Image

തട്ടിപ്പിനിരയായ യുവാക്കള്‍ പരാതി നല്‍കി; ഇടനിലക്കാരന്‍ മലയാളി ജീവനൊടുക്കി

Published on 16 August, 2012
തട്ടിപ്പിനിരയായ യുവാക്കള്‍ പരാതി നല്‍കി; ഇടനിലക്കാരന്‍ മലയാളി ജീവനൊടുക്കി
മസ്‌കറ്റ്‌: തൊഴില്‍തട്ടിപ്പിനിരയായ നാലു മലയാളി യുവാക്കള്‍ മസ്‌കത്ത്‌ ഇന്ത്യന്‍ എംബസിയില്‍ പരാതി നല്‍കിയതിന്‌ പിന്നാലെ ഇവര്‍ക്ക്‌ ഇടനിലക്കാരനായി നിന്ന ഇടുക്കി സ്വദേശി ജീവനൊടുക്കി. ഇതോടെ പാസ്‌പോര്‍ട്ടും മറ്റ്‌ രേഖകളും നഷ്ടപ്പെട്ട യുവാക്കള്‍ എന്തുചെയ്യണമെന്നറിയാതെ വലയുകയാണ്‌.

സൂറില്‍ ഒരു ക്‌ളിനിക്കില്‍ ജോലി ചെയ്‌തിരുന്ന ഇടുക്കി സ്വദേശി രഞ്‌ജന്‍ ജോര്‍ജാണ്‌ (37) തിങ്കളാഴ്‌ച വൈകുന്നേരം അസൈബയില്‍ ഇദ്ദേഹത്തിന്‍െറ സുഹൃത്ത്‌ സന്തോഷിന്‍െറ താമസസ്ഥലത്ത്‌ ജീവനൊടുക്കിയത്‌. ഇദ്ദേഹവും അല്‍ഖൂദിലെ ആന്‍സി എന്ന മലയാളി വനിതയും ചേര്‍ന്നാണ്‌ തങ്ങള്‍ക്ക്‌ തൊഴില്‍വാഗ്‌ദാനം ചെയ്‌ത്‌ ലക്ഷങ്ങള്‍ വാങ്ങിയശേഷം സന്ദര്‍ശക വിസയില്‍ ഒമാനിലെത്തിച്ചതെന്ന്‌ തട്ടിപ്പിനിരയായ യുവാക്കള്‍ പറയുന്നു. ഇടുക്കി തൊടുപുഴ സ്വദേശി ജിജി (28), സന്തോഷ്‌ (40), രാഹുല്‍ (27), ജിബിന്‍ (28) എന്നിവരാണ്‌ ഇവര്‍ നല്‍കിയ എക്‌സ്‌പ്രസ്‌ വിസയില്‍ പല കാലങ്ങളിലായി ഒമാനിലെത്തിയത്‌.

ആന്‍സി വിളിച്ചുപറഞ്ഞതിന്‍െറ അടിസ്ഥാനത്തില്‍ ഒന്നരലക്ഷം രൂപയിലധികം ഇവര്‍ ഓരോരുത്തരും ആന്‍സിയുടെ നാട്ടിലെ ബാങ്ക്‌ അക്കൗണ്ടില്‍ നിക്ഷേപിച്ചിരുന്നുവത്രെ. ഇവരുടെ ഇടനിലക്കാരനായാണ്‌ രജ്ഞന്‍ ജോര്‍ജ്‌ പ്രവര്‍ത്തിച്ചിരുന്നതെന്ന്‌ പറയുന്നു. സന്ദര്‍ശകവിസയുടെ കാലാവധി പിന്നിട്ട്‌ മാസങ്ങള്‍ കഴിഞ്ഞിട്ടും തൊഴില്‍ വിസയും തൊഴിലും ഇല്ലാതെ വന്നപ്പോഴാണ്‌ നാലുപേരും കഴിഞ്ഞദിവസം ഇന്ത്യന്‍ എംബസിയില്‍ പരാതി നല്‍കിയത്‌. ഇവരെ നാട്ടിലേക്ക്‌ കയറ്റിവിടാമെന്ന്‌ വാഗ്‌ദാനം ചെയ്‌ത കഴിഞ്ഞദിവസം യുവാക്കളില്‍ ചിലര്‍ മസ്‌കത്ത്‌ വിമാനത്താവളത്തില്‍ എത്തി കാത്തുനിന്നെങ്കിലും രഞ്‌ജന്‍ എത്തിയില്ലത്രെ.

വിസാ നിയമം ലംഘിച്ചതിന്‌ യുവാക്കള്‍ അടക്കേണ്ട പിഴ കുറവുചെയ്‌തുകിട്ടാന്‍ ശ്രമിക്കുകയാണെന്ന്‌ പറഞ്ഞ്‌ രഞ്‌ജന്‍ മുങ്ങുകയായിരുന്നുവത്രെ. പിന്നീട്‌ ഇവര്‍ അറിയുന്നത്‌ രഞ്‌ജന്‍ ആത്മഹത്യ ചെയ്‌തു എന്ന വാര്‍ത്തയാണ്‌.

നാലുപേരുടെയും പാസ്‌പോര്‍ട്ട്‌ ഉള്‍പ്പെടെയുള്ള രേഖകള്‍ രഞ്‌ജന്‍െറയും ആന്‍സിയുടെയും കൈവശമാണ്‌. ആന്‍സിയെ വിളിച്ചാല്‍ ഫോണ്‍ എടുക്കുന്നില്ലെന്നും ഇവര്‍ പറയുന്നു. മറ്റുപലരുമായും രഞ്‌ജന്‌ പണമിടപാടുണ്ടായിരുന്നത്രെ.

പലര്‍ക്കും ഇദ്ദേഹം പണം നല്‍കാനുണ്ടെന്നും പരാതിയുണ്ട്‌. ഇടുക്കി സ്വദേശിയാണെങ്കിലും എറണാകുളത്താണ്‌ രജ്ഞന്‍െറ കുടുംബം താമസിക്കുന്നത്‌. ഭാര്യ: ഡെയ്‌സി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക