Image

സൂപ്പര്‍മാര്‍ക്കറ്റ് തട്ടിപ്പ്: മുങ്ങിയ മലയാളി പിടിയിലായെന്ന് സൂചന

Published on 15 August, 2012
സൂപ്പര്‍മാര്‍ക്കറ്റ് തട്ടിപ്പ്: മുങ്ങിയ മലയാളി പിടിയിലായെന്ന് സൂചന
ദോഹ: സൂപ്പര്‍മാര്‍ക്കറ്റിന്റെ മറവില്‍ ദോഹയില്‍ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തി മുങ്ങിയ മലയാളി യുവാവ് നാട്ടില്‍ പിടിയിലായെന്ന് സൂചന. മലപ്പുറം പൊന്നാനി കരിങ്കല്ലത്താണി അയ്‌നിച്ചിറ ചെങ്ങനാത്ത് വീട്ടില്‍ ആബിദ് മുഹമ്മദാണ് (32) വ്യാജ പാസ്‌പോര്‍ട്ടില്‍ ദുബൈയില്‍ നിന്ന് ഖത്തറിലെത്തി തട്ടിപ്പ് നടത്തി മുങ്ങിയത്. ഏതാനും ദിവസങ്ങളായി നാട്ടില്‍ കഴിഞ്ഞിരുന്ന ഇയാള്‍ ഇന്നലെ പെരുമ്പടപ്പ് പോലിസിന്റെ പിടിയിലായതായാണ് അറിയുന്നത്. എന്നാല്‍, ഇതുവരെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. തട്ടിപ്പിനിരയായ വ്യാപാരികള്‍ ഇയാള്‍ക്കെതിരെ ഖത്തറിലെ ഇന്ത്യന്‍ എംബസിയിലും കേരള മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, മലപ്പുറം എസ്.പി എന്നിവര്‍ക്കും പരാതി നല്‍കിയിരുന്നു.

മൈദറില്‍ അല്‍ ശംസി എന്ന പേരില്‍ തുടങ്ങാനിരിക്കുന്ന സൂപ്പര്‍മാര്‍ക്കറ്റിലേക്കും സ്വന്തം ഉടമസ്ഥതയിലുള്ള കാറ്ററിംഗ് കമ്പനിയിലേക്കുമെന്ന് തെറ്റിദ്ധരിപ്പിച്ച ് വിതരണക്കമ്പനികളില്‍ നിന്ന് വാങ്ങിക്കൂട്ടിയ സാധനങ്ങള്‍ ദോഹയില്‍ തന്നെ കുറഞ്ഞവിലക്ക് മറിച്ചുവിറ്റ ശേഷം പണവുമായി ഇയാള്‍ കടക്കുകയായിരുന്നു. ഗ്യാരണ്ടി ചെക്കും സ്‌പോണ്‍സറുടെ ഒപ്പുള്ള ക്രെഡിറ്റ് ആപ്‌ളിക്കേഷന്‍ ഫോമും ഈടു നല്‍കിയാണ് പല വ്യാപാരികളില്‍ നിന്നായി ലക്ഷങ്ങളുടെ സാധനങ്ങള്‍ വാങ്ങിയത്. ഇവ മൈദറില്‍ തന്നെയുള്ള ഒരു ഗോഡൗണില്‍ സൂക്ഷിച്ച ശേഷം മറിച്ചുവില്‍ക്കുകയും തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ നേപ്പാളിലേക്ക് പോകണമെന്ന് സ്‌പോണ്‍സറെ തെറ്റിദ്ധരിപ്പിച്ച് എക്‌സിറ്റ്‌പെര്‍മിറ്റ് കൈക്കലാക്കി ഖത്തര്‍ വിടുകയുമാണ് ചെയ്തത്.

ഹാഫിസ് മുഹമ്മദ് എന്ന പേരില്‍ തൃശൂര്‍, വടക്കേക്കാട്, കൊച്ചന്നൂര്‍, കിഴക്കുംതറയില്‍ എന്ന വിലാസത്തില്‍ 2006ല്‍ കൊച്ചിയില്‍ നിന്നെടുത്ത പാസ്‌പോര്‍ട്ടിലാണ് ഇയാള്‍ ഖത്തറിലെത്തിയത്. എന്നാല്‍, ഈ പാസ്‌പോര്‍ട്ട് വ്യാജമാണെന്നും സ്വദേശം പൊന്നാനിയാണെന്നും യഥാര്‍ഥ പേര് ആബിദ് എന്നാണെന്നും തട്ടിപ്പിനിരയായ വ്യാപാരികള്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കൊച്ചന്നൂരോ പരിസരത്തോ ഈ വിലാസത്തില്‍ ഹാഫിസ് മുഹമ്മദ് എന്നൊരാളില്ലെന്ന് അവിടെ നിന്ന് ഖത്തറിലുള്ള പ്രവാസികളും വ്യക്തമാക്കിയിരുന്നു. ഇയാള്‍ക്കെതിരെ സ്‌പോണ്‍സര്‍ ജമാല്‍ അല്‍ കുവാരി റയ്യാന്‍ പോലിസിലും പരാതി നല്‍കിയിട്ടുണ്ട്. ഇതിനിടെ, പോലിസ് വലയിലായ ആബിദിനെ രക്ഷിക്കാന്‍ പ്രദേശത്തെ കോണ്‍ഗ്രസ് നേതൃത്വം രംഗത്തെത്തിയതായും പറയപ്പെടുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക