Image

ഓര്‍മ്മയില്‍ ഓരോണം (ജോസന്‍ ജോര്‍ജ്‌)

ജോസന്‍ ജോര്‍ജ്‌, ഡാളസ്‌ Published on 29 August, 2012
ഓര്‍മ്മയില്‍ ഓരോണം (ജോസന്‍ ജോര്‍ജ്‌)
ഓണാമായോര്‍മ്മയിലെന്നെന്നും
ഓളങ്ങളിളകും പൊന്നോണമായ്‌.
കാലത്തിന്‍ രഥചക്രമൊരുമാത്രയെങ്കിലും
പിന്നോട്ടുരുട്ടുവാന്‍ മോഹമായ്‌.

മങ്ങുന്നൊരായിരമോര്‍മ്മകളെങ്കിലും
മങ്ങാതെ മിന്നിത്തെളിയും തിരുവോണം.
അത്തക്കളത്തിന്‍ കുരവയുമാര്‍പ്പുമെന്‍
ചിത്തത്തിലിന്നും പ്രതിധ്വനിക്കുന്നിതാ-

മുറ്റത്തെമൂവാണ്ടന്മാവിന്റെ കൊമ്പിലൊ
രുഞ്ഞാലുണ്ടായിരുന്നതിലേറി ഞാന്‍
ഇല്ലാത്ത, സങ്കല്‍പസ്വര്‍ഗ്ഗങ്ങള്‍ തേടുവാന്‍
ചില്ലാട്ടമാടിപ്പറന്നതോര്‍ക്കുന്നു ഞാന്‍.

ഒത്തിരിക്കാര്യങ്ങള്‍ ചൊല്ലുവാനുണ്ടെന്നു
പത്തുവയസ്സുള്ളൊരെന്‍ ഓണമിന്നോര്‍ക്കുകില്‍.
ചെത്തിയും തുമ്പയും ചെമ്പകപ്പൂവുമാ
യത്തവൂവിട്ടു കളിച്ചതോര്‍ക്കുന്നു ഞാന്‍.

ചങ്ങാതിമാരുമായങ്ങേപ്പറമ്പിലെ
കിങ്ങിണിപ്പൂക്കളറുത്തെടുത്തീടവെ
ബാല്യമാണോണമാണെന്നതോര്‍ക്കാതൊരു
വല്യമ്മ ഞങ്ങളെയാട്ടിയോടിച്ചതും.

കാളനും തോരനും കായവറുത്തതും,
പാളയങ്കോടന്‍ പഴവും, പ്രഥമനും,
കൂട്ടരോടൊത്തന്നു മൃഷ്‌ടാന്നമുണ്ടിട്ടു
നാട്ടുവഴികളില്‍ പന്തു കളിച്ചതും.

അച്ചന്‍കോവിലാറ്റിലെ വള്ളംകളി കാണാന്‍
ഉച്ചയ്‌ക്കുതന്നെയങ്ങെത്തിയതോര്‍പ്പു ഞാന്‍.
കരിയിലടുത്തൊരു വള്ളത്തിലേറവെ
ചേറുവെള്ളത്തില്‍ തലകുത്തിവീണതും.

ഒക്കെ രസച്ചരിടൊട്ടും മുറിയാതെന്‍
മക്കളോടൊന്നു പറഞ്ഞുകൊടുക്കുമ്പോള്‍....
`കൊള്ളാമീയോണകഥകളെന്നാകിലും-
`റ്റോം ആന്‍ഡ്‌ ജെറി' കാണാന്‍ നേരമായ്‌. പോകൈട്ടെ.'
ഓര്‍മ്മയില്‍ ഓരോണം (ജോസന്‍ ജോര്‍ജ്‌)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക