Image

ആത്മകഥയില്‍ ഈ കപ്പല്‍യാത്രയ്ക്ക് ഒരിടം: ത്രേസ്യാമ്മ തോമസ്‌ നാടാവളളില്‍

ത്രേസ്യാമ്മ തോമസ്‌ നാടാവളളില്‍ Published on 22 August, 2012
ആത്മകഥയില്‍ ഈ കപ്പല്‍യാത്രയ്ക്ക് ഒരിടം: ത്രേസ്യാമ്മ തോമസ്‌ നാടാവളളില്‍
നന്നേ ചെറുപ്പത്തില്‍ ഒരു വലിയ കപ്പലിന്റെ ഭാവന എന്നില്‍ ഉണര്‍ത്തിയത് എന്റെ അമ്മയാണ്. 'ടൈറ്റാനിക്കി'ന്റെ ദുരന്തവും അതിലെ ഒരു സംഭവവും ഇന്നും എന്റെ ഓര്‍മ്മയിലുണ്ട്, ലൈഫ് ബോട്ടിലേക്ക് മകനെ കയറ്റിവിട്ടിട്ട് മരണത്തിലേക്ക് വഴുതിപ്പോയ ഒരമ്മയുടെ കഥ. പിന്നീട്  ടൈറ്റാനിക്ക്  എന്ന സിനിമ എന്റെ കപ്പല്‍ ഭാവനകളെ വിപുലപ്പെടുത്തി ഇപ്പോള്‍ 'കാര്‍ണിവല്‍ ഗ്ലോറി' എന്ന ആഢംബര കപ്പല്‍ എന്റെ ഭാവനകളെ യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നു.

ഫോമായുടെ നേതൃത്വത്തില്‍ 'കാര്‍ണിവല്‍ ഗ്ലോറി'യില്‍ അരങ്ങേറിയ ആറു ദിവസത്തെ യാത്ര (ഓഗസ്റ്റ് ഒന്നു മുതല്‍ 6വരെ)യില്‍ മലയാളികളായ സഹയാത്രികര്‍ 1200 പേര്‍, അതിലധികം യാത്രികര്‍ വേറയും. കപ്പല്‍ ജോലിക്കാര്‍ 1700 പേര്‍. എല്ലാം കൂടി 5000ത്തോളം ആളുകള്‍ ! സെക്യൂരിറ്റി ചെക്ക്അപ്പും മറ്റുപരിശോധനകളും കഴിഞ്ഞ് ഞങ്ങള്‍ നേരേ പോയത് മുറിയിലേക്കാണ്. എല്ലാ സൗകര്യങ്ങളും ഉള്ള സുന്ദരമായ കൊച്ചു മുറി ഏഴാം നിലയില്‍ ഞങ്ങള്‍ക്കുവേണ്ടി ഒരുക്കിയിരുന്നു. പിന്നെ ഒന്നു ഫ്രഷ് ആയി കേരളീയ വേഷം ധരിച്ച് ഉദ്ഘാടനയോഗത്തിന്റെ തിരക്കിലേക്കു പോയി. ഉദ്ഘാടനയോഗവും സമാപന സമ്മേളനവും ഫോമയുടെ പ്രൗഢിയും കൂട്ടായ്മയും വിളിച്ചോതുന്നതായിരുന്നു.

വൈകീട്ട് വിഭവസമൃദ്ധമായ അത്താഴം കഴിഞ്ഞ് ഞങ്ങള്‍ പതിനൊന്നാം നിലയിലേക്കു പോയി. അവിടെ നിന്ന് കോണികയറി ഏറ്റവും മുകളിലത്തെത്തട്ടില്‍. പുതിയ ഒരു ലോകത്ത് എത്തിപ്പെട്ടപോലെ. തിരമാലകളെ കീറിമുറിച്ച് പതിയെ നീങ്ങന്ന വലിയൊരു യാനപാത്രം. 25 മൈല്‍ ഒരു വേഗതയായിരുന്നില്ല. ദിവസവും 75,80 മൈല്‍ വേഗതയില്‍ കാര്‍ യാത്രചെയ്യുന്നവര്‍ക്ക് അങ്ങനെ തോന്നുക സ്വാഭാവികം. മുകളില്‍ രണ്ടുനക്ഷത്രകുരുന്നുകളെയും പൂര്‍ണമാകാത്ത ചന്ദ്രനെയും സാക്ഷിയാക്കി ചുറ്റുമുള്ള ആഴക്കടലിനെ ഞാന്‍ നോക്കിനിന്നു. കപ്പലിന്റെ ഏറ്റവും മുന്നില്‍ പോയിനിന്ന് ഞാനും സമുദ്രവും മാത്രമായ ഒരേകാന്തത അനുഭവിക്കാന്‍ കഴിയാത്തതിലുള്ള ഒരു കുണ്ഠിതം ഇപ്പോഴും കൂടെയുണ്ട്.

150 പേര്‍ വീതം കൊള്ളുന്ന മുപ്പതോളം ലൈഫ് ബോട്ടുകള്‍ ഇരുവശത്തുമായി ഈ കപ്പല്‍ വഹിച്ചിരുന്നു. ഒരു ആപത്തുണ്ടായാല്‍ പോലും ഭയപ്പെടാനില്ലെന്ന് ഈ ബോട്ടുകള്‍ നമ്മെ ഓര്‍മ്മിപ്പിക്കും.

വിവിധ സമ്മേളനങ്ങള്‍, കാലാകായിക മത്സരങ്ങള്‍, തിരഞ്ഞെടുപ്പുകള്‍, കോമഡിഷോകള്‍, ചിരിയരങ്ങ് തുടങ്ങി വിവിധ പരിപാടികളോടെ ഓരോ ദിവസവും മുന്നോട്ടു നീങ്ങി. ബോറടിക്കാന്‍ വകനല്‍കാതെ നാളുകളുടെ നീളം ചുരുങ്ങി വന്നു.

എന്നെ ആകര്‍ഷിച്ചതും എനിക്കു സംസാരിക്കാന്‍ അവസരം ലഭിച്ചതുമായ ചില സമ്മേളനങ്ങളെ രുചിഭേദങ്ങളോടെ ആസ്വദിക്കുവാന്‍ സാധിച്ചു.

സാഹിത്യസമ്മേളനം ആശയത്തിന്റെ പുതുമകൊണ്ടും അവതരണത്തിന്റെ മികവുകൊണ്ടും ശ്രദ്ധേയമായി. ബ്യൂറോക്രസിയുടെ അകത്തളങ്ങളിലേക്കു വെളിച്ചം വീശുന്ന മലയാള സാഹിത്യകൃതികളെക്കുറിച്ചുള്ള, അവലോകനം ഒരു നല്ല സദസ്സിനു മുന്‍പില്‍ അവതരിപ്പിക്കപ്പെട്ടു.

വിമന്‍സ് ഫോറം സിംപോസിയത്തിനു വിഷയം ageing gracefully എന്നതായിരുന്നു. മധ്യവയസ്സ് കഴിഞ്ഞ് വാര്‍ദ്ധക്യത്തിലേക്കുള്ള പടി ചവിട്ടുമ്പോള്‍ നേരിടുന്ന വെല്ലുവിളികള്‍ ചര്‍ച്ചാ വിഷയമായി.
ശരീരത്തിന്റെ ആരോഗ്യം മനസ്സിന്റെ ഉന്മേഷം എന്നിവയോടൊപ്പം ക്രിയാത്മകമായ പ്രവര്‍ത്തനങ്ങളും അനിവാര്യഘടകമാണെന്ന് സിംപോസിയം വിലയിരുത്തി. മാനസികമായ ഉന്മേഷം കൈവരിക്കുന്നതിനെക്കുറിച്ചാണ് ഞാന്‍ സംസാരിച്ചത്.

മതസൗഹാര്‍ദ്ദ സമ്മേളനത്തില്‍; ഏറ്റവും അധികം മതസൗഹാര്‍ദ്ദം നിലനില്ക്കുന്നത് കേരളത്തിലാണെന്നും ഫോമപോലുള്ള സംഘടനകള്‍ മതസൗഹാര്‍ദ്ദം കാത്തുസൂക്ഷിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെട്ടു.

അശ്ലീലത്തിന്റെ അതിപ്രസരം കൊണ്ട് ഫോമാ ചിരിയരങ്ങ് വേദിതകര്‍ക്കുമ്പോള്‍ അശ്ലീലത്തിന്റെ ലാഞ്ചന പോലുമില്ലാതെ ചിരിച്ചു തകര്‍ക്കാമെന്ന് ഈയിടെ നടന്ന മലങ്കര കണ്‍വന്‍ഷനിലെ ചിരിയരങ്ങു കാട്ടിത്തന്നു.

ബെസ്റ്റ് കപ്പിള്‍ മത്സരം, കോമഡിഷോകള്‍ തുടങ്ങിയവ ഏവര്‍ക്കും ഹരം പകര്‍ന്നവയായിരുന്നു.

ഡോ.ബാബു പോള്‍, മുന്‍ അംബാസിഡര്‍ ടി.പി. ശ്രീനിവാസന്‍, ഡോ.എം.വി.പിള്ള തുടങ്ങിയവര്‍ക്ക് മിക്ക സമ്മേളനങ്ങളും അവരുടെ വ്യക്തിപ്രഭാവത്താല്‍ ആകര്‍ഷകമാക്കാന്‍ കഴിഞ്ഞു. ഫോമാ ഭാരവാഹികളായ ബേബി ഊരാളില്‍, ബിനോയി തോമസ്, ഷാജി എഡ്വേര്‍ഡ്, 
സണ്ണി പൌലൊസ് തുടങ്ങിയവരുടെ കഠിനാധ്വാനം, സൗമ്യത എന്നിവയാല്‍ എല്ലാവരുടെയും സ്‌നേഹാദരങ്ങള്‍ പിടിച്ചു പറ്റി.

സമ്മേളന സ്ഥലങ്ങള്‍ തിരക്കിനടന്നവര്‍, കൂടെ നടന്നവരെ കൈവിട്ടുപോയര്‍, പ്രണയിനിയെയും കൊണ്ട്, കഴിഞ്ഞ ഇടങ്ങള്‍ തേടിപ്പോയവര്‍, കുടിച്ചു ലക്കില്ലാതായവര്‍ ഒക്കെ ഇതില്‍ കാണാതിരിക്കാന്‍ തരമില്ല, കാരണം അതൊരു കൊച്ചു പട്ടണത്തിന്റെ പ്രതീതി ജനിപ്പിച്ചു. ചലിക്കുന്ന സുന്ദരമായ ഒരു
പട്ടണം. മലയാളികള്‍ അവരുടെ സംസ്‌കാരം കാത്തുസൂക്ഷിക്കാന്‍ ശ്രദ്ധിച്ചിരുന്നു.

കപ്പലില്‍ വച്ച് യാത്രയുടെ ആരംഭത്തില്‍തന്നെ ഒരു വിവാഹവും നടന്നു. മൂന്നു മക്കളുടെ പിതാവും രണ്ടു മക്കളുടെ അമ്മയും കൂടിചേര്‍ന്ന വിവാഹം. കപ്പിത്താന്റെ പ്രധാന കാര്‍മ്മികത്വത്തില്‍ പാസ്റ്ററിന്റെ പ്രാര്‍ത്ഥനയോടെ അവര്‍ മോതിരം കൈമാറി വിവാഹ ഉടമ്പടിയില്‍ ഒപ്പുവെച്ചു. പ്രായം മറന്ന് മധുവിധു ലഹരിയില്‍ അവര്‍ അവിടെയൊക്കെ പാറി നടക്കുന്നുണ്ടായിരുന്നു.

ന്യൂയോര്‍ക്കില്‍ നിന്നു പുറപ്പെട്ട് മൂന്നാം ദിവസം കപ്പല്‍ കാനഡയിലെ സെന്റ് ജോണ്‍സില്‍ നങ്കൂരമിട്ടു. അവിടെ ഞങ്ങള്‍ ഗ്രൂപ്പുകളായി തിരിഞ്ഞ് അതിന്റെ അതിരുകളിലേക്കു പോയി. ഞങ്ങള്‍ നദിയുടെ ഓരം ചേര്‍ന്നുനടന്നു. ലാബ്രഡോറും ഗള്‍ഫ്സ്ട്രീമും(ശൈത്യജലപ്രവാഹവും ഉഷ്ണജലപ്രവാഹവും)കൂടി സന്ധിക്കുമ്പോള്‍ ഉണ്ടാകുന്ന മൂടല്‍ മഞ്ഞില്‍ ഞങ്ങളും അലിഞ്ഞുചേര്‍ന്നു. കാര്‍ണിവല്‍ ഗ്ലോറി എന്ന സുന്ദരി അകലെ മൂടല്‍ മഞ്ഞില്‍ മയങ്ങികിടന്നു, കാമുകന്റെ കരസ്പര്‍ശം ആഗ്രഹിക്കുന്ന കാമുകിയെ പോലെ. കവിതയുടെ ചിലവരികള്‍ മനസ്സില്‍ സൂക്ഷിച്ചുകൊണ്ട് അവിടെ നിന്നും തിരിച്ചു കപ്പലിലേക്ക് പോയി.

നാലാം ദിവസം കാനഡയിലെ ഹാലിഫാക്‌സില്‍ എത്തി. അവിടെയും ഗ്രൂപ്പുകളായി തിരിഞ്ഞ് ഞങ്ങള്‍ ചിതറി നടന്നു. കുന്നുകളും താഴ് വരകളും കൊണ്ട സമൃദ്ധമായ ആ സ്ഥലത്ത് കുറച്ചു സമയം ചെലവഴിച്ചു. ഉച്ചഭക്ഷണത്തിനും സമ്മേളനത്തിനുമായി കപ്പലിലേക്കു മടങ്ങി.

ക്യാപ്റ്റന്‍സ് കോക്‌ടെയില്‍ പാര്‍ട്ടികള്‍, കോണ്ടിനെന്റല്‍ ഭക്ഷണങ്ങള്‍, ആഢംബരപൂര്‍ണമായ ഡിന്നര്‍ രാത്രികള്‍ തുടങ്ങി സുഭിക്ഷമായ ഒരു ഭക്ഷണക്രമം എന്നും അതില്‍ ഒരുക്കിയിരുന്നു. സിമ്മിംഗ് പൂളുകള്, തിയറ്റുകള്‍ തുടങ്ങിയവയും ആകര്‍ഷകങ്ങളായിരുന്നു.

ആറാം തീയതി രാവിലെ ന്യൂയോര്‍ക്കില്‍ എത്തിയപ്പോള്‍ ഞങ്ങളുടെ യാത്ര അവസാനിക്കുകയായിരുന്നു.
ആത്മകഥയില്‍ ഈ കപ്പല്‍യാത്രയ്ക്ക് ഒരിടം ഉണ്ടായിരിക്കുന്നു. ക്ഷീണം എന്തെന്നറിയാതെ അഞ്ചു ദിവസം! ആ യാനപാത്രത്തില്‍ ഞങ്ങളുടെ യാത്ര സന്തോഷപ്രദമായിരുന്നു. ഈശ്വരന്റെ കരുണ അ
ന്തമായിരുന്നു!.
ആത്മകഥയില്‍ ഈ കപ്പല്‍യാത്രയ്ക്ക് ഒരിടം: ത്രേസ്യാമ്മ തോമസ്‌ നാടാവളളില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക