Image

ഉമ്മന്‍ചാണ്ടി വിജിലന്‍സിന്റെ ചുമതല ഒഴിയണം: കോടിയേരി

Published on 08 August, 2011
ഉമ്മന്‍ചാണ്ടി വിജിലന്‍സിന്റെ ചുമതല ഒഴിയണം: കോടിയേരി
തിരുവനന്തപുരം: പാമോയില്‍ കേസിലെ കോടതിവിധിയുടെ പശ്ചാത്തലത്തില്‍ വിജിലന്‍സ് വകുപ്പിന്റെ ചുമതല മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഒഴിയണമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. ഉമ്മന്‍ചാണ്ടിയ്ക്ക് എതിരായ അന്വേഷണത്തിന്റെ മേല്‍നോട്ടം അദ്ദേഹംതന്നെ വഹിക്കുന്നത് ശരില്ല. കോടതി അന്വേഷണത്തിന്റെ മേല്‍നോട്ടം വഹിക്കണം. വിജിലന്‍സ് ഡയറക്ടര്‍ ഡെസ്മണ്ട് നെറ്റോയെയും തത് സ്ഥാനത്തുനിന്ന് നീക്കണമെന്ന് അദ്ദേഹം പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

മുന്‍പ് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ പാമോയില്‍ കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ചിരുന്നു. കേസില്‍ നിഷ്പക്ഷമായ അന്വേഷണം നടന്നാല്‍ താനും പ്രതിയാകേണ്ടിവരും എന്ന ബോധ്യം ഉള്ളതിനാലാണ് അദ്ദേഹം കേസ് പിന്‍വലിക്കാന്‍ ശ്രമിച്ചതെന്ന് കോടിയേരി ആരോപിച്ചു. പാമോയില്‍ കേസിലെ പ്രതിയായ പി.ജെ.തോമസിനെ മുഖ്യ വിജിലന്‍സ് കമ്മീഷണറായി നിയമിച്ചത് സുപ്രീം കോടതി റദ്ദാക്കിയിരുന്നു. എന്നാല്‍ കേസിലെ മറ്റൊരു പ്രതി ജിജി തോംസണ്‍ ഇപ്പോഴും സര്‍വീസില്‍ തുടരുന്നു. അദ്ദേഹത്തെ വിചാരണ ചെയ്യാന്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതിവേണം. വിചാരണയ്ക്ക് അനുമതി തേടാന്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ കൈക്കൊണ്ട തീരുമാനം യു.ഡി.എഫ് സര്‍ക്കാര്‍ റദ്ദാക്കി.

പാമോയില്‍ കേസ് അട്ടിമറിക്കാന്‍വേണ്ടി തട്ടിക്കൂട്ടിയ റിപ്പോര്‍ട്ടാണ് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചത്. മന്ത്രിമാരായ എം.കെ മുനീര്‍, അടൂര്‍ പ്രകാശ് എന്നിവര്‍ക്കെതിരായ വിജിലന്‍സ് കേസുകളും അട്ടിമറിക്കാന്‍ അണിയറയില്‍ നീക്കം തുടങ്ങിക്കഴിഞ്ഞു. എന്നാല്‍ വിജിലന്‍സ് കേസുകള്‍ അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ക്കേറ്റ തിരിച്ചടിയാണ് കോടതി വിധിയെന്ന് അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക