Image

ഫിലഡല്‍ഫിയയില്‍ ഫോമക്ക് ഓഫിസ്; പുതിയ ഭരണ സമിതിക്ക് പന്ത്രണ്ടിന കര്‍മ്മ പരിപാടി

Published on 24 August, 2012
ഫിലഡല്‍ഫിയയില്‍ ഫോമക്ക് ഓഫിസ്; പുതിയ ഭരണ സമിതിക്ക് പന്ത്രണ്ടിന കര്‍മ്മ പരിപാടി
ന്യൂയോര്‍ക്ക്: ഔദ്യോഗികമായി സ്ഥാനമേല്‍ക്കുന്നത് ഒക്‌ടോബറിലാണെങ്കിലും ഫോമയുടെ പുതിയ സാരഥികള്‍, കര്‍മ്മപദ്ധതികള്‍ ആവിഷ്‌കരിച്ച് മുന്നോട്ടു പോകുന്നതില്‍ പ്രസിഡന്റ് ബേബി ഊരാളിക്കും കമ്മിറ്റിക്കും സന്തോഷം. കാലേക്കൂട്ടി കാര്യങ്ങള്‍ ചെയ്തില്ലെങ്കില്‍ ഒന്നും ശരിയാവില്ലെന്ന് സി.പി.എക്കാരന്റെ കൃത്യത പാലിക്കാനാഗ്രഹിക്കുന്ന പുതിയ പ്രസിഡന്റ് ജോര്‍ജ് മാത്യുവും. അതിനാല്‍ നിലവിലുളള ഭാരവാഹികളുടെ സമ്മതവും മുന്‍കൂട്ടി നേടി.
പുതിയ ഭരണസമിതി പന്ത്രണ്ടിന കര്‍മ്മപരിപാടിയാണ് ആവിഷ്‌കരിച്ചിരിക്കുന്നതെന്ന് ഇന്ത്യ പ്രസ്‌ക്ലബ്ബില്‍ നടത്തിയ പത്രസമ്മേളനത്തില്‍ ആമുഖമായി പുതിയ വൈസ് പ്രസിഡന്റ് ക്യാപ്റ്റന്‍ രാജു ഫിലിപ്പ് പറഞ്ഞു.
മുപ്പത്തിനാലു വര്‍ഷത്തെ അമേരിക്കന്‍ വാസത്തിനിടയില്‍ ഇത്രയധികം ഇന്ത്യക്കാരെ ഒരുമിച്ചു കാണുന്നത് ഇതാദ്യമാണെന്ന് ഇന്ത്യാദിന പരേഡില്‍ പങ്കെടുത്തതിനെപ്പറ്റി പറഞ്ഞു കൊണ്ടാണ് ജോര്‍ജ് മാത്യു ആരംഭിച്ചത്. ഫോമക്ക് പുതിയ ഓഫിസ് ഫിലഡല്‍ഫിയയില്‍ തുടങ്ങി. അതിന്റെ ഉദ്ഘാടനം സണ്ണി ജോസഫ് എം.എല്‍.എ നിര്‍വഹിച്ചു. തന്റെ ഓഫിസിന്റെ മുകളിലെ രണ്ടു മുറികളാണത്. വിലാസം: 1922 കോട്ട്മാന്‍ അവന്യൂ, ഫിലഡല്‍ഫിയ, പെന്‍സില്‍വേനിയ 19111. ഫോണ്‍ ആയിട്ടില്ല. സ്ഥാനമൊഴിയും വരെ ഓഫിസായി അത് ഉപയോഗിക്കും. രേഖകളും മറ്റും കൃത്യമായി സൂക്ഷിക്കാന്‍ ഇതു സഹായിക്കും.
പുതിയ കമ്മിറ്റിയുടെ ആദ്യ കര്‍മ്മപരിപാടി എന്ന നിലയില്‍ നൂറുപേര്‍ക്ക് തയ്യല്‍ മെഷീന്‍ നല്‍കുന്നത് കോട്ടയത്ത് അടുത്തമാസം ഏഴിന് നടക്കും. കെ.പി.എസ് മേനോന്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, സുരേഷ് കുറുപ്പ് എം.എല്‍.എ തുടങ്ങിയവര്‍ പങ്കെടുക്കും. അറുന്നൂറില്‍പ്പരം അപേക്ഷകരില്‍ നിന്നാണ് 100 പേരെ തിരഞ്ഞെടുത്തതെന്ന് ഇതിന്റെ ഉപജ്ഞാതാവായ രാജു ഫിലിപ്പ് പറഞ്ഞു. തയ്യല്‍ കൊണ്ട് ഉപജീവനം കഴിക്കാന്‍ പറ്റുന്നവര്‍ക്കാണ് അതു നല്‍കുന്നത്. വിവിധ ജില്ലകളില്‍ നിന്നുളളവര്‍ക്ക് ഇതു ലഭിക്കുന്നു.
അടുത്തവര്‍ഷം ജനുവരി 11 ന് കൊച്ചിയിലെ ലേ മെറിഡിയനില്‍ നടക്കുന്ന കേരള കണ്‍വന്‍ഷന്‍, ഒരു കണ്‍വന്‍ഷനെക്കാളുപരി ബിസിനസ് സമ്മേളനം ആയിരിക്കുമെന്ന് ജോര്‍ജ് മാത്യു പറഞ്ഞു. യൂസഫലിയെപ്പോലുളള പ്രമുഖ ബിസിനസുകാരെയും അമേരിക്കയിലെ ബിസിനസുകാരെയും ഒരുമിച്ചിരുത്തി പുതിയ കര്‍മ്മപരിപാടികള്‍ ആവിഷ്‌കരിക്കുകയാണ് ലക്ഷ്യം. നാടിനും നമുക്കും ഗുണം ചെയ്യുന്ന കാര്യങ്ങള്‍. ഇതിന്റെ ചെയര്‍ ആയി ജോണ്‍ ടൈറ്റസിനെയും വൈസ് ചെയര്‍ ആയി ശശിധരന്‍ നായരെയും ചുമതലപ്പെടുത്തി. അവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മുന്നോട്ടു പോകുക.
ബ്രിഡ്ജിംഗ് ഓഫ് ദി മൈന്‍ഡ്‌സ് പദ്ധതി പ്രകാരം പ്രൊഫഷണലുകളുടെ സംഗമവും അതേ വേദിയില്‍ ഉണ്ടാവും. അംബാസഡര്‍ ടി.പി ശ്രീനിവാസന്‍ അതിനായി സഹകരിക്കും. ഇവിടെ നിന്നുളള ഏതാനും പ്രൊഫസര്‍മാരെ കൊണ്ട്‌ പോയി അവിടെയു ളള വിദ്യാഭ്യാസ വിദഗ്ധരുമായി ചര്‍ച്ചക്ക് വഴിയൊരുക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
വൈകിട്ട് പൊതു സമ്മേളനവും കലാപരിപാടികളും നടക്കും.
പ്രവാസി സമ്മേളനം 7,8,9 തീയതികളിലും ഇന്ത്യ പ്രസ്‌ക്ലബ്ബിന്റെ അവാര്‍ഡ് ദാനം പത്താം തീയതിയിലും കൊച്ചിയില്‍ നടക്കുന്നതിനാല്‍ കഴിയുന്നത്ര പേര്‍ ഫോമ സമ്മേളനത്തിലെത്തണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. മൂന്ന് സമ്മേളനങ്ങളിലും പങ്കെടുക്കാം.
അടുത്തവര്‍ഷം എല്ലാ റീജിയനുകളിലും കണ്‍വന്‍ഷനും കലാ മത്സരങ്ങളും നടത്തുക ലക്ഷ്യമിടുന്നു. അതിനോടുബന്ധിച്ച് യൂത്ത് ഫെസ്റ്റിവലും നടക്കും. റീജിയണല്‍ കലാമത്സരങ്ങളില്‍ വിജയിച്ചവരായിരിക്കും നാഷണലില്‍ മത്സരത്തിനെത്തുക. ഇതിനായി സ്ഥാനമേറ്റ ശേഷം കമ്മിറ്റി രൂപീകരിക്കും.
ഫോമ പൊളിറ്റിക്കല്‍ അവയര്‍നെസ് മാസം ആചരിക്കാന്‍ പരിപാടിയുണ്ട്. സംഘടിതരായി നാം വോട്ടു ചെയ്താല്‍ പല സ്ഥലങ്ങളിലും വലിയ ശക്തിയായി മാറാന്‍ നമുക്ക് കഴിയും. അതിനുളള പ്രവര്‍ത്തനങ്ങളും തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‍പ്പര്യമുളളവര്‍ക്ക് പരിശീലനം നല്‍കുന്നതും ലക്ഷ്യമിടുന്നു. ഫോമക്ക് നോണ്‍പ്രോഫിറ്റ് സ്റ്റാറ്റസ് ഉളളതിനാല്‍ നേരിട്ട് രാഷ്ട്രീയ കാര്യങ്ങളില്‍ ഇടപെടാനാവില്ല.
വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് ഇവിടെയും നല്‍കുകയാണ് മറ്റൊരു ലക്ഷ്യം. നാട്ടില്‍ മാത്രമല്ല ഇവിടെയും അര്‍ഹതയുളളവര്‍ ഏറെയാണ്.
ഫോമ ഹെല്‍പ്‌ലൈന്‍ വികസിപ്പിക്കും. ഹെല്‍പ്‌ലൈന്‍ വഴി തുക നല്‍കുന്നവര്‍ പറയുന്ന കാര്യത്തിന് സഹായമെത്തിക്കുകയാണ് ചെയ്യുന്നത്.
നാട്ടില്‍ നിന്ന് പുതുതായി എത്തുന്നവര്‍ അറിഞ്ഞിരിക്കേണ്ട വിവരങ്ങളും അവര്‍ക്ക് ലഭിക്കാവുന്ന ജോലി സാധ്യതകളും മറ്റും ഉള്‍ക്കൊളളുന്ന വിഭാഗം ഫോമ വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തും. അതുപോലെ പുതുതായി ബിസിനസ് തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കായുളള വിവരങ്ങളും ചേര്‍ക്കും. ബിസിനസിനെപ്പറ്റി വിവരമില്ലാത്ത പലരും ബിസിനസില്‍ ചെന്നുചാടി കൈപൊളളുന്ന കാഴ്ച ഇപ്പോള്‍ കാണാറുണ്ട്.
ഫോമ ന്യൂസ് പ്രസിദ്ധീകരിക്കാനുളള ചുമതല ജെ. മാത്യൂസിനെ ഏല്‍പ്പിച്ചു. മൂന്നു മാസത്തിലൊരിക്കല്‍ പ്രസിദധീകരിക്കണമെന്ന് ആഗ്രഹിക്കുന്നു. ഓണ്‍ലൈനും ശക്തിപ്പെടുത്തും. നാട്ടിലുളള സ്വത്തുക്കള്‍ സംരക്ഷിക്കുന്നതു സംബന്ധിച്ച നിയമം ഉണ്ടാക്കുന്നതിനുളള ശ്രമം തുടരും. ഇതിനായി സേവി മാത്യു ചെയര്‍മാനും ബിനോയി തോമസ് വൈസ് ചെയര്‍മാനുമായി കമ്മിറ്റിയെ ചുമതലപ്പെടുത്തി.
വിസ, പാസ്‌പോര്‍ട്ട് പോലെയുളള മലയാളികളുടെ പ്രശ്‌നങ്ങളില്‍ തുടര്‍ന്നും സജീവമാകും. നാട്ടില്‍ കൂടുതല്‍ മെഡിക്കല്‍ ക്യാമ്പുകള്‍ നടത്താന്‍ ലക്ഷ്യമിടുന്നു. അതുപോലെ മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ സ്ഥാപിക്കാനുളള പ്രവര്‍ത്തനങ്ങള്‍ക്ക് സാങ്കേതിക സഹായം എത്തിക്കാനും ശ്രമിക്കും. നാട്ടില്‍ വൃത്തിയില്ലാത്തത് ഇവിടെ നിന്നു പോകുന്ന രണ്ടാം തലമുറയെ വല്ലാതെ വിഷമിപ്പിക്കുന്നു. അതിനു മാറ്റം വരണം.
അടുത്ത കണ്‍വന്‍ഷനെപ്പറ്റി വലിയ പ്രതീക്ഷയുണ്ട്‌. ഫിലഡല്‍ഫിയക്കടുത്ത് റിസോര്‍ട്ട് പോലൊരു സ്ഥലത്ത് കണ്‍വന്‍ഷന്‍ എന്നാണാഗ്രഹിക്കുന്നത്. കുറഞ്ഞ ചിലവില്‍ കൂടുതല്‍ പേര്‍ക്ക് പങ്കെടുക്കാനാകണം.
കൂടുതല്‍ കണ്‍വന്‍ഷനുകള്‍ നടക്കുന്ന വര്‍ഷം ഫോമ കണ്‍വന്‍ഷന്‍ നടത്താതെ തൊട്ടടുത്ത വര്‍ഷത്തിലേക്ക് മാറ്റണമെന്ന നിര്‍ദ്ദേശം ജനറല്‍ ബോഡി പരിഗണിക്കുമെന്ന് ബേബി ഊരാളില്‍ പറഞ്ഞു. അങ്ങനെ വന്നാല്‍ മൂന്നുവര്‍ഷം ഇപ്പോഴത്തെ കമ്മിറ്റി തുടരേണ്ടി വരും.
ഫൊക്കാനയുമായി ലയന സാധ്യതയൊന്നുമില്ലെന്ന് ജോര്‍ജ് മാത്യു പറഞ്ഞു. എന്നാല്‍ കഴിയുന്നത്ര സഹകരിച്ച് പ്രവര്‍ത്തിക്കും. രണ്ടുവട്ടം താന്‍ ഫൊക്കാന ജനറല്‍ സെക്രട്ടറിയായിരുന്നു. ഫോമയില്‍ നേതൃത്വത്തില്‍ ആരും കടിച്ചു തൂങ്ങുന്നില്ല. പുതിയ ആളുകള്‍ വരുമ്പോള്‍ പഴയ ഭാരവാഹികള്‍ പിന്നിലേക്ക് മാറുന്നു.
ഫൊക്കാനയുമായി ലയനം വേണോ എന്നു തീരുമാനിക്കേണ്ടത് അംഗ സംഘടനകളാണ്. അവര്‍ പറയുന്നതു പോലെ പ്രവര്‍ത്തിക്കും.
മതങ്ങള്‍ കൂടുതല്‍ സെക്യുലര്‍ കാര്യങ്ങളില്‍ ഇടപെടുന്നു. മതങ്ങള്‍ മതപരമല്ലാത്ത കാര്യങ്ങളില്‍ ഇടപെടുന്നതില്‍ സെക്കുലര്‍ സംഘടനകള്‍ക്ക് പ്രയാസമുണ്ട്. എന്നു കരുതി പള്ളിക്കാരോടോ ക്ഷേത്ര ഭാരവാഹികളോടൊ മതപരമായ കാര്യം മാത്രം നോക്കിയാല്‍ മതി എന്നു നമുക്കു പറയാന്‍ പറ്റില്ല. അതാണു പ്രശ്‌നം. ഇവിടിപ്പോള്‍ ആരോടും മാറാന്‍ പറയാന്‍ പറ്റില്ല. പളളികള്‍ പളളികളുടെ വഴിയേ പോകുന്നു. നാം നമ്മുടെ വഴിയേ പോകുന്നു.
പ്രവര്‍ത്തനങ്ങളുടെ രൂപരേഖ മാത്രമാണിതെന്നും പുതിയ കമ്മിറ്റികള്‍ രൂപീകരിച്ച ശേഷം അന്തിമരൂപം നല്‍കുമെന്നും ജോര്‍ജ് മാത്യു പറഞ്ഞു.
ഫോമ മുന്‍ സെക്രട്ടറി അനിയന്‍ ജോര്‍ജ് ഭാരവാഹികളെ പരിചയപ്പെടുത്തി. പുതിയ ട്രഷറര്‍ വര്‍ഗീസ് ഫിലിപ്പ്, റീജിയണല്‍ വൈസ് പ്രസിഡന്റ്‌ സ്റ്റാന്‍ലി കളത്തില്‍, അഡ്‌വൈസറി കൗണ്‍സില്‍ വൈസ് ചെയര്‍ സജി എബ്രഹാം, ജുഡീഷ്യല്‍ കൗണ്‍സില്‍ സെക്രട്ടറി ജോര്‍ജ് തോമസ് തുടങ്ങിയവരും പങ്കെടുത്തു.
പ്രസ് ക്ലബ് പ്രസിഡന്റ് ജോസ് കാടാപ്പുറം, സെക്രട്ടറി സജി എബ്രഹാം, നിയുക്ത നാഷണല്‍ പ്രസിഡന്റ് ടാജ് മാത|, ജോര്‍ജ് തുമ്പയില്‍, സുനില്‍ ട്രൈസ്റ്റാര്‍, ജെ. മാത|സ്, ജിന്‍സ്‌മോന്‍ സക്കറിയ, പ്രിന്‍സ് മര്‍ക്കോസ് തുടങ്ങി ഒട്ടേറെ മാധ്യമ പ്രവര്‍ത്തകര്‍ പങ്കെടുത്തു

ഫിലഡല്‍ഫിയയില്‍ ഫോമക്ക് ഓഫിസ്; പുതിയ ഭരണ സമിതിക്ക് പന്ത്രണ്ടിന കര്‍മ്മ പരിപാടി ഫിലഡല്‍ഫിയയില്‍ ഫോമക്ക് ഓഫിസ്; പുതിയ ഭരണ സമിതിക്ക് പന്ത്രണ്ടിന കര്‍മ്മ പരിപാടി ഫിലഡല്‍ഫിയയില്‍ ഫോമക്ക് ഓഫിസ്; പുതിയ ഭരണ സമിതിക്ക് പന്ത്രണ്ടിന കര്‍മ്മ പരിപാടി ഫിലഡല്‍ഫിയയില്‍ ഫോമക്ക് ഓഫിസ്; പുതിയ ഭരണ സമിതിക്ക് പന്ത്രണ്ടിന കര്‍മ്മ പരിപാടി ഫിലഡല്‍ഫിയയില്‍ ഫോമക്ക് ഓഫിസ്; പുതിയ ഭരണ സമിതിക്ക് പന്ത്രണ്ടിന കര്‍മ്മ പരിപാടി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക