Image

സംശയിക്കപ്പെടേണ്ട അഴിമതി വിരുദ്ധ സമരങ്ങള്‍

Published on 14 August, 2012
സംശയിക്കപ്പെടേണ്ട അഴിമതി വിരുദ്ധ സമരങ്ങള്‍
കഴിഞ്ഞ ഒന്നരവര്‍ഷത്തെ സജീവ പ്രവര്‍ത്തനങ്ങളിലൂടെ ഇന്ത്യന്‍ സമൂഹത്തിന്റെ മുഴുവന്‍ ശ്രദ്ധ നേടിയിരുന്നു അണ്ണാഹസാരെയും അദ്ദേഹം നേതൃത്വം കൊടുത്ത ഇന്ത്യ എഗനെസ്റ്റ് കറപ്ഷന്‍ മൂവ്‌മെന്റും. അണ്ണാഹസാരെയും, അരവിന്ദ് കേജരിവാളും, കിരണ്‍ ബേദിയും, പ്രശാന്ത് ഭൂഷണുമൊക്കെ നേതൃത്വം നല്‍കുന്ന അഴിമതി വിരുദ്ധ സമരത്തിന് ഒരു പ്രധാന വഴിത്തിരിവുണ്ടായിരിക്കുകയാണ് ഇപ്പോള്‍. ഹസാരെ സംഘം രാഷ്ട്രീയപാര്‍ട്ടിയുണ്ടാക്കാന്‍ പോകുന്നുവെന്നാണ് ഇപ്പോഴത്തെ വാര്‍ത്ത. വളരെ സംഘടിതമായ സ്വഭാവം പുലര്‍ത്തുന്ന ഗ്രൂപ്പാണ് ഇന്ത്യ എഗനെസ്റ്റ് കറപ്ഷന്‍ മൂവ്‌മെന്റ്. അതിന്റെ നേതൃത്വത്തില്‍ പടലപിണക്കങ്ങള്‍ കാര്യമായി സംഭവിച്ചില്ലെങ്കില്‍ അവര്‍ ഒരു രാഷ്ട്രീയ കക്ഷിയായി രൂപപ്പെട്ടു വരാനുള്ള എല്ലാ സാധ്യതകളുമുണ്ട്.

ഹസാരെ സംഘം രാഷ്ട്രീയപാര്‍ട്ടിയുമായി മുമ്പോട്ടു വരണോ, വേണ്ടയോ എന്ന കാര്യത്തില്‍ അവര്‍ ജനങ്ങളില്‍ നിന്നും പ്രതികരണം തേടിക്കൊണ്ടിരിക്കുന്നു. എന്തായാലും ഒന്നുറപ്പാണ് ജനങ്ങള്‍ വേണ്ട എന്നു പറഞ്ഞാലും ഹസാരെ സംഘം ഒരു രാഷ്ട്രീയ സംഘടനയായി നിലവില്‍ വന്നേക്കാം. നിലവിലെ ഡല്‍ഹി രാഷ്ട്രീയം നല്‍കുന്ന സൂചനകള്‍ അതു തന്നെയാണ്.

കഴിഞ്ഞ ജൂലൈ 25നാണ് ഹസാരെ സംഘം ജന്തര്‍മന്ദിറില്‍ അവസാന നിരഹാര സമരം ആരംഭിച്ചത്. 29ന് ഹസാരെ സമരത്തില്‍ എത്തിച്ചേര്‍ന്നു. എന്നാല്‍ മുമ്പുണ്ടായതുപോലെ ജനപങ്കാളിത്തം ഈ സമരത്തിന് ഇല്ലായിരുന്നു എന്നത് പ്രത്യേകം ശ്രദ്ധിക്കണം. ലക്ഷം കവിഞ്ഞു നിന്നിരുന്ന പഴയ സമരമുഖങ്ങളില്‍ നിന്നും വ്യത്യസ്തമായി വെറും അയ്യായിരത്തില്‍ താഴെ അണികള്‍. അവര്‍ ഏറെയും ഇന്ത്യ എഗനെസ്റ്റ് കറപ്ഷന്‍ മൂവ്‌മെന്റിലെ സജീവ പ്രവര്‍ത്തകര്‍.

എന്നാല്‍ സമരക്കാര്‍ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് പ്രകടനം നടത്തിയതോടെയാണ് ആദ്യമായി ഹസാരെ സമരത്തിന്റെ സ്വഭാവം മാറുന്നത്. അതുവരെ കണ്ടിരുന്ന ഗാന്ധിയന്‍ മാര്‍ഗം വിട്ട് ഹാസരെയുടെ കുറച്ചെങ്കിലും അനുയായികള്‍ തെരുവിലിറങ്ങുന്ന സ്വാഭാവം പ്രകടിപ്പിച്ചു.

ആഗസ്റ്റ് മൂന്നിന് ഹാസരെയും സംഘവും പൊടുന്നനെ സമരം അവസാനിപ്പിച്ചു. അതുവരെ ഹസാരെയെ പിന്തുണച്ചു പോന്ന രാജ്യത്തെ എല്ലാ ജനാധിപത്യ വിശ്വാസികളെയും ഞെട്ടിച്ചു കൊണ്ടാണ് ഹസാരെയും സംഘവും സമരം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്. അതിന് അവര്‍ ചൂണ്ടിക്കാട്ടിയ കാരണം സര്‍ക്കാര്‍ തങ്ങളുടെ സമരത്തോടെ അനുഭാവ പൂര്‍ണ്ണമായി പ്രതികരിക്കുന്നില്ല എന്നതാണ്. സമരത്തോട് സര്‍ക്കാര്‍ മുഖം തിരിച്ചു നില്‍ക്കുന്നുവെന്നായിരുന്നു ഹസാരെ സംഘത്തിന്റെ ആരോപണം.

ഇവിടെയാണ് ആദ്യമായി ഹസാരെ സംഘത്തിന്റെ മുഖം മൂടി പൊളിഞ്ഞു വീഴുന്നത്. കാരണം തൊടുന്യായം പറഞ്ഞ് സമരം പിന്‍വലിച്ചതോടെ ഇതുവരെ ജനം പിന്തുണച്ച ഹസാരെ സമരം വെറുമൊരു സ്റ്റേജ് ഷോ നിലവാരത്തിലേക്ക് ഒറ്റയടിക്ക് തരംതാണുപോയി.

ഇന്ത്യപോലെ വിശാലമായ ഒരു രാജ്യത്ത്, പലതട്ടുകളായി ഭരണപ്രവര്‍ത്തനങ്ങള്‍ നടക്കുന്ന രാജ്യത്ത്, അനവധി നിരവധിയായ രാഷ്ട്രീയ പാര്‍ട്ടികളുള്ള രാജ്യത്ത് ഒരു സുപ്രഭാതം കൊണ്ട് അഴിമതി തുടച്ചു നീക്കികളയാമെന്ന വ്യാമോഹവും കൊണ്ടാണോ ഹസാരെയും സംഘവും ഇറങ്ങിപുറപ്പെട്ടത്. എല്ലാകാലത്തും ഭരണകൂടം ആദ്യം സംരക്ഷിക്കുന്നത് ഭരണകൂടത്തിന്റെ സ്വന്തം താത്പര്യങ്ങളായിരിക്കും. അത് ഏത് ദേശത്തും അങ്ങനെ തന്നെയാണ്. ഈ ഭരണകൂട താത്പര്യങ്ങള്‍ ജനവിരുദ്ധമെന്ന് തോന്നുമ്പോഴാണ് സമരങ്ങളുണ്ടാകുന്നത്. ജനാധിപത്യ വ്യവസ്ഥതിയില്‍ സമരങ്ങളുണ്ടാകുമ്പോള്‍ ഇരുട്ടിവെളിക്കുന്നതിന് മുമ്പ് ആവിശ്യങ്ങള്‍ സാധിച്ചു കിട്ടണമെന്ന് വാശിപിടിക്കുന്നവര്‍ക്ക് ഗൂഡലക്ഷ്യം മാത്രമാണ് ഉണ്ടാവുക എന്ന് മനസിലാക്കേണ്ടതുണ്ട്.

അങ്ങനെയെങ്കില്‍ ഇന്ത്യയിലെ വീരസമര നായിക ഇറോംശര്‍മ്മിളക്ക് സമരം അവസാനിപ്പിച്ച് പോകാമായിരുന്നില്ലേ. വര്‍ഷങ്ങളായി നിരഹാരം അനുഷ്ഠിക്കുന്ന ഇറോം ശര്‍മ്മിളയുടെ ക്ഷമയും സഹനവുമൊന്നും ഒരു ദിവസം കൊണ്ട് സമരത്തിന് ഉത്തരം ലഭിക്കുമെന്ന വ്യാമോഹത്തോടെയായിരുന്നില്ല. ഇന്നല്ലെങ്കില്‍ നാളെ ഇറോശര്‍മ്മിള വിജയിക്കുമെന്ന് ജനങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നത് അവരുടെ സമരത്തിന്റെ സത്യസന്ധത കൊണ്ടാണ്. ഈ സത്യസന്ധതയാണ് ഇപ്പോള്‍ ഹസാരെ സംഘത്തിന് നഷ്ടപ്പെട്ടിരിക്കുന്നത്.

നമ്മുടെ നാട്ടില്‍ ചെറുതും വലുതുമായ നൂറു കണക്കിന് സമരങ്ങള്‍ നടക്കുന്നു. അതില്‍ ഏറിയ പങ്കും ഭരണകൂട താത്പര്യങ്ങള്‍ക്ക് എതിരെയാണ്. വിജയം നേടിയ പ്ലാച്ചിമട സമരം, ഇന്നും അവസാനിക്കാത്ത എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരം. ഇപ്പോഴും കത്തിനില്‍ക്കുന്ന കൂടംകുളം സമരം...അങ്ങനെ എടുത്തു പറയാന്‍ എത്രയോ സമരങ്ങള്‍. ഇവയ്‌ക്കൊന്നും കിട്ടാത്ത മാധ്യമ ശ്രദ്ധയും, പൊതു ശ്രദ്ധയുമാണ് ഹസാരെ സംഘം പെട്ടന്ന് നേടിയെടുത്തത്. അതിന് കാരണം അവര്‍ ഉയര്‍ത്തിയ വിഷയം പ്രദേശികമായതായിരുന്നില്ല മറിച്ച് രാജ്യത്തെ ഒട്ടാകെ ബാധിക്കുന്നതായിരുന്നു എന്നതാണ്.

അഴിമതി ഇല്ലാതാവാന്‍ രാജ്യത്തെ സാധാരണക്കാര്‍ മുഴുവന്‍ ആഗ്രഹിക്കുന്നു. ഈ ആഗ്രഹത്തെയാണ് ഹസാരെ സംഘം തങ്ങളിലേക്ക് വലിച്ചടുപ്പിച്ചത്. ഇതിലേക്ക് നമ്മുടെ നാഷണല്‍ ചാനലുകളും, പിന്നെ പ്രാദേശിക മാധ്യമങ്ങളും കടന്നുചെന്നപ്പോള്‍ പിന്നെ വലിയൊരു മാധ്യമ പ്രചരണ വേലയാണ് ഇന്ത്യ കണ്ടത്. മാധ്യമങ്ങളുടെ ഹാസരെ സ്‌നേഹത്തിന് പിന്നില്‍ വലിയ ലക്ഷ്യമുണ്ടായിരുന്നു എന്നതാണ് സത്യം. കാരണം ഈ രാജ്യത്തെ ഏറ്റവും വലിയ ഉപഭോക്താവായ മധ്യവര്‍ത്തി സമൂഹത്തിന് താത്പര്യം ജനിച്ച വിഷമായിരുന്നു ഹസാരെ സമരം. അതിന്റെ വാര്‍ത്തകള്‍ തങ്ങളുടെ മാര്‍ക്കറ്റിംഗിനെ സഹായിക്കുമെന്നതായിരുന്നു മാധ്യമങ്ങളുടെ ഹസാരെ സ്‌നേഹത്തിന് പിന്നില്‍.

ഇതെല്ലാം എങ്ങനെയുമാവട്ടെ, ജനം ഒരു വലിയ അഴിമതി വിരുദ്ധ മുന്നേറ്റം ആഗ്രഹിക്കുകയും അതിനൊപ്പം നില്‍ക്കുകയും ചെയ്തു. ലോകകപ്പ് ക്രിക്കറ്റല്ലാതെ ഇന്ത്യ ഒറ്റക്കെട്ടായി നിന്നത് സമീപകാലത്ത് അഴിമതിക്കെതിരെയുള്ള സമരത്തിലാണ്. പക്ഷെ ഈ മുന്നേറ്റം ഇപ്പോള്‍ ഹസാരെ സംഘം തുടങ്ങിയടത്ത് തന്നെ ഉപേക്ഷിക്കുന്ന കാഴ്ചയാണ് കാണുന്നത്. പാതിവഴി എത്തിക്കാന്‍ പോലും അവര്‍ക്ക് കഴിഞ്ഞില്ല എന്നതാണ് സത്യം.

സമരമാര്‍ഗ്ഗം ഉപേക്ഷിച്ച് ഇനി രാഷ്ട്രീയപാര്‍ട്ടിയുണ്ടാക്കുമെന്നാണ് ഹസാരെ സംഘം പറയുന്നത്. അഴിമതി വിമുക്ത രാഷ്ട്രീയത്തിന് രാഷ്ട്രീയപാര്‍ട്ടിയല്ലാതെ മറ്റൊരു വഴിയില്ലെന്നും ഹസാരെ സംഘം പറയുന്നു. ഇവിടെ സ്വാഭാവികമായും ഈ തീരുമാനത്തിന് പിന്നില്‍ ഒരു ഹിഡന്‍ അജണ്ടയുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കഴിഞ്ഞ ഒന്നര വര്‍ഷം നമ്മുടെ രാജ്യം കണ്ടത് വരാന്‍ പോകുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രീ പബ്ലിസിറ്റി സ്റ്റണ്ടായിരുന്നോ. ആയിരുന്നെങ്കില്‍ അവര്‍ അത് വിദഗ്ധമായി സാധിച്ചെടുത്തിരിക്കുന്നു. അങ്ങനെയെങ്കില്‍ ഹസാരെ സംഘവും ഒരു തരത്തില്‍ ജനങ്ങളെ വഞ്ചിക്കുക തന്നെയായിരുന്നു.

യാതൊരു താത്പര്യങ്ങളുമില്ലാത്ത സ്വതന്ത്രമായ ഒരു മൂവ്‌മെന്റിനെയാണ് ജനങ്ങള്‍ പിന്തുണച്ചത് എന്ന് ഹസാരെ സംഘം ഇവിടെ മറന്നു പോവുകയാണ്. അഴിമതിക്കെതിരെയുള്ള സമരം ഒരു മിഷനായി ഏറ്റെടുത്ത് ദേശവ്യാപകമായി ക്യാംപെയിനുകള്‍ സംഘടിപ്പിച്ച് ഒരു വലിയ മുന്നേറ്റമായി അത് നിലനിര്‍ത്തുകയായിരുന്നു ഹസാരെ സംഘം ചെയ്യേണ്ടിയിരുന്നത്. ഒരു സ്ഥിരം സമരമുഖം തീര്‍ക്കാന്‍ ശ്രമിച്ച് വിജയിക്കുമ്പോള്‍ മാത്രമേ വിപ്ലവകരമായി എന്തെങ്കിലും സംഭവിക്കുമായിരുന്നുള്ളു. അല്ലാതെ കുറച്ചു ദിവസം നിരാഹാരം ഇരുന്നുകഴിഞ്ഞാല്‍ പിന്നെയൊന്ന് ഇരുട്ടി വെളുക്കുമ്പോഴേക്കും ഏത് ഭരണകൂടമാണ് അഴിമതിവിമുക്തമാകാന്‍ പോകുന്നത്. അതിന് വര്‍ഷങ്ങളുടെ പ്രയത്‌നം വേണ്ടിവരും. പക്ഷെ ചില മാസങ്ങള്‍ക്കൊണ്ട് തന്നെ സര്‍ക്കാന്‍ അനുകൂലമായി പ്രതികരിക്കുന്നില്ല എന്നു പറഞ്ഞ് സമരം അവസാനിപ്പിച്ച ദുര്‍ബലര്‍ ഇനി രാഷ്ട്രീയ പാര്‍ട്ടിയായി വന്നാല്‍ എന്തുമെച്ചമാണ് ഉണ്ടാവുക.

ഹാസരെ സംഘത്തിനു ശേഷം സമരം ആരംഭിച്ച് അവസാനിപ്പിച്ച ബാബാ രാംദേവിന്റെ ഉദ്ദേശവും വ്യത്യസ്തമല്ല. ഒരൊറ്റ കോണ്‍ഗ്രസുകാരന്‍ പോലും ഇനി പാര്‍ലമെന്റ് കാണരുത് എന്നാണ് ബാബാ രാംദേവിന്റെ ആഹ്വാനം. കോണ്‍ഗ്രസുകാരന്‍ അഴിമതിക്കാരനാണെങ്കില്‍ അവന്‍ പാര്‍ലമെന്റില്‍ എത്തുന്നത് തടയുന്നത് നല്ലത് തന്നെ. പക്ഷെ ബാംബാ രാംദേവിന്റെ സമരം ബി.ജെ.പി നേതാക്കളുടെ പിന്തുണയിലാണ്. ബി.ജെ.പി അധ്യക്ഷന്‍ നിഥിന്‍ ഗഡ്കരി തന്നെ ബാബാ രാംദേവിന് പിന്തുണയുമായി എത്തുന്നു. എന്നാല്‍ ബി.ജെ.പി അഴിമതി മുക്തമാണോ എന്നതിനെക്കുറിച്ച് രാംദേവ് ഒരക്ഷരം മിണ്ടുന്നുമില്ല. ഭരണത്തിലിരുന്നപ്പോള്‍ ബി.ജെ.പിയും അഴിമതിയുടെ കാര്യത്തില്‍ ഒട്ടും പിന്നിലായിരുന്നില്ല എന്ന് ഏവര്‍ക്കുമറിയാം. ബി.ജെപി ഭരണത്തിലിക്കുന്ന കര്‍ണ്ണാടകയില്‍ ഭരണം പോലും മാറ്റിവെച്ച് അവര്‍ അഴിമതി കാണിക്കുകയും ഗ്രൂപ്പ്കളിക്കുകയും ചെയ്യുന്നു.

എന്നാലിവിടെ രാംദേവും ഹസാരെ സംഘവും ഉന്നംവെക്കുന്നത് കോണ്‍ഗ്രസിനെയാണ്. അത് അവരുടെ വാക്കുകളില്‍ തന്നെ വ്യക്തമാണ്. അപ്പോള്‍ പിന്നെ വെറുമൊരു രാഷ്ട്രിയക്കളി മാത്രമായി ചുരുങ്ങുകയല്ലേ ഈ അഴിമതി വിരുദ്ധ കോലാഹലങ്ങള്‍ എന്നു സംശയിക്കേണ്ടതുണ്ട്.

രാഷ്ട്രീയ പാര്‍ട്ടി ഉടന്‍ രൂപികരിച്ച് ഇലക്ഷനുകളെ നേരിടുമെന്നാണ് ഹസാരെ സംഘത്തിലെ പ്രധാനിയായ അരവിന്ദ് കേജരിവാള്‍ പറയുന്നത്. ഹാസരെ ഇതിന് അനുമതി നല്‍കി കഴിഞ്ഞുവത്രേ. എന്നാല്‍ ബി.ജെ.പി ഭരിക്കുന്ന ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും വരാന്‍ പോകുന്ന ഇലക്ഷനില്‍ ഹാസരെയുടെ രാഷ്ട്രീയ പാര്‍ട്ടി മത്സരിക്കില്ല എന്നും അരവിന്ദ് കേജരിവാള്‍ പറയുന്നു. എന്നു വെച്ചാല്‍ നരേന്ദ്രമോഡിക്കെതിരെ മത്സരിക്കില്ല എന്നു തന്നെ. ഇതിനു പിന്നിലെ അജണ്ടയാണ് സംശയിക്കപ്പെടേണ്ടത്. അഴിമതി വിരുദ്ധ സമരത്തില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും ഒരുപോലെ എതിര്‍ത്തു കൊണ്ടു വേണം മുമ്പോട്ടു പോകാന്‍ എന്നത് ഹസാരെ സംഘം മറന്നു പോകുകയാണ്. എല്ലാ പാര്‍ട്ടികളിലെയും തെറ്റുകളും പ്രശ്‌നങ്ങളും ഒരുപോലെ തുറന്നു കാട്ടപ്പെടേണ്ടതുണ്ട്.

മറിച്ച് എതിരാളികള്‍ കോണ്‍ഗ്രസ് മാത്രമായി മാറുമ്പോള്‍ ഹാസരെ സംഘത്തിന്റെ ആത്മാര്‍ഥത ചോദ്യം ചെയ്യപ്പെടുക തന്നെ വേണം. ഇനി രാഷ്ട്രീയ പാര്‍ട്ടിയുമായി എത്തുമ്പോള്‍ ഹസാരെ സംഘം ഏതെങ്കിലും മുന്നണിയിലേക്ക് കൂടുമാറുമോ എന്നു മാത്രമേ അറിയാനുള്ളു. അങ്ങനെ സംഭവിച്ചാല്‍ സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ രാഷ്ട്രീയ നാടകമായിരിക്കും ഇന്ത്യാ എഗനെസ്റ്റ് കറപ്ഷന്‍ മൂവ്‌മെന്റ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക