Image

മയക്കുമരുന്ന്‌ കടത്ത്‌: യു.എ.ഇയില്‍ പാകിസ്‌താന്‍കാരന്‌ വധശിക്ഷ

Published on 16 August, 2012
മയക്കുമരുന്ന്‌ കടത്ത്‌: യു.എ.ഇയില്‍ പാകിസ്‌താന്‍കാരന്‌ വധശിക്ഷ
അബൂദബി: യു.എ.ഇയിലേക്ക്‌ മയക്കുമരുന്ന്‌ കടത്തിയ കേസില്‍ പാകിസ്‌താന്‍കാരന്‌ വധശിക്ഷ. അബൂദബി ക്രിമിനല്‍ കോടതിയാണ്‌ ശിക്ഷ വിധിച്ചത്‌. മയക്കുമരുന്ന്‌ കേസില്‍ ഒരു മാസത്തിനിടെ രണ്ടാം തവണയാണ്‌ അബൂദബിയില്‍ വധശിക്ഷ വിധിക്കുന്നത്‌. ഇക്കഴിഞ്ഞ ജൂലൈയില്‍ മറ്റൊരു ദക്ഷിണേഷ്യക്കാരനും ഇതേ ശിക്ഷ ലഭിച്ചിരുന്നു.

ജെ.എ എന്ന ചുരുക്കപ്പേരിട്ട പാകിസ്‌താന്‍കാരന്‍ അബൂദബിയില്‍ വെച്ചാണ്‌ അറസ്റ്റ്‌ ചെയ്യപ്പെട്ടത്‌. ഇയാള്‍ ദുബൈയില്‍ ഒരാളെ ബന്ധപ്പെടുകയും തന്‍െറ കൈവശം മയക്കുമരുന്നുണ്ടെന്ന്‌ അറിയിക്കുകയും ചെയ്‌തു. 5,000 ദിര്‍ഹമാണ്‌ വില നിശ്ചയിച്ചത്‌. തുടര്‍ന്ന്‌ മുസഫയില്‍ വെച്ച്‌ കച്ചവടം നടത്തുമ്പോള്‍ ഇവരെ അറസ്റ്റ്‌ ചെയ്യുകയായിരുന്നു.

പ്‌ളാസ്റ്റിക്‌ ബാഗില്‍, വെള്ളത്തുണിയില്‍ പൊതിഞ്ഞാണ്‌ പ്രതിയായ ജെ.എ മയക്കുമരുന്ന്‌ മുസഫയില്‍ എത്തിച്ചത്‌. 80 ഹെറോയിന്‍ ഗുളികകളാണ്‌ ഇയാളില്‍നിന്ന്‌ പിടിച്ചെടുത്തത്‌. പിന്നീട്‌ പ്രതിയെ ചോദ്യം ചെയ്‌തപ്പോള്‍, താന്‍ അബൂദബി വിമാനത്താവളത്തിലൂടെ 642 ഗ്രാം ഹെറോയിന്‍ ഗുളികകള്‍ കടത്തിയതായി സമ്മതിച്ചു. എന്നാല്‍, മയക്കുമരുന്നാണെന്ന്‌ അറിയാതെയാണ്‌ തന്‍െറ കക്ഷി ഗുളികകള്‍ വില്‍ക്കാന്‍ ശ്രമിച്ചതെന്ന്‌ പ്രതിഭാഗം അഭിഭാഷകന്‍ വാദിച്ചു. ഈ വാദങ്ങള്‍ തള്ളിയ കോടതി, വധശിക്ഷ വിധിക്കുകയായിരുന്നു.

അബൂദബി വിമാനത്താവളത്തിലൂടെ 103 ഹെറോയിന്‍ ഗുളികകള്‍ കടത്താന്‍ ശ്രമിച്ച കേസിലാണ്‌ ജൂലൈയില്‍ ദക്ഷിണേഷ്യക്കാരന്‌ വധശിക്ഷ വിധിച്ചത്‌.

തന്‍െറ രാജ്യത്തുവെച്ച്‌ 103 ഗുളികകള്‍ വിഴുങ്ങിയാണ്‌ ഇയാള്‍ വിമാനത്തില്‍ കയറിയത്‌. അബൂദബി വിമാനത്താവളത്തില്‍ എത്തിയ ഇയാളെ കണ്ടപ്പോള്‍ സുരക്ഷാ വിഭാഗത്തിന്‌ സംശയം തോന്നി. തുടര്‍ന്ന്‌ കസ്റ്റഡിയിലെടുത്ത്‌ ചോദ്യം ചെയ്‌തു. എന്നാല്‍, ഇയാള്‍ ഇക്കാര്യം നിഷേധിച്ചു. പിന്നീട്‌ ആശുപത്രിയിലെത്തിച്ച്‌ വിദഗ്‌ധ പരിശോധന നടത്തിയപ്പോഴാണ്‌ വയറ്റില്‍ ഗുളികകള്‍ കണ്ടത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക