള ഒരു സമീപനം അമേരിക്കയിലെ മലയാളി സംഘടനകളില്‍ നിന്നും ഉണ്ടായിട്ടുണ്ടോ ? ഇല്ലെങ്കില്‍ ഉണ്ടാവണം. അതിലൂടെ, കര്‍മ്മനിരതമായ പ്രവര്‍ത്തനങ്ങളിലൂടെ ആളുകളെ ആകര്‍ഷിക്കണം. ഒരു വലിയ സംഘടനയായി മാറണം. പിളര്‍ന്നുകൊണ്ടല്ല കൂടിച്ചേര്‍ന്നുകൊണ്ടാണ്‌ വളരേണ്ടത്‌. ഈ കുടിയേറ്റ മണ്ണില്‍ നമ്മുടേതായ ഒരു ഐഡന്റിറ്റി ഉണ്ടാക്കിയെടുക്കണം. അതിലൂടെ പൊതുധാരയിലും ഭരണ കേന്ദ്രങ്ങളിലും ഇടം തേടണം. ചാരം പൂണ്ടു കിടക്കുന്ന കനലുകളെ കത്താനനുവദിക്കണം. കാണിക്കൂ മാവേലി നാടിന്റെ മാറുന്ന സ്റ്റാമിന.

എന്തിനിതൊക്കെ പറയുന്നു? ആര്‌ കേള്‍ക്കാന്‍ ?

എത്തിപ്പെട്ടാല്‍ മിനിമം കൂലിക്ക്‌ വെല ചെയ്‌തിട്ടാണെങ്കിലും ജീവിക്കാം. അതിമില്ലെങ്കില്‍ ഫുഡ്‌സ്റ്റാമ്പിന്റെ തണലില്‍ ജോലി ചെയ്യാതെ ജീവിക്കാം. പ്രൊഫഷണലുകളാണെങ്കില്‍ പണം കൊയ്‌ത്‌ മെതിച്ചുകൂട്ടാം. എമര്‍ജന്‍സി സര്‍വ്വീസിനാണെങ്കില്‍ 911 വിളിക്കാം. പിന്നെ ആരെ ഭയപ്പെടണം. ആരെ കുനിയണം?

അതുകൊണ്ട്‌ തന്നെ വളര്‍ന്നുവന്നതാവണം ഈ സൂപ്പര്‍മാന്‍ഷിപ്പ്‌. അതേ, താന്‍ സൂപ്പര്‍മാനാണെന്നാണ്‌ അമേരിക്കന്‍ മലയാളിയുടെ ഭാവം. ആരു പറഞ്ഞാലും അവന്‍ കേള്‍ക്കില്ല. മനുഷ്യനെന്നല്ല, ഇനി സാക്ഷാല്‍ ദൈവം ഇറങ്ങിവന്ന്‌ പറഞ്ഞാല്‍ പോലും ഗൗനിക്കില്ല. നീ പോടാ പുല്ലേ, എന്നു പറഞ്ഞ്‌ മേഴ്‌സീസിലെ സൂപ്പര്‍ സൂട്ടിന്‌ പുറത്ത്‌ കളര്‍ഫുള്‍ കണ്‍ശൗപീനവും ഫിറ്റ്‌ ചെയ്‌ത്‌ അവനങ്ങു നടന്നു പോകും. അത്രതന്നെ !
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക