Image

മുഖച്ഛായ മാറുന്ന മാധ്യമ രംഗം: ഫോമയിലെ മാധ്യമ സെമിനാര്‍

Published on 11 August, 2012
മുഖച്ഛായ മാറുന്ന മാധ്യമ രംഗം: ഫോമയിലെ മാധ്യമ സെമിനാര്‍
കാര്‍ണിവല്‍ ഗ്ലോറി: ചിരിക്കാനും ചിന്തിക്കാനും അവസരം നല്‍കിയ മാധ്യമ സെമിനാര്‍ ഫോമാ സമ്മേളനത്തില്‍ ഏറെ ശ്രദ്ധയാകര്‍ഷിച്ചു. അമേരിക്കയിലെ പ്രിന്റ്‌ മീഡിയയുടെ മരണമണി മുഴങ്ങുന്നുവോ, സിറ്റിസണ്‍ ജേര്‍ണലിസം എന്നാല്‍ വാളെടുത്തവരെല്ലാം വെളിച്ചപ്പാടാവുകയാണോ എന്നിവ ആയിരുന്നു ചിന്താവിഷയങ്ങള്‍.

ഇവിടുത്തെ പത്രങ്ങള്‍ ന്യൂസിനു പകരം വ്യൂസ്‌ കൊടുക്കുകയും കുറച്ചുകൂടി പ്രാദേശികത (ഹൈപ്പര്‍ ലോക്കല്‍) ആവുകയും വേണമെന്നായിരുന്നു അംബാസിഡര്‍ ടി.പി. ശ്രീനിവാസന്റെ നിര്‍ദേശം. 1990 മുതല്‍ 2000 വരെയായിരുന്നു അമേരിക്കയില്‍ പ്രിന്റ്‌ മീഡിയയുടെ സുവര്‍ണ്ണകാലം. എഴുപതുകളില്‍ തുടക്കം കുറിച്ച ഗുഡ്‌ന്യൂസ്‌ തുടങ്ങിയ ആദിമകാല മാധ്യമങ്ങളേയും അദ്ദേഹം അനുസ്‌മരിച്ചു.

അമേരിക്കയിലെ പത്രക്കാര്‍ ഒത്തുകൂടുമ്പോള്‍ അതൊരു ചരമവീട്ടിലെ ഒത്തുകൂടല്‍ പോലെയും ഇന്ത്യയിലെ പത്രക്കാര്‍ സമ്മേളിക്കുമ്പോള്‍ അത്‌ ആഘോഷത്തിന്റെ മൂഡിലും ആണെന്ന്‌ പറയാറുണ്ട്‌. നാഷണല്‍ ന്യൂസൊന്നുമല്ല ജനത്തെ ആകര്‍ഷിക്കുന്നത്‌. എങ്ങും വരാത്ത പ്രാദേശിക ന്യൂസുകളാണ്‌ ജനത്തെ ആകര്‍ഷിക്കുന്നത്‌.

ഓരോരുത്തരും പത്രം വായിക്കുന്നത്‌ ഓരോ ഉദ്ദേശത്തോടെയാണ്‌. 40 വര്‍ഷമായി മനോരമ വാങ്ങുന്ന നമ്പൂതിരിയെപ്പറ്റി അദ്ദേഹം പറഞ്ഞു. നമ്പൂതിരി ചരമ കോളം മാത്രമേ വായിക്കൂ. കാരണം ചോദിച്ചപ്പോള്‍ എത്ര ക്രിസ്‌ത്യാനി ചത്തൊടുങ്ങി എന്നറിയാനാണെന്നായിരുന്നു വിശദീകരണം.

താനും ചരമ വാര്‍ത്തകള്‍ വായിക്കുന്നയാളാണെന്ന്‌ ഡോ. ബാബു പോള്‍ പറഞ്ഞു. അതിന്‌ ഒരുദ്ദേശമുണ്ട്‌. 11 വര്‍ഷം മുമ്പ്‌ റിട്ടയര്‍ ചെയ്‌ത തന്റെ പ്രായത്തില്‍ കൂടുതലുള്ള എത്രപേര്‍ മരിച്ചു, പ്രായത്തില്‍ കുറവുള്ള എത്ര പേര്‍ മരിച്ചു എന്നറിയാനാണ്‌. തനിക്കെത്രകാലംകൂടിയുണ്ടെന്ന്‌ ഏകദേശം കണക്കുകൂട്ടാനാണത്‌.

വാര്‍ത്തകള്‍ മാറുന്നതെങ്ങനെയെന്നു മനസ്സിലാക്കാന്‍ മനോരമയുടെ നൂറുവര്‍ഷം മുമ്പ്‌ എന്ന കോളം നോക്കിയാല്‍ മതി.

അടുത്തയിടയ്‌ക്ക്‌ ഏറെ കോളിളക്കമുണ്ടായതാണ്‌ എം.എം. മണിയുടെ പ്രസ്‌താവന. മണക്കാട്‌ എന്ന കുഗ്രാമത്തില്‍ നൂറോളം സഖാക്കള്‍ക്കായി നടത്തിയ പ്രസംഗമാണത്‌. തൊടുപുഴയില്‍ നിന്ന്‌ അത്‌ റിപ്പോര്‍ട്ട്‌ ചെയ്യാന്‍ ആരും പോയില്ല. ഒരു പ്രാദേശിക ചാനലുകാരന്‍ ഒരു ഒരു കാമറാമാനെ അയച്ചു.

അയാള്‍ കൊണ്ടുവന്ന വീഡിയോ, 
ചാനലുകാരന്‍ സൗകര്യം പോലെ നോക്കിയപ്പോഴാണ്‌ സിപിഎം ഇതിനു മുമ്പും എതിരാളികളെ കൊന്നിട്ടുണ്ടെന്ന്‌ മണി പറയുന്നത്‌ കണ്ടത്‌. അത്‌ ആ പ്രാദേശിക പത്രക്കാരന്‍ ലീഡ്‌ ആക്കി. പാവം മണി അബദ്ധത്തിന്‌ പറഞ്ഞതാണ്‌. പക്ഷെ ഇപ്പോഴത്‌ സുപ്രീംകോടതി വരെ എത്തി. ലീഡ് ആക്കിയതിലാണു പത്രക്കാരന്റെ മിടുക്ക് കണ്ടത്.

ഓരോ മാധ്യമവും അവരുടെ സ്ഥാനം കണ്ടെത്തുക എന്നതാണ്‌ പ്രധാനം. ജനത്തിന്‌ പ്രയോജനമായത്‌ കണ്ടെത്തണം.

മനോരമയും മാതൃഭൂമിയും എഴുതുന്നത്‌ ജനം അപ്പാടെ വിശ്വസിച്ചാല്‍ ഇടതുപക്ഷം കേരളത്തില്‍ അധികാരത്തില്‍ വരികയേ ഇല്ല. സിറ്റിസണ്‍ ജേര്‍ണലിസം പഴയ പത്രാധിപരുടെ കത്തിന്റെ പുതിയ പതിപ്പാണ്‌. തന്റെ ചെറുപ്പകാലത്ത്‌ തങ്ങള്‍ നടത്തുന്ന സമ്മേളനത്തിന്റെയൊക്കെ വാര്‍ത്ത എഴുതി പത്രക്കാര്‍ക്ക്‌ കൊടുക്കുമായിരുന്നു.

പഴയ തനിനിറം സിറ്റിസണ്‍
ജേര്‍ണലിസത്തെയാണു ആശ്രയിച്ചത്‌. ആരും പ്രസിദ്ധീകരിക്കാത്ത വാര്‍ത്തകളാണ്‌ തനിനിറം കൊടുത്തത്. ജീവിക്കുന്ന സമൂഹത്തില്‍ നിന്നും വ്യത്യസ്‌തമായി ഒരു അസ്‌തിത്വം പത്രങ്ങള്‍ക്കില്ല.

അലസിപ്പോയ പത്രക്കാരനാണ്‌ താനെന്ന്‌ ഡോ. എം.വി. പിള്ള പറഞ്ഞു. കേരളത്തില്‍ പത്രം വായിക്കാന്‍ ആളുകള്‍ക്ക്‌ സമയം ഏറെ. ജോലി ചെയ്യാന്‍ ബീഹാറില്‍ നിന്നും ബംഗാളില്‍ നിന്നും ആളുകള്‍ വരും. രാഷ്‌ട്രീയകാര്യങ്ങള്‍ കേരളത്തില്‍ അതിശയോക്തി കലര്‍ത്തി കൊടുക്കുന്നു. പക്ഷെ തിരുവിതാംകൂറും കൊച്ചിയും മലബാറുമായിക്കിടന്ന കേരളത്തെ ഒന്നാക്കിയത്‌ പത്രങ്ങളാണ്‌. അതുപോലെ എഴുത്ത്‌ ജനകീയമാക്കിയതും പത്രങ്ങളാണ്‌.

അമേരിക്കയിലെ പത്രങ്ങള്‍ക്ക്‌ ഇനിയും പ്രസക്തിയുണ്ടെന്ന്‌ മനോരമ പത്രാധിപ സമിതയംഗം സന്തോഷ്‌ ജോര്‍ജ്‌ ജേക്കബ്‌ പറഞ്ഞു. കേരളത്തില്‍ വ്യത്യസ്‌തമായ പത്രസംസ്‌കാരമാണ്‌ നിലനില്‍ക്കുന്നത്‌.

അച്ചടിച്ചുവരുന്ന പത്രങ്ങള്‍ മരിക്കുന്നു എന്ന ദുഖസത്യം നിലനില്‍ക്കുന്നു. പക്ഷെ പത്രം അച്ചടിച്ചുവരുന്ന മാധ്യമം മാത്രമല്ല. എങ്കിലും ഇന്റര്‍നെറ്റ്‌ മാധ്യമങ്ങള്‍ക്ക്‌ ശരിയായ ഒരു റവന്യൂ മോഡല്‍ ഉണ്ടായിട്ടില്ല.

അമേരിക്കയിലെ മാധ്യമങ്ങള്‍ക്ക്‌ കേരളത്തിലെ മാധ്യമങ്ങള്‍ ഭീഷണിയൊന്നുമല്ല. ഇവിടുത്തെ വാര്‍ത്തകളുടെ അന്തസത്ത കണ്ടെത്താന്‍ ഇവിടെയുള്ള പത്രക്കാര്‍ക്കെ കഴിയൂ. കോപ്രായം കാട്ടിയായാലും സന്തോഷ്‌ പണ്‌ഡിറ്റ്‌ ജനശ്രദ്ധയില്‍ വന്നു. പണ്‌ഡിറ്റിന്റെ സിനിമ ജനം കണ്ടു. പക്ഷെ അത്‌ സ്ഥിരമായി നില്‍ക്കുന്ന പ്രതിഭാസമല്ല. എന്തായാലും പണ്‌ഡിറ്റിന്റെ വിരുന്ന്‌ ജനത്തെ ആഹ്ലാദിപ്പിക്കുമെങ്കില്‍ എന്തിന്‌ നാം അതിന്‌ എതിരു നില്‍ക്കണം?

പിക്‌നിക്കും ഷഷ്‌ഠിപൂര്‍ത്തിയും വാര്‍ത്തയാണോ എന്ന്‌ ചോദിച്ചാല്‍ വാര്‍ത്തയാക്കാന്‍ പറ്റുമെന്നാണ്‌ തന്റെ മറുപടി.

ഫോമയ്‌ക്ക്‌ അര്‍ഹമായ അംഗീകാരം മാധ്യമങ്ങള്‍ നല്‍കുന്നുണ്ടോ എന്ന്‌ ആലോചിക്കണമെന്ന്‌ പ്രസിഡന്റ്‌ ബേബി ഊരാളില്‍ പറഞ്ഞു. കേരളം ഏറെ മാറി. ഇവിടെയുള്ള പത്രങ്ങളും മാറ്റം ഉള്‍ക്കൊള്ളണമെന്ന്‌ ഫോമയുടെ പുതിയ പ്രസിഡന്റ്‌ ജോര്‍ജ്‌ മാത്യു പറഞ്ഞു. ചെറുതും വലുതുമായ മാധ്യമങ്ങള്‍ക്ക്‌ ഒരേ പരിഗണന നല്‍കണമെന്ന്‌ ഏഷ്യാനെറ്റ്‌ പ്രതിനിധി രാജു പള്ളം നിര്‍ദേശിച്ചു.

എം. മുരളി, ജോസ്‌ ഏബ്രഹാം, ജെ. മാത്യൂസ്‌, ഡോ. സാറാ ഈശോ, ജോയിച്ചന്‍ പുതുക്കുളം, സജി ഏബ്രഹാം, പ്രിന്‍സ്‌ മാര്‍ക്കോസ്‌, ഫോമാ സെക്രട്ടറി ബിനോയി തോമസ്‌ എന്നിവര്‍ സംസാരിച്ചു. ഇന്ത്യാ പ്രസ്‌ ക്ലബ്‌ പ്രസിഡന്റ്‌ മാത്യു വര്‍ഗീസ്‌ അധ്യക്ഷതവഹിച്ചു.

മാധ്യമരംഗവുമായി ഒരു ബന്ധവുമില്ലാത്തവര്‍ പ്രസ്‌ ക്ലബില്‍ അംഗമാകുന്നത്‌ ജെ. മാത്യൂസ്‌ ചൂണ്ടിക്കാട്ടി. ഇന്റര്‍നെറ്റ്‌ മാധ്യമങ്ങളുടെ പ്രസക്തി കൂടുകയാണെന്നും പ്രിന്റ്‌ മാധ്യമങ്ങള്‍ കാലഹരണപ്പെടുകയാണെന്നും ജോയിച്ചന്‍ പുതുക്കുളം പറഞ്ഞു.

ജോര്‍ജ്‌ തുമ്പയില്‍, ജോര്‍ജ്‌ ജോസഫ്‌ എന്നിവരായിരുന്നു സമ്മേളനത്തിന്‌ നേതൃത്വം നല്‍കിയത്‌.
മുഖച്ഛായ മാറുന്ന മാധ്യമ രംഗം: ഫോമയിലെ മാധ്യമ സെമിനാര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക