Image

ഉമ്മന്‍ചാണ്ടി തോറ്റു; അച്യുതാനന്ദന്‍ ജയിച്ചു - ഷോളി കുമ്പിളുവേലി

ഷോളി കുമ്പിളുവേലി Published on 18 August, 2012
ഉമ്മന്‍ചാണ്ടി തോറ്റു; അച്യുതാനന്ദന്‍ ജയിച്ചു - ഷോളി കുമ്പിളുവേലി
നൂറ്റിപ്പതിനേഴു ദിവസമായി കോതമംഗലം മാര്‍ ബസേലിയോസ് മെഡിക്കല്‍ സെന്ററിലെ നൂറില്‍പ്പരം നേഴ്‌സുമാര്‍, അവരുടെ ന്യായമായ അവകാശങ്ങള്‍ നേടി എടുക്കുന്നതിനായി നടത്തിവരുന്ന സമരം, കേരളത്തിലെ സമരചരിത്രത്തിലെ തന്നെ പുതിയൊരു അദ്ധ്യായമായി മാറി.

ആഗസ്റ്റ് 15-#ാ#ം തീയ്യതി ഭാരതം എങ്ങും 65-#ാ#ം പിറന്നാല്‍ ആഘോഷിക്കുമ്പോള്‍, കോതമംഗലം മെഡിക്കല്‍ സെന്ററിലെ 3 നേഴ്‌സുമാര്‍ അതിജീവനത്തിന്റെ ഭാഗമായി, കോരിച്ചൊരിയുന്ന മഴയെപ്പോലും വകവയ്ക്കാതെ, ആശുപത്രിയുടെ ടെറസില്‍ നിന്നും താഴേക്കു ചാടി ആത്മഹത്യക്കു തയ്യാറായി നില്‍ക്കുന്നു. സാധുക്കളായ 3 പെണ്‍കുട്ടികള്‍ക്ക് അവരുടെ ന്യായമായ അവകാശം സ്ഥാപിച്ചെടുക്കുന്നതിന് സ്വന്തം ജീവന്‍ വച്ച് വിലപറയേണ്ടിവന്ന അവസഥ കേരളത്തിനാകെ കളങ്കമുണ്ടാക്കി. ആകെയുണ്ടായിരുന്ന ഒരു തുണ്ടു ഭൂമിയും അതിലെ ചെറിയ വീടും പണയം വച്ച് നേഴ്‌സിംഗ് പഠിച്ചു. ആ വീടും പറമ്പും ഇന്ന് ജപ്തി ചെയ്യാന്‍ പോകുന്നു. മാനേജ്‌മെന്റിന്റെ നിരന്തരമായ ചൂഷണം മറ്റൊരു ഭാഗത്ത്. ആത്മഹത്യചെയ്യാതെ മറ്റ് മാര്‍ഗ്ഗങ്ങള്‍ ഇവര്‍ക്കു മുന്നിലുണ്ടായിരുന്നില്ല. കേരളം മുഴുവന്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. കളക്ടര്‍, ആര്‍.ഡി.ഓ.,ജനപ്രതിനിധികള്‍, രാഷ്ട്രീയ നേതാക്കള്‍ ഒക്കെ സ്ഥലത്തു പാഞ്ഞെത്തി, അനുനയിപ്പിക്കാന്‍ ശ്രമിച്ചു. പക്ഷേ പെണ്‍കുട്ടികള്‍ പിന്നോട്ടില്ല. മാനേജുമെന്റുമായി മാരത്തോണ്‍ ചര്‍ച്ചകള്‍ നടന്നു. നാട്ടുകാര്‍ ജാതി-മത-രാഷ്ട്രീയ ഭേദം കൂടാതെ സംഘടിച്ച് നേഴ്‌സുമാര്‍ക്ക് പിന്തുണയുമായി നിലയുറപ്പിച്ചു. തിരുവഞ്ചൂരിന്റെ പോലീസ് ജനത്തെ ഓടിച്ചിട്ടു തല്ലി; പക്ഷേ ജനം പിരിഞ്ഞുപോയില്ല. കേരളത്തിലെ മുഴുവന്‍ മാധ്യമങ്ങളും കണ്ണടക്കാതെ കൂടെ നിന്നു.

ഭക്ഷണപാനീയം ഇല്ലാതെ മൂന്നു പെണ്‍കുട്ടികളും ആശുപത്രി ടെറസിന്റെ മുകളില്‍ രണ്ടു ദിവസം കഴിച്ചുകൂട്ടി, മഴയും വെയിലും ഒന്നും വകവെയ്ക്കാതെ. മനസാക്ഷിയുള്ള ആരേയും വേദനിപ്പിക്കുന്ന കാഴ്ച. മാനേജ്‌മെന്റിനുലേശം പോലും കുലുക്കമില്ല.(കുലുങ്ങേണ്ട കാര്യമില്ലെന്ന് ആരോ പാഞ്ഞു കൊടുത്തതുപോലെ). കേരളത്തിലെ മാധ്യമങ്ങളെല്ലാം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോട് അപകടകരമായ ഈ പ്രശ്‌നത്തെപ്പറ്റി ചോദിച്ചു. ഒന്നല്ല, അഞ്ചു പ്രാവശ്യം, പലസ്ഥലങ്ങളില്‍ വച്ച്. പലപ്പോഴും മൗനം അല്ലെങ്കില്‍ അറിയില്ല. എന്നതായിരുന്നു മറുപടി. ശ്രീ ഉമ്മന്‍ ചാണ്ടിയെ ആദരിക്കുകയും, സ്‌നേഹിക്കുകയും ചെയ്യുന്ന വ്യക്തി എന്ന നിലയില്‍ത്തന്നെ പറയട്ടെ; ലജ്ജാകരമായിപ്പോയി. ഏതു കാര്യത്തിലും വാ തുറന്ന് മറുപടി പറയുന്ന ഉമ്മന്‍ചാണ്ടി; നിസാരമായ കാര്യങ്ങളില്‍പ്പോലും സഹായകമായി ഓടി എത്താറുള്ള ഉമ്മന്‍ചാണ്ടി; അദ്ദേഹത്തിന് ബസേലിയോസ് ആശുപത്രിയുമായി ബദ്ധപ്പെട്ട ഈ കാര്യത്തില്‍ ഇടപ്പെടുവാന്‍ എന്തായിരുന്നു ബുദ്ധിമുട്ട്? ആശുപത്രി ഏതെങ്കിലും ഒരു മതത്തിന്റെ സ്ഥാപനമായതു കൊണ്ടാണോ?

നമ്മളില്‍ മഹാഭൂരിഭാഗവും മതവിശ്വാസികള്‍ തന്നെയാണ്. മുഖ്യമന്ത്രിയും മതവിശ്വാസിയാണ്. പക്ഷേ ജനകീയ വിഷയങ്ങള്‍ വരുമ്പോള്‍ മുഖ്യമന്ത്രി കേവലമൊരു ഹിന്ദുവായോ, മുസ്ലീമായോ, ക്രിസ്താനിയായോ ചുരുങ്ങുവാന്‍ പാടില്ല. കേരളത്തിന് എല്ലാ വിഭാഗത്തിന്റേയും ആയ മുഖ്യമന്ത്രിയെയാണ് ആവശ്യം; അല്ലാതെ പക്ഷം പിടിക്കുന്ന മതവിശ്വാസിയെ അല്ല. പക്ഷവും, പ്രീതിയും, ഭീതിയൊന്നുമില്ലാതെ ഭരിച്ച്‌കൊള്ളുമെന്ന സത്യപ്രതിജ്ഞയെടുത്തു അധികാരമേറ്റ മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ച, കേരളത്തിലെ ജനങ്ങളെ വേദനിപ്പിക്കുന്നതായിരുന്നു.

ഉമ്മന്‍ ചാണ്ടി തോറ്റടിത്തു നിന്ന്, മറ്റൊരാള്‍ വിജയാരവങ്ങളുമായി മുന്നോട്ടു വന്നു; പ്രതിപക്ഷ നേതാവ് വി.സ്. അച്യുതാനന്ദന്‍, കേരളത്തിലെ ഏക ജനകീയ നേതാവാണ് വി.എസ്സ്. എന്ന് ഒരിക്കല്‍ കൂടി രാഷ്ട്രീയ ഭേദം കൂടാതെ എല്ലാവരേയും കൊണ്ട് പറയിപ്പിച്ചു. പ്രായത്തേയും, പ്രതികൂലമായ കാലവസ്ഥയേയും ഒന്നും വകവയ്ക്കാതെ തിരുവനന്തപുരത്തു നിന്നും കോതമംഗലത്തേക്ക് തിരിച്ചു. ഗസ്റ്റ് ഹൗസില്‍ മാനേജ്‌മെന്റുമായി മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചയ്‌ക്കൊടുവില്‍, അച്യുതാനന്ദന്‍ പറഞ്ഞിടത്തു കാര്യങ്ങല്‍ എത്തി. കുട്ടികളുടെ എല്ലാ ആവശ്യങ്ങളും മാനേജ്‌മെന്റിന് സമ്മതിക്കേണ്ടിവന്നു.

ഒപ്പിട്ടു വാങ്ങിയ കരാറുമായി, നേരേ സമരം ചെയ്യുന്ന കുട്ടികളുടെ അടുത്തേക്ക്. രാത്രി പത്തുമണിക്കും, മഴയോ, ഉരുള്‍പൊട്ടലോ ഒന്നും വകവെയ്ക്കാതെ തടിച്ചുകൂടിയ ആയിരക്കണക്കിനു വരുന്ന ജനം “കണ്ണേ, കരളേ വിസ്സേ” എന്നു തൊണ്ടപൊട്ടി വിളിച്ചു. അത് കമ്മ്യൂണിസ്റ്റ്കാര്‍ മാത്രമായിരുന്നില്ല; അവരില്‍ നല്ലഭാഗവും കോണ്‍ഗ്രസും, കേരളാ കോണ്‍ഗ്രസും-ബിജെപിയും ഒക്കെയായിരുന്നു. അത് രാഷ്ട്രീയ ഇഷ്ടം കൊണ്ടും അല്ല. മിറച്ച് സഹായിക്കേണ്ടവര്‍ മുഖം തിരിച്ചപ്പോള്‍ ഈ രാത്രിയിലും തിരുവനന്തപുരത്തും നിന്നും ഓടിയെത്തിയ നേതാവിനോടുള്ള ആദരവുകൊണ്ടായിരുന്നു. ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നുള്ള സ്‌നേഹം കൊണ്ടായിരുന്നു. അതിന് കാരണമായതു ഉമ്മന്‍ചാണ്ടി സാറിന്റെ 'പരിമിതികളാ'യിരുന്നു.

വി.എസ്സിന് ആ പരിമിതികള്‍ തീരേയും ഇല്ല. കാര്യം പറയുന്നിടത്ത് വി.എസ്സിന് ഒരു മതമേ ഉള്ളൂ; മനുഷ്യ മതം. അങ്ങനെ ഉമ്മന്‍ചാണ്ടി തോറ്റുകൊടുത്തു, അച്യുതാനന്ദന് ജയിക്കാന്‍ മാത്രമായി.
ഷോളി കുമ്പിളുവേലി
sholy1967@hotmail.com
ഉമ്മന്‍ചാണ്ടി തോറ്റു; അച്യുതാനന്ദന്‍ ജയിച്ചു - ഷോളി കുമ്പിളുവേലി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക