Image

`ന:സ്‌ത്രീ സ്വാതന്ത്രമര്‍ഹതി'

മൊയ്‌തീന്‍ പുത്തന്‍ചിറ Published on 10 August, 2011
`ന:സ്‌ത്രീ സ്വാതന്ത്രമര്‍ഹതി'
സ്‌ത്രീകളേയും കുട്ടികളേയും പോലീസ്‌ കസ്റ്റഡിയിലെടുക്കുമ്പോള്‍ അവരുടെ മാന്യതയ്‌ക്കും സ്വകാര്യതയ്‌ക്കും കോട്ടം തട്ടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന്‌ കേരള ഡി.ജി.പി. ജേക്കബ്ബ്‌ പുന്നൂസ്‌ ഈയ്യിടെ ഇറക്കിയ ഒരു സര്‍ക്കുലറില്‍ നിഷ്‌കര്‍ഷിക്കുന്നു. ഇങ്ങനെ ഒരുസര്‍ക്കുലര്‍ പോലീസ്‌ ആസ്ഥാനത്തുനിന്ന്‌ ഇറക്കാനുള്ള സാഹചര്യമുണ്ടായത്‌ പോലീസ്‌ സ്റ്റേഷനില്‍ കയറുന്ന സ്‌ത്രീകളുടെ നേരെ ഏമാന്മാരുടെ അതിരുകടന്ന പെരുമാറ്റമാണ്‌.

കേരളത്തില്‍ സ്‌ത്രീകള്‍ക്കുനേരെയുള്ള ആക്രമണം ക്രമാതീതമായി വര്‍ദ്ധിക്കുന്നു എന്നതിന്റെ തെളിവുകളാണ്‌ ഈ അടുത്ത കാലങ്ങളില്‍ നാം കണ്ടും കേട്ടും കൊണ്ടിരിക്കുന്നത്‌. സ്‌ത്രീകളെ ശല്യം ചെയ്യല്‍, ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, സ്‌ത്രീപീഡനം തുടങ്ങിയവ ദിനംപ്രതി വര്‍ദ്ധിച്ചുവരുന്നതിന്റെ കാരണം കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുകയില്ല എന്ന വിശ്വാസമാണ്‌.

സംസ്ഥാനത്ത്‌ പെണ്‍കുട്ടികളെ കാണാതാവുന്നതും, അവര്‍ ലൈഗിംക പീഡനത്തിനിന്‌ ഇരകളാകുന്നതും അപകടകരമായരീതിയില്‍ വര്‍ദ്ധിച്ചു വരുന്നത്‌ വലിയൊരു സാമൂഹ്യവിപത്താണെന്ന്‌ ഹൈക്കോടതിയും കണ്ടെത്തിയിരിക്കുന്നു. സൂര്യനെല്ലി, വിതുര, കവിയൂര്‍, കിളിരൂര്‍ എന്നീ കേസുകളില്‍ പോലീസും ഭരണാധികാരികളും ഇരുട്ടില്‍ തപ്പുന്ന കാഴ്‌ചയാണ്‌ നാമെല്ലാം കാണുന്നത്‌. ഇപ്പോള്‍ പറവൂര്‍, കോതമംഗലം എന്നീ പീഡനക്കേസുകളും ആ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നു. നാലുവയസ്സുകാരിയെ പതിനാലുകാരന്‍ ബലാത്സംഗം ചെയ്‌ത്‌ കൊന്ന്‌ മരപ്പൊത്തിലൊളിപ്പിച്ചുവെച്ചതും ദൈവത്തിന്റെ നാട്ടില്‍തന്നെ.

ഏകദേശം ഇരുനൂറോളം പേരാണ്‌ പറവൂര്‍ കേസിലെ പ്രതികളെന്നു കേള്‍ക്കുമ്പോള്‍ കേരളീയരെന്ന്‌ അഭിമാനം കൊള്ളുന്ന നാമെല്ലാവരും ലജ്ജിച്ചു തലതാഴ്‌ത്തണം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്വന്തം പിതാവു തന്നെയാണ്‌ പലര്‍ക്കും കൊണ്ടുനടന്ന്‌ കാഴ്‌ചവെച്ചത്‌. സിനിമയിലഭിനയിപ്പിക്കാനും സിനിമാക്കാരെ പരിചയപ്പെടാനാണെന്നുമുള്ള വ്യാജേന സ്വന്തം മകളെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊണ്ടുനടന്ന്‌ പലര്‍ക്കും കാഴ്‌ചവെച്ച ഈ പിതാവിനെ എന്തു വിളിക്കണം ഈ കേസില്‍ പിടിക്കപ്പെട്ട എത്ര പേര്‍ക്ക്‌ ശിക്ഷ കിട്ടും പണവും സ്വാധീനശക്തിയുമുപയോഗിച്ച്‌ ഇവരെല്ലാം നിയമത്തിന്റെ പിടിയില്‍ നിന്ന്‌ അധികം താമസിയാതെ രക്ഷപ്പെടും.

മിസ്‌ഡ്‌ കോളുകള്‍ വഴി പരിചയപ്പെട്ട്‌ അധികം താമസിയാതെ പ്രണയം നടിച്ച്‌ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുന്ന പതിവ്‌ കേരളത്തില്‍ മുളപൊട്ടിയിട്ട്‌ അധികകാലമായിട്ടില്ല. എന്നാല്‍, നാലു വയസ്സുകാരിയെ പത്തുവയസ്സുകാരന്‍ പീഡിപ്പിക്കുകയും സഹപാഠികളായ പെണ്‍കുട്ടികളെ സഹപാഠികളായ ആണ്‍കുട്ടികള്‍ കൂട്ട മാനഭംഗത്തിനിരയാക്കുന്ന അവസ്ഥവരെ എത്തിയിട്ടും അധികാരികള്‍ക്ക്‌ മിണ്ടാട്ടമില്ല. ഈയ്യിടെ തിരുവനന്തപുരത്ത്‌ ലൈഗീക പീഡനത്തെത്തുടര്‍ന്ന്‌ ഒരുഎട്ടാം ക്ലാസ്സ്‌ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്‌തത്‌ സ്‌കൂള്‍ വാന്‍ ഡ്രൈവര്‍ നിരന്തരം പീഡിപ്പിച്ചതുകൊണ്ടാണെന്ന്‌ അറിഞ്ഞപ്പോഴാണ്‌ അധികാരികള്‍ക്ക്‌ അല്‌പമെങ്കിലും ബോധോദയം ഉണ്ടായത്‌. അനധികൃതവാഹനങ്ങളും ഡ്രൈവര്‍മാരും സ്‌കൂള്‍കുട്ടികളെ വാഹനത്തില്‍ കയറ്റാന്‍ പാടില്ല എന്ന ഒരു നിയമം ഇപ്പോള്‍ തല്ലിക്കൂട്ടിയെടുത്തിട്ടുണ്ട്‌. അതും എത്രനാള്‍ തുടരും എന്ന്‌ കണ്ടറിയണം.

ഈ സാമൂഹ്യ വിപത്തിന്‌ പെണ്‍കുട്ടികള്‍ മാത്രമാണോ ഉത്തരവാദികള്‍ അല്ല എന്നാണ്‌ ഭൂരിഭാഗം പേരുടേയും അഭിപ്രായം. ദൃശ്യമാധ്യമങ്ങളുടെ അതിപ്രസരവും, അതിലൂടെ പെണ്‍കുട്ടികളില്‍ വളര്‍ന്നുവരുന്ന, അല്ലെങ്കില്‍ അവരെ ഭ്രമിപ്പിക്കുന്ന, അനേക ഘടകങ്ങളുണ്ടെന്നാണ്‌ കോടതിയുടെ കണ്ടെത്തല്‍. സിനിമകള്‍ സെന്‍സര്‍ ചെയ്യുന്നതുപോലെ ചാനലുകളേയും സെന്‍സര്‍ ചെയ്‌താല്‍ ഒരു പരിധിവരെ ഈ സാമൂഹ്യപ്രതിസന്ധിയില്‍ നിന്ന്‌ മോചനം കിട്ടിയേക്കാം.

വ്യവസ്ഥിതികള്‍ക്കെതിരെ ഒരു വലിയ വെല്ലുവിളിയാണ്‌ ഇന്ന്‌കേരളത്തില്‍ മുഴങ്ങിക്കേള്‍ക്കുന്നത്‌. വനിതാസംവരണം, വനിതാവിമോചനം, വനിതാ കമ്മീഷന്‍ തുടങ്ങിയ കാലാനുസൃതമായ മിത്തുകളിലൂടെ സ്‌ത്രീകള്‍ക്കുവേണ്ടി; അവരുടെ ഉന്നമനത്തിനുവേണ്ടിഎല്ലാവരും മുറവിളി കൂട്ടുന്നുണ്ടെങ്കിലും, നമ്മുടെ സമൂഹം പലപ്പോഴും മനുസ്‌മൃതിയിലെ കാലഹരണപ്പെട്ട `ന:സ്‌ത്രീ സ്വാതന്ത്രമര്‍ഹതി' എന്ന വാക്യത്തെ വിട്ടുകളയാന്‍ മനസ്സുവെക്കുന്നില്ലയെന്നുതന്നെ കരുതേണ്ടിയിരിക്കുന്നു.

സ്‌ത്രീകളെ അപലയെന്നും ചപലയെന്നും മുദ്രകുത്തി നിന്ദിക്കുന്ന രീതി അസഹീനമായ തുടര്‍ക്കഥയാകുകയാണ്‌ കേരളത്തില്‍. എന്തെങ്കിലും ദുരന്തം നടക്കുമ്പോള്‍ മാത്രം രണ്ടോ മൂന്നോ ദിവസത്തേക്ക്‌ മാധ്യമങ്ങളില്‍ നിറയുന്ന വാര്‍ത്തകള്‍ അപ്രത്യക്ഷമാകുകയും അടുത്ത ദുരന്തത്തിന്റെ ചൂടുള്ള വാര്‍ത്തകള്‍ക്കുള്ള കാത്തിരിപ്പാണ്‌ എല്ലാവരും. മദ്യത്തിലും മയക്കുമരുന്നിലും ഇന്നത്തെ യുവാക്കള്‍ എരിഞ്ഞു തീരുകയാണ്‌. പെണ്‍കുട്ടികളുടെ ചാരിത്രം മലിനമാക്കപ്പെടുന്നു. കേരളത്തിലെ മിക്ക പ്രദേശങ്ങളിലും ജനങ്ങളുടെ സമ്പത്ത്‌, മാനം, ജീവന്‍ ഒന്നിനും സുരക്ഷതയില്ലാത്ത കാലമാണിപ്പോള്‍. നേരം ഇരുട്ടിയാല്‍ തെരുവുകളിലെ ഭരണം തെമ്മാടികളുടെ കൈകളിലാണ്‌. അവരുടെ തേര്‍വാഴ്‌ചയില്‍ എല്ലാ മൂല്ല്യങ്ങളും തകര്‍ന്നടിയുന്നു. പൈശാചികതയുടെ കരാളഹസ്‌തങ്ങളില്‍ സ്‌ത്രീകളും പെണ്‍കുട്ടികളും ഹോമിക്കപ്പെടുന്ന കാഴ്‌ചയാണ്‌ ഇന്ന്‌ കേരളത്തില്‍ നടമാടുന്നത്‌.

വൈരുധ്യങ്ങള്‍ ഇവിടെ തീരുന്നില്ല. മദ്യവിരുദ്ധ പ്രസ്ഥാനങ്ങളുടെ അമരത്ത്‌ മദ്യരാജാക്കന്മാര്‍, വേശ്യാലയത്തിനകത്ത്‌ പുരോഹിതന്മാര്‍, ന്യായാസനങ്ങളില്‍ ജൂദാസുകള്‍, അധികാരപീഠങ്ങളില്‍ അഴിമതിവീരന്മാര്‍, അഛന്റേയും അമ്മയുടേയും സ്ഥാനത്ത്‌ പിശാചുക്കള്‍. എന്തിനും ഏതിനും പാശ്ചാത്യരെ?കുറ്റപ്പെടുത്തിയിരുന്ന കേരളത്തിലെ രാഷ്ട്രീയ, സാംസ്‌ക്കാരിക നേതാക്കള്‍ ഇപ്പോള്‍ മൗനം പാലിക്കുകയാണ്‌. കാരണം പാശ്ചാത്യരാജ്യങ്ങളില്‍, പ്രത്യേകിച്ച്‌ അമേരിക്കയില്‍, നടക്കുന്നതിനേക്കാള്‍ കൂടുതല്‍ കുടുംബ ശിഥിലീകരണം ഇന്ന്‌ കേരളത്തിലാണ്‌ നടക്കുന്നത്‌. അഛനില്ലാത്ത മക്കള്‍ പിറക്കുന്നതും മുത്തഛനേയും മുത്തശ്ശിയേയും വൃദ്ധസദനങ്ങളിലേക്ക്‌ മാറ്റുന്നതും അമേരിക്കന്‍ സംസ്‌ക്കാരത്തില്‍ അലിഞ്ഞുചേര്‍ന്നിട്ടുള്ളതാണ്‌. അതേ സംസ്‌ക്കാരമാണ്‌ ഇപ്പോള്‍ കേരളത്തിലും വേരൂന്നിക്കൊണ്ടിരിക്കുന്നത്‌.

ആരെയാണ്‌ വിശ്വസിക്കേണ്ടത്‌ ആരെയാണ്‌ അവിശ്വസിക്കേണ്ടത്‌ എന്നുപോലും നിര്‍വ്വചിക്കാനാവാത്ത അന്തരീക്ഷത്തില്‍ മാതാവ്‌, പിതാവ്‌, സഹോദരന്‍, സഹോദരി, അയല്‍ക്കാര്‍, ഗുരുനാഥന്‍, സഹപാഠി - കളങ്കമേല്‍ക്കാത്തവരായി ആരുണ്ടവിടെ ഒരു പെണ്‍കുട്ടിയായി ജനിക്കേണ്ടിവരുന്ന ആത്മാവിന്റെ ഗതിയെന്താണ്‌ വേട്ട മൃഗങ്ങളില്‍ നിന്ന്‌ അവരെ രക്ഷിക്കാന്‍ ഏത്‌ പ്രവാചകനാണുള്ളത്‌  പ്രവാചകവചനങ്ങള്‍ ഏറെയുണ്ട്‌ ദൈവത്തിന്റെ നാട്ടില്‍. തല്ലിച്ചതച്ചും അവ കാണാതെ പഠിപ്പിക്കുന്ന പരസഹസ്രം പള്ളിക്കൂടങ്ങളുണ്ട്‌. ഈണത്തിലുള്ള ബാങ്കൊലികളും ഭക്തിസാന്ദ്രമായ പ്രഭാഷണങ്ങളും കണ്ണീരില്‍ കുതിര്‍ന്ന പ്രാര്‍ത്ഥനകളുമുണ്ട്‌. പക്ഷേ, ഇതുകൊണ്ടൊക്കെ ആര്‍ക്ക്‌ എന്ത്‌ പ്രയോജനം

ഈ അസുരലോകം തനിയെ ഉണ്ടായതല്ല. ഉണ്ടാക്കിയതാണ്‌. മതസംഘടനകള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും കലാ-സാഹിത്യ പ്രസ്ഥാനങ്ങള്‍ക്കും ഈ നിര്‍മ്മിതിയില്‍ പങ്കുണ്ട്‌. അഛനും അമ്മക്കും ഗുരുനാഥനും ഇതില്‍ പങ്കുണ്ട്‌. ഭരണകൂടം ഈ കലികാലത്തിന്റെ കാവലാളുകളും.
`ന:സ്‌ത്രീ സ്വാതന്ത്രമര്‍ഹതി'
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക