Image

മധ്യരേഖക്ക്‌ 500; ദൈവത്തിന്‌ സ്‌തോത്രം

ഡി. ബാബുപോള്‍ Published on 29 August, 2012
മധ്യരേഖക്ക്‌ 500; ദൈവത്തിന്‌ സ്‌തോത്രം
`മധ്യരേഖ' ഈ ലക്കത്തോടെ അഞ്ഞൂറ്‌ എന്ന ഉഷപ്പലക (ഹര്‍ഡ്‌ല്‍ എന്ന പദത്തിന്‌ എന്റെ വിവര്‍ത്തനം. പി.ടി. ഉഷക്ക്‌ ഓണാശംസകള്‍.) പിന്നിടുകയാണ്‌. ഒരു ദശാബ്ദക്കാലമായി തുടങ്ങിയിട്ട്‌. പത്രങ്ങളില്‍നിന്ന്‌ ശമ്പളംപറ്റുന്നവരെ ഒഴിവാക്കിയാല്‍ ഇത്ര ദീര്‍ഘകാലം ഒരു പംക്തി കൊണ്ടുനടന്നിട്ടുള്ളവര്‍ ചുരുക്കമാവണം. ശശി തരൂര്‍ 'ദ ഹിന്ദു' വില്‍ ഏഴ്‌ കൊല്ലം തുടര്‍ച്ചയായി എഴുതിയിരുന്നു. മറ്റാരുടെയും കാര്യം ഓര്‍മ വരുന്നില്ല.
സര്‍വശക്തനായ ദൈവത്തെ സ്‌തുതിക്കാന്‍ ഞാന്‍ കടപ്പെട്ടിരിക്കുന്നു. അനര്‍ഹമായ നന്മകള്‍കൊണ്ട്‌ അലങ്കരിക്കപ്പെട്ടതാണ്‌ എന്റെ ജീവിതമെന്ന്‌ ഞാന്‍ തിരിച്ചറിയുന്നു. ക്രിസ്‌തുമതത്തിലെ അന്ത്യോഖ്യന്‍ പാരമ്പര്യത്തില്‍ ഒരു പ്രാര്‍ഥനയുണ്ട്‌. 'എന്റെ പാപങ്ങള്‍ക്ക്‌ തക്കവണ്ണം അങ്ങ്‌ എന്നോട്‌ പകരം ചോദിച്ചെങ്കില്‍ മോക്ഷത്തെക്കുറിച്ച്‌ കിനാവ്‌ കാണാനോ അവിടത്തെ സന്നിധിയില്‍ എന്തെങ്കിലും അപേക്ഷ സമര്‍പ്പിക്കാനോ നിവൃത്തിയില്ലാതെ അഗ്‌നിനരകത്തിന്‌ ഞാന്‍ അവകാശിയാകുമായിരുന്നു'. എന്നത്‌ ആ പ്രാര്‍ഥനയിലെ ഒരു വാക്യമാണ്‌. ഓരോ പ്രഭാതത്തിലും ഈശ്വരസന്നിധിയില്‍ നിശ്ശബ്ദനായിരുന്ന്‌ ധ്യാനിക്കുമ്പോള്‍ ഈ ചിന്ത എന്റെ മനസ്സില്‍ തെളിയാറുണ്ട്‌. അതുകൊണ്ട്‌ 'മധ്യരേഖ'യുടെ അഞ്ഞൂറാമത്‌ ലക്കം എഴുതാനിരിക്കുന്ന ഈ പ്രഭാതത്തില്‍ സര്‍വശക്തനെയാണ്‌ ആദ്യം നമിക്കേണ്ടത്‌.

രണ്ടാമതായി 'മാധ്യമം' പത്രാധിപരെയും സഹപ്രവര്‍ത്തകരെയും നന്ദിയോടെ സ്‌മരിക്കണം. ജമാഅത്തെ ഇസ്ലാമിയുടെ ദര്‍ശനങ്ങളുമായോ ഈ പത്രത്തിന്റെതന്നെ എല്ലാ വീക്ഷണങ്ങളുമായോ എനിക്ക്‌ പൂര്‍ണമായി യോജിക്കാന്‍ കഴിയുകയില്ല. അബ്ദുറഹ്മാന്‍ സാഹിബിനോ പത്രാധിപസമിതിക്കോ എന്റെ പല അഭിപ്രായങ്ങളും ദഹിക്കുന്നുമുണ്ടാവില്ല. കഴിയുന്നതും അവരെ ബുദ്ധിമുട്ടിലാക്കാതെ ശ്രദ്ധിക്കാറുണ്ട്‌ ഞാന്‍. എന്നാല്‍, അതുപോലെ ശ്രദ്ധിച്ച്‌ കൈകാര്യം ചെയ്‌തിരുന്ന ഒരു പംക്തി എനിക്ക്‌ ഉപേക്ഷിക്കേണ്ടിവന്നിട്ടുണ്ട്‌ മറ്റൊരു പത്രത്തില്‍. അതുകൊണ്ട്‌ എനിക്ക്‌ ഈ ഇടം അനുവദിക്കുന്ന സന്മനസ്സിനെ വണങ്ങാതെ വയ്യ.

പറയുന്നത്‌ മൂന്നാമതായാണെങ്കിലും എന്റെ വായനക്കാരാണ്‌ എന്റെ ബലം. പലരും കര്‍ക്കശമായി വിമര്‍ശിക്കാറുണ്ട്‌. എങ്കിലും അവരൊക്കെ അടുത്ത ലക്കവും വായിക്കുന്നു. പലപ്പോഴും വിമര്‍ശകരുടെ അഭിപ്രായങ്ങള്‍ എനിക്ക്‌ പുതിയ വെളിച്ചം നല്‍കിയിട്ടുമുണ്ട്‌. ഭൂരിപക്ഷത്തിന്റെ ഹൃദയവിശാലതയില്‍ വിശ്വാസം അര്‍പ്പിക്കുകയാണ്‌ ന്യൂനപക്ഷത്തിന്റെ രക്ഷാകവചം എന്ന്‌ ആന്റണി പറയുന്നതിന്‌ മുമ്പ്‌ 'മധ്യരേഖ' പറഞ്ഞു. അതിനോടുള്ള പ്രതികരണങ്ങള്‍ എന്റെ വീക്ഷണത്തില്‍ കുറേ മാറ്റംവരുത്തി. പല ബുധനാഴ്‌ചകളിലും എനിക്ക്‌ പത്രം കിട്ടുന്നതിന്‌ മുമ്പ്‌ കിട്ടുന്നത്‌ വായനക്കാരുടെ ടെലിഫോണ്‍ വിളിയാണ്‌. ഒരു എഴുത്തുകാരന്‌ ഇതിലേറെ ചാരിതാര്‍ഥ്യം നല്‍കുന്ന മറ്റൊന്നുണ്ടാവില്ല.

അഞ്ഞൂറാമത്‌ ലക്കം തിരുവോണനാളില്‍ അച്ചടിക്കുന്നത്‌ യാദൃച്ഛികമാണെങ്കിലും എനിക്ക്‌ അത്‌ ഏറെ സന്തോഷം പകരുന്നു. ഈയാഴ്‌ച കുറിക്കാന്‍ പല വിഷയങ്ങള്‍ മനസ്സില്‍ ക്യൂ പാലിക്കാതെ തിരക്കുകൂട്ടുന്നുണ്ടായിരുന്നു. 'മധ്യരേഖ 500' എന്ന്‌ കുറിച്ചതോടെ ഓണവും ഈ പംക്തിയുടെ പ്രായവും മുന്നിലെത്തി.

ഓണത്തിന്റെ ഏറ്റവും വലിയ മഹത്വം അത്‌ മതാതീതമാണ്‌ എന്നതാകുന്നു. മതാതീതമായ സംഗതികളില്‍ പലതും മതതീവ്രവാദികള്‍ ഹൈജാക്‌ ചെയ്‌ത്‌ സ്വന്തമാക്കാന്‍ ശ്രമിക്കാറുണ്ടെന്ന്‌ നമുക്കറിയാം. പെട്ടെന്ന്‌ ഓര്‍മവരുന്നത്‌ വിദ്യാരംഭമാണ്‌. ഒരു നല്ലകാര്യം ഈശ്വരനെ ഓര്‍ത്തുകൊണ്ട്‌ തുടങ്ങണമെന്ന പാരമ്പര്യത്തിന്റെ ഭാഗമാണ്‌ വിദ്യാരംഭം. അത്‌ പത്രങ്ങള്‍ ഏറ്റെടുത്തതോടെ സ്വകാര്യത നഷ്ടപ്പെട്ടു. അതോടെ അഹിന്ദുക്കളുടെ വിദ്യാരംഭവും വാര്‍ത്തയായി. അപ്പോള്‍ സരസ്വതീവന്ദനം പള്ളികളിലോ എന്ന്‌ ചില ക്രിസ്‌ത്യാനികള്‍ ചോദിക്കാന്‍ തുടങ്ങി. അതിനുമുമ്പ്‌ തന്നെ പാതിരിമാര്‍ ഈ ആചാരവും സ്വന്തമാക്കി മുതലെടുക്കുകയാണോ എന്ന സംശയവും ഉയര്‍ന്നു. കത്തനാരും ചെണ്ടയും തമ്മില്‍ ഭേദം ഇല്ലാതായി: രണ്ട്‌ വശത്തുനിന്ന്‌ തകൃതിയായി കോല്‍വെക്കുക വഴി ത്രിപുടിയും ദ്രുതകാലവും അന്തരീക്ഷത്തില്‍ നിറഞ്ഞു. സത്യത്തില്‍ എന്റെ ബാല്യകാലസ്‌മരണകളില്‍ നിറയെ ഉള്ളതാണ്‌ ഈ വിദ്യാരംഭം. പൂജയെടുപ്പു നാള്‍ എന്നൊന്നും ഒരു നിശ്ചിതദിനം ഉണ്ടായിരുന്നില്ലെങ്കിലും ആ ശുഭദിനത്തില്‍ എന്റെ പിതാവിനെക്കൊണ്ട്‌ ആദ്യാക്ഷരം കുറിപ്പിക്കാന്‍ താരതമ്യേന തിരക്ക്‌ കൂടുതലായിരുന്നു. ഹിന്ദുമതത്തിലെ അംഗങ്ങളായവര്‍ക്ക്‌ 'ഹരിശ്രീ ഗണപതയെ നമഃ' എന്ന്‌ തന്നെ ആണ്‌ െ്രെകസ്‌തവ വൈദികനായിരുന്ന അച്ഛന്‍ കുറിച്ചിരുന്നത്‌. അവനവന്റെ മതത്തിനകത്തുനിന്നാണ്‌ ഈശ്വരവിശ്വാസവും ജ്ഞാനാര്‍ജ്ജനയും തുടങ്ങേണ്ടത്‌ എന്ന തിരിച്ചറിവായിരുന്നു അതിന്റെ പ്രചോദനം. ഞാന്‍ എഴുതിച്ചിട്ടുള്ള മുസ്ലിംകുഞ്ഞുങ്ങള്‍ ആദ്യം എഴുതിയത്‌ 'അല്ലാഹു അക്‌ബര്‍' എന്നാണ്‌. എനിക്ക്‌ അറബിഭാഷ അറിഞ്ഞുകൂടാത്തതിനാല്‍ മലയാളത്തില്‍ എഴുതിക്കും എന്നുമാത്രം. സരസ്വതി ഒരു സങ്കല്‍പമാണ്‌. ഗ്രീക്കുകാരുടെ മ്യൂസിനെ പോലെ. ആ സ്‌ത്രീരൂപത്തിന്റെ നെഞ്ചില്‍ ഋഷ്യശൃംഗന്‍ പണ്ട്‌ കണ്ടതുപോലെയുള്ള മുഴകളാണ്‌ സംഗീതവും സാഹിത്യവുമെന്ന്‌ പറയുക വഴി സരസ്വതി എന്ന സങ്കല്‍പത്തിന്റെ ചാരുതയാണ്‌ പൂര്‍വികര്‍ വിളിച്ചുപറഞ്ഞത്‌. 'സംഗീതമപി' എന്ന ആ പ്രമാണം പെണ്‍ശരീരത്തെ ദ്യോതിപ്പിക്കുന്നില്ലെന്നതില്‍ തര്‍ക്കം ഉണ്ടാകാനിടയില്ല. നാല്‌ കൈകളുള്ള ഒരു മനുഷ്യസ്‌ത്രീ വൈകൃതമാണ്‌. എന്നാല്‍, ദേവിക്ക്‌ അതാവാം. മനുഷ്യന്റെ മൂക്ക്‌ തുമ്പിക്കൈ പോലെ ആകരുത്‌. എന്നാല്‍, തുമ്പിക്കൈ ആണ്‌ ഗണപതിയെ അടയാളപ്പെടുത്തുന്നത്‌. ഓരോ മതത്തിലും ഓരോരോ പുരാണങ്ങളും വ്യത്യസ്‌തസമ്പ്രദായങ്ങളും ഉണ്ടാവും. അവയെ മാനിക്കുന്നത്‌ അവയെ സ്വീകരിക്കുകയല്ല. അതേസമയം, അവയുടെ പശ്ചാത്തലത്തിലെ മതാതീതചിന്തകള്‍ തിരിച്ചറിയുകയും നമ്മുടെ സാംസ്‌കാരികപൈതൃകത്തിന്റെ ഭാഗമായി അവയെ അംഗീകരിക്കുകയും ചെയ്യാന്‍ കഴിയണം.

ഓണത്തിന്റെ ഭാഗ്യം അത്‌ ഇന്നും മതാതീതമായി തുടരുന്നു എന്നതാണ്‌. വാമനനെ വാമനമൂര്‍ത്തിയായി വിവരിച്ച്‌ ന്യായീകരിക്കാനുള്ള പരിശ്രമങ്ങള്‍ നടന്നുകൊള്ളട്ടെ. മാവേലിയാണ്‌ മഹാബലിയല്ല നമ്മുടെ ഓണത്തപ്പന്‍ എന്നുകൂടി ഓര്‍ത്താല്‍ മതി. മഹാബലി നര്‍മദാതീരത്തായിരുന്നു യജ്ഞം നടത്തിയത്‌. ആ ഭൂപ്രദേശത്തുനിന്ന്‌ ദക്ഷിണായനം നടത്തിയ സാരസ്വതബ്രാഹ്മണര്‍ ആവാം ഓണത്തപ്പനെ മഹാബലി ആക്കിയത്‌.

മഹാബലിയുടെ ഭരണകാലമായിരുന്നു സുവര്‍ണയുഗം എന്ന്‌ പറയുന്നത്‌ ബ്രിട്ടീഷുകാരുടെ ഭരണകാലമായിരുന്നു ഭാരതചരിത്രത്തിലെ തിളക്കമാര്‍ന്ന കാലം എന്ന്‌ പറയുമ്പോലെയാണ്‌ എന്ന സംഗതി പലരും ശ്രദ്ധിച്ചുകാണുന്നില്ല. മഹാബലി അസുരചക്രവര്‍ത്തിയാണ്‌. പാതാളമാണ്‌ അദ്ദേഹത്തിന്‌ സ്വദേശം. ഭൂമിയെ അദ്ദേഹം കീഴടക്കിയതാണ്‌. ഭൂമിയെ മാത്രമല്ല. സ്വര്‍ഗത്തെയും വരുതിയിലാക്കി. അതായത്‌ ലോകംകണ്ട ഏറ്റവും വലിയ സാമ്രാജ്യത്വമോഹിയായിരുന്നു മഹാബലി. ആ സാമ്രാജ്യത്വശക്തിയുടെ തലക്കാണ്‌ വാമനന്‍ എന്ന വിപ്ലവനായകന്‍ അടികൊടുത്തത്‌. എന്നിട്ടും മഹാബലിയെ നശിപ്പിച്ചില്ല. സ്വദേശത്തേക്ക്‌ ഒതുങ്ങി അവിടത്തെ നൃപതിയായി തുടരാന്‍ അനുവദിച്ചു. വാമനാന്ത്യം വൈഷ്‌ണവലോകത്തേക്കുള്ള രഥയാത്രയിലായാലും ദാനവേന്ദ്രനെ വകവരുത്തിയശേഷം കാളിന്ദിയില്‍ അപ്രത്യക്ഷനാകുന്നതിലായാലും പാതാളാധിപനായ ബലിയെ സ്വസ്ഥാനപ്പെടുത്തുക മാത്രമാണ്‌ വാമനന്‍ ചെയ്‌തത്‌. മതം ഏതായാലും അത്‌ ഈശ്വരധര്‍മംതന്നെ ആണ്‌ താനും.

ഇതൊക്കെ വ്യാഖ്യാനങ്ങളാണ്‌. ഇപ്പോള്‍ മഹാബലിയെയോ വാമനനെയോ ഓര്‍ത്ത്‌ ആരും വ്യാകുലപ്പെടുന്നവരല്ല. ഓണക്കോടി തേടുന്നവര്‍ ഓണത്തപ്പനെ ഓര്‍ക്കാനൊന്നും നില്‍ക്കാറില്ല. അതായത്‌ ഇന്നത്തെ നാഗരിക സമൂഹത്തില്‍ ഓണം കേവലം ഒരുത്സവം മാത്രം ആണ്‌. പണ്ടും ഇത്‌ ഉത്സവമായിരുന്നു. എന്നാല്‍ ഗ്രാമീണലോകത്തില്‍ ഉത്സവത്തിന്‌ കുറേക്കൂടെ ചാരുതയാര്‍ന്ന ഒരു മാനുഷിക മുഖമുദ്ര ചാര്‍ത്തിയിരുന്നു. ആ ഭാവം ഒട്ടൊക്കെ കൈമോശം വന്നിരിക്കുന്നു. അതും ചരിത്രത്തിന്റെ അനിവാര്യതയായി കാണാന്‍ നാം ശീലിക്കേണ്ടതുണ്ട്‌. മാറുന്നുവെന്നത്‌ മാത്രം ആണ്‌ മാറാത്തത്‌ എന്നിരിക്കെ മാറുന്നതിനെ ഓര്‍ത്ത്‌ നാം മാറത്തടിക്കരുത്‌. പണ്ടത്തെ ഓണക്കോടി ഒരു തോര്‍ത്തോ ഒരു കസവുമുണ്ടോ ആയിരുന്നിരിക്കാം. ഇന്ന്‌ അത്‌ ഒരു ചുരിദാര്‍ സെറ്റും ഒരു സൂട്ടിനുള്ള തുണിയും ആവുന്നത്‌ ഓണത്തിന്റെ ഭംഗി ഒരുതരത്തിലും ചോര്‍ത്തുന്നില്ല.

ഈ രണ്ടായിരത്തിപ്പന്ത്രണ്ടിലും ഓണം ആഘോഷിക്കാന്‍ കഴിയുന്നു എന്നതാണ്‌ ആശ്വാസകരമായ സത്യം. അടുത്തയാഴ്‌ച പത്രങ്ങള്‍ മദ്യത്തിന്റെയും സ്വര്‍ണത്തിന്റെയും വില്‍പനയെപ്പറ്റി എഴുതും. പിന്നെ കന്നിമാസം വരും. ഓണം വിസ്‌മൃതിയിലാവും. ഇഴയുന്ന രാപകലുകള്‍ താണ്ടി ഒടുവില്‍ നാം വീണ്ടും അടുത്ത തിരുവോണക്കാലത്ത്‌ എത്തിച്ചേരും. ആ പ്രത്യാശ നശിക്കാതിരിക്കട്ടെ. അതേസമയം, ആ മോഹത്തിന്റെ മറവില്‍ നാം താമരതീനികളായി തീരാതിരിക്കട്ടെ. പതിനൊന്ന്‌ മാസം നമുക്ക്‌ അധ്വാനിക്കാം, പന്ത്രണ്ടാംമാസത്തില്‍ ഒരു പുതിയ ഓണം ആഘോഷിക്കാന്‍.

(കടപ്പാട്‌: മാധ്യമം)
മധ്യരേഖക്ക്‌ 500; ദൈവത്തിന്‌ സ്‌തോത്രം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക