Image

ബ്യൂറോക്രസിയുടെ അകത്തളങ്ങളില്‍ മലയാളസാഹിത്യം: ഫോമാ സാഹിത്യസമ്മേളനം

ജോയിച്ചന്‍ പുതുക്കുളം Published on 13 August, 2012
ബ്യൂറോക്രസിയുടെ അകത്തളങ്ങളില്‍ മലയാളസാഹിത്യം: ഫോമാ സാഹിത്യസമ്മേളനം
ന്യൂയോര്‍ക്ക്: കാര്‍ണിവല്‍ ഗ്ലോറിയില്‍ നടന്ന ഫോമാ കണ്‍വന്‍ഷനിലെ സാഹിത്യസമ്മേളനം അവതരണമികവും ആശയത്തിലുള്ള പുതുമയുംകൊണ്ട് ഏറെ ശ്രദ്ധേയമായി.

ഒരു ജനതയുടെ ഓരോ കാലഘട്ടത്തിലുമുള്ള സാമൂഹ്യ, രാഷ്ട്രീയചലനങ്ങള്‍ പ്രതിഫലിപ്പിക്കുന്ന നിരവധി നോവലുകള്‍ മലയാളസാഹിത്യത്തിലുണ്ടായിട്ടുണ്ട്. പക്ഷേ ബ്യൂറോക്രസിയുടെ അകത്തളങ്ങളിലേക്ക് വെളിച്ചം വീശുന്ന ചുരുക്കം ചില നോവലുകളേ ഉണ്ടായിട്ടുള്ളൂ. അവയില്‍ എടുത്തുപറയേണ്ടവയാണ് മലയാറ്റൂര്‍ രാമകൃഷ്ണന്റെ യന്ത്രം, തകഴിയുടെ ഏണിപ്പടികള്‍, ഇ. വാസുവിന്റെ ചുവപ്പുനാട എന്നിവ സമ്മേളനത്തിന് ആമുഖം കുറിച്ചുകൊണ്ട് മോഡറേറ്ററായ ഡോ. എം.വി പിള്ള പറഞ്ഞു.

ദീര്‍ഘകാലം ഗവണ്മെന്റ് സര്‍വ്വീസില്‍ പ്രവര്‍ത്തിച്ച് അഡീഷണല്‍ ചീഫ് സെക്രട്ടറിയായി റിട്ടയര്‍ ചെയ്ത ഡോ. ബാബു പോള്‍ ഐ.എ.എസ്, വിദേശകാര്യവകുപ്പില്‍ അനേകവര്‍ഷത്തെ പ്രവൃത്തിപരിചയമുള്ള മുന്‍ അംബാസഡര്‍ ടി.പി ശ്രീനിവാസന്‍ എന്നിവരെ മുഖ്യപ്രഭാഷകരായി ലഭിച്ചതാണ് ഈ വിഷയം തെരഞ്ഞെടുക്കുവാനുള്ള പ്രധാനകാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സെക്രട്ടറിയേറ്റിനുള്ളിലെ കഥകളും ഉപകഥകളും വളരെ കൗതുകത്തോടെയാണ് സാധാരണമനുഷ്യന്‍ വീക്ഷിക്കുന്നത്. അതുതന്നെയാണ് ഈ നോവലുകളെ ഏറെ ശ്രദ്ധേയമാക്കുന്നതും: ഡോ ബാബു പോള്‍ പ്രസ്താവിച്ചു. തനിക്ക് "തണ്ടാണ്' എന്ന് പൊതുവെ ഒരു സംസാരമുണ്ടെന്നും, ഒരു പരിധി വരെ ആ മുഖംമൂടി ഒരു കവചമായി ഉപയോഗിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കുറെക്കൂടി ഗൗരവം തോന്നാനായിട്ടാണ് വീരപ്പന്റേതുപോലെയുള്ള കട്ടിമീശ വച്ചത് എന്നുകൂടി അദ്ദേഹം കൂട്ടിച്ചേര്‍ത്തപ്പോള്‍ സദസ്സില്‍ ചിരികളുണര്‍ന്നു.

തുടര്‍ന്ന് ഏണിപ്പടികള്‍, ചുവപ്പുനാട, യന്ത്രം എന്നീ കൃതികളുടെ ഒരു അവലോകനം അദ്ദേഹം നടത്തി. താന്‍ എഴുതിയ ഗിരിപര്‍വ്വം എന്ന കൃതിയാണ് മലയാളത്തിലെ ആദ്യത്തെ സര്‍വീസ് സ്റ്റോറി എന്ന് ഡോ. ബാബു പോള്‍ പറഞ്ഞു. ഡി.സി ബുക്ക്്‌സ് പ്രസിദ്ധീകരിച്ച "കഥ ഇതുവരെ' എന്ന പുസ്തകവും ഒരു സര്‍വീസ് സ്റ്റോറിയാണ്. ഒരു ദീര്‍ഘകാലയളവിലെ ഗവണ്മെന്റ് സര്‍വീസ് ജീവിതത്തിന്റെ വിവിധഅനുഭവങ്ങള്‍ സുതാര്യമായി വിവരിക്കുന്ന ഈ കൃതി നാലാം പതിപ്പിലെത്തി എന്നത്, ഈ വിഷയത്തില്‍ വായനക്കാര്‍ക്കുള്ള താല്‍പര്യമാണ് തെളിയിക്കുന്നത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഏണിപ്പടികളിലെ കേശവപിള്ളയില്‍നിന്നും, യന്ത്രത്തിലെ ബാലചന്ദ്രനിലെത്തിയപ്പോള്‍ നിരവധി മാറ്റങ്ങള്‍ ഗവണ്മെന്റിലുണ്ടായിട്ടുണ്ട്. അതിനുശേഷം ഈ വിഷയം പ്രതിപാദിക്കുന്ന ഒരു നോവല്‍ മലയാളസാഹിത്യത്തിലുണ്ടായിട്ടില്ല എന്നത് ഒരു ന്യൂനതയായി അദ്ദേഹം ചൂണ്ടിക്കാട്ടി. സര്‍വ്വീസ് കഥകളെ അടിസ്ഥാനമാക്കി ഒരു സിനിമ നിര്‍മ്മിക്കാന്‍ താല്‍പര്യമുള്ളതായി പ്രശസ്തഫിലിം പ്രൊഡ്യൂസര്‍ ശ്രീ സാബു ചെറിയാന്‍ താല്‍പര്യപ്പെട്ടുവെന്നും അതിന് കഥയൊരുക്കുവാന്‍ തന്നോട് ആവശ്യപ്പെടുകയുണ്ടായി എന്നും അദ്ദേഹം പറഞ്ഞു.

തുടര്‍ന്ന് സംസാരിച്ച അംബാസഡര്‍ ടി..പി ശ്രീനിവാസന്‍ വിദേശകാര്യവകുപ്പിലെ അനുഭവങ്ങളുടെ പശ്ചാത്തലത്തിലുള്ള സാഹിത്യസൃഷ്ടികള്‍ മലയാളത്തില്‍ അധികം ഉണ്ടായിട്ടില്ല എന്ന് ചൂണ്ടിക്കാട്ടി. "എന്‍കൗണ്ടേഴ്‌സ്' എന്ന തന്റെ ഇംഗ്ലീഷ് പുസ്തകം താമസിയാതെ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടും എന്നും അദ്ദേഹം പറഞ്ഞു.

തുടര്‍ന്ന് സാഹിത്യകാരന്മാരായ ജോസഫ് നമ്പിമഠം, മനോഹര്‍ തോമസ്, ത്രേസ്യാമ്മ നാടാവള്ളില്‍, നീനാ പനയ്ക്കല്‍ എന്നിവര്‍ സംസാരിച്ചു. ഏകാഗ്രതയോടെ ചര്‍ച്ചകള്‍ കേട്ടിരുന്ന സദസ്സിനെ, ഇതൊരു തുടക്കം മാത്രമാണെന്നും, ഈ വിഷയത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സാഹിത്യസദസ്സുകളില്‍ തുടരണമെന്നും ഡോ. എം വി പിള്ള ഓര്‍മ്മിപ്പിച്ചു.

സാഹിത്യസമ്മേളനത്തിന് മുന്നോടിയായി ജൂലൈ ലക്കം ജനനി മാസികയില്‍ ഈ വിഷയത്തെക്കുറിച്ചുള്ള ഒരു ഗഹനമായ അവലോകനം നടത്തിയതും വളരെ അഭിനന്ദനീയമാണ് എന്നദ്ദേഹം പറഞ്ഞു.

സാഹിത്യസമ്മേളനത്തിന്റെ ചെയര്‍ പേഴ്‌സണ്‍സ് ആയ ഡോ. സാറാ ഈശോ, റീനി മമ്പലം, ജനനി ചീഫ് എഡിറ്റര്‍ ജെ. മാത്യൂസ് എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി.
ബ്യൂറോക്രസിയുടെ അകത്തളങ്ങളില്‍ മലയാളസാഹിത്യം: ഫോമാ സാഹിത്യസമ്മേളനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക