Image

തൂക്കുമരം- മീട്ടു റഹ്മത്ത് കലാം

മീട്ടു റഹ്മത്ത് കലാം Published on 14 August, 2012
തൂക്കുമരം- മീട്ടു റഹ്മത്ത് കലാം
അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമെന്ന് വിധി എഴുതുന്ന കുറ്റകൃത്യങ്ങള്‍ക്ക് ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്ന പരമാവധി ശിക്ഷയാണ് വധശിക്ഷ. മരണശിക്ഷയുടെ വശങ്ങളെ ഗഹനമായി അറിയാതെയും ചിന്തിക്കാതെയും അതിനെ അനുകൂലിക്കുകയും പ്രതികൂലിക്കുകയും ചെയ്യുന്നവരാണ് നമുക്ക് ചുറ്റും. മനുഷ്യാവകാശ സംഘടനകള്‍ സൃഷ്ടാവിന് മാത്രമേ സൃഷ്ടിയെ നശിപ്പിക്കാനുള്ള അധികാരമുള്ളൂ എന്ന് വാദിക്കുമ്പോള്‍ മനുഷ്യത്വരഹിതവും ക്രൂരവുമായ കുറ്റകൃത്യം ചെയ്ത കുറ്റവാളി മരണം അര്‍ഹിക്കുന്നു എന്നാണ് മറുപക്ഷത്തിന്റെ ന്യായം. വാദപ്രതിവാദങ്ങള്‍ നടത്താതെ നിചസ്ഥിതിയിലേക്കൊരു എത്തിനോട്ടമാണ് ഇവിടെ അനിവാര്യം.

വധശിക്ഷ നടപ്പാക്കുന്നു എന്ന് കേള്‍ക്കുമ്പോള്‍ മനസ്സില്‍ തെളിയുന്ന ചില ദൃശ്യങ്ങളുണ്ട്. ജയില്‍ സൂപ്രണ്ടിന്റെയും ഡോക്ടറുടെയും ബന്ധപ്പെട്ട ഉദ്ദ്യോഗസ്ഥരുടെയും സാന്നിദ്ധ്യത്തില്‍ ആരാച്ചാര്‍ കറുത്ത തുണികൊണ്ട് പ്രതിയുടെ മുഖം മറച്ച് പ്രത്യേകം ചെയ്‌തെടുത്ത ബലം പരിശോധിച്ച കയര്‍ തുണിയ്ക്കുമുകളില്‍ കഴുത്തിന്റെ ഭാഗത്തായി കുരുക്കുന്നതും ലിവര്‍ വലിക്കുമ്പോള്‍ മരണത്തിന്റെ വാതില്‍ തള്ളിത്തുറന്ന് അയാള്‍ യാത്രയാകുന്നതും ഒരു ഞെട്ടലോടു കൂടി മാത്രമേ സങ്കല്‍പിക്കാന്‍ പോലും കഴിയൂ. ഞൊടിയിട നേരം കൊണ്ട് എല്ലാം അവസാനിച്ച് 'ഫിസിക്കലി ഫിറ്റ്' എന്ന് കുറിച്ച അതേ പേനകൊണ്ട് തന്നെ മരണം സ്ഥിരീകരിച്ച സര്‍ട്ടിഫിക്കറ്റ് ഡോക്ടര്‍ ഒപ്പിടുന്നു.

തെറ്റിനെ തെറ്റുകൊണ്ട് തിരുത്താന്‍ ശ്രമിക്കുന്ന രീതി തികച്ചും പ്രാകൃതമാണ്. മുന്‍വൈരാഗ്യം പോയിട്ട് പരിചയം പോലുമില്ലാത്ത ഒരാളുടെ ഘാതകനാകേണ്ടി വരുമ്പോള്‍ പാപത്തിന്റെ ശമ്പളം പറ്റേണ്ടി വരുമെന്ന ചിന്ത ആരാച്ചാരില്‍ പോലുമുണ്ട്. അത് കൊണ്ടാണല്ലോ, തൊഴില്‍ രഹിതരായ അനേകരുണ്ടായിട്ടും 'ആരാച്ചാര്‍ 'എന്ന തസ്തികയിലേയ്ക്ക് അപേക്ഷിക്കാന്‍ ആരും മുതിരാതെ വര്‍ഷങ്ങളായും ആ വേക്കന്‍സി അങ്ങനെ തന്നെ കിടക്കുന്നത്.

ഇതോടു ചേര്‍ത്തു വായിക്കേണ്ട ഒരു കഥ ഭാരതീയ പുരാണത്തിലുണ്ട്. ആദികവി വാല്‍മീകി ആദ്യകാലത്ത് രന്താകരന്‍ എന്ന് പേരുള്ള കൊള്ളക്കാരനായിരുന്നു. ഒരിക്കല്‍ സപ്തര്‍ഷികളെ കൊള്ളയടിച്ചപ്പോള്‍ ഇത്തരം പ്രവൃത്തി ചെയ്യുവാനുണ്ടായ സാഹചര്യം അവര്‍ ആരാഞ്ഞു. തന്റെ ഭാര്യയ്ക്കും മക്കള്‍ക്കും ചെലവിനു കൊടുക്കാന്‍ വേണ്ടിയാണെന്ന് പറഞ്ഞപ്പോള്‍ ആ പാപത്തിന്റെ പങ്ക് വീട്ടുകാര്‍ ഏല്‍പിക്കുമോ എന്ന് ചോദിച്ചിട്ട് വരാന്‍ സപ്തര്‍ഷികള്‍ രത്‌നാകരനെ ഉപദേശിച്ചു. പാപവും പുണ്യവും ചെയ്യുന്നവര്‍ തന്നെ അനുഭവിക്കണമെന്ന ഭാര്യയുടെ വാക്കുകള്‍ ഇരുട്ടില്‍ നിന്നും ഇന്നും അനേകര്‍ക്ക് വെളിച്ചം പകരുന്ന രാമായണം രചിക്കത്തക്കവണ്ണം വാല്മീകിയെ പരിവര്‍ത്തനം ചെയ്തു. ഓരോ കുറ്റവാളിയ്ക്കും നന്മയിലേയ്ക്കടുക്കാന്‍ രത്‌നാകരനില്‍ നിന്ന് വാല്മീകിയിലേയ്ക്കുള്ള ദൂരമാണ് സഞ്ചരിക്കേണ്ടത്. ആ പുതുവെളിച്ചം സ്വായത്വമാക്കാന്‍ താന്‍ ചെയ്തത് തെറ്റായിരുന്നു എന്ന തിരിച്ചറിവുണ്ടായാല്‍ മാത്രം മതി.

എന്നാല്‍ കഴുമരവും കാത്ത് ദിവസങ്ങളെണ്ണി കഴിയുന്ന മനസ്സില്‍ പ്രായശ്ചിത്തമോ പശ്ചാത്താപമോ പോലുള്ള വികാരങ്ങള്‍ ഒന്നുമായിരിക്കില്ല. വിധിയെക്കുറിച്ചോര്‍ക്കുന്ന ഓരോ നിമിഷവും ഭയത്തിന്റെ കുരിരുട്ട് അവന്റെ ബോധമനസ്സിനെ വിഴുങ്ങിത്തുടങ്ങും. ഒരര്‍ത്ഥത്തില്‍ കൊലക്കയറിനോടുള്ള ഭയം അവന് പശ്ചാത്തപിക്കാനുള്ള അവസരം പോലും നഷ്ടപ്പെടുത്തുന്നു.

വൈകല്യങ്ങളുടെ പേരില്‍ ജോലി ചെയ്യുന്നതില്‍ അനര്‍ഹത വരാതിരിക്കാന്‍ അത്തരക്കാര്‍ക്ക് പ്രത്യേക സംവരണം ഏര്‍പ്പെടുത്തിയിരിക്കുന്ന നമ്മുടെ രാജ്യത്ത് ആരോഗ്യവാനെന്ന് ഡോക്ടര്‍ സാക്ഷയപ്പെടുത്തിയ ഒരാളുടെ ജീവന്‍ വെറുതെ പൊലിഞ്ഞു പോകുന്നത് തികച്ചും ഖേദകരമാണ്. ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുതെന്ന് കണ്ണുമൂടി കെട്ടിയ നീതിദേവത ആഗ്രഹിക്കുന്നുണ്ടെങ്കിലും ഉന്നതരുടെ രക്ഷപ്പെടാനുള്ള ശ്രമങ്ങള്‍ക്കിരയായി സാഹചര്യത്തെളിവുളെന്ന കണ്‍കെട്ടുവിദ്യയും കൂറുമാറുന്ന സാക്ഷികളും ചേര്‍ന്ന് നിരപരാധിയെ കുറ്റവാളിയാക്കുന്ന ഇന്നത്തെ സ്ഥിതിവിശേഷത്തില്‍ വിധിച്ച ശിക്ഷ തെറ്റായി എന്ന് ഏതെങ്കിലും കാലത്ത് നീതിപീഠത്തിനു ബോധ്യമാകുമ്പോള്‍ തിരുത്താന്‍ കഴിയുന്ന ഒന്നായിരിക്കണം ആ ശിക്ഷ. മരണശിക്ഷയ്ക്കു പകരം ആജീവനാന്തം പരോള്‍ പോലും നല്‍കാതെ തുറങ്കലില്‍ അടയ്ക്കുകയോ മറ്റോ ആണെങ്കില്‍ നിരപരാധിത്വം തെളിയുമ്പോള്‍ അയാള്‍ക്ക് നിഷേധിക്കപ്പെടുന്നത് ഏതാനും വര്‍ഷങ്ങളുടെ ജീവിതം മാത്രമായിരിക്കും, ജീവന്‍ സുരക്ഷിതമാകുമല്ലോ.

ഇരുട്ടറയില്‍ വര്‍ഷങ്ങളോളം പ്രിയപ്പെട്ടവരുമായി വേര്‍പെട്ട് കഴിയുമ്പോള്‍ മാനസാന്തരം വരുന്നവരാണ് 95 ശതമാനം കുറ്റവാളികളും. ബാക്കി 5 ശതമാനം, രാജദ്രോഹവും തീവ്രവാദവും അതിക്രൂരമാ കൊലപാതകങ്ങളും ഒക്കെ ചെയ്യുമ്പോള്‍ തന്നെ മരിക്കാന്‍ തുനിഞ്ഞ് ഇറങ്ങിയവരും മരണത്തെ ഭയമില്ലാത്തവരുമാണ്. അവരെ സംബന്ധിച്ച് ഞൊടിയിടയില്‍ കഴുത്തില്‍ കുരുക്ക് വീണ് എല്ലാം അവസാനിക്കുന്നത് ഒരു ആനുകൂല്യമാകും. ആഗ്രഹിച്ചതോ പ്രതീക്ഷിച്ചതോ ആയ വിധി തേടി വന്ന സന്തോഷം വധശിക്ഷ വിധിക്കുമ്പോള്‍ പത്രങ്ങളില്‍ വരുന്ന ചിരിച്ചു നില്‍ക്കുന്ന അവരുടെ ചിത്രങ്ങളില്‍ നിന്നു തന്നെ വ്യക്തം. എന്നാല്‍ മരണത്തെ ഭയപ്പാടോടെ കാണുന്ന ഭൂരിഭാഗം ഇനിയൊരവസരം ലഭിച്ചാല്‍ നന്നാകാന്‍ ആഗ്രഹിക്കുന്നവരാണ്. നന്മയിലേയ്ക്ക് നടന്നടുക്കാനുള്ള അവസരം നിഷേധിക്കുന്നത് ഭാരതം പോലെ സംസ്‌ക്കാര സമ്പന്നമായ ദേശത്തിന് യോജിക്കുന്ന ഒന്നാണോ എന്ന സംശയമാണ് പ്രാര്‍ത്ഥയോടെ കണ്ണീരില്‍ മുങ്ങിക്കഴിയുന്ന അവരുടെ കുടുംബാംഗങ്ങളെക്കുറിച്ചോര്‍ക്കുമ്പോള്‍ തോന്നുന്നത്.

രാജീവ് ഗാന്ധിവധക്കേസില്‍ വധശിക്ഷ കാത്ത് കിടക്കുന്ന പേരറിവാളന്റെ തിളക്കമാര്‍ന്ന പരീക്ഷാവിജയം ഇടക്കാലത്ത് വാര്‍ത്തയായിരുന്നു. ശരികളെല്ലാം തെറ്റായും തെറ്റുകളെല്ലാം ശരിയായും തോന്നുന്ന രക്തം തിളച്ചുപൊങ്ങുന്ന പ്രായത്തില്‍ എല്‍.ടി.ടി.ഇ പോലുള്ള പ്രസ്ഥാനങ്ങളുടെ ആദര്‍ശങ്ങളില്‍ വീണുപോയ പലരില്‍ ഒരാളാണ് പേരറിവാളന്‍. പഠനത്തിലൂടെ മുന്നേറാനുള്ള തോന്നല്‍ ക്രിമിനല്‍ ടെന്‍ഡന്‍സി നിലനില്‍ക്കുന്ന മനസ്സില് കാണുമെന്ന് സാമാന്യയുക്തിയ്ക്ക് ചിന്തിച്ചിട്ട് തോന്നുന്നില്ല. അതുകൊണ്ട് തന്നെ രാഷ്ട്രപതിയുടെ ദയാഹര്‍ജിയ്ക്ക് അയാള്‍ അനര്‍ഹനാകുന്നതിന്റെ കാരണവും വ്യക്തമാകുന്നില്ല. പുലി പ്രഭാകരന്‍ കൊല്ലപ്പെട്ടപ്പോള്‍ LTTEഎന്ന പ്രസ്ഥാനം നാമാവശേഷമായെങ്കിലും അതില്‍ പ്രവര്‍ത്തിച്ചിരുന്നവര്‍ ഇന്നും പല ജയിലുകളിലാണ്.

ഇന്ത്യയില്‍ ആദ്യമായി വധശിക്ഷ നിര്‍ത്തലാക്കിയത് 1944 ല്‍ തിരുവിതാംകൂര്‍ ഭരണകാലത്തായിരുന്നു. പിന്നീട് 1950 ല്‍ ഭരണഘടനാ രൂപീകരണത്തോടെ മരണശിക്ഷ വീണ്ടും നിയമപ്രാബല്യത്തില്‍ വന്നു. മാറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഈ കേരളീയ പാരമ്പര്യം ആഭ്യന്തരമന്ത്രി ശ്രീ. തിരുവഞ്ചൂര്‍ രാധാകൃഷണന്റെ നേതൃത്വത്തില്‍ കേരള സര്‍ക്കാര്‍ ജയിലുകളില്‍ നടത്തുന്ന ഭേദഗതികളിലും മറ്റും പ്രകടമാണ്. ജയില്‍പുള്ളികളുടെ അദ്ധ്വാനത്തിലൂടെ സര്‍ക്കാരിന് നികുതിയിനത്തില്‍ തന്നെ കോടികള്‍ ലാഭമുണ്ടെന്നാണ് കണക്ക്. സാമ്പത്തിക ശാസ്ത്രത്തില്‍ പരാമര്‍ശിക്കുന്നതു പോലെ കര്‍മ്മശേഷിയെ മൂലധനമാക്കിക്കൊണ്ടുള്ള നീക്കത്തിലെ വിജയം പ്രശംസനീയവും പ്രസക്തവുമാണ്. കേന്ദ്ര സര്‍ക്കാരിനു മറ്റു സംസ്ഥാനങ്ങള്‍ക്കും ഇത്തരം പരിഷ്‌ക്കാരങ്ങള്‍ മാതൃകയായി സ്വീകരിക്കാവുന്നതാണ്. ഇതിലൂടെ കുറ്റവാളികള്‍ എന്ന് മുദ്രകുത്തി സമൂഹത്തില്‍ നിന്ന് മാറ്റിനിര്‍ത്തുന്ന സാഹചര്യം മാറി ജനാധിപത്യം ആപ്തവാക്യമാക്കിയ രാജ്യത്ത് ജനകീയ പങ്കാളിത്തത്തിന്റെ ശ്രേഷഠതയ്ക്ക് തിളക്കം വര്‍ദ്ധിക്കുന്നു. രക്തദാനം, അവയവദാനം തുടങ്ങി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ കൂടി ജയില്‍ അധികൃതരുടെ മേല്‍നോട്ടത്തോടെ ഇവരെ പങ്കെടുപ്പിച്ചാല്‍ മനഷ്യത്തിന്റെ പുതിയ അര്‍ത്ഥതലങ്ങള്‍ കണ്ടെത്തുന്നതോടൊപ്പം തന്നെക്കൊണ്ടാകാവുന്ന എന്തെങ്കിലും നന്മ ചെയ്‌തെന്ന ചാരിതാര്‍ത്ഥ്യവും അവര്‍ക്ക് ലഭിക്കും.

73 രാജ്യങ്ങളില്‍ റദ്ദാക്കുകയും 11 രാജ്യങ്ങളില്‍ ഭാഗീകമായി ഉപേക്ഷിക്കുകയും ചെയ്ത വധശിക്ഷ നമ്മുടെ രാജ്യത്ത് നിന്നും ഇല്ലാതാകുന്ന നാള്‍ വിദൂരമല്ലെന്നതിന്റെ സൂചനയായി മാറ്റങ്ങളുടെ ഈ യാത്രയെ നമുക്ക് കാണാം. നല്ല മനസ്സുള്ളവര്‍ ശിക്ഷയെ ഭയന്നല്ല തെറ്റുകളില്‍ നിന്നകന്ന് ജീവിക്കുന്നത്. നല്ല ചിന്തകളും ചിന്താഗതികളുമുള്ള ഒരു തലമുറ നമ്മുടെ രാജ്യത്തിന് പുതുവെളിച്ചം പകരുമെന്ന് പ്രത്യാശിക്കാം.
തൂക്കുമരം- മീട്ടു റഹ്മത്ത് കലാം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക