Image

ഓണം-ഒരു മാതൃകാലോക സങ്കല്പം-ജോസഫ് നമ്പിമഠം

ജോസഫ് നമ്പിമഠം Published on 24 August, 2012
ഓണം-ഒരു മാതൃകാലോക സങ്കല്പം-ജോസഫ് നമ്പിമഠം
ജനങ്ങള്‍ക്കുവേണ്ടി ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെടുന്ന ഒരു ഭരണയന്ത്രം. ഉല്‍പാദിപ്പിക്കപ്പെട്ട വിഭവങ്ങള്‍ പ്രാദേശിക പരിഗണനകളില്ലാതെ വിഭജിക്കപ്പെടുന്ന ഒരു രാജ്യം. സ്വജനപക്ഷപാതമില്ലാതെ ജനസേവനം മാത്രം ലക്ഷ്യമാക്കി ഭരിക്കുന്ന ഭരണാധിപന്‍മാര്‍. അടിച്ചേല്പിക്കപ്പെട്ട നിയമങ്ങളില്ലാതെ സ്വയം നിയന്ത്രിക്കുന് ജനസമൂഹം. പട്ടിണിക്കോലങ്ങള്‍ കാഴ്ചബംഗ്ലാവില്‍ പോലും കാണാനില്ല. നിരാശാബോധവും മോഹഭംഗവും തൊഴിലില്ലായ്മയും എന്തെന്നറിയാത്ത യുവജനസമൂഹം. സംതൃപ്തിയുടെ ചോരത്തുടിപ്പാര്‍ന്ന ആനനങ്ങള്‍. സല്‍ഭരണം നടത്തുന്ന ഭരണാധികാരികളെ ചവിട്ടിത്താഴ്ത്തുന്ന വാമനന്‍മാരില്ല; കണ്ണുതിരിഞ്ഞാല്‍ കഴുത്തറുക്കാന്‍ കാത്തിരിക്കുന്ന കാപാലികരുമില്ല-തികഞ്ഞ ഒരു ഉട്ടോപ്യന്‍ ലോകം-ഒരു മാവേലിയന്‍ ലോകം.

യഥാര്‍ത്ഥ്യത്തില്‍ ലോകത്തില്‍ സംഭവിക്കുവാന്‍ സാധ്യതയില്ലാത്ത ഭാവനാസമ്പന്നമായ ഒരു ലോകമായിരിക്കാം മുകളില്‍ വിവരിച്ചത്. എങ്കിലും സര്‍വ്വ സമ്പല്‍സമൃദ്ധമായ അത്തരമൊരു ലോകത്തെപ്പറ്റിയുള്ള സങ്കല്പം തന്നെ എത്ര ഉന്നതമാണ്! സവര്‍ണ്ണനും അവര്‍ണ്ണനും ജാതിയും ഉപജാതിയുമില്ലാത്ത ഒരു ക്ഷേമരാഷ്ട്രസങ്കല്പം-എത്ര ശ്രേഷ്ഠമാണ്!

മഹാബലിയെന്ന അസുരചക്രവര്‍ത്തിയുടെ ഭരണകാലം സമ്പല്‍സമൃദ്ധമായിരുന്നു എന്നാണ് സങ്കല്‍പം. “മാവേലി നാടുവാണീടും കാലം…" എന്നു തുടങ്ങുന്ന ഗാനം ഇത്തരമൊരു ലോകത്തെപ്പറ്റിയാണല്ലോ സൂചിപ്പിക്കുന്നത്. കള്ളപ്പറയും ചെറുനാഴിയുമില്ലാത്ത, കള്ളത്തരങ്ങളൊന്നുമില്ലാത്ത ഒരു ലോകം.
അദ്ധ്വാനത്തിന്റെ ഭാരമിറക്കാന്‍ അന്തിക്കു വീട്ടിലെത്തുമ്പോള്‍ അവിടെ ഉയരുന്ന തംബുരുനാദം. സംതൃപ്തമായ ജനതയെ കലയും സാഹിത്യവും ആകാശസീമയോളം ഉയര്‍ത്തിയിരിക്കാം; സംസ്‌ക്കാരത്തിന്റെ ഗിരിശൃംഗങ്ങളില്‍ എത്തിച്ചിരിക്കാം.

സുവര്‍ണ്ണകാലഘട്ടങ്ങള്‍ ഒരു ദേശത്തിന്റെയും ചരിത്രത്തില്‍ നീണ്ടുനിന്നിട്ടില്ല. പെരക്‌ളിസിന്റെ കാലം ഗ്രീക്ക് സാമ്രാജ്യത്തിന്റെയും എലിസബത്തിന്റെ കാലം ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെയും ഗുപ്തരാജാക്കന്‍മാരുടെ കാലം ഭാരതത്തിന്റെയും സുവര്‍ണ്ണകാലമായിരുന്നു. മഹാബലിയുടെ കാലം കേരളനാടിന്റെ സുവര്‍ണ്ണകാലമായിരുന്നുവെന്ന് സങ്കല്പിക്കാം. മഹാബലിയുടെ കാലവും നീണ്ടുംനിന്നില്ല. ദേവലോകത്തുപോലും അസൂയയും പകയും കൊടികുത്തി വാഴുമ്പോള്‍ ഭൂമിയില്‍ ഇത്തരമൊരു മാതൃകാലോകമോ? ദേവന്മാര്‍ ശുണ്ഠിപിടിക്കാതിരിക്കുന്നതെങ്ങനെ?

ദേവന്മാര്‍ മഹാവിഷ്ണുവിനെ സമീപിച്ച് സങ്കടമുണര്‍ത്തിച്ചു. ഭൂമി ഒരിക്കലും ദേവലോകമാകാന്‍ പാടില്ല. മനുഷ്യന്റെ അഹങ്കാരം പെരുകും. സമ്പല്‍ സമൃദ്ധി അവനെ ഉന്മത്തനാക്കും. അവന്‍ ആത്മീയതയില്‍നിന്ന് ഓടി ഒളിക്കും. ലൗകികസുഖങ്ങളില്‍ നീരാടും. മാവേലിനാട് ദേവലോകസദൃശ്യമായിരിക്കുകയാണ്. ഇങ്ങനെ പോയാല്‍ അയാള്‍ ദേവലോകം പോലും കീഴടക്കും. അതു പാടില്ല. കഷ്ടപ്പാടുകളാണ് മനുഷ്യനെ ദേവസന്നിധിയിലേക്ക് നയിക്കുന്നത്. സുഖസൗകര്യങ്ങളില്‍ ആമഗ്നമായി ജീവിക്കുന്നവന് ദൈവത്തെപ്പറ്റി ചിന്തിച്ചിട്ടെന്തുകാര്യം? ജീവിതസരിത്തുകള്‍ കഷ്ടപ്പാടുകളും പ്രതിബദ്ധങ്ങളുമാകുന്ന പാറക്കെട്ടുകളില്‍ തട്ടി ഒഴുകണം. എങ്കിലേ മനുഷ്യനു ദൈവചിന്തയുണ്ടാകൂ. ദേവന്മാരുടെ ഉദ്ദേശശുദ്ധിയെ മാനിക്കാതിരിക്കാന്‍ പറ്റുമോ?

മഹാവിഷ്ണു ഉറക്കെചിന്തിച്ചു. സല്‍ഭരണം നടത്തുന്ന ഒരു ചക്രവര്‍ത്തിയെ നശിപ്പിക്കുന്നത് ദേവോചിതമല്ല. ധര്‍മ്മനിഷ്ഠനായ മഹാബലിയുടെ ദാനനിഷ്ഠതയെത്തന്നെ ചൂഷണം ചെയ്യാന്‍ അദ്ദേഹം തീരുമാനിച്ചു. തനിരൂപം പൂണ്ടുചെന്നാല്‍ പറ്റില്ല. മഹാവിഷ്ണു വാമനരൂപം പൂണ്ടു. മുച്ചാണ്‍ നീളമുള്ള വാമനന്‍. അദ്ദേഹം ഭൂമിയിലേക്ക് യാത്രയായി.

ആകാശനീലിമയെ ആവാഹിച്ചെടുത്ത നീലസരസ്സുകളും മരതകപ്പച്ച നിറഞ്ഞ ആരണ്യങ്ങള്‍ക്ക് അരഞ്ഞാണം ചാര്‍ത്തിയ കാട്ടരുവികളും കടന്ന് അദ്ദേഹം സഞ്ചരിച്ചു. പ്രഭാതരശ്മികള്‍ തട്ടി പ്രകാശിക്കുന്ന താഴികക്കുടങ്ങളുള്ള കൊട്ടാരം അകലെ വച്ചു തന്നെ അദ്ദേഹം കണ്ടു. ദ്വാരപാലകര്‍ വാമനന്റെ ആവശ്യമറിഞ്ഞപ്പോള്‍ ഉള്ളിലേക്കു കടത്തിവിട്ടു.

വാമനന്‍ തന്റെ ആവശ്യം തിരുസന്നിധിയില്‍ ഉണര്‍ത്തിച്ചു. തപസ്സുചെയ്യാന്‍ മൂന്നടി മണ്ണ്! എത്ര നിസ്സാരമായ ആവശ്യം! ധര്‍മ്മിഷ്ഠനായ ചക്രവര്‍ത്തിക്ക് രണ്ടാമതൊന്ന് ചിന്തിക്കേണ്ട ആവശ്യമേ ഉണ്ടായില്ല. മണ്ണ് അളന്നെടുത്തുകൊള്ളാന്‍ അനുവാദം നല്‍കി. പെട്ടെന്ന് ഭീമാകാരം പൂണ്ട വാമനന്‍ രണ്ടുചുവടുകൊണ്ടുതന്നെ ആകാശവും ഭൂമിയുമളന്നു കഴിഞ്ഞു. മൂന്നാമത്തെ ചുവടുവയ്ക്കാന്‍ സ്ഥലമെവിടെ? വാക്കു തെറ്റിക്കുന്നത് സജ്ജനങ്ങള്‍ക്കു ചിതമല്ലല്ലോ. മഹാബലി സ്വന്തം ശിരസ്സുനമിച്ചുകൊടുത്തു. വാമനന്റെ ഭീമപാദസ്പര്‍ശത്തില്‍ അദ്ദേഹം പാതാളത്തിലേക്ക് താണുപോയി. മഹാബലിക്ക് അങ്ങനെ സ്വരാജ്യമെന്ന പറുദീസ നഷ്ടമായി.

ഔദാര്യമെന്ന നിലയില്‍ വര്‍ഷത്തിലൊരിക്കല്‍ വന്ന് തന്റെ പ്രജകളെ കാണാന്‍ അനുമതി ലഭിച്ചു. അങ്ങനെ, ആശ്രിതവത്സലനായ മഹാബലി ചക്രവര്‍ത്തി തന്റെ നാടുകാണാനെത്തുന്ന സുന്ദരസുദിനമായി ഓണം.

എല്ലാ ആഘോഷങ്ങളുടെയും പിന്നില്‍ എന്തെങ്കിലും ഐതിഹ്യങ്ങളോ കെട്ടകഥകളോ ചരിത്രസംഭവങ്ങളോ കാണുക സ്വാഭാവികമാണ്. ഭാവനാ സമ്പന്നരായ ആരോ ചിലര്‍ നെയ്‌തെടുത്ത കെട്ടുകഥകള്‍ക്കുമപ്പുറത്ത് ഓണത്തിനെന്തു പ്രസക്തിയാണുള്ളത്?

പ്രേരകശക്തി
സമത്വസുന്ദരവും സംതൃപ്തവുമായ ഒരു ലോകമുണ്ടായിക്കാണണമെന്നുള്ള മനുഷ്യന്റെ ആഗ്രഹമാണ് ഓണത്തിനു പിന്നിലെ പ്രധാനമായ പ്രേരകശക്തി. സങ്കല്പങ്ങളില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്ന ആ സുദിനം ആണിലൊരിക്കലെങ്കിലും നടന്നു കാണാനുളള മോഹം. സങ്കുചിത ചിന്തകള്‍ക്കതീതമായി, വര്‍ണ്ണ വര്‍ഗ്ഗവ്യത്യാസമില്ലാതെ, ജാതിമതചിന്തയില്ലാതെ, പണ്ഡിതപാമരാന്തരമില്ലാതെ കേരളീയര്‍ ഒന്നടങ്കം ആഘോഷിക്കുന്ന മറ്റേതെങ്കിലും ഉത്സവം ഉണ്ടെന്നു തോന്നുന്നില്ല. പട്ടിണിക്കോലങ്ങള്‍ സംതൃപ്തിയുടെ ആടയാഭരണങ്ങളണിയുന്നു. ചോരത്തുടിപ്പില്ലാത്ത മുഖങ്ങള്‍ ആനന്ദത്തിന്റെ പൊയ്മുഖമണിയുന്നു. ദുരിതങ്ങളുടെ മാറാപ്പ് അഴിച്ചുവച്ച് ഉത്സവത്തിന്റെ പൊന്‍കിരീടമണിയുന്നു. ഒരു ദിവസം, ഒരേയൊരു ദിനം മാത്രം!

സാഹോദര്യവും ഐക്യവും അരക്കിട്ടുറപ്പിക്കുന്ന ഒരാഘോഷമെന്ന നിലയില്‍ ഓണമെന്നെന്നും ആഘോഷിക്കപ്പെടും. മറുനാട്ടില്‍ വസിക്കുന്ന കേരളമക്കള്‍ സ്വന്തം നാട്ടിലേക്ക് പുറപ്പെടുകയായി, നാളികേരത്തിന്റെ നാട്ടിലേക്ക്, ഉത്സവങ്ങളുടെ നാട്ടിലേക്ക്, പൊന്നോണമാഘോഷിക്കാന്‍, ഇഷ്ടജനങ്ങള്‍ക്ക് ഓണക്കോടിയുമായി. വര്‍ഷങ്ങളായി പിരിഞ്ഞിരിക്കുന്നവര്‍ ഒന്നു ചേരുന്നു. നിര്‍വൃതിയുടെ നിമിഷങ്ങള്‍!
നാട്ടിലേക്ക് വരാന്‍ കഴിയാതെ നിത്യസ്മരണകളുടെ നെടുവീര്‍പ്പുമായി അന്യരാജ്യങ്ങളില്‍ കഴിയുന്ന മലയാളികള്‍ ഒന്നിച്ചുചേര്‍ന്ന് അവര്‍ വസിക്കുന്ന സ്ഥലങ്ങള്‍ കേരളത്തിന്റെ കൊച്ചുപതിപ്പ് ആക്കി മാറ്റുന്നു. കേരളീയകലകള്‍ ….കേരളീയവിഭവങ്ങള്‍ ….ഓണം കടലുകള്‍ കടന്നും വളരുന്നു!

പൊന്നില്‍ചിങ്ങം
എന്തുകൊണ്ട് ഓണം ചിങ്ങമാസത്തില്‍ ആഘോഷിക്കുന്നു? കളളക്കര്‍കിടകത്തിന്റെ ഇരുട്ടു നിറഞ്ഞ രാത്രികള്‍ വിടചോദിച്ച് പിരിഞ്ഞു കഴിഞ്ഞു. കരിമേഘം ദുര്‍മ്മുഖം കാട്ടിനിന്ന പകലുകളും എങ്ങോ ഓടിയൊളിച്ചു. കോരിച്ചൊരിയുന്ന പേമാരിയും വെള്ളപ്പൊക്കവും ശാന്തമായി. കിണറുകളിലും കുളങ്ങളിലും സ്ഫടികസമാനമായ ജലം. ദുരിതങ്ങള്‍ ഉച്ചകോടിയിലെത്തുന്ന ആണ്ടവസാനമെന്ന നീരാളിയുമൊഴിഞ്ഞു കഴിഞ്ഞു.

പൊന്നിന്‍ചിങ്ങമണയുകയായി. ശരത്കാലാഗമന സൂചകമായി നീലാകാശത്തില്‍ ഒഴുകിനടക്കുന്ന വെണ്‍മേഘങ്ങള്‍. അവയ്ക്കിടയില്‍ പ്രസന്നവദനനായി പുഞ്ചിരിപൊഴിക്കുന്ന സൂര്യഗോളം. ശക്തമായ വേനലില്ല. കൊടും ശൈത്യവുമില്ല. നറുനിലാവ് പരന്നൊഴുകുന്ന സുഖശീതളമായ രാത്രികള്‍. ദൈര്‍ഘ്യമേറിയ പകലുകള്‍.

ഈ മാറ്റം പ്രകൃതിയിലാകെ നവോന്മേഷം പകരുകയായി. ഭൂമിദേവി പുളകച്ചാര്‍ത്തണിഞ്ഞുനില്‍ക്കുകയായി. മരതകപ്പച്ച വിരിഞ്ഞുനിന്ന കേദാരങ്ങള്‍ക്കു നിറം മാറ്റം വന്നു. ഭാരത്താല്‍ കുനിഞ്ഞ ശിരസ്സുകളുമായി മന്ദമാരുതനില്‍ ചാഞ്ചാടുന്ന കതിര്‍ക്കുലകള്‍ക്കുമീതെ പൊന്നുടുപ്പണിഞ്ഞ ഓണത്തുമ്പികള്‍ പറന്നു കളിക്കുകയായി. അന്തരീക്ഷത്തെ ശബ്ദമുഖരിതമാക്കിക്കൊണ്ട് കതിര്‍ക്കുലകള്‍ കൊറിക്കാന്‍ പഞ്ചവര്‍ണ്ണക്കിളികളും കുരുവികളുമണഞ്ഞു.

കൊയ്‌തെടുത്ത നെല്‍മണികള്‍ പത്തായങ്ങളില്‍ നിറഞ്ഞു. പുന്നെല്ലിന്റെ പുതുമണം പരത്തുന്ന വായുവില്‍ അപ്പോഴും ഒഴുകിനടക്കുന്ന കൊയ്ത്തുപാട്ടിന്റെ നേര്‍ത്ത അനുരണനങ്ങള്‍….

സസ്യസമൃദ്ധമായ തൊടികള്‍. എവിടെത്തിരിഞ്ഞാലും പുതുമ നശിക്കാത്ത സസ്യഫലങ്ങള്‍ കൂട്ടിയിട്ടിരിക്കുന്ന കാഴ്ച ആരിലാണ് പുളകമണിയിക്കാത്തത്?

പ്രകൃതിയിലുണ്ടാകുന്ന മാറ്റങ്ങള്‍ മനുഷ്യമനസ്സില്‍ സൃഷ്ടിക്കുന്ന വികാരങ്ങളുടെ വേലിയേറ്റത്തെപ്പറ്റി എടുത്തുപറയേണ്ട ആവശ്യമില്ലല്ലോ.

കാലാവസ്ഥയിലുണ്ടായ മാറ്റങ്ങളും നിറഞ്ഞ പത്തായപ്പുരകളും കാണുമ്പോള്‍ അല്പം ആഘോഷിക്കാന്‍ തോന്നുന്നത് തികച്ചും സ്വാഭാവികം മാത്രം. കുറഞ്ഞ വിലയ്ക്ക് ഭക്ഷ്യവിഭവങ്ങള്‍ വാങ്ങാന്‍ കിട്ടുന്ന സമയം. പട്ടിണി നിറഞ്ഞ കര്‍ക്കിടകത്തിന്റെ സ്മരണ തല്ക്കാലത്തേക്കെങ്കിലും മറക്കാം. ഈ വിധത്തില്‍ നോക്കുമ്പോഴും ആഘോഷിക്കാന്‍ പറ്റിയ സമയം. വിശക്കുന്ന വയറുകള്‍ക്ക് കലയെ ഉപാസിക്കാന്‍ സാധിക്കുകയില്ലല്ലോ.

എത്രയെത്ര നാടന്‍കളികളുടെ ഓര്‍മ്മയാണ് ഓണം നമ്മിലുണര്‍ത്തുന്നത്! ലാളിത്യവും ആസ്വാദ്യതയും ഒത്തുചേര്‍ന്ന വിനോദങ്ങള്‍. തുമ്പിതുള്ളിത്തളര്‍ന്ന കന്യകമാര്‍ … കൈകൊട്ടിക്കളിക്കുന്ന സ്ത്രീകള്‍ … ചായത്തില്‍ മുങ്ങിയ കടുവകളിക്കാര്‍ …. വാശിയേറിയ നാടന്‍പന്തുകളി …. ആരവ മുഖരിതമായ രാവുകള്‍ …. ജലസമ്പത്തുകൊണ്ട് അനുഗൃഹീതനായ, കേരളത്തിന്റെമാത്രം പ്രത്യേകതയായ ജലോത്സവങ്ങളും ഇക്കാലയവളില്‍ അരങ്ങേറുകയായി.

കാണംവിറ്റും
ഓണത്തുമ്പികള്‍, ഓണനിലാവ്, ഓണക്കോടി, ഓണക്കാഴ്ച, ഓണച്ചന്ത, ഓണക്കളികള്‍, ഓണസ്സദ്യ, ഓണപ്പായസം, ഓണക്കറികള്‍ … അങ്ങനെ എത്രയേറെ സവിശേഷതകള്‍ നിറഞ്ഞതാണീ ഓണം!
കാണം വിറ്റും ഓണമുണ്ണുന്ന ശാപ്പാട്ടുരാമന്മാരുടെ കാലം എന്നേകഴിഞ്ഞു. ഓണക്കോടിയും ഓണക്കാഴ്ചയും നാമമാത്രമെങ്കിലും നിലനില്‍ക്കുന്നു.

എത്ര ഓണം കടന്നുപോയി. ഇനിയെത്ര ആഘോഷിക്കാന്‍ കിടക്കുന്നു. ഇതിന് കാരണമെന്ത്? മഹാബലി ചക്രവര്‍ത്തിയെക്കുറിച്ചുള്ള സ്മരണയാണോ? അല്ലേ അല്ല. ഈ ആധുനിക ലോകത്തില്‍ അത്തരമൊരു പഴങ്കഥക്കെന്തു പ്രസക്തി? സംതൃപ്തമനസ്സുകളുടെ ആഘോഷതൃഷ്ണയെന്ന നിലയില്‍, സാഹോദര്യവും ഐക്യവും ദൃഢപ്പെടുത്തുന്ന ഒരു മാധ്യമമെന്ന നിലയില്‍, സമത്വസുന്ദരമായ ഒരു ക്ഷേമരാജ്യസങ്കല്പമെന്ന നിലയില്‍ ഓണം എന്നും ആഘോഷിക്കപ്പെടും.

മാവേലിയന്‍ ലോകം
ഒരു മാവേലിയന്‍ ലോകം ഈ ഭൂമിയില്‍ ഒരിക്കലും നിലനിന്നിരിക്കാനിടയില്ല. യുഗങ്ങള്‍ക്കുശേഷവും അത്തരമൊന്നുണ്ടാകുമെന്ന് കരുതാനും ആവില്ല. കാരണം സുഖസൗകര്യങ്ങള്‍ക്കോ സ്വാതന്ത്ര്യത്തിനോ പോലും എല്ലാ വിധത്തിലും സംതൃപ്തമായ ഒരു ജനതയെയും സൃഷ്ടിക്കാനാവില്ല എന്നതുതന്നെ. അങ്ങനെയൊന്നുണ്ടായാല്‍ തന്നെ അത് ആസ്വാദ്യകരമാണോ?!

പക്ഷേ ഒന്നുണ്ട്. സമത്വസുന്ദരമായ ഒരു ലോകം സ്വപ്നം കാണുകയെന്നതുതന്നെ ഏതു ജനസമൂഹത്തെയും നേട്ടങ്ങളിലേക്ക് നയിക്കും. ചന്ദ്രനെയും ചൊവ്വയെയും കീഴടക്കാനുള്ള ശ്രമങ്ങളിലേക്ക് മനുഷ്യനെ പ്രേരിപ്പിച്ചതുതന്നെ അവന്റെ ഇടയില്‍ അവയെപ്പറ്റി ഉണ്ടായിരുന്ന വിചിത്രമായ സങ്കല്പങ്ങളാണ്.
“മാനുഷരെല്ലാരുമൊന്നുപോലെ” എന്ന സങ്കല്പമല്ലേ പല നിയമ പരിഷ്‌ക്കാരങ്ങളിലേക്കും നമ്മെ നയിക്കുന്നത്. തല ചായ്ക്കാനിടമില്ലാതെ 'ആറടിമണ്ണിന്റെ ജന്മി'കളായി കഴിഞ്ഞ എത്രയോ പേര്‍ക്ക് തലചായ്ക്കാനിടം കിട്ടി.

ഹൊയ്!
ഹൊയ്! വിളിച്ചുനടന്ന നമ്പൂരിമാരും മറക്കുട പിടിച്ച അന്തര്‍ജനങ്ങളുമെവിടെ? ഒരു കാലത്ത് സങ്കല്പങ്ങളില്‍ മാത്രം ഒതുങ്ങിനിന്നിരുന്ന പരിഷ്‌ക്കാരങ്ങളാണിവയെല്ലാം.

എല്ലാവര്‍ഷവും ഓണമാചരിക്കുമ്പോള്‍….കഴിഞ്ഞുപോയതായി കരുതപ്പെടുന്ന അക്കാലത്തെപ്പറ്റിയുള്ള സ്മരണങ്ങള്‍ ഉരുവിടുമ്പോള്‍, ഭാവി തലമുറയുടെ ഹൃദയങ്ങളില്‍ ഇത്തരം മഹത്തായ ആശയബീജങ്ങളെ വിതയ്ക്കുകയല്ലേ നാം ചെയ്യുന്നത്?

മഹത്തായ സങ്കല്പങ്ങള്‍ നമ്മിലുണരട്ടെ! ഉയര്‍ന്ന സങ്കല്പങ്ങളും ലക്ഷ്യങ്ങളും അതിനനുസൃതമായ പ്രവൃത്തിയുമാണ് മനുഷ്യനെ നേട്ടങ്ങളിലേക്ക് നയിക്കുന്നത്. അങ്ങനെ നോക്കിയാല്‍ ഒരു മാവേലിയന്‍ ലോകം….എന്നും പൊന്നോണനാളുകള്‍ …നമുക്കൊരിക്കലും അപ്രാപ്യമല്ല.
ഓണം-ഒരു മാതൃകാലോക സങ്കല്പം-ജോസഫ് നമ്പിമഠം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക