Image

കുനന്‍ കുരിശു സത്യം-മലങ്കരസഭയുടെ ആത്മാവില്‍ എഴുതിച്ചേര്‍ത്ത ചരിത്രസംഭവം

കോരസണ്‍ വര്‍ഗീസ്, ന്യൂയോര്‍ക്ക് Published on 13 August, 2012
കുനന്‍ കുരിശു സത്യം-മലങ്കരസഭയുടെ ആത്മാവില്‍ എഴുതിച്ചേര്‍ത്ത ചരിത്രസംഭവം
മലങ്കരയില്‍ കാതോലിക്കേറ്റ് സ്ഥാപിച്ചതിന്റെ ശതാബ്ദി 2012 ആഘോഷിക്കുകയാണ്. 18 നൂറ്റാണ്ടുകള്‍ ഒരു സമൂഹത്തിന്റെ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള സങ്കല്‍പം സങ്കീര്‍ണ്ണമായ കാലഘട്ടമായിരുന്നു 1912. ക്ലേശപൂര്‍ണ്ണമായ ഒരു യാഗത്തിന്റെ പവിത്രാഗ്നിയില്‍ നിന്നുയര്‍ന്നു വരുന്ന അന്നപാത്രം പോലെയുള്ള ഈ ചരിത്രസംഭവത്തിനു നിദാന്തമായ കാരണങ്ങള്‍ ക്ഷമയോടും ശ്രദ്ധയോടും തിരിച്ചറിയേണ്ടതാണ്. കാലത്തിന്റെ കുത്തൊഴുക്കില്‍ പലതും കൈമോശം വന്നുവെങ്കിലും, ശബളിമയാര്‍ന്ന ചിത്രങ്ങള്‍ പഴമനസ്സില്‍ നിന്നും അടര്‍ന്നു വീണ ചരിത്ര സാക്ഷ്യമാക്കുകയാണ് പാരമ്പര്യത്തിന്റെ ഓര്‍മ്മക്കുറിപ്പുകളിലൂടെ.

ചരിത്രത്താളുകളിലൂടെ
ക്രിസ്തുശിക്ഷ്യനായ മാര്‍ത്തോമ്മ ക്രിസ്തുസഭ 52-ല്‍ കേരളത്തില്‍ വരികയും ബ്രാഹമണരടക്കം ഉന്നതകുലജാതരായ പലരെയും വിശ്വാസത്തില്‍ ചേര്‍ക്കയും, പള്ളികള്‍ സ്ഥാപിക്കയും ചെയ്തു. തീണ്ടലും തൊടീലും അയിത്താചാരവും നിഷ്‌കര്‍ഷിച്ചിരുന്ന യൂദ-ഹൈന്ദവമാര്‍ഗ്ഗത്തില്‍ ക്രിസ്തീയ വിശ്വാസധാര പരിമിതപ്പെട്ടു നിലനിന്നു. ആചാര അനുഷ്ഠാനങ്ങളിലും വേഷധാരണങ്ങളിലും ഇഴപിരിയാനാവാതെ നിന്ന ക്രിസ്ത്യന്‍- ഹിന്ദു സമുദായങ്ങള്‍ സമ്മിശ്രവര്‍ഗ്ഗക്കാരായി തീര്‍ന്നുവെന്നതാണ് ക്രിസ്ത്യാനികളുടെ ഭാരതത്തിലെ ആദ്യകാലങ്ങള്‍. യോദ്ധാക്കളും വീരന്മാരുമായിരുന്ന നസ്രാണികളെ രാജപുത്രന്മാര്‍ എന്നു വിളിച്ചിരുന്നു. തലമുടിക്കെട്ടില്‍ സ്വര്‍ണ്ണാഭരണങ്ങള്‍ അണിയുന്നതിനും ആന സവാരി ചെയ്യുന്നതിനും, പരവതാനികള്‍ ഉപയോഗിക്കുന്നതിനും അവകാശാധികാരങ്ങള്‍ നേടിയിരുന്നു. AD 230 ല്‍ നസ്രാണി നായകന്‍ എന്നു വിശേഷിപ്പിക്കപ്പെട്ട ഇരവികോര്‍ന്തന് വീരരാഘവ ചക്രവര്‍ത്തി ചെപ്പേടുകള്‍ എന്ന താമ്രശാസനകള്‍ കൊടുത്തത് നസ്രാണികളുടെ സാമൂഹിക പദവി വ്യക്തമാക്കുന്നു(ഈ താമ്രശാസനം കോട്ടയം ദേവലോകം അരമനയില്‍ സൂക്ഷിച്ചിരിക്കുന്നു.) പിന്നീട് AD 345 ല്‍ സിറിയന്‍ കുടിയേറ്റക്കാരായ ക്‌നാനായി തൊമ്മനും കൂട്ടര്‍ക്കും ചേരമാന്‍ പെരുമാള്‍ കൊടുത്തതും, ഒമ്പതാം ശതകത്തില്‍ കൊല്ലം തരിസ്സാപ്പള്ളിക്കായി നല്‍കിയ 4 താമ്രശാസനകളുമാണ് അധികാര അവകാശങ്ങള്‍ വ്യക്തമാക്കുന്ന പ്രാചീന രേഖകള്‍.

സുറിയാനി ക്രിസ്ത്യാനികളുടെ പൗരാണിക മഹിമ പഠനാര്‍ഹമായ വിഷയമാണ്. കേരളത്തിലെ ഉന്നതവര്‍ഗ്ഗക്കാരായി അവരെ കണക്കാക്കിയിരുന്നു. സ്വന്തമായി സൈനികശക്തി ഉണ്ടായിരിക്കുന്നതിനുള്ള അവകാശം. തൂക്കത്തിനും അളവിനും അവകാശം തുടങ്ങി നിരവധി അവകാശങ്ങള്‍ നിറഞ്ഞതായിരുന്നു 16-#ാ#ം നൂറ്റാണ്ടുവരെയുള്ള നസ്രാണി ചരിത്രത്തിന്റേത്. (കെ.പി. പത്ഭനാഭന്‍മേനോന്‍ - കൊച്ചിരാജ്യചരിത്രം) ഈക്കാലയളവില്‍ ഭാരത ക്രിസ്ത്യാനികള്‍ കിഴക്കന്‍ ദിക്കിലുള്ള പാത്രിയാര്‍ക്കീസിന്റെ അടുക്കല്‍ നിന്ന് മതഭേദത്തെ കണക്കാക്കാതെ മെത്രാന്മാരെ വരുത്തിയിരുന്നു. 13-#ാ#ം നൂറ്റാണ്ടില്‍ മലയാളത്തില്‍ വന്നിരുന്ന മാര്‍ക്കോ പോളോ കേരളത്തിലെ സെന്റ്‌തോമസ് ക്രിസ്ത്യാനികളുടെ ഇടയില്‍ അന്നുണ്ടായിരുന്ന നെസ്‌തോറിയന്‍ വിശ്വാസത്തെപ്പറ്റി പരാമര്‍ശിക്കുന്നുണ്ട്.
പോര്‍ത്തുഗീസുകാര്‍ 16-#ാ#ം നൂറ്റാണ്ടില്‍ ഗോവയില്‍ ആധിപത്യം ഉറപ്പാക്കുകയും മലയാള ക്രൈസ്തവ സഭയെ റോമായുട കീഴിലാക്കുവാന്‍ അതികഠിനമായി ഉത്സാഹിച്ചു. സുറിയാനിക്കാര്‍ക്ക് കിഴക്കന്‍ ദിക്കിലുള്ള പാത്രിയര്‍ക്കീസുമാരുമായിട്ടുള്ള ഇടപാടുകള്‍ നിര്‍ത്താന്‍ കടുംകൈകള്‍ പ്രയോഗിച്ചു. അവരുടെ മെത്രാന്മാരെ പലരെയും ഗോവയില്‍ തടവില്‍ പാര്‍പ്പിക്കുകയും ചെയ്തു. 1599 ലെ ഉഭയം പേരൂര്‍ സുന്നഹദോസോടെ, സൈനീകവും, രാഷ്ട്രീയവുമായ നീക്കങ്ങളിലൂടെ മലങ്കര സഭയെ റോമന്‍ ആധിപത്യത്തില്‍ കൊണ്ടുവരുവാന്‍ സാധിച്ചു. നൂറ്റാണ്ടുകളായി മലങ്കര സഭയില്‍ നിലനിന്ന ഭാരതീയവും, സുറിയാനി രീതികളും തുടച്ചു നീക്കി പ്രാചീന രേഖകള്‍ പൂര്‍ണ്ണമായും അഗ്നിക്കിരയാക്കുകയും ലത്തീന്‍ രീതികള്‍ നിര്‍ബ്ബന്ധമായി നടപ്പിലാക്കുകയും ചെയ്തു.

മാംസാഹാരം നിഷ്‌കര്‍ഷിക്കുകയും, കാലാകാലങ്ങളിലായി അനുഷ്ഠിച്ചു വന്ന നോമ്പും നമസ്‌കാരങ്ങളിലും വമ്പിച്ച മാറ്റങ്ങള്‍ വരുത്തുകയും, കത്തനാരന്മാരെ വിഭാര്യരാക്കുക തുടങ്ങി സമൂലമായ മാറ്റങ്ങള്‍ നിഷ്‌കര്‍ഷിച്ചത്. നസ്രാണികള്‍ക്ക് ഏറെ വിങ്ങളുണ്ടാക്കിയത് സുറിയാനി പാരമ്പര്യവും ആരാധനയും ഉപേക്ഷിച്ച് ലത്തീന്‍ രീതികള്‍ ആവിഷ്‌ക്കരിക്കണം എന്ന നിലപാടാണ്. എപ്പോഴും അണയാത്ത കനലായി നസ്രാണി മനസ്സുകളില്‍ നീറി നീറി നിന്ന അസംതൃപ്തിയും, വിങ്ങലും ഒരു ഉരുള്‍പൊട്ടലിന് സന്നതമായിരുന്നു എന്നത് 1653 ലെ കൂനന്‍ കുരിശു സത്യം തെളിയിച്ചു. മലങ്കര നസ്രാണികള്‍ക്ക് സ്വന്തമായിട്ടൊരു മെത്രാന്‍ വേണമെന്നു നിശ്ചയിച്ച് അന്നത്തെ സഭാ നേതാവായ തോമ അര്‍ക്കദിയാക്കോന്‍ ബാബിലോണിലും, അന്ത്യോക്ക്യയിലുമുള്ള പത്രിയാര്‍ക്കീസന്മാര്‍ക്ക് അപേക്ഷിച്ചു. ഉടനെ തന്നെ ബാബിലോണിയന്‍ പാത്രിയാര്‍ക്കീസ് അര്‍ഹതയുള്ള (മാര്‍ ഇഗ്നാത്തിയോസ്)മെത്രാനെ അയച്ചു. അദ്ദേഹത്തെ പാര്‍ത്തുഗീസ് തടവില്‍ പാര്‍പ്പിച്ചിരിക്കയാണെന്നും, ഗോവയില്‍ വിചാരണക്കും ശിക്ഷക്കുമായി കൊണ്ടുപോകയാണെന്നും മലങ്കര സഭയില്‍ അറിവുകിട്ടി. ഇതു തടസ്സപ്പെടുത്താന്‍ മലങ്കര നസ്രാണികള്‍ സടകുടഞ്ഞെഴുന്നേറ്റു. ആയിരക്കണക്കിന് നസ്രാണി യോദ്ധാക്കള്‍ കൊച്ചി തുറമുഖത്തേക്ക് അടുക്കുന്നു എന്ന വാര്‍ത്തകേട്ട്, നസ്രാണി പോര്‍ത്തുഗീസുകാര്‍ അദ്ദേഹത്തെ കൊച്ചിയിലിറക്കാതെ ഗോവയിലേക്ക് കൊണ്ടുപോയി; പോകുംവഴി അദ്ദേഹത്തെ വധിച്ചു എന്ന വാര്‍ത്ത കാട്ടുതീ പോലെ മലങ്കരയില്‍ ആഞ്ഞടിച്ചു.

പശ്ചാത്യാധിപത്യത്തിനെതിരായി ഇന്ത്യയിലെ ആദ്യത്തെ സംഘടിത സ്വാതന്ത്യസമരം- കൂനന്‍ കുരിശു വിപ്ലവം
അലങ്കരയിലെ മാര്‍ത്തോമ്മ ക്രിസ്ത്യാനികള്‍ 1599 മുതല്‍ 1653 വരെ 54 വര്‍ഷത്തോളം നീണ്ടുനിന്ന റോമന്‍ കാത്തോലിക്ക സഭയുടെ അധിശത്വത്തില്‍ നിന്നും 1653 ജനുവരി 3-#ാ#ം തീയതി സ്വയമേ സ്വാതന്ത്യം വീണ്ടെടുത്ത് പ്രഖ്യാപിച്ച വിമോചന പ്രതിജ്ഞയാണ് കുനന്‍ കുശിരുസത്യം. കൊച്ചിയിലെ മട്ടാഞ്ചേരിയില്‍ സമ്മേളിച്ച ആയിരക്കണക്കിനു ക്രിസത്യാനികള്‍ പള്ളി മുമ്പാകെ അവിടെ ഉണ്ടായിരുന്ന ഒരു കല്‍ക്കുരിശില്‍ നാനാഭാഗത്തേക്കും നീട്ടിയിരിക്കുന്ന
ആലാത്തില്‍ പിടിച്ചുകൊണ്ട്, വിപ്ലവാത്മകമായ ഒരു സത്യം പ്രഖ്യാപിച്ചു. സൂര്യചന്ദ്രന്മാരുള്ളടുത്തോളം കാലം, സന്തതിയുള്ളകാലം വരെ, മാര്‍ത്തോമ്മ ക്രിസ്ത്യാനികള്‍ റോമ വിശ്വാസം സ്വീകരിക്കുകയോ മാര്‍പ്പാപ്പയുടെ അധികാരത്തിനു വിധേയരാക്കുകയോ ചെയ്യുകില്ല. ഇട്ടിതൊമ്മന്‍ കത്തനാര്‍ ചൊല്ലിക്കൊടുത്ത സത്യം ഏറ്റു പറഞ്ഞത് 20,000 പരം വിശ്വാസികളായിരുന്നു എന്നു പറയപ്പെടുന്നു. രണ്ടു ലക്ഷം അംഗസംഖ്യ ഉണ്ടായിരുന്ന ക്രിസ്ത്യാനികളില്‍ 400 പേരൊഴിച്ച് എല്ലാവരും ഈ നില അംഗീകരിച്ചിരുന്നു എന്നു പറയുമ്പോള്‍ വികാരത്തിന്റെ അളവ് വ്യക്തമാകും.

മട്ടാഞ്ചേരിയില്‍ കൂടിയ ജനസമൂഹം തോമ അര്‍ക്കദിയാക്കോനെ അവരുടെ നേതാവായി അംഗീകരിക്കുകയും അദ്ദേഹത്തെ ഭരണകര്‍ത്താവും, മെത്രാപ്പോലീത്തായുമായി മാര്‍ത്തോമ്മ എന്ന പേരില്‍ അവരോധിച്ചു. കുനന്‍ കുരിശു ശപദം ക്രൈസ്തവ സഭയുടെ ചരിത്രത്തിലെ തന്നെ പ്രധാന സംഭവമാണ്.
അപ്പോസ്ഥോലന്മാരുടെ കാലഘട്ടത്തിനുശേഷം ഇതാദ്യമായിട്ടാവണം ഒരു ബിഷപ്പിനെ തിരഞ്ഞെടുക്കുന്നത്. ജനാധിപത്യമായ രീതികള്‍ കെട്ടുറപ്പോടെ, സുതാര്യമായ സേവനമായിരുന്നു അര്‍ക്കദയാക്കോന്മാര്‍ നിര്‍വ്വഹിച്ചു പോന്നത്. 1599 ഉദയം പേരൂര്‍ സുന്നഹദോസിലും അവൈദികരുടെ നിറഞ്ഞ സാന്നിദ്ധ്യം വിളിച്ചു പറയുന്നത് റോമാ സഭയിലില്ലാത്തതും മലങ്കരസഭയില്‍ അന്നു നിലനിന്നതുമായ ജനാധിപത്യമായ കീഴ്വഴക്കങ്ങളായിരുന്നു. 12 കത്തനാരന്മാര്‍ ഒന്നിച്ചു കൈവച്ചാണ് മെത്രാനഭിഷേകം നിര്‍വ്വഹിച്ചത്. അങ്ങനെ ചരിത്രത്തിലാദ്യമായി മലങ്കരസഭക്ക് ഒരു നാട്ടുമെത്രാനെ ലഭിച്ചു. 1665-ല്‍ മലങ്കരയില്‍ എത്തിയ യറുശലേമിലെ മാര്‍ ഗ്രിഗോറിയോസ് മാര്‍ത്തോമ്മ ഒന്നാമനോടു സഹകരിച്ചു പ്രവൃത്തിച്ചു, അവിടം മുതല്‍ അന്ത്യോക്യന്‍-മലങ്കരബന്ധം പുതിയ മാനങ്ങള്‍ തേടി.

കുനിന്‍ കുരിശുസത്യത്തിനുശേഷം
റോമന്‍ കാത്തോലിക്കാ സഭ, കര്‍മ്മലീത സഭയില്‍ പെട്ട ഒരു പറ്റം വൈദികരെ പ്രത്യേക ഉദ്ദേശത്തിനു നിയോഗിച്ചു. മലങ്കര സഭയിലേക്ക് തിരികെപ്പോയവരെ സാമ-ദാന-ദണ്ഢനങ്ങളോടെ തിരികെ കൊണ്ടുവരിക. ദക്ഷിണേന്ത്യ പോര്‍ത്തുഗീസ് ഭരത്തിലായിരുന്നതിനാലും,നാട്ടു രാജാക്കന്മാരെ വരുതിയില്‍ നിര്‍ത്താന്‍ സാധിച്ചതിനാലും ഈ ഉദ്യമത്തില്‍ അവര്‍ വളരെ വിജയിച്ചു. മാര്‍ത്തോമ്മ ഒന്നാമനോടു ഒന്നിച്ചു സഹകരിച്ച കൗണ്‍സിലര്‍മാരായ പറമ്പില്‍ ചാണ്ടി, കടവില്‍ ചാണ്ടി, വേങ്ങൂര്‍ ഗീവര്‍ഗീസ്, ആഞ്ഞിലിമൂട്ടില്‍ ഇട്ടിതൊമ്മനും ഒഴികെ മൂന്നുപേരും റോമന്‍ ഭാഗത്തേക്കു ചുവടു മാറി എന്നത് ചതിയുടെ പുനഃവ്യാഖ്യാനമാവണം. റോമിലും പോര്‍ത്തുഗലിലും ക്രിസ്തീയി സുവിശേഷം പ്രചരിക്കുന്നതിനു മുമ്പേ, ക്രിസ്തുസുവിശേഷത്തിന്റെ ആദി ഉഷസന്ധ്യ പൂത്ത മലങ്കരസഭക്ക് യാഗങ്ങളുടെയും ത്യാഗങ്ങളുടേയും ഒരു പിടികഥകളാണ് ചരിത്രത്തില്‍ രേഖപ്പെടുത്താനുള്ളത്.

1816 വരെ മാര്‍ത്തോമ്മ മെത്രാന്മാരുടെ നേതൃത്വത്തില്‍ അന്ത്യോക്യന്‍ സഭയുടെ അധിശതത്തിനെതിരെയും സിഎംഎസ് മിഷനറിമാരുടെ ഇടപെടലുകളുമായി പാരിക്കേന്‍ ദീപം പോലെ കാത്തു സൂക്ഷിക്കുന്ന വിശ്വാസനാളമാണ് ഈ സ്വതന്ത്രസഭയുടെ ആത്മാവ്. 1816 ല്‍ പുലിക്കോട്ടില്‍ മാര്‍ ദീവന്യാസിയോസിനെ മലങ്കര മെത്രാപ്പോലീത്ത എന്ന പേരില്‍ തിരുവിതാംകൂര്‍ സര്‍ക്കാര്‍ അംഗീകരിച്ചു. ബ്രിട്ടീഷ് റസിസന്റ് കേണല്‍ മക്കാളിയുടെ ഭരണകാലത്ത് മലങ്കരസഭയുടെ പ്രേഷിത പ്രവര്‍ത്തനങ്ങള്‍ക്കായി 10,500 രൂപ 8 ശതമാനം പലിശ സമുദായത്തിനു ലഭിക്കുന്ന രീതിയില്‍ ബ്രിട്ടീഷ് കമ്പനിയില്‍ നിക്ഷേപിച്ചു. ഈ പലിശപ്പണം സ്വീകരിക്കാനുള്ള മലങ്കര മെത്രാപ്പോലീത്തായുടെ അവകാശമാണ് 'വട്ടിപ്പണക്കേസ് ' എന്ന പേരില്‍ അറിയപ്പെട്ടത്.

ആംഗ്ലിക്കന്‍ ബന്ധം അവസാനക്കുകയും നവീകരണക്കാരുടെ പിളര്‍പ്പോടെയും, മലങ്കരസഭ അന്ത്യോക്യന്‍ സഭയുമായി കൂടുതല്‍ ബന്ധപ്പെടാനിടയാക്കി. 1875-ല്‍, അന്ത്യോക്യ പാത്രിയര്‍ക്കീസിന്റെ അദ്ധ്യക്ഷതയില്‍ മുളന്തുരുത്തിയില്‍ വച്ചു ഒരു സുന്നഹദോസ് ചേര്‍ന്നു. സമുദായക്കേസ് 1889 ലെ തിരുവിതാംകൂര്‍ ഹൈകോടതിയും 1905 ലെ കൊച്ചി ചീഫ് കോടതിയും മലങ്കര മെത്രാപ്പോലീത്ത ആയിരുന്ന മാര്‍ ദിവന്യാസിയോസിനെ സഭാനേതാവായി അംഗീകരിച്ചു. 1909 ല്‍ അന്ത്യോക്യന്‍ പാത്രിയര്‍ക്കീസ് അബ്ദുള്ള രണ്ടാമന്‍ കേരളത്തിലെത്തി പുതിയ അധികാര ആവശ്യങ്ങള്‍ ഉന്നയിച്ചതോടെ സഭയില്‍ വീണ്ടും കിടമത്സരങ്ങള്‍ ആരംഭിച്ചു. 1911-ല്‍ മലങ്കര സഭയില്‍ ഒരു ഭാഗം പാത്രിയര്‍ക്കീസിന്റെ അധികാരം അംഗീകരിച്ചു മറുഭാഗം വട്ടശ്ശേരില്‍ മാര്‍ ദീവന്യാസിയോസ് ആറാമന്റെ പക്ഷത്തും നിലനിന്നു. 1911 ലെ കൊച്ചി രാജ്യത്തെ സെന്‍സ
സ് പ്രകാരം കൊച്ചിരാജ്യത്തെ 25 ശതമാനവും ക്രിസ്ത്യാനികളായിരുന്നു എന്നത് ഈ തര്‍ക്കങ്ങളുടെ വ്യാപ്തി കണക്കാക്കാനുതകും(കൊച്ചി സ്റ്റേറ്റ് മാനുവല്‍)
കാതോലിക്കാ സ്ഥാപനം

മലങ്കര നസ്രാണികളുടെ സ്വയം നിര്‍ണ്ണയത്തിന്റെയും, സ്വയം ഭരണത്തിന്റെയും സദീര്‍ഘമായ പാതയിലെ പ്രധാന നാഴികക്കല്ലാണ് മലങ്കരയിലെ കാതോലിക്കേറ്റ് സ്ഥാപനം. ചിലര്‍ കരുതുന്നതുപോലെ, പരി.വട്ടശ്ശേരില്‍ തിരുമേനിയുടെ നിയമരഹിതമായ മുടക്കിനെത്തുടര്‍ന്ന് ഉള്ള വികാര പ്രകടനമല്ല മലങ്കരയിലെ കാതേലിക്കാസ്ഥാപന കാരണം. ദീര്‍ഘകാലത്തെ ആലോചനകള്‍ക്കും അനുഭവങ്ങളുടെയും പശ്ചാത്തലത്തില്‍, 1889-ലും, 1900ലും മലങ്കര അസോസിയേഷന്‍ മാനേജിംഗ് കമ്മിറ്റി, മലങ്കരയില്‍ ഒരു മഫ്രിയാനാസ്ഥാനം രൂപീകരിക്കുന്നതിനെപ്പറ്റി ചിന്തിച്ചിരുന്നതായി ചില രേഖകളില്‍ കാണാനുണ്ട്.

മേല്‍പട്ട സ്ഥാനത്തിന് അന്ത്യോക്യന്‍ സഭയെ ആശ്രയിക്കേണ്ട പരാധീനത മാറ്റാന്‍ വേണ്ടികൂടിയാണ് കാതോലിക്കാ സ്ഥാപനത്തിന്റെ ആവശ്യം വേണ്ടിവന്നത്. കേരളത്തിലുള്ള സുറിയാനി മെത്രാന്മാരില്‍ നിന്നും മേല്‍പട്ട സ്ഥാനം സ്വീകരിച്ചവര്‍ ഒഴിച്ചാല്‍ തദ്ദേശീയ മെത്രാന്മാരാണ് 1665 മുതല്‍ പിന്‍ഗാമികളെ വാഴിച്ചിരുന്നത്. ഈ പതിവ് തെറ്റിച്ച് മലങ്കര പള്ളിയോഗത്തിന്റെ അംഗീകാരമില്ലാതെ, അന്ത്യോക്യന്‍ പാത്രീയര്‍ക്കീസില്‍ നിന്നും മേല്‍പ്പട്ടസ്ഥാനം സ്വീകരിച്ച്, മലങ്കര മെത്രാപ്പോലീത്ത പദവിക്ക് അവകാശവാദമുന്നയിച്ച പാലക്കുന്നത്ത് മാത്യൂസ് മാര്‍ അന്താനാസിയോസ് ആയിരുന്നു. 1874 ല്‍ അന്ത്യോക്യ പാത്രിയര്‍ക്കീസ് മുളന്തുരുത്തി സുന്നഹദോസില്‍ വെച്ച് മാര്‍ അന്താനാസിയോസിനെ ഒരു ശീശ്മയായി തള്ളുകയും ചെയ്തു എന്നത് വിധിയുടെ ഒരു വിനോദം. അത് മലങ്കരയില്‍ മാര്‍ത്തോമ്മ സഭക്ക് ആരംഭം കുറിച്ചു.

പുരാതനമായി നിലനിന്ന അര്‍ക്കദയാക്കോന്‍ പാരമ്പര്യം, മാര്‍ത്തോമ്മാ മെത്രാന്മാരിലും പിന്നീട് മലങ്കര മെത്രാന്മാരിലേക്കുമാണ് കവിഞ്ഞൊഴുകിയത്. മെയ് 31, 1911 ല്‍ മാര്‍ ദീവന്യാസിയോസ് ആറാമനെ അന്ത്യോക്യന്‍ പാത്രിയര്‍ക്കീസ് മുടക്കിയത്, പൂര്‍ണ്ണമായി മലങ്കരസഭയുടെ പള്ളികള്‍ അന്ത്യോക്യന്‍ ഭരണത്തിന് തീറ് എഴുതി കൊടുക്കാത്തതിന്റെ പേരിലായിരുന്നു. അത് പുതിയ സമരങ്ങള്‍ക്ക് വഴിമരുന്നിട്ടു. അതിന്റെ ഫലമായി അബ്ദല്‍ മശിഹാ പാത്രിയര്‍ക്കീസിനെ മലങ്കരയിലേക്കു ക്ഷണിച്ചു വരുത്തി 1912 സെപ്തംബര്‍ 15-#ാ#ം തീയതി കണ്ടനാട്ടെ പൗലോസ് മാര്‍ ഇവാനിയോസിനെ മാര്‍ ബസേലിയോസ് പൗലോസ് പ്രഥമന്‍ എന്ന നാമത്തില്‍, നിരണത്തുവച്ച് കാതോലിക്ക ആയി വാഴിച്ചു. ആ വാഴ്ചയില്‍ മുഖ്യകാര്‍മ്മികനായിരുന്നത് അബ്ദല്‍ മശിഹാ പാത്രിയര്‍ക്കീസായിരുന്നു.

1934-ല്‍ മലങ്കര സഭക്ക് ഔദ്യോഗികമായ ഭരണഘടന നിലവില്‍ വരികയും മലങ്കര മെത്രാപ്പോലീത്തായും, കാതോലിക്കായും ഒരേ ആളില്‍ തന്നെ കേന്ദ്രീകൃതമാകുകയും ചെയ്തു. ഇവിടെ സഭയുടെ സ്വാതന്ത്യം പൂര്‍ണ്ണമാകപ്പെട്ടുകയായിരുന്നു. ഈ തീരുമാനങ്ങളെക്കുറിച്ചുള്ള എല്ലാ തര്‍ക്കങ്ങള്‍ക്കും വിരാമമിട്ടുകൊണ്ട് 1958 സെപ്റ്റംബര്‍ 12-#ാ#ം തീയതി ഇന്ത്യയുടെ പരമോന്നത കോടതി, മലങ്കര മെത്രാപ്പോലീത്തായും കിഴക്കിന്റെ കാതോലിക്കാക്കും മലങ്കര സഭയിലുള്ള പരിപൂര്‍ണ്ണ അധികാരം ഉറപ്പാക്കുകയും ചെയ്തു. അതിനുശേഷം അന്ത്യോക്യന്‍ പാത്രിയര്‍ക്കീസ് പരിശുദ്ധ പത്രോസ് ത്രിതിയന്‍ ഈ തീരുമാനങ്ങള്‍ അംഗീകരിക്കുകയും 1934 ലെ ഭരണഘടനപ്രകാരം മലങ്കരയിലെ കാതോലിക്കായെ അംഗീകരിക്കുകയും ചെയ്തു. 1995 ലും, 2002 ലും ഇന്ത്യന്‍ സുപ്രീംകോടതി വിധി ഇത് എടുത്തുപറയുകയും പാത്രിയാര്‍ക്കീസിന് ഇന്ത്യന്‍ സഭയിന്മേലുള്ള അവകാശവാദങ്ങള്‍ അപ്രത്യക്ഷമായെന്നും പ്രഖ്യാപിച്ചു.

ഓരോ സഭയുടേയും നിര്‍ണായകമായ ഘട്ടങ്ങളില്‍ ചരിത്രപരമായ ആവശ്യമാണ് അതിന്റെ സ്വയനിര്‍ണ്ണയാവകാശം ഉറപ്പിക്കുകയും ഭരണപരമായ ക്രമീകരണങ്ങള്‍ നിര്‍വ്വഹിക്കുകയും ചെയ്യുക. റോമിലും അന്ത്യോക്യയിലും, അലക്‌സകയായിലും, പേര്‍ഷ്യന്‍ സഭയിലുമൊക്കെ നാലാം നൂറ്റാണ്ടില്‍ തന്നെ ഭരണ വ്യവസ്ഥകള്‍ നിലവില്‍ വന്നു. റഷ്യന്‍സഭയില്‍ പാത്രിയാര്‍ക്കാ സ്ഥാനം നിലവില്‍ വന്നത് 1448 നും 1589നും മിടയിലാണ്. റുമേനിയയില്‍ 1885 ലും, സെര്‍ബിയില്‍ 1879ലും, ബള്‍ഗേറിയയില്‍ 1883 ലും, എത്തിയോപ്പയയില്‍ 1958ലുമാണ്. മലങ്കര സഭയില്‍ കാതോലിക്കാ സ്ഥാപനത്തോടെ 1912-ല്‍ ഇന്ത്യയുടെ അപ്പോസ്ഥോലിക പിന്‍തുടര്‍ച്ചയ്ക്ക് ദൃഢത കൈവരിച്ചു. ഇന്ത്യയിലെ കാതോലിക്കാ സ്ഥാപനം വഴി, മാര്‍ത്തോമ്മന്‍ പൈതൃകവും അപ്പോസ്ഥോലിക പിന്‍തുടര്‍ച്ചയും, ദ്രുതകാലത്തില്‍ വെട്ടിത്തിളങ്ങിയിരുന്ന ആത്മീയ പൗരുഷം ആധുനിക തലമുറയിലേക്ക് കൈമാറാനുള്ള ശക്തിശ്രോതസ്സായി പരിണമിച്ചു.

എഴുപതുകളിലെ കാതോലിക്കാ ദിന സമ്മേളനങ്ങളില്‍ മുഴങ്ങിക്കേട്ട മുദ്രാവാക്യം “കുനന്‍ കുരിശില്‍ സത്യത്തെ, കൂറോടു വീണ്ടു ഉയര്‍ത്തുന്നു, നമ്മള്‍ക്കിനിയും വേണ്ടേ, വേണ്ട…. ഈ മേല്‍ക്കോയ്മ” കാതുകളില്‍ മുഴങ്ങി നില്‍ക്കുന്നു. സത്യവും സ്വാതന്ത്ര്യവും എന്നും മലങ്കര നസ്രാണികളുടെ ഹൃദയഭാഷയായിരുന്നു. കുനന്‍ കുരിശു സത്യത്തിന്റെ ഓരോ ഓര്‍മ്മപ്പെടുത്തലും ഭൂതകാലത്തില്‍ നിന്ന് ഉയര്‍ത്തെഴുന്നേറ്റ്, അതിന്റെ കാര്യകാരണങ്ങളെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ഐതിഹാസിക ചരിത്രം സത്യവിശ്വാസത്തിനു വേണ്ടിയുള്ള പോരാട്ടവും, സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ശക്തിസ്ഥലികളും നിറഞ്ഞവയാണ്.

പ്രതിസന്ധികളിലും, അഭിസന്ധികളിലും പൗരാണിക പാരമ്പര്യത്തിനും വിശ്വാസത്തിനും വേണ്ടി ത്യാഗം സഹിച്ച സഭാ പിതാക്കന്മാരെ ഓര്‍ക്കണം, അവര്‍ നേടിത്തന്ന മലങ്കര സഭയുടെ സത്വവും സ്വാതന്ത്ര്യവും അഭംഗുരം കാത്തു സൂക്ഷിക്കുവാന്‍ നമുക്കാകട്ടെ

കോരസണ്‍ വര്‍ഗീസ്
മലങ്കര സഭാ മാനേജിംഗ് കമ്മിറ്റി മെംബര്‍
യു.എസ്.എ കോഓര്‍ഡിനേറ്റര്‍, കുനന്‍ കുരിശു വികസന കൗണ്‍സില്‍
516-398-5989, vkorsan@yahoo.com.
കുനന്‍ കുരിശു സത്യം-മലങ്കരസഭയുടെ ആത്മാവില്‍ എഴുതിച്ചേര്‍ത്ത ചരിത്രസംഭവം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക