Image

ഓണച്ചിത്രങ്ങള്‍ എത്തുന്നു

Published on 12 August, 2012
ഓണച്ചിത്രങ്ങള്‍ എത്തുന്നു
ന്യൂ ജനറേഷന്‍ സിനിമകളുടെ കാലമായിരുന്നു ഈവര്‍ഷം മലയാളത്തില്‍. പുതുമ നിറഞ്ഞ ചിത്രങ്ങള്‍ തീയേറ്ററുകളില്‍ വന്‍ വിജയങ്ങളായി മാറി. അതിനോട് കിടപിടിച്ചു നില്‍ക്കാന്‍ കഴിയാതെ സൂപ്പര്‍താര ചിത്രങ്ങള്‍ അമ്പേ പരാജയപ്പെട്ടു തുടങ്ങുകയും ചെയ്തു. ഈ വര്‍ഷത്തെ വന്‍ വിജയങ്ങളില്‍ മായാമോഹിനി എന്ന ചിത്രം മാറ്റി നിര്‍ത്തിയാല്‍ സൂപ്പര്‍താര ചിത്രങ്ങളൊന്നും കാര്യമായ വിജയങ്ങള്‍ നേടിയില്ല എന്നതാണ് വാസ്തവം. നവസിനിമയുടെ തരംഗത്തിനിടയില്‍ പതിവു ചേരുവകളുമായി എത്തുന്ന സൂപ്പര്‍താര ചിത്രങ്ങള്‍ വന്‍ പരാജയങ്ങള്‍ നേരിടുന്ന കാഴ്ചയായിരുന്നു മലയാളത്തില്‍. സൂപ്പര്‍താര ചിത്രങ്ങള്‍ക്ക് കാര്യമായ പരിഗണന നല്‍കുന്നില്ല എന്ന പ്രേക്ഷക അഭിരുചിയിലെ മാറ്റവും ഇപ്പോള്‍ വളരെ പ്രകടമാണ്.

പുതിയ താരങ്ങള്‍, പുതിയ സംവിധായകര്‍. പുതിയ ട്രെന്‍ഡുകള്‍, പ്രമേയങ്ങള്‍...അങ്ങനെ വഴിമാറി നടക്കാന്‍ തടുങ്ങിയപ്പോള്‍, ഇനിയൊരു മാസ് ഫിലിം കള്‍ച്ചര്‍ മലയാളത്തിലുണ്ടാകില്ല എന്നു വരെ പ്രവചനങ്ങളുണ്ടായി. ആരാണിനിയും പഴയ ഇടി പടങ്ങളും കോമഡി പടങ്ങളും ചെയ്യുകയെന്നായിരുന്നു സംശയം. പുതിയ ചെറുപ്പക്കാരെ കണ്ട് പഴയ പുലികള്‍ പോലും മാറി ചിന്തിക്കാന്‍ തുടങ്ങിയെന്നായിരുന്നു ചലച്ചിത്ര ലോകത്തെ സംസാരങ്ങള്‍. എന്നാല്‍ പ്രവചനങ്ങളെയും ചര്‍ച്ചകളെയുമെല്ലാം അസ്ഥാനത്താക്കിക്കൊണ്ട് ഇതാ മലയാള സിനിമയിലേക്ക് സൂ്പ്പര്‍താര ചിത്രങ്ങള്‍ കൂട്ടത്തോടെ മടങ്ങിയെത്തിയിരിക്കുന്നു. അതെ, ഈ ഓണക്കാലം മാസ് ഫിലിമുകളുടേതാണ്. മോഹന്‍ലാല്‍, മമ്മൂട്ടി, ദിലിപ്, പ്ൃഥ്വിരാജ് തുടങ്ങി സൂപ്പര്‍താരങ്ങളെല്ലാം ഓണക്കാലം ആഘോഷമാക്കാന്‍ മലയാള സിനിമയിലേക്ക് എത്തിരിക്കുന്നു. ആര്‍പ്പുവിളികളോടെ തീയേറ്ററുകളില്‍ ഉത്സവം സൃഷ്ടിക്കാന്‍ പോന്ന എല്ലാ ഫോര്‍മുലകളോടും കൂടിയ കൊമേഴ്‌സ്യല്‍ ചിത്രങ്ങളാണ് ഈ ഓണക്കാലത്ത് സൂപ്പര്‍താരങ്ങള്‍ അവതരിപ്പിക്കുന്നത്.

ന്യൂജനറേഷനില്‍ നിന്നും മാസ് ഫിലിമിലേക്കുള്ള ഈ ഓണക്കാലത്തെ കൂടുമാറ്റം മറ്റൊരു പരീക്ഷണത്തിനും മലയാള സിനിമയില്‍ സാക്ഷ്യം വഹിക്കും. പരീക്ഷക്കാലത്തും മഴക്കാലത്തുമൊക്കെ റിലീസ് ചെയ്ത് വിജയം നേടിയ ചിത്രങ്ങളാണ് 22 ഫീമെയിലും, തട്ടത്തിന്‍ മറയത്തും, സെക്കന്റ് ഷോയും, ഉസ്താദ് ഹോട്ടലുമൊക്കെ. എന്നാല്‍ ഇപ്പോഴുള്ളത് മലയാളിയുടെ ഏറ്റവും പ്രധാനമായ ഫെസ്റ്റിവെല്‍ സീസണും. തീയേറ്ററുകളുടെ ചാകരയാണ് കേരളത്തിലെ ഓണക്കാലം. ഈ ഓണക്കാലത്ത് വിജയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പഴയ ഫോര്‍മുല മാസ് ഫിലിമുകള്‍ക്ക് ഇനി മലയാളത്തില്‍ സ്ഥാനമില്ലെന്ന് ഉറപ്പിക്കപ്പെടും. മലയാള സിനിമ ഇനി പുതുതലമുറക്കും പുതുമകള്‍ക്കുമുള്ളതാണെന്ന് വിധിയെഴുതപ്പെടും. സൂപ്പര്‍താരാധിപത്യം മലയാള സിനിമയില്‍ അവസാനിച്ചുവെന്നും ഉറപ്പിക്കപ്പെടും. അതല്ല ഈ ഓണക്കാലത്തെ മാസ്ഫിലിമുകള്‍ കളക്ഷനില്‍ റിക്കോര്‍ഡ് സൃഷ്ടിച്ചാല്‍ പഴയ പടക്കുതിരകള്‍ക്ക് ഇനിയും കാലം ബാക്കിയുണ്ടെന്ന് കരുതാം.

എന്നാല്‍ റിലീസ് ചെയ്ത ആദ്യ സിനിമയുടെ റിപ്പോര്‍ട്ടുകള്‍ സൂപ്പര്‍താരങ്ങള്‍ക്ക് ശുഭസൂചകമല്ല നല്‍കുന്നത്. ഷാജി കൈലാസ് സംവിധാനം ചെയ്ത് പൃഥ്വിരാജ് നായകനായ സിംഹസനമാണ് കഴിഞ്ഞ ദിവസം റിലീസിനെത്തിയ ആദ്യ ഓണചിത്രം. ചിത്രം തീയേറ്ററുകളില്‍ ഗംഭീരമായി തന്നെ പരാജയപ്പെടുമെന്നാണ് ആദ്യ ദിവസത്തെ റിപ്പോര്‍ട്ടുകള്‍. ഷാജി കൈലാസിന്റെ തന്നെ താണ്ഡവം, നരസിംഹം, ആറാം തമ്പുരാന്‍ എന്നീ സിനിമകളില്‍ നിന്നും പിന്നെ നാടുവാഴികള്‍ ലേലം തുടങ്ങിയ ചിത്രങ്ങളില്‍ നിന്നും വെട്ടിക്കൂട്ടിയെടുത്ത സ്ഥിരം ഫോര്‍മുല ചിത്രമാണ് സിംഹാസനം. പൃഥ്വിരാജിന്റെ സ്ഥിരം സംഘടന രംഗങ്ങളും തീപ്പൊരു സംഭാഷണങ്ങളും ഫാന്‍സ് അസോസിയേഷനും അപ്പുറത്തേക്ക് യാതൊരു പ്രകമ്പനവും സൃഷ്ടിക്കുന്നില്ല. ഷാജി കൈലാസിനാവട്ടെ, തുടര്‍ച്ചയായി മറ്റൊരു പരാജയം മാത്രമാണ് സിംഹാസനം. നാട്ടിലെ കണ്ണുലുണ്ണിയായ അച്ഛന്റെയും അച്ഛനെ ശത്രുക്കളില്‍ നിന്നും രക്ഷിക്കാന്‍ വില്ലന്‍മാരോടു രാപകലില്ലാതെ ഗുസ്തി പിടിക്കുന്ന മകനെയും മലയാള സിനിമ എത്രയോ വട്ടം കണ്ടു കഴിഞ്ഞു. അതേ കഥ തന്നെയാണ് തന്റെ സ്ഥിരം ലൊക്കേഷനായ വരിക്കാശേരി മനപോലുമൊന്നു മാറ്റാതെ ഷാജി കൈലാസ് വീണ്ടും ഒരുക്കിവിട്ടിരിക്കുന്നത്. കഥയില്ലാതെ ആ്ട്ടം മാത്രമുള്ള നായികമാര്‍, നായകന്റെ വാലുകളായി കുറെ കഥയില്ലാ കഥാപാത്രങ്ങള്‍ തുടങ്ങി ദേവാസുരത്തില്‍ ആരംഭിച്ച അതേ മാടമ്പി സിനിമ. അതുപിന്നീട് ആറാംതുമ്പാരാനും, നരസിംഹവും. താണ്ഡവവും, ലേലവും, വല്യേട്ടനുംമൊക്കെ കടന്ന് ഇപ്പോള്‍ ഒരു പൃഥ്വിരാജ് ചിത്രമായി എത്തിയിരിക്കുന്നു എന്നു മാത്രം. ചിത്രത്തില്‍ പൃഥ്വിയുടെ പ്രകടനവും വളരെയധികം നിരാശപ്പെടുത്തുന്നത് തന്നെ. തിരക്കഥയുണ്ടെങ്കിലല്ലേ അഭിനയിക്കേണ്ടതുള്ളു എന്ന ചോദ്യം അപ്പോഴും ബാക്കി നില്‍ക്കുന്നു.

എന്തായാലും പരാജയത്തോടു തുടങ്ങിയ ഓണക്കാലത്തെ ഇനി വരാനിരിക്കുന്ന ചിത്രങ്ങള്‍ രക്ഷിക്കുമോ എന്ന് കാത്തിരുന്ന് കാണാം. ഉടന്‍ റിലീസിനെത്തുന്ന മലയാള ചിത്രങ്ങളെയും പരിചയപ്പെടാം.

റണ്‍ ബേബി റണ്‍

ഇടവേളക്കു ശേഷം മലയാളത്തിന്റെ ഹിറ്റ്‌മേക്കര്‍ ജോഷിയും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രമാണ് റണ്‍ ബേബി റണ്‍. ആഗസ്റ്റ് 28നാണ് ചിത്രം റിലീസിനെത്തുന്നത്. നരന്‍ എന്ന മെഗാഹിറ്റിനു ശേഷം ട്വെന്റി ട്വെന്റി, ക്രിസ്ത്യന്‍ ബ്രദേഴ്‌സ് എന്നീ ജോഷി ചിത്രങ്ങളിലും മോഹന്‍ലാലിന്റെ സാന്നിധ്യമുണ്ടായിരുന്നുവെങ്കിലും ഇതെല്ലാം മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങളായിരുന്നു. നരനു ശേഷം ഒരു ക്ലീന്‍ ലാല്‍ ചിത്രം ജോഷി ഒരുക്കുന്നത് ഇപ്പോഴാണെന്ന് പറയാം.

ജോഷിയും ലാലും ഒന്നിച്ച ആക്ഷന്‍ ചിത്രങ്ങളുടെ പതിവ് ശൈലിയില്‍ നിന്നും വ്യത്യസ്തമായ ഒരു പ്രമേയമാണ് ഇത്തവണ റണ്‍ ബേബി റണ്‍ എന്ന ചിത്രത്തിന്. ഈ ചിത്രത്തില്‍ ആക്ഷനും, ഹ്യൂമറിനും ഒരുപോലെ പ്രധാന്യമുണ്ട്. സച്ചിയാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്. ലാല്‍ ഈ ചിത്രത്തില്‍ ഒരു ചാനല്‍ കാമറമാന്റെ വേഷത്തിലാണ് അഭിനയിക്കുന്നത്. അമലാപോള്‍ ചിത്രത്തില്‍ നായികയായി അഭിനയിക്കുന്നു. ബിജു മേനോന്‍, അപര്‍ണ്ണ നായര്‍, സിദ്ധിഖ്, സായ്കുമാര്‍ എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍. മിലന്‍ ജലീലാണ് ചിത്രം നിര്‍മ്മിക്കുന്നത്. രതീഷ് വേഗ സംഗീത സംവിധാനം ചെയ്തിരിക്കുന്ന ചിത്രം ഗ്യാലക്‌സി ഫിലിംസ് പ്രദര്‍ശനത്തിനെത്തിക്കും.

താപ്പാന

തുടര്‍ച്ചയായി എട്ടോളം ചിത്രങ്ങളുടെ പരാജയങ്ങളില്‍ നില്‍ക്കുന്ന മമ്മൂട്ടിക്ക് ഒരു വലിയ വിജയം അനിവാര്യമായിരിക്കുന്നു എന്ന സാഹചര്യത്തിലാണ് താപ്പാന തീയേറ്ററുകളിലേക്ക് എത്തുന്നത്. മമ്മൂട്ടിയുടെ തുറുപ്പുഗുലാന്‍ എന്ന സൂപ്പര്‍ഹിറ്റ് സൃഷ്ടിച്ച ജോണി ആന്റണിയാണ് താപ്പാനയെ അണിയിച്ചൊരുക്കുന്നത്. ഹ്യൂമര്‍ പശ്ചാത്തലത്തില്‍ ആക്ഷനും വളരെ പ്രധാന്യമുള്ള ഒരു തിരക്കഥ അണിയിച്ചൊരുക്കുകയാണ് താപ്പാന എന്ന ചിത്രത്തില്‍ ജോണി ആന്റണി.

എം.സിന്ധുരാജിന്റെ തിരക്കഥയില്‍ ജോണി ആന്റണി ഒരുക്കുന്ന ആദ്യ ചിത്രം കൂടിയാണ് താപ്പാന. തെലുങ്കിലെ സൂപ്പര്‍നായിക ചാര്‍മിയാണ് ചിത്രത്തിലെ നായികയാവുന്നത്. സാംസണ്‍ എന്ന കഥാപാത്രത്തെ മമ്മൂട്ടി അവതരിപ്പിക്കുന്നു. മുരളി ഗോപി ചിത്രത്തില്‍ നെഗറ്റീവ് റോളിലെത്തുന്നു. മിലന്‍ ജലീല്‍ തന്നെയാണ് ഈ ചിത്രത്തിന്റെയും നിര്‍മ്മാണം. ഗ്യാലക്‌സി ഫിലിംസ് താപ്പനയും തീയേറ്ററുകളിലെത്തിക്കുന്നു. വിദ്യാസാഗര്‍ ഈ ചിത്രത്തിന് സംഗീതമൊരുക്കുന്നു. ആഗസ്റ്റ് 17ന് ചിത്രം തീയേറ്ററുകളിലെത്തും.


മിസ്റ്റര്‍ മരുമകന്‍

ഏറെക്കാലമായി ചിത്രീകരണത്തിലിരുന്ന മിസ്റ്റര്‍ മരുമകന്‍ എന്ന ചിത്രവുമായിട്ടാണ് ദിലീപ് ഓണത്തിന് പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുന്നത്. ഒരു ക്ലീന്‍ ഹ്യൂമര്‍ ചിത്രമെന്ന ലേബലില്‍ തന്നെയാണ് മിസ്റ്റര്‍ മരുമകന്‍ തീയേറ്ററുകളിലേക്കെത്തുക. ഉദയകൃഷ്ണാ - സിബി.കെ.തോമസ് ടീമിന്റെ തിരക്കഥയില്‍ സന്ധ്യാ മോഹനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഉദയകൃഷ്ണാ - സിബി.കെ.തോമസ് കൂട്ടുകെട്ടില്‍ ദീലിപ് എന്നും നല്‍കിയിട്ടുള്ളത് കോമഡി ഹിറ്റുകള്‍ തന്നെയായിരുന്നു. അവസാനമെത്തിയ മായാമോഹിനിയുടെ വിജയവും ഇതുതന്നെയാണ് തെളിയിച്ചത്.

സനുഷയാണ് ചിത്രത്തിലെ നായികയാവുന്നത്. ഭാഗ്യരാജ്, ഖുശ്ബു, ഷീല ബിജുമേനോന്‍, നെടുമുടി വേണു എന്നിവരും ചിത്രത്തിലെ പ്രധാന താരങ്ങളാണ്. വര്‍ണ്ണ ചിത്രയുടെ ബാനറില്‍ സുബൈറും, നെല്‍ണ്‍ ഈപ്പനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. പി.സുകുമാറാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. സുരേഷ് പീറ്റേഴ്‌സാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ആഗസ്റ്റ് 18ന് ചിത്രം തീയേറ്ററുകളിലെത്തും.

ഫ്രൈഡേ

മലയാളത്തിലെ മാറുന്ന സിനിമയെ ഇഷ്ടപ്പെടുന്ന പ്രേക്ഷക സമൂഹം ഏറെ പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്ന നടന്‍ ഇന്ന് ഫഹദ് ഫാസില്‍ തന്നെയായിരിക്കും. ഒരു ഫഹദ് ഫാസില്‍ ചിത്രം തീയേറ്ററുകളിലേക്കെത്തുന്നു എന്നത് ഏറെ പ്രാധാന്യത്തോടെയാണ് ഇന്ന് ചലച്ചിത്ര പ്രേമികള്‍ നോക്കികാണുന്നത്.

ഫഹദ് ഫാസില്‍ പ്രധാന വേഷത്തിലെത്തുന്ന ഫ്രൈഡേ ആഗസ്റ്റ് 18ന് തീയേറ്ററുകളിലെത്തും. നവാഗതനായ ലിനിന്‍ ജോസാണ് ചിത്രം ഒരുക്കുന്നത്. നജീം കോയ ചിത്രത്തിന് തിരക്കഥയൊരുക്കുന്നു. ആലപ്പുഴ നഗരത്തില്‍ ഒരു വെള്ളിയാഴ്ച ദിവസം സംഭവിക്കുന്ന കഥയാണ് ഫ്രൈഡേ എന്ന ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ആന്‍ അഗസ്റ്റിനാണ് ചിത്രത്തിലെ നായിക. മനു, നെടുമുടി വേണു, ജഗതി ശ്രീകുമാര്‍, ടിനി ടോം എന്നിവരും ഈ സിനിമയില്‍ പ്രധാന വേഷങ്ങള്‍ അഭിനയിക്കുന്നുണ്ട്. റോബി ഏബ്രഹാമാണ് ചിത്രത്തിലെ സംഗീതം ഒരുക്കിയിരിക്കുന്നത്. ആഗസ്റ്റ് 18ന് ചിത്രം തീയേറ്ററുകളിലേക്കെത്തും. 
ഓണച്ചിത്രങ്ങള്‍ എത്തുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക