Image

വെയര്‍ഹൗസ് ജീവനക്കാരനായ മലയാളിയെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി

Published on 13 August, 2012
വെയര്‍ഹൗസ് ജീവനക്കാരനായ മലയാളിയെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി
ദുബൈ: ഷാര്‍ജയിലെ വെയര്‍ഹൗസ് ജീവനക്കാരനായ മലയാളി യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ കാണാതായതായി പരാതി. കണ്ണൂര്‍ മടക്കര സ്വദേശി കുപ്പരയില്‍ അന്‍സാദിനെയാണ് കഴിഞ്ഞ ശനിയാഴ്ച മുതല്‍ കാണാതായത്. വ്യാഴാഴ്ച രാവിലെ വെയര്‍ഹൗസില്‍ ജോലിയിലുണ്ടായിരുന്ന അന്‍സാദ് അന്ന് വൈകീട്ട് ഡ്യൂട്ടിക്ക് എത്തിയിരുന്നില്ല. വെള്ളിയാഴ്ച വരെ വീട്ടിലേക്ക് വിളിച്ചിരുന്നു. പിറ്റേന്ന് ദുബൈയിലുള്ള സഹോദരന്‍ വിളിച്ചപ്പോള്‍ മൊബൈല്‍ ഓഫായിരുന്നു. സഹോദരന്‍ വിവരം നല്‍കിയതനുസരിച്ച് അമ്മാവന്‍ അബ്ദുല്‍ ജലീല്‍ വിളിച്ചപ്പോഴും ഇത് തന്നെയായിരുന്നു അവസ്ഥ. ഫോണ്‍ തകരാറിലായതാകുമെന്നാണ് ആദ്യം കരുതിയതെന്ന് ജലീല്‍ പറഞ്ഞു.തിങ്കളാഴ്ച രാവിലെ വിളിച്ചപ്പോഴും ഫോണ്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നില്ല. 

ഇതോടെ ആശങ്കയിലായ ജലീല്‍ കമ്പനി ഉടമയുമായി ബന്ധപ്പെട്ടപ്പോള്‍ അന്‍സാദിനെ കാണാനില്ലെന്നും ദിവസങ്ങളായി ഡ്യൂട്ടിക്ക് എത്താറില്ലെന്നും അറിയിച്ചു. കമ്പനിയുടെ വെയര്‍ഹൗസില്‍ മോഷണം നടന്നിട്ടുണ്ടെന്നും എന്നാല്‍ ഇതില്‍ അന്‍സാദിനെ സംശയമില്ലെന്നും കമ്പനി ഉടമ അറിയിച്ചത്രെ. എന്നാല്‍ കാണാനില്ലെന്ന് കാണിച്ച് പൊലീസില്‍ പരാതി നല്‍കുന്നതിന് അന്‍സാദിന്റെ പാസ്‌പോര്‍ട്ട് കോപ്പി ആവശ്യപ്പെട്ടെങ്കിലും കമ്പനിയുടമ നല്‍കാന്‍ തയാറായില്ലെന്ന് അബ്ദുല്‍ ജലീല്‍ പറയുന്നു. തങ്ങള്‍ പരാതി നല്‍കിയിട്ടുണ്ടെന്നാണ് ഇയാള്‍ അറിയിച്ചത്. നായിഫ് പൊലീസ് സ്‌റ്റേഷനില്‍ ഇതു സംബന്ധിച്ച് അന്വേഷിച്ചെങ്കിലും അവിടെ പരാതി ലഭിച്ചതായി വിവരമില്ല. സംഭവത്തില്‍ ഏറെ ദുരൂഹതയുള്ളതായി ജലീല്‍ പറഞ്ഞു. അന്‍സാദിനെ കാണാതായത് സംബന്ധിച്ച് ഇദ്ദേഹം ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ പരാതി നല്‍കിയിട്ടുണ്ട്. അന്‍സാദിന് എന്താണ് സംഭവിച്ചതെന്ന് അറിയാതെ കടുത്ത ആശങ്കയിലാണ് വീട്ടുകാരും ബന്ധുക്കളും.

വെയര്‍ഹൗസ് ജീവനക്കാരനായ മലയാളിയെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി
Anzadh
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക