Image

അബുദാബിയില്‍ 37 വില്ല സ്കൂളുകള്‍ അടച്ചുപൂട്ടാന്‍ അധികൃതര്‍ ഉത്തരവ് നല്‍കി

Published on 13 August, 2012
അബുദാബിയില്‍ 37 വില്ല സ്കൂളുകള്‍ അടച്ചുപൂട്ടാന്‍ അധികൃതര്‍ ഉത്തരവ് നല്‍കി
അബൂദബി: എമിറേറ്റിലെ 37 വില്ല സ്കൂളുകള്‍ അടച്ചുപൂട്ടാന്‍ നടപടി ആരംഭിച്ചു. മുഴുവന്‍ വില്ല സ്കൂളുകളും ഇല്ലാതാക്കാന്‍ എജുക്കേഷന്‍ കൗണ്‍സില്‍ നടപടി ഊര്‍ജിതമാക്കിയതിന്‍െറ ഭാഗമായി 37 സ്കൂളുകള്‍ കൂടി അടുത്ത അധ്യയന വര്‍ഷം അടക്കാനാണ് തീരുമാനം. സ്കൂള്‍ നടത്തിപ്പുകാര്‍ക്ക് ഇതുസംബന്ധിച്ച് നോട്ടീസ് നല്‍കി. അബൂദബി മുനിസിപ്പാലിറ്റിയെയും വിവരം അറിയിച്ചു.

201314 അധ്യയന വര്‍ഷം തീരുമ്പോഴേക്കും ഇവയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കും. ഇതില്‍ 32 സ്കൂളുകള്‍ എജുക്കേഷന്‍ കൗണ്‍സിലുമായി സഹകരിച്ച് ബദല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ അനുമതി തേടി. ഇതിന്‍െറ അടിസ്ഥാനത്തില്‍ ഇതിനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ട്.

എന്നാല്‍, ബാക്കി അഞ്ച് സ്കൂളുകളുടെ ഉടമകള്‍ ഇതിന് മുന്നോട്ടു വരാത്ത സാഹചര്യത്തില്‍ ഈ സ്കൂളുകള്‍ പൂര്‍ണമായി ഇല്ലാതാകും. കുട്ടികളുടെ സുരക്ഷ, മെച്ചപ്പെട്ട പഠനഅടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങിയവ ഉറപ്പുവരുത്താനാണ് അബൂദബി എമിറേറ്റിലെ വില്ല സ്കൂളുകള്‍ അടച്ചുപൂട്ടുന്നത്. ഇതുസംബന്ധിച്ച 1999ലെ 28ാം നമ്പര്‍ ഫെഡറല്‍ നിയമത്തിന്‍െറ അടിസ്ഥാനത്തില്‍ 2009ലാണ് എജുക്കേഷന്‍ കൗണ്‍സില്‍ ശക്തമായ നടപടി ആരംഭിച്ചത്. 2009ല്‍ അബൂദബിയില്‍ ആകെ 72 വില്ല സ്കൂളുകളാണ് പ്രവര്‍ത്തിച്ചിരുന്നത്. ഇതില്‍ 35 എണ്ണം ഇതുവരെ അടച്ചു. ബാക്കി 37 സ്കൂളുകള്‍ 201314 അധ്യയന വര്‍ഷത്തോടെ അടക്കാനാണ് ഇപ്പോഴത്തെ നീക്കം.

അല്‍ഐനില്‍ ഇപ്പോള്‍ വില്ല സ്കൂളുകളില്ല. അബൂദബി മേഖലയിലാണ് അവശേഷിക്കുന്ന സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്നത്. വില്ല സ്കൂള്‍ നടത്തുന്നവര്‍ക്ക് നീണ്ട 11 വര്‍ഷത്തെ സമയം നല്‍കിയെന്നും അതിനാല്‍ ഇക്കാര്യത്തില്‍ ഇനി വിട്ടുവീഴ്ച സാധ്യമല്ലെന്നും എജുക്കേഷന്‍ കൗണ്‍സില്‍ വ്യക്തമാക്കി. കൂടുതല്‍ സൗകര്യവും സുരക്ഷയുമുള്ള പുതിയ കെട്ടിടത്തിലേക്ക് മാറാനോ, പ്രവര്‍ത്തനം നിയമ വിധേയമാക്കാനോ ഇത്തരം സ്കൂളുകളോട് എജുക്കേഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക