Image

സമൂഹവും, സാംസ്‌കാരികതയും, കലയും അരാഷ്‌ട്രീയ വല്‍കരിക്കപ്പെടുമ്പോള്‍...

Published on 22 August, 2012
സമൂഹവും, സാംസ്‌കാരികതയും, കലയും അരാഷ്‌ട്രീയ വല്‍കരിക്കപ്പെടുമ്പോള്‍...
(കോതമംഗലത്ത്‌ ദിവസങ്ങള്‍ക്ക്‌ മുമ്പ്‌ നടന്ന നഴ്‌സുമാരുടെ സമരത്തെ കേരളീയ പൊതു സമൂഹം അരാഷ്‌ട്രീയ ബുദ്ധിയോടെ നോക്കിക്കണ്ടുവെന്നും, അത്‌ കലാകേരളത്തിന്റെയും സാംസ്‌കാരിക കേരളത്തിന്റെയും മൂല്യച്യുതിയാണെന്നും നിരീക്ഷിക്കുന്ന ലേഖനം)

തിരിച്ചുവരാന്‍ കഴിയാത്ത വിധം സാംസ്‌കാരിക കലാ കേരളം ഉള്‍പ്പെടുന്ന പൊതു മലയാളി സമൂഹം അരാഷ്‌ട്രിയവല്‍കരിക്കപ്പെടുകയാണോ എന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു. പുരോഗമന രാഷ്‌ട്രീയ പ്രവര്‍ത്തനങ്ങളുടെയും കലാപ്രവര്‍ത്തനത്തിന്റെയും സാക്ഷരതയുടെയുമൊക്കെ ഈറ്റില്ലമെന്ന്‌ അഭിമാനം കൊണ്ടിരുന്ന കേരളീയ സമൂഹം നമുക്കിടയിലെ ജനകീയ സമരങ്ങളെ നോക്കിക്കാണുന്ന രീതി നിരീക്ഷിക്കുമ്പോഴാണ്‌ ഈ സംശയം ഉണ്ടാകുന്നത്‌. അരാഷ്‌ട്രീയവല്‍കരിക്കപ്പെടുക മാത്രമല്ല ആത്മാഭിമാനം നഷ്‌ടപ്പെട്ട അവസ്ഥയിലേക്ക്‌ തരംതാണു പോവുകയും ചെയ്‌തിരിക്കുന്നു കേരളീയ സമൂഹം എന്ന്‌ നിരീക്ഷിക്കേണ്ടതുണ്ട്‌.

ഇതിന്‌ ബലം നല്‍കുന്ന ചില സംഭവങ്ങള്‍ പോയ ദിവസങ്ങളില്‍ അരങ്ങേറുകയുണ്ടായി. അതില്‍ പ്രധാനമാണ്‌ മാലാഖമാരുടെ വിപ്ലവം എന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന നഴ്‌സുമാരുടെ സമരം. കോതമംഗലം മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ ന്യായമായ ശബള വ്യവസ്ഥകളും തൊഴില്‍ സമയക്രമപ്പെടുത്തലും ആവിശ്യപ്പെട്ട്‌ നഴ്‌സുമാര്‍ നടത്തിയ സമരം ചാനലുകള്‍ വഴി രണ്ടു ദിവസമാണ്‌ കേരളം ഒരു `സംഭവം' പോലെ കണ്ടുകൊണ്ടിരുന്നത്‌. സ്വാതന്ത്രദിനത്തിലും അതിനു തൊട്ടടുത്ത ദിവസുമായി നടന്ന ഈ സമരത്തില്‍ മൂന്ന്‌ നഴ്‌സുമാര്‍ കെട്ടിടത്തിനു മുകളില്‍ കയറി ആത്മഹത്യക്ക്‌ ശ്രമിച്ചുവെന്നത്‌ വലിയ വാര്‍ത്തയായി മാറിയിരുന്നു.

സമരത്തെ അനുകൂലിച്ച്‌ പ്രതിഷേധം നടത്തിയ ഒമ്പത്‌ പേരെ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തിട്ടുണ്ട്‌. സമരസഹായ സമതിക്കെതിരെ ഏഴ്‌ കേസുകളും രജിസ്‌ട്രര്‍ ചെയ്‌തിട്ടുണ്ട്‌. നിയമവാഴ്‌ച നടക്കുന്ന ഒരു ജനാധിപത്യരാജ്യത്ത്‌ ഏത്‌ സമരവും സമാധാനപരമായി തന്നെയാണ്‌ നടക്കേണ്ടത്‌. അതുകൊണ്ട്‌ ക്രമസമാധാന തകരാര്‍ കാണിച്ചവര്‍ക്കെതിരെയുള്ള നടപടികള്‍ സ്വഭാവികമായി കണക്കാക്കാം. പക്ഷെ സമരം ചെയ്‌ത നഴ്‌സുമാര്‍ക്കെതിരെയും നടപടിയെക്കാനുള്ള നീക്കം അണിയറയില്‍ നടക്കുന്നുവെന്നാണ്‌ പിന്നീട്‌ കേള്‍ക്കുന്ന വാര്‍ത്തകള്‍.

നഴ്‌സുമാര്‍ കെട്ടിടത്തിനു മുകളില്‍ കയറിയപ്പോള്‍ അത്‌ നമ്മുടെ മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായി 24 മണിക്കുറും തിളങ്ങി നിന്നു. രാഷ്‌ട്രീയ പാര്‍ട്ടികള്‍ കൂട്ടുമായും അല്ലാതെയും അവിടേക്ക്‌ ഇരച്ചെത്തി. ഇതിന്‌ പിന്നിലെ രാഷ്‌ട്രീയ ലാഭം എന്തെന്ന്‌ പ്രത്യേകിച്ച്‌ വ്യക്തമാക്കേണ്ടതില്ലല്ലോ. പക്ഷെ ഏറ്റവും ദയനീയമായി അനുഭവപ്പെട്ടത്‌ ഈ നഴ്‌സുമാരുടെ സമരം ചാനല്‍ കാഴ്‌ചകള്‍ക്കുമപ്പുറം ഒരു പ്രാദേശിക പ്രശ്‌നമായി ചുരുങ്ങിപ്പോയി എന്നതാണ്‌.

ആദ്യം വിചാരണ ചെയ്യേണ്ടത്‌ മാധ്യമ ലോകത്തെ തന്നെയാണ്‌. പ്രത്യേകിച്ചും ചാനല്‍ ലോകത്തെ. നഴ്‌സുമാര്‍ കെട്ടിടത്തിനു മുകളിലേക്ക്‌ കയറി നിന്നപ്പോഴും, വി.എസ്‌ അച്യുതാനന്ദന്‍ കോതമംഗലത്തേക്ക്‌ എത്തിയപ്പോഴുമാണ്‌ നമ്മുടെ `പ്രബുദ്ധരായ' ചാനല്‍ മാധ്യമങ്ങള്‍ക്ക്‌ ഈ സമരം ഒരു ഇന്‍ഡെപ്‌ത്‌ സ്റ്റോറിയായി മാറിയത്‌. അതുവരെ അവിടേക്ക്‌ കാമറകണ്ണുകള്‍ ചെന്നതേയില്ല.

ഇവിടെ വാര്‍ത്ത മാധ്യമങ്ങളുടെ കാര്യം വളരെ ദയനീയം തന്നെ. കാരണം നഴ്‌സുമാര്‍ ആത്മഹത്യാ ഭീഷണി മുഴക്കുന്ന എന്ന വില്‍പ്പന സാധ്യതയുള്ള വാര്‍ത്ത കണ്ടെത്തിയപ്പോഴാണ്‌ മാധ്യമങ്ങള്‍ ഇവിടേക്ക്‌ പറന്നെത്തിയത്‌. ഇവിടെ സ്വതന്ത്രദിനത്തില്‍ നടന്ന കോലാഹലങ്ങള്‍ക്കും മുമ്പ്‌, നഴ്‌സുമാര്‍ നടത്തിയ `114' ദിവസത്തെ ജനാധിപത്യമര്യാദകളെല്ലാം പാലിച്ചുകൊണ്ടുള്ള സമരം തിരസ്‌കരിക്കപ്പെട്ടിരിക്കുന്നു. ചാനല്‍ മാധ്യമങ്ങള്‍ക്ക്‌ അപ്പോഴത്‌ സാധ്യതയില്ലാത്ത വാര്‍ത്ത മാത്രമായിരുന്നു. ഈ 114 ദിവസം ഇവിടേക്ക്‌ എത്താതിരുന്ന മാധ്യമങ്ങളാണ്‌ വില്‍പ്പന സാധ്യതയുള്ള വാര്‍ത്തയിലേക്ക്‌ എത്തിയപ്പോള്‍ അവിടേക്ക്‌ കുതിച്ചെത്തിയത്‌. അപ്പോഴും അവരുടെ ശ്രദ്ധ വി.എസ്‌ അവിടേക്ക്‌ വരുന്നു എന്നതായിരുന്നു. അവിടെയും സി.പി.എമ്മിന്റെ ആഭ്യന്തര രാഷ്‌ട്രീയ പ്രശ്‌നത്തിലേക്ക്‌ എത്തിനോക്കാനുള്ള സാധ്യതയാണ്‌ ചാനലുകള്‍ തേടിയത്‌ എന്ന്‌ പറയാതെ വയ്യ. വി.എസ്‌ വന്നപ്പോള്‍, എന്തുകൊണ്ട്‌ പിണറായി വന്നില്ല, എന്തുകൊണ്ട്‌ വൈക്കം വിശ്വന്‍ മിണ്ടുന്നില്ല, സി.പി.ഐ വി.എസ്‌ പക്ഷത്താണോ തുടങ്ങിയ രാഷ്‌ട്രീയ ഗോസിപ്പുകള്‍ മേല്‍ക്കൈ നേടുകയും നഴ്‌സുമാരുടെ അതിജീവനത്തിനും തൊഴില്‍ സംരക്ഷണത്തിനും മാന്യമായ ശബളത്തിനും വേണ്ടിയുള്ള സമരം താഴെ നില്‍ക്കുകയും ചെയ്‌തു. എന്തുകൊണ്ടെന്നാല്‍ വി.എസ്‌ എത്തുമ്പോഴാണ്‌ വാര്‍ത്തക്ക്‌ സ്റ്റാര്‍ വാല്യു ഉണ്ടാകുന്നത്‌. വാര്‍ത്തകള്‍ പോലും സ്റ്റാര്‍ വാല്യു ഇനത്തിലേക്ക്‌ മാറിയിരിക്കുന്നു എന്ന്‌ കേരളീയ സമൂഹം തിരിച്ചറിയാതെ പോകുന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണിത്‌.

എന്നാല്‍ സമരം ചെയ്‌ത നഴ്‌സുമാരുടെ സമരവീര്യമോ അടിസ്ഥാന സമര കാരണങ്ങളോ സ്‌പെഷ്യല്‍ സ്റ്റോറികളായി വന്നില്ല എന്നത്‌ പ്രത്യേകം ശ്രദ്ധിക്കണം. അവര്‍ ചാനല്‍ ബൈറ്റുകളില്‍ മാത്രമായി ഒതുങ്ങി. ഇവിടെ ചര്‍ച്ചയാകേണ്ട, മാതൃകയാവേണ്ട ഒരു ജനകീയ സമര വിജയം വളച്ചൊടിക്കപ്പെടുക തന്നെയാണ്‌ ചെയ്‌തത്‌. പൊളിറ്റിക്കല്‍ പാര്‍ട്ടികളുടെ ഉള്‍പ്പാര്‍ട്ടി രാഷ്‌ട്രീയ പ്രശ്‌നം കൈകാര്യം ചെയ്യുന്ന ഗോസിപ്പുകോളങ്ങളാണ്‌ ഇപ്പോള്‍ ചാനലുകളില്‍ മുമ്പിട്ടു നില്‍ക്കുന്നത്‌.

മാധ്യമങ്ങളുടെ കാര്യം ഒഴിച്ചു നിര്‍ത്തിയാല്‍ കേരളത്തിന്റെ പൊതു സമൂഹം ഇവിടേക്ക്‌ എത്രത്തോളം കണ്ണുപതിപ്പിച്ചിരുന്നു എന്നും ആലോചിക്കേണ്ടതുണ്ട്‌. കേരളത്തിലെ സാംസ്‌കാരിക ലോകത്തിന്‌ ഈ നഴ്‌സുമാര്‍ ഒരു വിഷയമായതേയില്ല. കലാകേരളത്തിന്റെ അവസ്ഥയും മറിച്ചായിരുന്നു. സ്‌ത്രീകള്‍ക്ക്‌ വേണ്ടി സ്ഥിരം വാദമുഖങ്ങള്‍ നിരത്തി മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒരു പെണ്ണെഴുത്തുകാരിയും വെള്ളക്കുപ്പായണിഞ്ഞ പെണ്ണുങ്ങള്‍ക്ക്‌ വേണ്ടി കഥയും കവിതയും എഴുതിയില്ല. പ്രസംഗിച്ചുമില്ല. സുഗതകുമാരി ടിച്ചറും, സാറാ ജോസഫും, റോസ്‌മേരിയും, ഒ.എന്‍.വിയും, സക്കറിയയും, മുകുന്ദനും, ജെ.ദേവികയും, കെ.ആര്‍ മീരയും അവരെ കണ്ടതേയില്ല. അവര്‍ക്ക്‌ വേണ്ടി അതിര്‍ത്തി കടന്നു വരാന്‍ ഒരു മഹശ്വേതാ ദേവിയും, മീനാ കന്ദസ്വാമിയുമുണ്ടായില്ല. ഒരു കൂട്ടായ്‌മയും അവര്‍ക്ക്‌ വേണ്ടി സംഘടിപ്പിക്കപ്പെടുന്നില്ല. ഒരു സൂപ്പര്‍താരവും അവരുടെ കഷ്‌ടതയില്‍ വേദനിച്ച്‌ ബ്ലോഗെഴുത്ത്‌ നടത്തിയില്ല. പ്രഭാത്‌ പട്‌നായിക്കുമാര്‍ക്കും, ആനന്ദുമാര്‍ക്കും അവര്‍ ബൗദ്ധിക വിഷയമാകുന്നില്ല. ഒരു സിനിമയിലും അവര്‍ കഥാപാത്രങ്ങളാകുന്നില്ല. സുകുമാരന്‍ നായരോ, വെള്ളാപ്പള്ളി നടേശനോ, പാണക്കാട്‌ തങ്ങളോ അവര്‍ക്ക്‌ വേണ്ടി ശബ്‌ദിക്കാനില്ല. കോതമംഗലത്തിനും അപ്പുറത്ത്‌ നിന്ന്‌ ഒരാള്‍ക്കൂട്ടവും സമരസഹായവുമായി എത്തിയില്ല. പ്രസ്‌താവനകള്‍ ഉണ്ടായില്ല. എന്തിനേറെ പറയുന്നു നഴ്‌സുമാരുടെ വിഷയം ഭൂരിപക്ഷം നോക്കിയാല്‍ ഒരു സ്‌ത്രീവിഷമായിട്ടു കൂടി ഒരു ഫെമിനിസ്റ്റും അവര്‍ക്ക്‌ വേണ്ടി വാതുറക്കുന്നില്ല. അങ്ങനെ മാലാഖമാരുടെ സമരം എന്ന്‌ നഴ്‌സുമാര്‍ തന്നെ വിശേഷിപ്പിച്ച സമരം പണിമുടക്കുമ്പോഴും, ആശുപത്രിക്ക്‌ മുമ്പില്‍ കുത്തിയിരുന്ന്‌ പെണ്ണുങ്ങള്‍ മുദ്രാവാക്യം വിളിക്കുന്നു എന്ന കൗതുകമാകുമ്പോഴും, വി.എസ്‌ ആശ്വാസമായി എത്തുമ്പോഴും മാത്രമുള്ള ചാനല്‍ കാഴ്‌ചയായി മാറുന്നു. അതിനപ്പുറം അവരെ ആരും ചര്‍ച്ച ചെയ്യുന്നില്ല.

ഇതിന്റെ കാരണം അന്വേഷിച്ച്‌ അധികമൊന്നും അലയേണ്ടതില്ല. നഴ്‌സുമാരുടെ സമരം ഒരു വിഭാഗത്തിന്റെ അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിച്ചു കിട്ടാന്‍ വേണ്ടിയുള്ളതാണെന്ന്‌ അവരെ നേരിട്ടറിയാത്ത ഒരു സമൂഹത്തിന്‌ അന്യമായിട്ടുള്ള ഒരു വസ്‌തുതയാകുന്നു എന്നതാണ്‌ സത്യം. കാരണം കേരളീയ സമൂഹത്തിലെ കലയിലും എഴുത്തിലും സാംസ്‌കാരിക പ്രവര്‍ത്തനത്തിനും വലിയൊരു അരാഷ്‌ട്രീയ പ്രവര്‍ത്തനം നടന്നു കൊണ്ടിരിക്കുന്നു. ഈ കലാസൃഷ്‌ടികളെ നോക്കിയാല്‍, സാംസ്‌കാരിക പ്രവര്‍ത്തനങ്ങളെ നോക്കിയാല്‍ ഇവിടെ നാം ജീവിച്ചു കൊണ്ടിരിക്കുന്ന വര്‍ത്തമാന കാലത്തെ മനസിലാക്കാന്‍ കഴിയാതെ വരുന്നു. അവിടെയാണ്‌ ജനകീയമാകേണ്ട സമരങ്ങള്‍ പ്രദേശികങ്ങള്‍ മാത്രമായി ഒരു ചെറിയ ഗ്രൂപ്പിന്റെ മാത്രം പ്രശ്‌നമായി ചുരുങ്ങിപ്പോകുന്നത്‌. കോതമംഗലത്തേക്ക്‌ പുറത്തു നിന്നും ഒരു സമര സഹായമോ, ശബ്‌ദമോ ഉണ്ടാകാതെ പോയത്‌ അതുകൊണ്ടു തന്നെ. സമരം അതിന്റെ യഥാര്‍ഥ അര്‍ഥത്തില്‍ പൊതു സമൂഹത്തിലേക്ക്‌ എത്തുന്നതേയില്ല.

ഉദാഹരണത്തിന്‌ നഴ്‌സുമാരുടെ സമരത്തെ അനുകൂലിച്ചു കൊണ്ട്‌ ഒരു ഹര്‍ത്താല്‍ സംഘടിപ്പിക്കപ്പെട്ടത്‌ ഓര്‍ത്തു നോക്കു. അത്‌ തികച്ചും പ്രദേശികമായിരുന്നു. പെട്രോളിന്‌ വില വര്‍ദ്ധിപ്പിക്കുമ്പോള്‍, ഇനിയത്‌ പിന്‍വലിക്കാന്‍ ഒരു സാധ്യതയുമില്ലെന്ന്‌ ഉറപ്പാക്കപ്പെടുമ്പോള്‍ പോലും, ദേശിയ ഹര്‍ത്താലിന്‌ ആഹ്വാനം ചെയ്യുന്നവര്‍, ജില്ലാ സെക്രട്ടറിയെ അറസ്റ്റ്‌ ചെയ്യുമ്പോള്‍ സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ നടത്തുന്നവര്‍, പാര്‍ട്ടിയെ തീപ്പന്തമാക്കി മാറ്റുകയും പൊതുമുതല്‍ ചുട്ടുകരിക്കുകയും ചെയ്യുന്നവര്‍, പോലീസ്‌ മര്‍ദ്ദനത്തിനെതിരെ കരിദിനം ആചരിക്കുന്നവര്‍ ഇവിടെ യഥാര്‍ഥ രാഷ്‌ട്രീയത്തെ കണ്ടില്ലെന്ന്‌ നടിക്കുക തന്നെയാണ്‌. നൂറുകണക്കിന്‌ നഴ്‌സുമാരുടേത്‌ അവരുടെ മാത്രം വിഷയമാകുന്നു, പൊതു സമൂഹം അതില്‍ ചാനല്‍ വാര്‍ത്ത കണ്ട്‌ അനുതപിക്കുന്നവരും.

രാഷ്‌ട്രീയം എന്നത്‌ ഇന്ന്‌ മലയാളി സമൂഹത്തിന്‌ വെറും പാര്‍ട്ടി സംഘടനാ പ്രവര്‍ത്തനവും, സാംസ്‌കാരിക പ്രവര്‍ത്തനം എന്നത്‌ ഫാഷനുമായി മാറിയിരിക്കുന്നു എന്നതാണ്‌ ഇവിടെ മനസിലാക്കേണ്ടത്‌. രാഷ്‌ട്രീയമെന്നത്‌ പാര്‍ട്ടികള്‍ക്കും അപ്പുറം പൊതു ജനത്തിനാണ്‌ സ്വന്തമാകേണ്ടത്‌. മനുഷ്യന്റെയും പ്രകൃതിയുടെയും അതിജീവനം തന്നെയാണ്‌ രാഷ്‌ട്രീയം. ഈ രാഷ്‌ട്രീയം കൂട്ടിച്ചേര്‍ക്കപ്പെടുമ്പോഴാണ്‌ കലാപ്രവര്‍ത്തനവും (അത്‌ കവിതയാണെങ്കിലും സിനിമയാണെങ്കിലും), സാംസ്‌കാരിക പ്രവര്‍ത്തനവും (അത്‌ ആക്‌ടിവസമാണെങ്കിലും ഫെമിനിസമാണെങ്കിലും) പൂര്‍ണ്ണമാകുന്നത്‌. അല്ലാതെ കലാപ്രവര്‍ത്തനത്തിന്റെയും സാംസ്‌കാരിക പ്രവര്‍ത്തനത്തിന്റെയും സൗന്ദര്യ ശാസ്‌ത്രത്തില്‍ മാത്രം വിശ്വസിക്കുന്നവര്‍ ഒരിക്കലുമത്‌ രാഷ്‌ട്രീയം മാറി നില്‍ക്കുമ്പോള്‍ പൂര്‍ണ്ണമാകുന്നില്ല എന്ന്‌ മനസിലാക്കേണ്ടതുണ്ട്‌.

കേരളത്തിലെ രാഷ്‌ട്രീയ പാര്‍ട്ടികളുടെ ഇരട്ടത്താപ്പുകള്‍ക്കപ്പുറം നമ്മുടെ സമൂഹത്തില്‍ അതിജീവനത്തിന്റെ പ്രശ്‌നം കടന്നു വരുമ്പോള്‍ ജനകീയ സമരങ്ങള്‍ വലുതായി രൂപപ്പെട്ടു വരുന്നുണ്ട്‌. അത്‌ എല്ലാ നാടുകളിലും ദേശങ്ങളിലും രാജ്യങ്ങളിലും എല്ലാക്കാലത്തും അങ്ങനെയാണ്‌. എന്നാല്‍ കേരളത്തിലെ രാഷ്‌ട്രീയ സാംസ്‌കാരിക കലാ വേദികള്‍ ഇത്‌ ജനകീയമാക്കുന്നതില്‍ ശ്രദ്ധിക്കുന്നുമില്ല പ്രവര്‍ത്തിക്കുന്നുമില്ല എന്നതാണ്‌ വര്‍ത്തമാനകാല യാഥാര്‍ഥ്യം. മാധ്യമങ്ങളാവട്ടെ സ്ഥാപനവല്‍കരിക്കപ്പെട്ട ചട്ടക്കൂടുകള്‍ക്കുള്ളില്‍ നിന്നുകൊണ്ട്‌ മാത്രം ഇത്‌ ചര്‍ച്ച ചെയ്യുന്നു. ടി.പി ചന്ദ്രശേഖരന്‍ കൊലപാതകം ഒരു വലിയ മാധ്യമ ചര്‍ച്ചയാകുമ്പോള്‍ വിശാല്‍ വധക്കേസ്‌ മാധ്യമങ്ങള്‍ മറന്നു പോകുന്നത്‌ ഇതുകൊണ്ടാണ്‌. സമാനമായ വിഷയങ്ങള്‍ ഒരേ കണ്ണിലൂടെ നോക്കി കാണുവാന്‍ മാധ്യമങ്ങള്‍ മറന്നു പോകുന്നു. അതിന്റെ ബാക്കിയായിട്ടാണ്‌ കലയും, സാംസ്‌കാരിക പ്രവര്‍ത്തനവും പ്രശ്‌നങ്ങളെ കൈകാര്യം ചെയ്യുന്നത്‌.

ഒറ്റനോട്ടം നോക്കിയാല്‍ മതിയാകും എത്രയോ സമര വേദികളാണ്‌ കേരളത്തില്‍ അങ്ങോളമിങ്ങോളം നടന്നു വരുന്നതെന്ന്‌. തിരുവന്തപുരം ജില്ലയിലേക്ക്‌ പടര്‍ന്നു കൊണ്ടിരിക്കുന്ന ശക്തിപ്രാപിച്ചു വരുന്ന കുടുംകുളം ആണവ വിരുദ്ധ സമരം. ഒപ്പം വിളപ്പില്‍ ശാല മാലിന്യ വിരുദ്ധ സമരവും, മലയന്‍കീഴ്‌ വെള്ളിയായണി കായല്‍ സംരക്ഷണ സരമവും.

കൊല്ലം ജില്ലയില്‍ കുരിപ്പുഴ മാലിന്യ വിരുദ്ധ സമരം, അഷ്‌ടമുടി കായല്‍ സംരക്ഷണ സമരം, പാറമട ഖനന വിരുദ്ധ സമരം, ശാസ്‌താംകോട്ട കായല്‍ സംരക്ഷണ സമരം. പത്തനംതിട്ടയിലാവട്ടെ ആറന്‍മുള വിമാനത്താവള വിരുദ്ധ സമരവും, പമ്പാനദി സംരക്ഷണ സമരവും, ചെങ്ങറ ഭൂസമരവും സജീവമായി നില്‍ക്കുന്നു. ആലപ്പുഴയില്‍ കരിണല്‍ ഖനന വിരുദ്ധ സമരവും, കുട്ടനാട്‌ പാക്കേജിന്‌ വേണ്ടിയുള്ള സമരവും സജീവം തന്നെ. ഒപ്പം സര്‍വ്വോദയപുരം മാലിന്യവിരുദ്ധ സമരവും ശ്രദ്ധയം. കോട്ടയത്ത്‌ വടവാതൂര്‍ മാലിന്യ വിരുദ്ധ സമരവും, മീനച്ചില്‍ സംരക്ഷണ സമരവും എടുത്തു പറയേണ്ടതാണ്‌.

ഇടുക്കിയില്‍ രാഷ്‌ട്രീയക്കാര്‍ കുളംകലക്കിയ മുല്ലപ്പെരിയാല്‍ സമരം സജീവമായി തുടരുന്നു. എറണാകുളത്ത്‌ മുലമ്പള്ളി സമരം, പെരിയാര്‍ നദി സംരക്ഷണ സമരം തുടങ്ങി നിരവധി മാലിന്യവിരുദ്ധ സമരവും ശക്തമായി നടക്കുന്നു. തൃശ്ശൂരില്‍ അതിരപ്പള്ളി സംരക്ഷത്തിന്‌ വേണ്ടിയുള്ള പ്രകൃതി സ്‌നേഹികളുടെ സമരവും, പാലിയേക്കര ടോള്‍ വിരുദ്ധ സമതിയുടെ ഐതിഹാസിക സമരവും ശ്രദ്ധേയം. ഒപ്പം ലാലൂര്‍ മാലിന്യ വിരുദ്ധ സമരവും എടുത്തു പറയേണ്ടതാണ്‌. പാലക്കാട്‌ മുതലമട ഡിസ്റ്റലറി വിരുദ്ധ സമരവും, പ്ലാച്ചിമട സമരത്തിന്റെ തുടര്‍കാഴ്‌ചകളും, സൈലന്റ്‌ വാലി, പാത്രക്കടവ്‌ പദ്ധതികള്‍ക്കെതിരെയുള്ള സമരവും, അട്ടപ്പാടി സമരവും അവഗണിക്കാന്‍ കഴിയാതെ നിലനില്‍ക്കുന്നു. കോഴിക്കോട്‌ കിനാലൂര്‍ സമരവും, ഞെളിയന്‍ പറമ്പ്‌ മാലിന്യവിരുദ്ധ സമരവും, വയനാട്ടില്‍ ടൂറിസം അധിനിവേശങ്ങള്‍ക്കെതിരെയുള്ള സമരങ്ങളും നിരവധി ആദിവാസി ഭൂസമരങ്ങളും കര്‍ഷക സമരങ്ങളും ശക്തിയാര്‍ജ്ജിച്ചു വരുന്നു. കണ്ണൂരിലാവട്ടെ പെട്ടിപ്പാലം ചോലേറ മാലിന്യവിരുദ്ധ സമരങ്ങളും മാടായിപ്പാറ ഖനന വിരുദ്ധ സമരവും, ഇരിണാവ്‌ താപനിലയ വിരുദ്ധ സമരവും ശ്രദ്ധേയം. കാസര്‍ഗോഡ്‌ എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരം ഇന്ത്യന്‍ ഭരണകൂട വര്‍ഗത്തിനു നേരെയുള്ള ചോദ്യചിഹ്നമായി ഇപ്പോഴും നിലനില്‍ക്കുന്നു.

ഇതിനു പുറമെ നിരവധി തൊഴില്‍ സമരങ്ങളും കാര്‍ഷിക സമരങ്ങളും വിദ്യാര്‍ഥി പ്രശ്‌നങ്ങളും കേരളത്തില്‍ സജീവമാണ്‌. ഇങ്ങനെ വരുമ്പോള്‍ കോതമംഗലത്ത്‌ നടന്ന നഴ്‌സുമാരുടെ സമരം ഒരു ശ്രദ്ധ ക്ഷണിക്കലാണ്‌.

ഒന്ന്‌ ജനങ്ങള്‍ ഉയര്‍ത്തുന്ന സമരങ്ങളെ അവസര വാദ രാഷ്‌ട്രീയ ലക്ഷ്യത്തോടെ കാണുന്ന രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക്‌ നേരെ ശ്രദ്ധ ക്ഷണിക്കുന്നു. മുല്ലപ്പെരിയാല്‍ സമരം ഇതിന്റെ പ്രധാന ഉദാഹരണമാണ്‌. രാഷ്‌ട്രീയ പാര്‍ട്ടികള്‍ തങ്ങളുടെ താത്‌പര്യത്തിന്‌ വേണ്ടി മാത്രം കുളംകലക്കുകയും മിന്‍പിടിച്ചതിനു ശേഷം മുങ്ങുകയും ചെയ്‌തു മുല്ലപ്പെരിയാറില്‍ നിന്ന്‌. ഇപ്പോള്‍ സമരം നടത്താന്‍ പഴയ മുല്ലപ്പെരിയാല്‍ സമര സമതി മാത്രം. ചാനലുകളും അവിടെ നിന്ന്‌ തിരിച്ചു പോന്നു. ഇടുക്കിയില്‍ എം.എം മണിയെ കിട്ടിയപ്പോള്‍ ചാനലുകള്‍ മുല്ലപ്പെരിയാറിനെ മറന്നു കഴിഞ്ഞു. ഇപ്പോഴും അണക്കെട്ട്‌ അതുപോലെ തന്നെ നില്‍ക്കുന്നു. അണക്കെട്ട്‌ പൊട്ടുമോ എന്ന്‌ പേടിച്ച്‌ ഉറങ്ങാന്‍ കഴിയുന്നില്ല എന്നു പറഞ്ഞ പി.ജെ ജോസഫ്‌ സ്വസ്ഥമായി ഉറങ്ങുന്നുമുണ്ടാവണം. കേരളത്തിലെ ഓരോ സമരത്തിലും രാഷ്‌ട്രീയ പാര്‍ട്ടികളുടെ താത്‌പര്യം ഇങ്ങനെ തന്നെയാണ്‌. രാഷ്‌ട്രീയ ധാര്‍മ്മിക അധപതനമാണ്‌ ഇത്‌ വെളിവാക്കുന്നത്‌.

രണ്ട്‌ കേരളത്തിലെ സാംസ്‌കാരിക സാഹിത്യ കലാ ലോകത്തിന്റെ അപചയത്തിലേക്ക്‌ ശ്രദ്ധ ക്ഷണിക്കുന്നു. കലയും സാഹിത്യവും ഗ്ലാമറിന്റെ പരിവേഷമുള്ളിടത്തേക്ക്‌ മാത്രം ചുരുങ്ങുന്നുവെന്ന്‌ ഓര്‍മ്മിപ്പിക്കുന്നു. കേരളത്തിലെ ഇന്ന്‌ ഏത്‌ സാംസ്‌കാരിക സാഹിത്യ പ്രവര്‍ത്തനമാണ്‌ ഈ സമരങ്ങളെയൊക്കെ പൊതു സമൂഹത്തിന്‌ മുമ്പിലേക്ക്‌ ഉയര്‍ത്തിപ്പിടിക്കുന്നത്‌. ഏത്‌ കലാപ്രവര്‍ത്തനമാണ്‌ ഈ പൊതു സമരങ്ങള്‍ക്ക്‌ ശക്തി പകരുന്നത്‌. കെ.പി.എ.സി നാടകസംഘമൊക്കെ ഒരു കാലത്ത്‌ കേരളീയ സമൂഹത്തില്‍ നല്‍കി വന്ന ഊര്‍ജ്ജം ഇന്ന്‌ നഷ്‌ടപ്പെട്ടിരിക്കുന്നു. അവസാനം ഓര്‍മ്മവരുന്നത്‌ സുകുമാര്‍ അഴിക്കോട്‌ എന്ന സാംസ്‌കാരിക നായകന്റെ അഭാവമാണ്‌. ജനകീയ വിഷയങ്ങളെ പ്രസംഗമായും എഴുത്തായും അഴിക്കോട്‌ മാഷ്‌ പ്രചരിപ്പിച്ചിരുന്നത്‌ പോലെ ഇന്ന്‌ കൈകാര്യം ചെയ്യാന്‍ ഒരാളില്ലാതെ പോകുന്നുവോ കേരളത്തില്‍. അങ്ങനെയെങ്കില്‍ തീര്‍ച്ചയായും കേരളത്തിന്റെ പൊതു സമൂഹം അരാഷ്‌ട്രീയവല്‍കരിക്കപ്പെടുക തന്നെയാണ്‌. അതിനെതിരെ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടത്‌ അവശ്യം തന്നെ. അല്ലെങ്കില്‍ കേരളം താമസിയാതെ ഒരുകൂട്ടം `കൊടിസുനി' സംഘങ്ങളുടെയും അവരുടെ ഉടമസ്ഥരുടെയും പിടിലായിപ്പോകുമെന്ന്‌ ഉറപ്പ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക