Image

ജഗതി അടുത്തമാസം ആസ്പത്രി വിട്ടേക്കും

Published on 13 August, 2012
ജഗതി അടുത്തമാസം ആസ്പത്രി വിട്ടേക്കും
ചെന്നൈ: കാറപകടത്തില്‍ പരിക്കേറ്റ് വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചികിത്സയില്‍ക്കഴിയുന്ന ചലച്ചിത്ര നടന്‍ ജഗതിക്ക് അടുത്തമാസം അവസാനത്തോടെ ആസ്പത്രി വിടാനാകുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായി ജഗതിയുടെ മകന്‍ രാജ്കുമാര്‍ പറഞ്ഞു. സപ്തംബര്‍ അവസാനമോ അല്ലെങ്കില്‍ ഒക്‌ടോബറിലോ ആസ്പത്രി വിടാമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. എന്നാല്‍ അതിനുശേഷവും ഒരു വര്‍ഷത്തോളമെങ്കിലും ചികിത്സ തുടരേണ്ടി വരും. ആയുര്‍വേദ ചികിത്സ നല്‍കാനാണ് ഉദ്ദേശിക്കുന്നത്.

ഏതാനും ദിവസം മുമ്പ് അദ്ദേഹം സ്വന്തം പേര് പറഞ്ഞത് മികച്ച പുരോഗതിയായിട്ടാണ് ഡോക്ടര്‍മാര്‍ വിലയിരുത്തുന്നത്. മാത്രമല്ല ഇപ്പോള്‍ ദിനപ്പത്രം നല്‍കിയാല്‍ അത് വായിക്കാന്‍ പാകത്തില്‍ മറിച്ചും തിരിച്ചും പിടിക്കുന്നുണ്ട്. വസ്തുക്കള്‍ കാണിച്ചു കൊടുത്ത് അത് എന്താണെന്ന് പറയിപ്പിക്കാന്‍ ഡോക്ടര്‍മാര്‍ശ്രമിക്കുന്നുണ്ട്. 

അതേസമയം ചോദ്യങ്ങള്‍ക്ക് സത്വരമായ പ്രതികരണം ഇനിയും ഉണ്ടായിട്ടില്ല. എന്തെങ്കിലും ചോദ്യം ചോദിച്ചു കഴിഞ്ഞാല്‍ അല്പസമയം കഴിഞ്ഞാണ് പ്രതികരണം ലഭിക്കുക. സ്വന്തം കൈയൊപ്പിടുന്ന കാര്യത്തിലും പുരോഗതി ഉണ്ട്. ചെറിയ വാക്കുകള്‍ വലിയ തടസ്സങ്ങളില്ലാതെ പറയുന്നുണ്ട്. കാണാനെത്തുന്ന സഹപ്രവര്‍ത്തകരെ വ്യക്തമായി മനസ്സിലാക്കുന്നുമുണ്ട്  രാജ്കുമാര്‍ പറഞ്ഞു.

ഫിസിയോ തെറാപ്പി, സ്പീച്ച് തെറാപ്പി എന്നിവയോടൊപ്പം ഓര്‍മശക്തി തിരികെ കൊണ്ടു വരാനുള്ള ശ്രമത്തിന്റെ ഭാഗമായി ഇപ്പോള്‍ കുറച്ചു നേരം ഇന്‍ഡോര്‍ ഗെയിമുകളിലും ജഗതിയെ വ്യാപൃതനാക്കുന്നുണ്ടെന്നും രാജ്കുമാര്‍ അറിയിച്ചു. ദിവസവും രാവിലെ ഒരു മണിക്കൂര്‍ കൈ പിടിച്ചു നടത്തിപ്പിക്കുന്നുണ്ട്. തളര്‍ച്ച ബാധിച്ചിരുന്ന ഇടതു കാലിന് ഇപ്പോള്‍ ചലനശേഷി കൈവന്നിട്ടുണ്ട്. എന്നാല്‍ ഇടതുകൈയുടെ ചലനത്തില്‍ കാര്യമായ പുരോഗതിയില്ല.കാലക്രമേണ മാത്രമേ ജഗതി പൂര്‍ണ ആരോഗ്യത്തിലേക്ക് മടങ്ങിവരികയുള്ളൂ എന്നാണ് ഡോക്ടര്‍മാരുടെ നിഗമനം. 

ചലച്ചിത്ര നടന്‍മാരായ മമ്മൂട്ടി, മോഹന്‍ലാല്‍, മുകേഷ്, ഇന്നസെന്റ്, വിനീത്, ജയസൂര്യ, നടിമാരായ സുകുമാരി, മൈഥിലി, ലിസി പ്രിയദര്‍ശന്‍, മന്ത്രി ഗണേഷ്‌കുമാര്‍, കേന്ദ്രമന്ത്രി വയലാര്‍ രവി തുടങ്ങിയവര്‍ ഇതിനകം ആസ്പത്രിയിലെത്തി ജഗതിയെ കണ്ടിരുന്നു.മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ജഗതിയെ സന്ദര്‍ശിക്കാനെത്തുമെന്ന് മന്ത്രി ഗണേഷ് കുമാര്‍ വഴി അറിയിച്ചിട്ടുണ്ടെന്നും രാജ്കുമാര്‍ പറഞ്ഞു. കോഴിക്കോടിനടുത്ത തേഞ്ഞിപ്പലത്ത് കാര്‍ ഡിവൈഡറിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടത്തിലാണ് ജഗതിക്ക് പരിക്കേറ്റത്.

ജഗതി അടുത്തമാസം ആസ്പത്രി വിട്ടേക്കും
ജഗതി അടുത്തമാസം ആസ്പത്രി വിട്ടേക്കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക