Image

"അക്ഷരത്താഴ്" കള്ളത്താക്കോല്‍കൊണ്ട് തുറക്കാനൊരു ശ്രമം- ഡോ. നന്ദകുമാര്‍ ചാണയില്‍

ഡോ. നന്ദകുമാര്‍ ചാണയില്‍ Published on 20 August, 2012
"അക്ഷരത്താഴ്" കള്ളത്താക്കോല്‍കൊണ്ട് തുറക്കാനൊരു ശ്രമം- ഡോ. നന്ദകുമാര്‍ ചാണയില്‍
ശാസ്ത്രവിശാരദനും സംഗീതജ്ഞനും സാഹിത്യകാരനുമായ ഒരു ബഹുമുഖ പ്രതിഭയാണ് പ്രൊഫസ്സര്‍ ജോയ് ടി. കുഞ്ഞാപ്പു. ഒരു ദിശാ ബോധത്തോടെ യൗവ്വനാരംഭദശയില്‍തന്നെ ദേശം വിട്ടയാളാണ് അദ്ദേഹം. ഇരുപത്തിമൂന്നാമത്തെ വയസ്സില്‍ ജനതാ എക്‌സ്പ്രസ്സില്‍ തൃശ്ശീവപേരൂര്‍ വിട്ട് മുംബെയിലേക്ക് ചേക്കേറിയ ഇദ്ദേഹം ഉപരിപഠനം, ഗവേഷണം, ജോലി എന്നീ ജീവിത വ്യാപാരങ്ങള്‍ക്കിടക്കും നാട്ടില്‍വെച്ച് മൊട്ടിട്ട സാഹിത്യോപാസന വളര്‍ത്തിക്കൊണ്ടുവരുവാന്‍ സമയം കണ്ടെത്തി. ബിരുദാനന്തര ഗവേഷണത്തിനായി ന്യൂയോര്‍ക്കില്‍ എത്തിയതിനുശേഷവും സാഹിത്യരചനയില്‍ വ്യാപൃതനായി, ഡോ. കുഞ്ഞാപ്പൂ. വളരെ പെട്ടെന്ന് അമേരിക്കന്‍ മലയാള സാഹിത്യ നഭസ്സില്‍ ഒരു ഇടിവെട്ടുപോലെയോ, മിന്നല്‍പ്പിണരുപോലെയോ മുഴങ്ങാനും മിന്നാനും ഇദ്ദേഹത്തിന് സാധിച്ചു. ഇദ്ദേഹത്തിന്റെ സാഹിത്യാവബോധം, ന്യൂയോര്‍ക്കിലെ സര്‍ഗ്ഗവേദി, വിചാരവേദി തുടങ്ങിയ എല്ലാ സാംസ്‌ക്കാരികസമ്മേളനങ്ങളിലും അച്ചടിമാധ്യമങ്ങളിലും ഒരു നിറസാന്നിദ്ധ്യമായി പരിണമിച്ചു. ജീവിതയാത്രയിലെ വൈവിദ്ധ്യാഭിരുചിപോലെതന്നെയാണ് അദ്ദേഹത്തിന്റെ സാഹിത്യയാത്രയും. വൈവിദ്ധ്യമാര്‍ന്ന പ്രമേയങ്ങള്‍ കൊണ്ട് സംപുഷ്ടമാണ് അക്ഷരത്താഴിന്റെ നഷ്ടപ്പെട്ട ചാവികള്‍ എന്ന കൃതി.

അക്ഷരത്താഴിന്റെ നഷ്ടപ്പെട്ട താക്കോലുകള്‍തേടി സുപ്രസിദ്ധ നിരൂപകന്‍ ശ്രീ. സുധീര്‍ പണിക്കവീട്ടില്‍ പുറപ്പെട്ടപ്പോള്‍, അല്പം കുസൃതിബുദ്ധിയുള്ള ഒരു എളുപ്പവിദ്യ എനിക്ക് തോന്നി; കള്ളത്താക്കോലിട്ട് ഈ അക്ഷരത്താഴൊന്ന് തുറന്നാലോ എന്ന്. എന്റെ മനസ്സ് ഉടനെ മന്ത്രിച്ചു: “നടക്കുലാമോനേ; ഈ താഴ് നല്ല കടുകട്ടിയുള്ളതാ
ണേ,” എന്ന്. എങ്കിലും, ഒന്ന് ശ്രമിച്ചു നോക്കാമെന്ന് നിനച്ചു.

ശീര്‍ഷകത്തെപ്പറ്റി: മുന്‍പ് സൂചിപ്പിച്ചപോലെ, “ഉദരനിമിത്തം ബഹുകൃതവേഷം” ചമയേണ്ടി വന്ന പ്രൊഫസ്സര്‍ ജന്മഭൂമിവിട്ട വെറും ഒരു ദേശാടനക്കാരനല്ലാതിരുന്നതിനാല്‍ തന്റെ സാഹിത്യ
സമ്പാദ്യങ്ങളെല്ലാം സൂക്ഷിച്ചുവെച്ചിരുന്ന പെട്ടിയുടെ പൂട്ടിന്റെ താക്കോല്‍ തന്റെ അലച്ചിലിനിടയില്‍ നഷ്ടപ്പെട്ടതാണോ?
“കവിതക്കളം” എന്ന ലഘു ആമുഖത്തില്‍ കവി സൂചിപ്പിക്കുന്നുണ്ട്: “അറുപതുകളില്‍ എഴുതിയ പലതും അടങ്ങിയ പുസ്തകം, തറവാട്ടിലെ കുട്ടികള്‍, ഞാന്‍ നാടുവിട്ടപ്പോള്‍ കന്യകളായി കിടന്ന അവസാനതാളുകള്‍, 'പലവക'യ്ക്കായി ഉപയോഗിച്ച് ഉപേക്ഷിക്കപ്പെട്ടു” എന്ന്. അതല്ല, ബാല്യകാലത്ത് നാട്ടില്‍നിന്ന് തുടങ്ങിയ സാഹിത്യവാസനയെന്ന താഴിന്റെ താക്കോല്‍ ജീവിതസന്ധാരണത്തിനുള്ള ഓട്ടപ്പാച്ചിലിനിടയില്‍ എവിടെയോ മറന്നുവെച്ചത് തേടിയുള്ള ഒരു യാത്രയുടെ ഭാഗമാണോ അക്ഷരത്താഴിന്റെ നഷ്ടപ്പെട്ട ചാവികള്‍?

ഗ്രന്ഥരൂപത്തിലെ പുതുമ:
ഗവേഷകനായ ഗ്രന്ഥകര്‍ത്താവ് പ്രമേയത്തോടൊപ്പം തന്നെ പുസ്തകത്തിന്റെ കെട്ടിലും മട്ടിലും ചില പുതുമ വരുത്തിയിട്ടുള്ളത് ശ്രദ്ധിച്ചുനോക്കിയാല്‍ കാണാന്‍ സാധിക്കും. “രാഷ്ട്രഭാഷ മാതൃഭാഷയെ വിഴുങ്ങുമ്പോഴും ലോകഭാഷ മാതൃഭാഷയെ വിഴുങ്ങുമ്പോഴും മാതൃഭാഷക്കാര്‍ ഒഴുക്കിനെതിരെ നീന്തുന്നു!” എന്ന “കെ.യുടെ വചനങ്ങ“ളോടെയാണ് ഈ കവിതാസമാഹാരത്തിന് ഹരിശ്രീ കുറിക്കുന്നത് തന്നെ, ഉള്ളടക്കം എന്ന പതിവിന്‍പടിയുള്ള രൂപത്തിന്റെ ഉള്ള് 'അടക്കം' ചെയ്യാതെ തന്നെ, “ഉള്ളിലിരുപ്പ്” എന്ന പുതുമയാര്‍ന്ന നാമകരണം 'ഉള്ളി'ലെ ഇരുപ്പ് എന്തൊക്കെയെന്ന് വെളിപ്പെടുത്തുന്നു. ടിപ്പണിക്കവിതയും (p114) ഹൃദയാകൃതിയില്‍ സംവിധാനം ചെയ്ത തര്‍ജ്ജമക്കവിതയും(p112) “സൂചികയ്ക്കുപകരം” എന്ന പുതിയ സൂചികയും ഒരു ഗവേഷകന്റെ സ്വതന്ത്രചിന്തയെ അനാവരണം ചെയ്യുന്നതായി കാണാം.

ഇനി അല്പം “ഉള്ളിലിരുപ്പി“നെക്കുറിച്ച്:
നൂറ്റിപതിനഞ്ച് പുറങ്ങളിലായി ഉള്ള അറുപത്തേഴ് കവിതകളേയും കുറിച്ച് പ്രതിപാദിക്കാന്‍ പരിമിതികള്‍ അനുവദിക്കുന്നില്ല. എങ്കിലും കള്ളത്താക്കോല്‍ കൊണ്ട് അല്പമെങ്കിലും തുറക്കാമോ എന്നു നോക്കിക്കളയാം. ടയിംസ് സ്‌ക്വയറിലെ ഉപേദേശി എന്ന ആദ്യ കവിത വിശ്വപ്രസിദ്ധമായ ടയിംസ് സ്‌ക്വയര്‍ അപരിചിതരായവര്‍ക്ക് സംക്ഷിപ്തമായി പരിചയപ്പെടാന്‍ കഴിയുന്നതോടൊപ്പം തന്നെ; ജീവവചസ്സുകള്‍ ഉള്‍ക്കൊള്ളുന്ന ബഹുഭാഷാ ലഘുലേഖകള്‍ തൂത്തുവാരുന്നവരുടെ കുറ്റിച്ചൂലിഴകളില്‍ ഒടുങ്ങുന്ന ദയനീയ ചിത്രവും നിരൂപിക്കാന്‍ പറ്റുന്നു. ഒരു പുള്ളിപുലിക്ക് സ്വന്തം വര്‍ണ്ണം ഒളിപ്പിച്ചുവെക്കാന്‍ കഴിയാത്തതുപോലെ, പലകവിതകളിലും വായനക്കാര്‍ക്ക് ശാസ്ത്രീയ സാങ്കേതിക പൊതുവിജ്ഞാനം പകര്‍ന്നു തരുന്നതില്‍ കവിയിലെ ശാസ്ത്രജ്ഞര്‍ ഇടക്കിടെ തലകാണിക്കുന്നുണ്ട് "കണ്ണോകാതോ" എന്ന കവിതയില്‍ "കണ്ടചീത്തകേള്‍ക്കാതിരിക്കാനും, കേട്ട ചീത്തകാണാതിരിക്കാനും"…മൂക്കുകൊണ്ട് വഴി നടക്കാന്‍ അനുവാദത്തിരിനല്കുക എന്ന ഒരു കുറ്റവാളി രാജാവിനോടപേക്ഷിക്കുന്നതില്‍ ദാര്‍ശനികത മുറ്റിനില്‍ക്കുന്നു. വരികള്‍ക്കിടയില്‍ പലതും വായിക്കാന്‍ വായനക്കാരന് വിട്ടുകൊടുക്കുകയും ചെയ്യുന്നുണ്ട് പലയിടങ്ങളില്‍. തിരുത്ത് എന്ന കവിതയില്‍ കരടുവായനയുടേയും തിരുത്തിന്റേയും ആവശ്യകത വ്യംഗ്യന്തരേണ അവതരിപ്പിച്ചിരിക്കുന്നത് ഇങ്ങിനെ: ഏകത്വത്തില്‍ ഭിന്നതയും നാനാത്വത്തിന്നേകതയും തിരുത്തില്‍ കരുത്തേറ്റ് വിചിത്ര തുരുത്താകും(p17), ആലത്തൂര്‍ കാക്കയില്‍(p19), ആശിച്ചാശിച്ചു കാലക്ഷേപം കഴിക്കുന്നവരെ, “നൈവേദ്യത്തിന്നൂഴംകാക്കും ആലത്തൂര്‍ കാക്കയുമായി കവി ഉപമിച്ചിരിക്കുന്നു.

“പഴമവര്‍ക്കി“യിലൂടെ കേരളത്തിലെ പട്ടണപ്രാന്തങ്ങളുടെ വിചിത്രചിത്രം ഗൃഹാതുരത്വത്തനിമയോടെ നമുക്ക് കിട്ടുന്നു. “പത്രമുണ്ടോ പത്രം” എന്ന വര്‍ക്കിയുടെ കൂക്കു വിളിയും, പഴയറാത്തല്‍ തുലാസ്സും പഴയവര്‍ത്തമാനക്കടല്ലാസ്സു വ്യാപാരിയായ വര്‍ക്കിയെപ്പോലുള്ള കേരളത്തിലെ സാധാരണക്കാരന്റെ പത്രപാരായണത്തിനുള്ള വാഞ്ചയും, പഴമയുടെ പ്രതീകങ്ങള്‍ കാലഹരണപ്പെടുമ്പോഴുള്ള നൊമ്പരങ്ങളും മറ്റു പഴമവര്‍ക്കിയില്‍ സുന്ദരമായി പ്രതിപാദിച്ചിരിക്കുന്നു.(p23-24)

“കാലത്തിന്‍ ശൂന്യതയുള്‍ക്കൊണ്ട്
അട്ടിയായുരും കംപ്യൂട്ടര്‍കടലാസ്സുകല്‍
അക്കവും അക്ഷരവും കൂട്ടിക്കലര്‍ത്തി
അയാളെ പുച്ഛിച്ചുകണക്കുക്കൂട്ടി.”

കാലം വരുത്തിക്കൂട്ടുന്ന വിസ്മയം, അല്ലേ? കൃതിയുടെ പുറംചട്ടയില്‍ ശ്രീ. ഈ.എസ്സ്.ഐ.തിലകന്‍ എഴുതിയപോലെ, പത്രക്കടലാസ്സുകള്‍ വായിച്ച് സ്യൂഡോ ബുദ്ധിജീവിയായിത്തീര്‍ന്നു പഴമവര്‍ക്കിയെ കുഞ്ഞാപ്പു ഇടിച്ചുകയറ്റി. ശരിക്കും അതൊരു ഇടിവെട്ടായിരുന്നു. വളരെ ശരിയാണ് ഈ പ്രസ്താവന.
കവിയുടെ ശാസ്ത്രപരിജ്ഞാനംപോലെ തന്നെ സംഗീതത്തിലുമുള്ള വിജ്ഞാനം, “സംഗീതുപി” ഇത്യാദികവിതകളില്‍ മുഴച്ചുനില്‍ക്കുന്നതായി കാണാം, പ്രമേയം സംഗീത സംബന്ധിയല്ലെങ്കില്‍ കൂടി. കൂടാതെ, ഇദ്ദേഹത്തിന്റെ സംഗീതാവഗാഹം എടുത്തുപറയേണ്ട വസ്തുതയാണ്. തന്മൂലം, ഒട്ടുമിക്ക കവിതകളിലും ഒരു ഈണവും താളവും ലയിച്ചുചേര്‍ന്നതായിതോന്നും.

കവിയുടെ മതേതര ദര്‍ശനവും ഭാരതീയചരിത്രാവബോധവും ഭാഷാസ്‌നേഹവും എല്ലാം ഭാഷാപഠനം എന്ന കവിതയില്‍ ഭംഗിയായി വര്‍ണ്ണിച്ചിരിക്കുന്നത് ശ്രദ്ധിക്കൂ(p36)

"മുഗുളനും ഹിന്ദുവും ഇണചേര്‍ന്ന സംസ്‌കൃതി
ഗോപുരക്കോട്ടയായ് ചക്രവാളത്തില്‍
ഭാഷയ്ക്കു മാധുര്യതേന്‍നിലാചാര്‍ത്തുന്ന
സംഗീത സ്വാരസ്യം സംശ്ലേഷണം ചെയ്യും.
ആവര്‍ത്തനത്തിന്‍ വിചിത്രമാം പട്ടിക
പരിവര്‍ത്തനത്തിന്‍ മുലപ്പാല്‍ നുകര്‍ന്ന്
വാക്കും വീര്യവും വ്യാകരണത്തിരുത്തില്‍
വസ്ത്രാക്ഷേപനാടകം പുനരാടുന്നു
മസ്തിഷ്‌ക്കക്കോശപ്പഴക്കപ്പുരാണത്തില്‍
നിശ്ചലദൃശ്യപ്രപഞ്ചം ജനിക്കുന്നു
എല്ലാം മറന്നിട്ടും ബഹുഭാഷാസാഗരേ
അമ്മയെന്ന ലളിതപദം മാത്രം തിളങ്ങും”.

മറ്റൊരു വിധത്തില്‍ മഹാകവി വള്ളത്തോളും പാടിയതിതുതന്നെയല്ലേ?
“മിണ്ടിത്തുടങ്ങാന്‍ ശ്രമിക്കുന്ന പിഞ്ചിളം ചുണ്ടില്‍ അമ്മയെന്നുള്ള
രണ്ടക്ഷരമല്ലയോ സമ്മേളിച്ചീടുന്നതൊന്നാമതായ്.
മറ്റുള്ളഭാഷകള്‍ കേവലം ധാത്രിമാര്‍
മര്‍ത്യനുപെറ്റമ്മ തന്‍ഭാഷ താന്‍”

വയറ്റുപിഴപ്പിനായി "ദൈവത്തിന്റെ സ്വന്തംനാട്" വിടേണ്ടിവരുന്ന മലയാളികളുടെ ഗതികേട് നര്‍മ്മോക്തിയോടെ കവി നഗരപര്‍വ്വത്തില്‍ (p37) വിവരിക്കുന്നത് ഇപ്രകാരം:
“ചേരരാജ്യത്തെ ചെളിക്കുണ്ട് വിട്ടുനീ
ചേക്കേറി ഈ സ്വപ്നഭൂവില്‍”
"ആമയുടെ ഹൃദയം "എന്ന കവിതയില്‍ (p32) അന്ധമായ മതാനുഷ്ഠാനങ്ങള്‍ക്കുനേര്‍ക്ക് കവികൂരമ്പയക്കുന്നത് നോക്കൂ: “മാസം വര്‍ജ്ജ്യമെങ്കില്‍, കൂര്‍മ്മം പഥ്യം.” അറിവുകള്‍ എന്ന കവിതയില്‍ മനുഷ്യരുടെ ധിഷണാ ചാതുര്യത്തെ ഭംഗ്യന്തരേണ കവി ഇങ്ങനെ വേര്‍തിരിക്കുന്നു.(p35)

"നാട്ടറിവും കേട്ടറിവും
കണ്ടറിവും തിരിച്ചറിവും
കൊണ്ടറിവും കുഞ്ഞറിവും
ജസാര്‍ജ്ജിത കര്‍മ്മാര്‍ജ്ജിര
വികല്പ വികടജ്ഞാനവും.
തിമിരം തീര്‍ത്ത
കാലുകൊടുത്ത
കാചം നോക്കി ഉരുവിട്ടു
റിവിന്‍ കനി ഭക്ഷിച്ച്
റിവിന്‍ ഖനി നിര്‍മ്മിച്ച്"

"തിരുത്തിലും" (p17) "ചോദ്യപരിണാമത്തിലും" (p45) അക്ഷത്താഴിന്റെ സവിശേഷവുമായി കവി ബന്ധിപ്പിക്കുന്നതായി തോന്നി.

“ആലിലയി, ലരക്കച്ചതീര്‍ക്കും വാഗീശ്വരി
അക്ഷരക്കള്ളത്താഴിന്നടിത്തറ തീര്‍ത്തിടും”(p17)
ചോദ്യമെറിയലാണേറെക്കടുപ്പ-
മെന്നോര്‍ത്തു വിയര്‍ത്ത ജിജ്ഞാസയില്‍,
ഉത്തരപ്പൂട്ടു തുറന്നുകുരമ്പിന്‍ വികിരണം(p45)
അഷ്ടദിക്കും തുരന്നുപടര്‍ന്ന്
അതിന്നുല്‍കൃഷ്ട രശ്മിയില്‍ കണ്ണുചിമ്മി
പലായന വാദപ്പൊരുള്‍തേടും ശൈശവം.
പ്രാസനിബന്ധതയോടും ക്ലിഷ്ടപദാസക്തിയോടും പ്രതിപത്തിപുലര്‍ത്തുന്ന പ്രൊഫസ്സര്‍ നിരൂപണത്തെ നിര്‍വ്വചിക്കുന്നത് ശ്രദ്ധിച്ചാല്‍ അത് പ്രകടമാകും.

“ഖ
ണ്ഡനമായാലും, മണ്ഡനമായാലും സുഹൃത്തെ, നിരൂപണത്തിന്റെ ആന്തരികശക്തി കുടികൊള്ളുന്നത് ആ നാലാക്ഷരിയില്‍ തന്നെ , അതിന്നന്തിമ ലക്ഷ്യം 'പണം'….
വിശാലാര്‍ത്ഥത്തില്‍ എല്ലായിടത്തും എല്ലാക്കാലവും
അതിന്റെ ആദ്യാന്തങ്ങള്‍ എഴുത്തുകാരന്റെ 'നിണം'(p106) 'ഗൈഡ്'(p107) കവിയുടെ വ്യാകരണപാണ്ഢിത്യം വിളിച്ചോതുന്നു.

"യ" യും "ക"യും ചേരും കൂട്ടക്ഷരവടിവിന്‍
ആന്തരാര്‍ത്ഥം തിരയും ഉപനിഷാദിനിയെ
സാന്ത്വനം ചെയ്യാന്‍ പടച്ചേന്‍ ഈ കൃതി
കയ്ക്കുന്ന കായും കക്കുന്ന കള്ളാ
വ്യാകരണം പഠിപ്പിക്കാന്‍ സരളവും സാഹ്യപുഷ്ടവുമായ മറുമാര്‍ഗ്ഗം എന്തുള്ളൂ.?

പ്രശസ്ത സാഹിത്യകാരനും ശാസ്ത്രജ്ഞനുമായ ശ്രീ.സി.രാധാകൃഷ്ണനെ ഉദ്ധരിക്കാതെ,
പൂര്‍ണ്ണമായ ഈ ആസ്വാദനം പൂര്‍ണ്ണതയുടെ പടിവാതില്‍ക്കലെത്തില്ല. ജോയ് ടി. കുഞ്ഞാപ്പുവിന്റെ ഈ കവിതകള്‍ ദാര്‍ശനികതയുടെ അടിപ്പാറയില്‍പടുത്ത നര്‍മ്മത്തിന്റെ പുതുസൗധമാണ്. മലയാള ഭാഷയുടെ എല്ലാ താളഭാവധ്വനി സാദ്ധ്യതകളും നല്ല കൈവിരുതോടെ ഈ നിര്‍മ്മിതിയില്‍ ഉപയോഗിച്ചിരിക്കുന്നു. ഗ്രന്ഥകാരനും ചിന്തകനുമായ ഡോ.ഏ.കെ.ബി.പിള്ള വിശേഷിപ്പിക്കുന്നു. "കഥാപാത്രങ്ങളിലൂടെയും സ്ഥലകാല സന്ദര്‍ഭങ്ങളിലൂടെയും ചിത്രീകരണങ്ങള്‍ അടങ്ങിയ ഹൃദ്യമായ കവിതകള്‍."

പണ്ട് ഞങ്ങളുടെ കുട്ടിക്കാലത്ത് 'കാശിക്കുടക്ക' എന്ന ഒരു ഏര്‍പ്പാട് ഉണ്ടായിരുന്നു. ചില്ലിക്കാശുകള്‍ വീണ് കുന്നുകൂടി അതൊരു നിക്ഷേപമായിമാറുമ്പോള്‍ സൂക്ഷിക്കാന്‍ പേടകവും താഴും ആവശ്യമായി വരുന്നു. അതുപോലെ, എഴുപതുകളില്‍ തുടങ്ങിയ ഡോ.കുഞ്ഞാപ്പുവിന്റെ സാഹിതീസപര്യയും ഒരു നിക്ഷേപമായി വളര്‍ന്നുവികസിച്ചപ്പോള്‍ നിക്ഷേപിക്കാന്‍ ഒരു പുസ്ത
പ്പെട്ടിയും അക്ഷത്താഴും അനിവാര്യമായി അങ്ങിനെ കമനീയമായ ഈ മണിച്ചിത്രത്താഴ് ഭദ്രതയും കിലുകിലുക്കവുമുള്ള താക്കോല്‍ക്കൂട്ടത്തോടെ കൈരളീ സാഹിത്യത്തറവാട്ടില്‍ പരിലസിക്കട്ടെ എന്നാശംസിച്ചുകൊണ്ട് എന്റെ കള്ളത്താക്കോല്‍ ഇവിടെ ഉപേക്ഷിക്കട്ടെ.
ശുഭം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക