Image

2.5 കോടി രൂപയുടെ തട്ടിപ്പ്‌ നടത്തിയ മലയാളിക്കെതിരേ പാര്‍ട്‌ണര്‍ കോടതിയില്‍

Published on 18 August, 2012
2.5 കോടി രൂപയുടെ തട്ടിപ്പ്‌ നടത്തിയ മലയാളിക്കെതിരേ പാര്‍ട്‌ണര്‍ കോടതിയില്‍
മുസന്ന: 2.5 കോടി രൂപയുടെ തട്ടിപ്പ്‌ നടത്തിയ മലയാളിക്കെതിരേ പാര്‍ട്‌ണര്‍ കോടതിയില്‍ കേസ്‌ ഫയല്‍ ചെയ്‌തു.

പലരില്‍ നിന്നും ഓഹരികള്‍ പിരിച്ചും വിസ വാഗ്‌ദാനം ചെയ്‌തും വടകര തിരുവള്ളൂര്‍ സ്വദേശിയായ കുഞ്ഞുമുഹമ്മദ്‌ എന്ന മുഹ്യുദ്ദീനെതിരെയാണ്‌ രണ്ട്‌ ലക്ഷം ഒമാനി റിയാലുമായി (ഏകദേശം രണ്ടര കോടി ഇന്ത്യന്‍ രൂപ) മുങ്ങിയതായി ബിസിനസ്‌ പങ്കാളിയായ തിരൂര്‍ കൂട്ടായി സ്വദേശി ഹനീഫ റോയല്‍ ഒമാന്‍ പൊലീസിലും എമിഗ്രേഷനിലും പരാതി നല്‍കിയത്‌. മൂന്ന്‌ വര്‍ഷം മുമ്പ്‌ മുസന്നയിലെത്തിയ ഇദ്ദേഹം അല്‍ മദീന ഷോപ്പിങ്‌ സെന്‍റിന്‍െറ കെട്ടിടം വാടകക്കെടുക്കുകയും പലരില്‍ നിന്നും ഓഹരി വാങ്ങി ഷോപ്പിങ്‌ മാളാക്കുകയും ചെയ്‌തു. സുവൈഖ്‌ സ്വദേശിയായ നാസര്‍ ബിന്‍ സൈഫ്‌ റാഷിദ്‌ അല്‍ റഷീദി സ്‌പോണ്‍സറും പാര്‍ടണനറുമാണ്‌. കെട്ടിടം 20 റൂമുകളായി ഭാഗിച്ച്‌ വാടകക്ക്‌ കൊടുക്കുകയായിരുന്ന ഇദ്ദേഹം കടയുടമകളില്‍ നിന്ന്‌ വാടക മുന്‍ കൂറായി വാങ്ങിയാണത്രെ മുങ്ങിയത്‌. കൂടാതെ ഷോപ്പിങ്‌ മാളില്‍ ഒരു ഓട്ടോമാറ്റിക്‌ ബേക്കറിയും പെര്‍ഫ്യൂം കടയും കോഫി ഷോപ്പും നടത്തിയിരുന്നു. ഈ സ്ഥാപനങ്ങള്‍ കാണിച്ച്‌ പലിശക്കും അല്ലാതെയും ഭീമമായ സംഖ്യ സ്വരൂപിച്ചതായി പാര്‍ടണര്‍ ഹനീഫ പറയുന്നു.

കമ്പനി ചെക്കില്‍ ഒപ്പിടാനുള്ള അധികാരവും കുഞ്ഞുമുഹമ്മദിനായിരുന്നുവത്രെ. സ്‌പോണ്‍സറുടെ ഒപ്പിട്ട പത്തിലധികം ബ്‌ളാങ്ക്‌ ചെക്കുകളും കുഞ്ഞുമുഹമ്മദിന്‍െറ കൈവശമുള്ളതായി പാര്‍ട്‌ണര്‍മാര്‍ പറയുന്നു. ഇത്‌ ഉപയോഗിച്ചും സാമ്പത്തിക തിരിമറി നടത്തിയതായും പരാതിയുണ്ട്‌. വിവിധ സ്ഥലങ്ങളില്‍ കെട്ടിടങ്ങള്‍ നിര്‍മിക്കുന്ന വകയില്‍ നിര്‍മാണ ഉപകരണങ്ങള്‍ക്കായി വന്‍ സംഖ്യയും അതാത്‌ കെട്ടിട ഉടമകളില്‍ നിന്ന്‌ വാങ്ങിയിട്ടുണ്ട്‌. ഇതിന്‌ കരാറുണ്ടാക്കിയത്‌ കമ്പനിയുടെ ലെറ്റര്‍ ഹെഡിലാണ്‌. അതിനാല്‍ സ്‌പോര്‍സര്‍ക്കാണ്‌ പണം തിരിച്ച്‌ നല്‍കേണ്ട ഉത്തരവാദിത്തം വന്നിരിക്കുന്നത്‌.

കൂടാതെ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന പലര്‍ക്കും രണ്ടും മൂന്നും മാസത്തെ ശമ്പള കുടിശ്ശികയുമുണ്ട്‌. കെട്ടിട നിര്‍മാണത്തിലേര്‍പ്പെട്ടവര്‍ക്കും കൂലി നല്‍കാനുണ്ട്‌. വിസ നല്‍കാമെന്ന്‌ വാഗ്‌ദാനം നല്‍കി ഇന്ത്യക്കാര്‍ക്ക്‌ പുറമെ ബംഗ്‌ളാദേശ്‌ സ്വദേശികളില്‍ നിന്നും പണം പറ്റിയതായി പാര്‍ടണര്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക