Image

ഞാനും കടലും, കപ്പലും ഫോമയും (റീനി മമ്പലം)

റീനി മമ്പലം (reenimambalam@gmail.com) Published on 25 August, 2012
ഞാനും കടലും, കപ്പലും ഫോമയും (റീനി മമ്പലം)
കപ്പല്‍ ന്യൂയോര്‍ക്ക്‌ വിട്ടു. മഴമേഘങ്ങളെ ആകാശത്ത്‌ ആരോ വിരിച്ചിരുന്നു. ഡെക്കില്‍ കടല്‍ നോക്കിനിന്നു. ഒന്നു രണ്ട്‌ മഴനീര്‍ത്തുള്ളികള്‍ മുഖത്ത്‌ പതിച്ചു. എല്ലിസ്‌ ദീപ്‌ മുന്നില്‍. അവിടെ ദീപവും ഏന്തി പ്രൗഡ ഗംഭീരമായി അവള്‍ നിന്നു, `സ്റ്റാച്ച്യൂ ഓഫ്‌ ലിബേര്‍ട്ടി'. വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ പില്‍ഗ്രിംസ്‌ അവിടെ വന്നിറങ്ങിയതിന്റെ ഓര്‍മ്മകളിലേക്ക്‌ അവളുടെ വിളക്ക്‌ തെളിച്ചു. ചെറുബോട്ടുകള്‍ കൂടണയാന്‍ ശ്രമിക്കുന്നു. ഞാന്‍ കാലത്തിലൂടെ പിന്നോട്ടു സഞ്ചരിച്ചു. വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ഇംഗ്ലണ്ടില്‍ നിന്ന്‌ അവിടെ വന്നിറങ്ങുന്ന `പില്‍ഗ്രിംസി'നെയും അവരുടെ ചെറുകപ്പലിനെയും ഞാന്‍ കാണുന്നുവോ? കപ്പല്‍ കരയില്‍ നിന്നും അകന്നുപോവുകയാണ്‌, ഞാനും. ഒരു കുട്ടിയുടെ ആവേശവും ഉന്മേഷവും എന്നില്‍ രണ്ടുദിവസമായി തുളുമ്പുകയായിരുന്നു, കടലാണ്‌ കാരണം. കടല്‍ യാത്ര ആദ്യാനുഭവമാണ്‌.

കൊച്ചുകുട്ടികള്‍ പുതിയൊരു വീട്ടില്‍ ചെല്ലുന്നതുപോലെ ഓടി നടന്നു, മുകളിലെ തുറന്ന ഡെക്കുകളുമായി സൗഹൃദം സ്ഥാപിച്ചു. 1200 ജോലിക്കാരും മൂവായിരത്തിലധികം യാത്രക്കാരുമുള്ള ഒരു ചലിക്കുന്ന പട്ടണം. മുറികള്‍ക്കിടയിലുള്ള `ഹാള്‍വേക്ക്‌' കപ്പലിന്റെ നീളം, ഏകദേശം 952 അടി കാണും. ഭക്ഷണം വെച്ചിരുന്ന നിലയില്‍ കയറി ഇറങ്ങി. എവിടെ നോക്കിയാലും ഭക്ഷണം, പലതരത്തിലുള്ളവ, പല രാജ്യങ്ങളുടേതായവ. രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ഭക്ഷണത്തിനുള്ള പൈസ മുന്‍കൂര്‍ കൊടുക്കുന്നതിനാല്‍ ഭക്ഷണശാലയില്‍ എല്ലാം `ഫ്രീ' ആണന്നൊരു തോന്നല്‍, മദ്യം വേണമെങ്കില്‍ മാത്രം പൈസ കൊടുത്താല്‍ മതി, അതും കരയില്‍ കൊടുക്കുന്നതിന്റെ ഇരട്ടി.

ആദ്യദിവസം കപ്പലിന്റെ ക്യാപ്‌റ്റന്‍ ഒരു വിവാഹം നടത്തി, ലോസാഞ്ചലസിലുള്ള ജോസഫ്‌ ഔസോയുടെയും സുജയുടെയും പ്രണയസാഫല്ല്യം. വിവാഹം കഴിഞ്ഞ്‌ അവര്‍ സ്‌നേഹപ്പക്ഷികളെപ്പോലെ (love birds) അവിടെയെല്ലാം പാറി നടന്നു. `ബെസ്റ്റ്‌ കപ്പിള്‍' മത്സരത്തില്‍ പങ്കെടുത്തു, അതിനായി ഡാന്‍സ്‌ ചെയ്‌തു. പ്രണയത്തിന്‌ കാലവും പ്രായവും ഒന്നും ബാധകമാവില്ല എന്നു തെളിഞ്ഞു. സ്‌നേഹിക്കാനൊരു മനസ്സും സ്‌നേഹമുള്ള മനസ്സും മതി.

രാവിലെ കിഴക്കിന്റെ തീപ്പന്ത്‌ തെളിഞ്ഞപ്പോള്‍ കര്‍ട്ടന്‍ മാറ്റി നോക്കി. അനന്തമായ കടല്‍, അന്തമില്ലെന്ന്‌ തോന്നുംവിധം, പരന്നൊഴുകി, ചെറു ഓളങ്ങള്‍ ഉയര്‍ത്തി. കടലിന്റെ അടിത്തട്ട്‌ ഇപ്പോള്‍ രണ്ടുമൈല്‍ താഴെയാണ്‌, ക്യാപ്‌റ്റന്റെ അറിയിപ്പ്‌. ജനാലയിലൂടെ താഴെ ജലപ്പരപ്പിനെ നോക്കി. അടിത്തട്ട്‌ രണ്ടുമൈല്‍ താഴെ, ആ ചിന്തയില്‍ കാലുകള്‍ വിറച്ചു. അന്ന്‌ അസ്‌തമന സൂര്യനെ നോക്കിക്കണ്ടു. മുഖം കഴുകുമ്പോള്‍ ഒലിച്ചു പോകുന്ന `മേക്കപ്പ്‌ ഫൗണ്ടേഷന്‍' പോലെ, കടലില്‍ മുങ്ങുന്നതിന്‌ മുമ്പായി വര്‍ണ്ണങ്ങള്‍ അവളുടെ ചുറ്റും പടര്‍ന്ന്‌ കിടന്നു. ആ സൗന്ദര്യത്തില്‍ ഞാന്‍ എന്നെ മറന്ന്‌ നിന്നു.

കടലില്‍ ഒളിക്കുവാന്‍ ശ്രമിക്കുന്ന സൂര്യന്റെ സൗന്ദര്യം പലദിവസങ്ങളിലായി പലവട്ടം കണ്ടാസ്വദിച്ചു. കപ്പല്‍ വേഗത്തിലോടി, ചുറ്റുമുള്ള വെള്ളത്തെ കോപത്തിലാഴ്‌ത്തി തിരകള്‍ ഉയര്‍ത്തിക്കൊണ്ട്‌. അതിനിടയില്‍ ചലിക്കുന്ന പട്ടണം പോലെയുള്ള കപ്പലിനുള്ളില്‍ ഫോമ തകര്‍ത്തു. ഇപ്പോഴത്തെ പ്രസിഡന്റ്‌ ബേബി ഊരാളിലും സെക്രട്ടറി ബിനോയ്‌ തോമസും ഫോമ ഉത്തരവാദിത്വങ്ങളുടെ ഭാരം പേറി നടന്നു. എല്ലാം സുഗമമായി നടക്കുന്നുവെന്ന്‌ സണ്ണി പൗലോസ്‌ ഉറപ്പുവരുത്തി. അനുദിനം മനസ്സ്‌ മാറ്റിയ യാത്രക്കാരുടെ റെജിസ്‌റ്റ്രേഷന്‍ കൈകാര്യം ചെയ്‌തത്‌ ഷാജി എഡ്വേര്‍ഡ്‌ ആണ്‌. ഇലക്ഷന്‍ നടന്നു, ജോര്‍ജ്‌ മാത്യുവിനെ ഫോമയുടെ 2012- 2014 ലെ പ്രസിഡന്റായും, ക്യാപ്‌റ്റന്‍ രാജു ഫിലിപ്പിനെ വൈസ്‌പ്രസിഡന്റായും, ഗ്‌ളാഡ്‌സണ്‍ വര്‍ഗീസിനെ സെക്രട്ടറിയായും തിരഞ്ഞെടുത്തു. കല്‍പ്പനയും, ഇന്ദ്രന്‍സും, വോഡഫോണ്‍ ചിരിക്കുടുക്ക റ്റീമും, ബാബുപോളും. ടി. പി. ശ്രീനിവാസനും സ്‌റ്റേജില്‍ തിളങ്ങി. സൗന്ദര്യ മത്സരവും, വിമന്‍സ്‌ ഫോറവും, സാഹിത്യമീറ്റിങ്ങും മതസൗഹാര്‍ദ മീറ്റിങ്ങും, ചിരിയരങ്ങും വന്നു പോയി. `ദാ വന്നു, ദേ പോയി'. ഞങ്ങള്‍ ചിരിച്ചു, സന്തോഷിച്ചു, ഉല്ലാസരായി, സെമിനാറുകളില്‍ ചിലപ്പോള്‍ ചിന്തയിലാണ്ടു. പോര്‍ട്ടിനോടടുത്തപ്പോള്‍, കപ്പല്‍ തിരിച്ച്‌, ദിശമാറ്റിയെടുത്ത്‌ പോര്‍ട്ടിനോടടുപ്പിക്കുന്ന `റ്റഗ്‌' ബോട്ട്‌കണ്ടു, അതിന്റെ ശൗര്യം അറിഞ്ഞു. രണ്ടു രാത്രി ഉണ്ടായിരുന്ന ഫോര്‍മല്‍ `ക്യാപ്‌റ്റന്‍സ്‌ ഡിന്നറിന്‌' കസവുസില്‍ക്കുകളില്‍ വന്ന സുന്ദരികള്‍ ആരുടെയെങ്കിലും ഒക്കെ മനസിളക്കിക്കാണും.

അസ്‌തമയസമയത്ത്‌ ഏറ്റവും മുകളില്‍, പന്ത്രണ്ടും പതിമൂന്നും നിലയിലുള്ള ഡെക്കുകളില്‍ ചുറ്റി നടന്നു. തുറന്ന ഡെക്ക്‌. കപ്പലിന്റെ ഏറ്റവും മുന്നില്‍ പോയി നില്‍ക്കണമെന്ന്‌ തോന്നി. മുന്നിലെത്തി നിന്നു. ചുറ്റും നെഞ്ചോളം പൊക്കത്തില്‍ കൈവരികള്‍. ആകാശത്ത്‌ നക്ഷത്രക്കൂട്ടങ്ങള്‍ തിളങ്ങി. മുന്നില്‍ പരന്ന്‌ കിടക്കുന്ന, കണ്ണുകള്‍ക്ക്‌ അന്തമില്ലാത്ത കടല്‍, ഡെക്കിന്‌ എപ്പോഴും നനവ്‌ കൊടുക്കുന്ന നേരിയ ഈറന്‍ കടല്‍ക്കാറ്റ്‌. എനിക്കും സമുദ്രത്തിനുമിടയില്‍ കൈവരികള്‍ മാത്രം. മുകളിലത്തെ വിജനമായ ആ ഡെക്കില്‍ ചെറുചൂടുവെള്ളവുമായി ഒരു `ഹോട്ട്‌ റ്റബ്‌'. സ്വിംസൂട്ട്‌ ധരിച്ച രണ്ട്‌ യുവമിഥുനങ്ങള്‍ ഹോട്ട്‌ റ്റബിലേക്കിറങ്ങി. അവര്‍ കമിതാക്കളാകാം, ഭാര്യാഭര്‍ത്താക്കന്മാരാകം. ഇരുട്ടും കപ്പലും കടലും അവരുടെ പ്രണയത്തിന്‌ സാക്ഷിനിന്നു.

അന്തമില്ലെന്ന്‌ തോന്നിച്ച കടലിലേക്ക്‌ കണ്ണൂന്നി നിന്നപ്പോള്‍ എന്നില്‍ പ്രണയമുയര്‍ത്തിയതാരാണ്‌? കടലോ? ഈറന്‍ കാറ്റോ, നക്ഷത്രക്കൂട്ടങ്ങളോ, കൈപിടിച്ചടുത്തുനിന്ന കൂട്ടുകാരനോ?
ഞാനും കടലും, കപ്പലും ഫോമയും (റീനി മമ്പലം)ഞാനും കടലും, കപ്പലും ഫോമയും (റീനി മമ്പലം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക