Image

ഓണം, ഒരു അനുസ്മരണം - ജോണ്‍ ഇളമത

ജോണ്‍ ഇളമത Published on 26 August, 2012
ഓണം, ഒരു അനുസ്മരണം - ജോണ്‍ ഇളമത
'പുലക്കുടിലുകളില്‍ പുകച്ചുരുളുകള്‍ പൊങ്ങുമ്പോള്‍ കേരളത്തില്‍ ഓണമഹോല്‍സവം കൊണ്ടാടുകയായി'. ഇത് അറുപതുകളിലെ കഥ! കാലം ഇന്നു മാറിയിരിക്കുന്നു. സാമൂഹ്യ വ്യവസ്തികളില്‍ മാറ്റം വന്നിരിക്കുന്നു. ജന്മിത്വം അവസാനിച്ചിരിക്കുന്നു. എന്നാല്‍ ഈ സൈബര്‍ യുഗത്തിലും നാം കാണുന്നത്, ജന്മിത്വത്തിന്റെ മറ്റൊരു കിരാത മുഖമല്ലേ!

കാലങ്ങള്‍ മാറി, കോലങ്ങള്‍ മാറി എന്നിരുന്നാലും സാമൂഹ്യ വളര്‍ച്ചയിലുള്ള മാറ്റങ്ങള്‍ എത്രകണ്ട്, നമ്മേ സംതൃപ്തരാക്കിയിട്ടുണ്ടെന്ന പുനഃപരിശോധന കരണീയം തന്നെ. ഒന്നോര്‍ത്താല്‍ നാം ഇപ്പോഴും അസംതൃപ്തരല്ലേ!

പണ്ട്, ഗ്രാമങ്ങള്‍ സമൃദ്ധമായിരുന്നു. ഗ്രാമീണര്‍ ശുദ്ധരായിരുന്നു. 'നാട്ടിന്‍ പുറം നന്മകളാല്‍ സമൃദ്ധം' എന്ന് കവികല്‍ പാടി പുകഴ്ത്തിയിരുന്നു. ഇന്നത്തെ സ്ഥിതി അതോണോ! ഗ്രാമങ്ങള്‍ കണ്ണുനീര്‍ വാര്‍ക്കുന്നു!...വറ്റി വരണ്ട പുഴകള്‍, അവ അഴുക്കു ചാലുകളായി ഒഴുകുന്നു. കൊതുകുകള്‍ സൈര്യവിഹാരം നടത്തുന്ന തരിശു പാടങ്ങള്‍ നാട്ടിപുറം ചലനമറ്റതാക്കുന്നു! മക്കള്‍, മറുനാടുകളിലേക്കു കുടിയേറുന്നു! അവര്‍ നാട്ടിന്‍ പുറത്ത് രമ്യഹര്‍മ്യങ്ങള്‍ പണിയുന്നു. അതില്‍ ചിലന്തികള്‍ കൈക്കൊട്ടി കളിക്കുന്നു!.. അവയില്‍ വസിക്കുന്നതോ പല്ലുകൊഴിഞ്ഞ അപ്പൂപ്പനും, കണ്ണുകാണാത്ത അമ്മൂമ്മയും. ഒഴിഞ്ഞ ഗ്രാമത്തില്‍ ഇടയ്ക്കിടെ കൊള്ളയും കൊലപാതകവും നടക്കുന്നു. നഗരങ്ങളുടെ കാര്യം അതിലും ഭയാനകം!.. എങ്ങും മാഫിയകള്‍ എന്തിനും, ഏതിനും! കൊട്ട്വേഷന്‍ സംഘങ്ങള്‍ , കൊള്ള, കൊള്ളിവെപ്പ്, കൊലപാതകം, ബലാല്‍സംഘം, അനാശാസ്യം, ആകെ അസ്വസ്ഥത!

ഇത്തരത്തില്‍ പഴയകാല വ്യവസ്ഥിതികളിലൂടെ ഒന്നു കണ്ണോടിക്കാം. അന്ന് ജന്മിയും കുടിയാനും പരസ്പര പൂരകങ്ങളായിരുന്നു. അവര്‍ക്കിടയില്‍ വിശ്വാസവും സ്‌നേഹവും രൂഢമൂലമായിരുന്നു. ജന്മിയുടെ തണലില്‍, കുടിയാന്മാര്‍ സുരക്ഷിതരായിരുന്നു, വിശിഷ്യ പഞ്ഞ കര്‍ക്കടകത്തിലും, പകര്‍ച്ചവ്യാധിയിലും, മറ്റു ദുരന്തങ്ങളിലുമൊക്കെ. ഇത് നന്മയുടെ വശം! എന്നാല്‍ ജന്മികള്‍ക്ക്, അദൃശ്യമായ ഒരു മുഖം കൂടി ഉണ്ടായിരുന്നില്ലേ! അജ്ഞതയുടെ മറവില്‍ ബുദ്ധി മരവിച്ച കുടിയാന്മാരുടെ മേലുള്ള ചൂഷണം!
അക്കാലങ്ങളില്‍, ഉണര്‍ന്ന ധാര്‍മികരോക്ഷങ്ങളുടെ പ്രതിഫലനങ്ങളായിരുന്നില്ലേ, 'മാമ്പഴം', 'വാഴക്കുല' തുടങ്ങിയ കാവ്യ കഥാപ്രസംഗരൂപങ്ങള്‍ !

ഒന്നു മാത്രം ശ്രദ്ധേയം തന്നെ. അക്കാലങ്ങളിലെ ഓണാഘോഷങ്ങളുടെ മധുരസ്മരണകള്‍, ഇന്നും നമ്മേ കൊഴിഞ്ഞു പോയ ഒരുഗൃഹാതുര സ്മരണകളിലേക്ക് കൈപിടിച്ചു കൊണ്ടുപോകുന്നു. അത്തം കഴിഞ്ഞാല്‍ പത്തു നാളേക്ക് ഓണമായി. കളം ഒരുക്കല്‍, അത്തപ്പൂവിടീല്‍, നാടും നഗരവും അംിഞ്ഞൊരുങ്ങുകയായി. മുല്ലപ്പൂവിന്റെയും, പിച്ചിപ്പൂവിന്റെയും പരിമളം നിറഞ്ഞ കുളിര്‍ കാറ്റില്‍, തുമ്പിതുള്ളുന്ന പാവാടക്കാരി പെണ്‍കുട്ടികള്‍ യുവതരുണികളുടെ കോലടി നൃത്തങ്ങള്‍, അവരുടെ കാര്‍കൂന്തലുകളില്‍ നിന്നൊഴുകുന്ന സൗരഭ്യം, തുമ്പയുടേയും, തുളസിയുടെയും, കാച്ചിയ എണ്ണയുടെയും സുഗന്ധം! കുളിച്ച് കുറിതൊട്ട്, ഓണക്കോടി ഉടുത്ത് ഒരുങ്ങിയ അമ്മമാരുടെ തിരുവാതിര! ചന്തത്തിലുള്ള ചുവടുവെപ്പില്‍ മിക്കവാറും വീട്ടമ്മമാരായ അവര്‍ എല്ലാ ദുരിതങ്ങളും മറന്നുള്ള ആട്ടം ആരെയും ഹരം കൊള്ളിക്കും. പട്ടം പറപ്പിക്കുകയും, ഊഞ്ഞാലിലാടുകയും ചെയ്യുന്ന കുട്ടികള്‍, യുവാക്കളുടെ കടുവാക്കളി, ചന്തത്തില്‍ പകിട എറിഞ്ഞ്, പകിട, പകിട പന്ത്രണ്ടു കളിക്കുന്ന പുരുഷാരവങ്ങള്‍!

എങ്ങും സന്തോഷത്തിന്റെ തിമിര്‍പ്പുകള്‍, സമ്പല്‍ സമൃദ്ധിയുടെ മണിയൊച്ചകള്‍! കാതില്‍ കുണുക്കിട്ടു വീറോടെ പൊരുതുന്ന ചീട്ടുകളി സംഘങ്ങള്‍, ആറ്റില്‍ വള്ളംകളി, കള്ളുഷാപ്പുകളിലെ തിരക്ക്. ഗ്രാമവും, നഗരവും നിറഞ്ഞ ആഘോഷത്തിന്റെ ലഹരിയിലാണ്ട് മതിമറന്ന ഉല്ലാസത്തിന്റെ പ്രസരിപ്പുകളെവിടെയും! തിരുവോണ നാളില്‍ വിഭവസമൃദ്ധമായ ഓണസദ്യ. അതുകഴിഞ്ഞ് പാല്‍പായസം! ഇവയെല്ലാം, 'കാണം വിറ്റും, ഓണം ആഘോഷിക്കണം' എന്ന പഴഞ്ചൊല്ലിനെ അന്വര്‍ത്ഥമാക്കുന്നു.

ഓണം ഐതീഹ്യങ്ങളിലൂടെ കടന്നുവന്ന മഹോത്സവം തന്നെ! എല്ലാ ചിത്രങ്ങള്‍ക്കും ചുവരുകളുണ്ടല്ലോ!. അപ്രകാരം മഹാബലി തമ്പുരാന്റെയും ഓണോത്സവത്തിന്റെയും കഥകള്‍ക്ക്, ഉപോത്മകമായ കഥകള്‍ കണ്ടേക്കാം. നടന്ന കഥകളുടെ, മറ്റൊരു വിസ്മയരൂപം എന്ന്, ചിന്തിക്കുന്നതിലെന്തു തെറ്റ്! ഇതൊരു ആര്യദ്രാവിഡ സംഘട്ടനത്തിന്റെ കഥ അല്ലെന്ന് ആരു കണ്ടു!.. പണ്ട്, ചേരരാജ്യം ഭരിച്ചുകൊണ്ടിരുന്ന, ഏതോ ചേരമാന്‍ പെരുമാളാകാം, 'മഹാബലി ചക്രവര്‍ത്തി' എന്നു ചിന്തിച്ചാലോ! ധര്‍മ്മിഷ്ഠനും, വാക്കിനു വ്യത്യാസവുമില്ലാത്ത അദ്ദേഹത്തിന്റെ ഖ്യാതി എങ്ങും പരന്നിരിക്കണം. ആര്യര്‍, കൂര്‍മ്മ ബുദ്ധി ഉപയോഗിച്ച് അദ്ദേഹത്തെ തോല്‍പ്പിച്ച് നാടു കടത്തിയിരിക്കണം! ഇതാകാം കഥ, എന്നാല്‍ ലിപി ഇല്ലാതിരുന്ന ഒരു കാലഘട്ടത്തില്‍, വാമൊഴികളിലൂടെ തലമുറകളിലൂടെ ഒഴുകിയ ഈ കഥ ഒരു വീര ഐതിഹാസിക കഥയായി മാറിയിരിക്കണം.

'മാവേലി നാടു വാണീടും കാലം മാനുഷ്യരെല്ലാരും ഒന്നുപോലെ
കള്ളവുമില്ല, ചതിയുമില്ല, എള്ളോളമില്ല പൊളിവചനം'
ഇങ്ങനെ കവിസങ്കല്‍പ്പം! ആ നല്ല കാലത്തിന്റെ ഓര്‍മ്മ പുതുക്കല്‍! അതുതന്നയല്ലേ ഓണം!

ഇന്ന് ഓണത്തിന്റെ കെട്ടും മട്ടും മാറിയിരിക്കുന്നു. കേരളത്തില്‍ മാത്രമല്ല, ലോകമൊട്ടാകെ പ്രവാസികളുള്ള എല്ലാ മുക്കുകളിലും, മൂലകളിലും ഓണമഹോത്സവം ആഘോഷിക്കപ്പെടുന്നു. കേരളത്തില്‍ ഓണാഘോഷത്തിന്റെ ആവേശം, ശീമമദ്യങ്ങളുടെ നുരയുന്ന ലഹരിയായി മാറികൊണ്ടിരിക്കുമ്പോള്‍, മറു നാടുകളില്‍ കൈവിട്ടു പൊയ്‌ക്കൊണ്ടിരിക്കുന്ന കേരളതനിമയുടെ അത്യാവേശവും! ഈ ഓണാഘോഷനാളുകള്‍ ധന്യമായിരിക്കട്ടെ! പഴകളേയും, പാരമ്പരാഗത ആചാരങ്ങളേയും നെഞ്ചിലേറ്റി നമ്മുക്ക് ഈ ഓണനാളുകള്‍ പങ്കിടാം, ഏവര്‍ക്കും ഓണാശംസകള്‍!!
ഓണം, ഒരു അനുസ്മരണം - ജോണ്‍ ഇളമത
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക