Image

കുരുവിക്കൂം തിരുവോണം - എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍

എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍ Published on 26 August, 2012
കുരുവിക്കൂം തിരുവോണം - എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍
രണ്ടിണക്കുരുവികളന്തിയില്‍ പറന്നെത്തും
രണ്ടിന്റേം ചുണ്ടില്‍ക്കാണും ഓലനാരൊരു പിടി

കൊക്കോടു കൊക്കുരുമ്മി പ്രേമഗാനങ്ങള്‍ പാടി
കൊക്കുകള്‍ കൊണ്ടു തീര്‍ത്തു 'കുരുവിക്കൂടൊ' ന്നത്ര!

പാടത്തിന്‍ വക്കത്തൊരു തെങ്ങിന്റെ തുഞ്ചത്തൊരു
കാറ്റിലങ്ങൂയലാടും സുന്ദര കലാശില്പം !

ലോകത്തിന്‍ മഹാത്ഭുതമായി ഞാന്‍ കാണ്‍മിതിനെ
മൂകരായ് രണ്ടു കുഞ്ഞു കിളികള്‍ വാര്‍ത്തെടുത്ത

സുന്ദര സ്വപ്നനീഢം പ്രേമത്തിന്‍ മഹാസൗധം !
മര്‍ത്യന്റെ കരസൃഷ്ടിക്കസാദ്ധ്യ ചിത്രീകാരം!

എത്രനാളദ്ധ്വാനിച്ചു തീര്‍ത്തൊരീ സൗചിത്ര്യകം
എതുമനുജന്റെയും ഭാവനയ്ക്കഗ്രാഹ്യകം !

ഓലകള്‍ പീലികളായ് തിങ്ങിയാടുന്ന തെങ്ങിന്‍
ഓലത്തുഞ്ചറിയാതെ യുയര്‍ത്തും കീരകൂടം!

തെങ്ങോലകളല്ലോയീ നീഢത്തിന്നിഴയെല്ലാം,
കോള്‍മയിര്‍കൊള്ളിക്കുമാ മത്ഭുത ദൃശ്യത്തിങ്കല്‍

വിസ്മയ ഹര്‍ഷമില്ലാതാര്‍ക്കതു വീക്ഷിക്കുവാന്‍ !
രാപ്പകലെന്യേ തീര്‍ത്ത പ്രേമത്തിന്‍ സ്‌നിഗ്ദ്ധശ്രീകം!

രണ്ടിണക്കുരുവികള്‍ വാര്‍ത്തൊരാ നാരിന്‍ സൗധം
കണ്ടുനില്‍ക്കുകിലാരു മത്ഭുതസ്തബ്ധരാകും

കാറ്റിലും വെയിലിലും മുട്ടയും കുഞ്ഞുങ്ങളും
ശാന്തമായ് പുലരാനായ് പിള്ളമുറികള്‍ തീര്‍ത്തും

വീര്‍ത്തൊരു നടുഭാഗം വാലുപോല്‍ വാതായനം
കുഞ്ഞോലക്കീറാല്‍ത്തീര്‍ത്തു കുരുവിക്കൂടൂഞ്ഞാലില്‍

മുട്ടയിട്ടടവച്ചു വിരിഞ്ഞു കുഞ്ഞുങ്ങളായ്
കൂട്ടുകൂടിക്കളിച്ചാ കുഞ്ഞുങ്ങളോലത്തുമ്പില്‍

ഓണമായ് പാടങ്ങളില്‍ നെന്മണി നീളേ ചൂടി
ഓണനെല്‍ക്കതിര്‍ കൊത്തി അമ്മക്കുരുവിയെത്തി

ആത്തമോദത്തോടെയാ കുഞ്ഞുങ്ങള്‍ കൂട്ടിലെത്തി
ഓണസദ്യയാണിന്നാ ക്കുരുവിക്കൂട്ടിനുള്ളില്‍

തെങ്ങോലത്തുമ്പുയരേ കാറ്റിലുലഞ്ഞാടുമീ
കുഞ്ഞാറ്റക്കുരുവികള്‍ തിരുവോണാഘോഷത്തില്‍ !

പെരുനാളാണവര്‍ക്കും കേരളമക്കള്‍ക്കൊപ്പം
കുരുവിക്കൂടവര്‍ക്കു സന്തുഷ്ട ശാന്തഗേഹം !
………………………………………….
 തിരുവോണാശംസകള്‍ !!

Yohannan.elcy@gmail.com
കുരുവിക്കൂം തിരുവോണം - എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക