Image

മഞ്ഞള്‍ പ്രസാദവും...: സുധീര്‍ പണിക്കവീട്ടില്‍

Published on 29 August, 2012
മഞ്ഞള്‍ പ്രസാദവും...: സുധീര്‍ പണിക്കവീട്ടില്‍
എല്ലാ വായനക്കാ റ്ക്കും അഭുദയ കാംക്ഷികള്‍ക്കും ഹാര്‍ദ്ദമായ ഓണാശംസകള്‍-Eമലയാളി

ഓണം ഒരു ആഘോഷമെന്നതിലുപരി ഒരനുഭൂതിയാണു. മലയാളികളുടെയെല്ലാം മനസ്സില്‍ ഒരു ഭദ്രദീപം പോലെ എന്നും അതു കെടാതെ നില്‍ക്കുന്നു. ഓണത്തെക്കുറിച്ചാലോചിക്കുമ്പോള്‍ കുട്ടികാലത്തെ ഓര്‍മ്മകളാണു എപ്പോഴും ഓടിയെത്തുന്നത്‌. അത്തം മുതല്‍ തിരുവോണം വരെയുള്ള പത്തു ദിവസങ്ങള്‍ പകര്‍ന്ന്‌ തന്ന ആനന്ദത്തിന്റെ നിര്‍വ്രുതി ഇന്നും അനുഭവപ്പെടുന്നു. കറവ്‌ പാല്‍ പോലെ നിലാവൊഴുക്കികൊണ്ടു പാല്‍ കുടമേന്തി നില്‍ക്കുന്ന രാത്രികള്‍. ആടിലാവും, ഓടിലാവും കഴിഞ്ഞു വരുന്ന ഓണ നിലാവിന്റെ അഭൗമഭംഗി മലയാളകരക്ക്‌ മാത്രമായ വരദാനമാണു. ഒരു മഞ്‌ജീര ശിഞ്‌ജിതം പോലെ ഉദിക്കുന്ന പുലരികള്‍. അതിന്റെ മഞ്‌ജിമയില്‍ പവനുരുക്കി പ്രകാശിക്കുന്ന മനോഹരമായ പകലുകള്‍. ഓണ പരീക്ഷ വല്ലവിധത്തിലും കഴിഞ്ഞുപോകാന്‍ അക്ഷമയോടെ കാത്തു നില്‍ക്കുന്ന കൗമാരത്തിന്റെ വെമ്പലുകള്‍. പനി നീര്‍ തളിക്കുന്ന പോലെ ഇടക്ക്‌ പെയ്യുന്ന മഴയുടെ കുളിരും സുഗന്ധവും. മഴയില്‍ കുളിച്ച്‌ തോര്‍ത്തിയ മണല്‍ വിരിച്ച മുറ്റത്തിന്റെ നടുക്ക്‌ അത്തം മുതല്‍ ചാണകം മെഴുകി അതില്‍ ഒരുക്കി വക്കുന്ന വര്‍ണ്ണശബളിമയാര്‍ന്ന വിവിധതരം പൂക്കള്‍. പിന്നീട്‌ ഉത്രാടദിവസം ത്രുക്കാക്കരയപ്പനെ പ്രതിഷ്‌ഠിക്കാന്‍ അവിടെ മണ്ണു കൊണ്ടു പണിതുണ്ടാക്കുന്ന മൂന്നു, ഏഴ്‌, ഒമ്പത്‌ എന്നീ നിലകളിലുള്ള പൂത്തറ. വൈകിയുറങ്ങുന്ന രാത്രികളില്‍ അയല്‍ വീടുകളില്‍ നിന്നും കേള്‍ക്കുന്ന ഓണകളിയുടെ പാട്ടും, കൈകൊട്ടും. ഓണനിലാവിന്റെ ഭംഗി നുകര്‍ന്ന്‌, മുത്തശ്ശിയുടെ കഥകള്‍ കേട്ട്‌ ഉമ്മറകോലായില്‍ വിരിച്ച പുല്‍പ്പായയിലിരുന്നപ്പോള്‍ അനുഭവിച്ച സുരക്ഷബോധവും സുഖവും. അപ്പോഴാണു ഞങ്ങള്‍ കുട്ടികള്‍ അമ്പിളിമാമനെ കൂടെ നടത്തുന്നത്‌. ഒരു മുറ്റത്തു നിന്നും മറ്റേ മുറ്റത്തേക്ക്‌ നടക്കുന്ന കുട്ടികളുടെ കൂടെ മായാത്ത ചിരിയുമായി അമ്പിളിമാമനും ഒപ്പം നടക്കുന്നു. അടുത്ത വീട്ടിലെ കുട്ടികളും വിളിച്ചുപറയുന്നു. `അമ്പിളിമാമന്‍ ഞങ്ങളുടെ കൂടെയാണിപ്പോള്‍' കൗമാരക്കാരുടെ നിഷ്‌ക്കളങ്കമായ വായ്‌ത്താരി കേട്ട്‌ ചിരിച്ച പോലെ നിലാവിനു അപ്പോള്‍ പ്രകാശം കൂടുന്നു. നേരം പുലരുമ്പോള്‍ പറമ്പില്‍ സമൃദ്ധമായി വളരുന്ന തുമ്പ പൂക്കള്‍ക്കൊപ്പം പലതരം വര്‍ണ്ണ പൂക്കള്‍ കുട്ടികളെ എതിരേല്‍ക്കാന്‍ വിടര്‍ന്ന്‌ നില്‍ക്കുന്നു. പൂക്കളെപോലെയുള്ള തുമ്പികള്‍ ചുറ്റിലും പാറി കളിക്കുന്നു. അവയേയും പിടിച്ച്‌്‌ പൂക്കൊട്ടയിലിടാന്‍ മോഹം. തുമ്പികള്‍ക്കു പോലും കൊച്ചു വിരലുകള്‍ക്കിടയില്‍ തൂങ്ങി കിടക്കാന്‍ കൗതുകം.

കളികള്‍ക്കിടയില്‍ വീട്ടിനുള്ളിലേക്ക്‌ കയറിപോകുന്ന പഴക്കുലകള്‍, ഓണപുടവകള്‍ എന്നിവ കണ്ട്‌ അവ പരിശോധിക്കുവാനും രുചിച്ചുനോക്കുവാനും ഒരു പടയോട്ടം പിന്നെ ഒന്നുമറിയാത്തപോലെ വീണ്ടും കളികള്‍. അപ്പോഴേക്കും പൊട്ടി വീഴുന്ന ഒരു പൂമഴ. ആര്‍ത്തു വിളിച്ചുകൊണ്ടു കുട്ടികള്‍ നാലു പാടും ഓടുകയായി..ഓണകിളികള്‍ നനഞ്ഞ ചിറകുമായി മരച്ചില്ലയിലിരുന്ന്‌ കുട്ടികളെ നോക്കി ചിലക്കുന്നു. എവിടേയും മനോഹര ദ്രുശ്യങ്ങള്‍. കൊച്ച്‌ കൊച്ച്‌ കാറ്റും തെരുതെരെ പൂമഴയും എവിടെ തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം പൂത്ത മരങ്ങളുമായി മലയാള നാടിന്റെ സൗന്ദര്യം മുഴുവന്‍ ചിങ്ങമാസം പ്രദര്‍ശിപ്പിക്കുന്നു.

വിശിഷ്‌ടാതിഥിയായെത്തുന്ന മാവേലിയുടെ ഐതിഹ്യത്തില്‍ ഞങ്ങള്‍ കുട്ടികള്‍ക്ക്‌ വലിയ താല്‍പ്പര്യമുണ്ടായിരുന്നില്ല. ഓണത്തിന്റെ മോടിയും, പകിട്ടും, കളികളും, പുത്തനുടുപ്പുകളുമൊക്കെ കുട്ടികള്‍ക്കു സന്തോഷം പകര്‍ന്നു. ഓലകുടയും, കിരീടവും, മെതിയടിയുമായി മാവേലി വരുമെന്നു എല്ലാവരും വിശ്വസിച്ചു. ഈ ലേഖകന്റെ ബാല്യ-കൗമാരങ്ങളില്‍ എപ്പോഴും ഒരു സംശയം തീരാതെ നിന്നു. തിരുവോണ ദിവസം മാവേലി തീര്‍ച്ചയായും വരുമോ? ഒരുക്കിയ പൂക്കളും, നിവേദിച്ച അടയും, മറ്റു പൂജ സാമഗ്രികളും സ്വീകരിക്കുമോ? തുമ്പയിലയിട്ട വാഴയിലയില്‍ ത്രുക്കാക്കരയപ്പനെ വച്ച്‌ പൂജിക്കുമ്പോള്‍ കനലു കൊണ്ടു ഒരു പൂജയും, പിന്നെ നാളികേരമുടക്കലുമുണ്ട്‌. ഇതു രണ്ടും ചെയ്യാന്‍ ഭയമായിരുന്നെങ്കിലും ചേച്ചിയുടെ സഹായത്തോടെ അതു നിര്‍വ്വഹിച്ചു പോന്നു. വീട്ടിലെ കുട്ടിയെന്ന നിലക്കു ഉത്രാട ദിവസം ഓണ പൂജ ചെയ്യുമ്പോള്‍ മനസ്സിലെ ആഗ്രഹം മാവേലിയെ ഒന്നു കാണാന്‍ സാധിക്കുകയെന്നതായിരുന്നു. ഒരിക്കല്‍ മുത്തശ്ശിയോടു ചോദിച്ചപ്പോള്‍ മുത്തശ്ശി പറഞ്ഞു. ഉണ്ണിയല്ലേ എന്റെ മഹാബലി. ഉണ്ണി വന്നപ്പോള്‍ ഓണം വന്ന പോലെയായി. എന്നെപോലെ എല്ലാവര്‍ക്കും അവരുടെ ഉണ്ണികള്‍ മാവേലികള്‍. കുട്ടിയായിരുന്നെങ്കിലും അതു വിശ്വസിക്കാന്‍ പ്രയാസമായിരുന്നു. പിന്നെ കാലം കടന്നു പോവുകയും വളരുകയും ചെയ്‌തപ്പൊള്‍ മുത്തശ്ശി പറഞ്ഞതിന്റെ പൊരുള്‍ കിട്ടി. കുടുമ്പത്തോടും, കൂട്ടുകാരോടും കൂടി നമ്മള്‍ ഓണം ആഘോഷിക്കുന്നു. ഓണം ആഘോഷിക്കാന്‍ ഒത്തു കൂടുന്ന നമ്മള്‍ തന്നെ മാവേലിമാര്‍. നമ്മള്‍ ഒരുമയോടെ ഒത്തുചേരുമ്പോള്‍ ആഹ്ലാദമുണ്ടാകുന്നു. ഓണം പ്രതീക്ഷകളുടെ ദിവസമാണു. എല്ലാവരും കാത്തിരിക്കുന്നു. ഒരു പക്ഷെ മഹാബലിയുടെ പേരും പറഞ്ഞ്‌ എല്ലാവരും ഒത്തു ചേരുന്ന ഒരു സുദിനം. പരസ്‌പരം സ്‌നേഹവും വിശ്വാസവുമുണ്ടാകുമ്പോള്‍ ജീവിതം സുന്ദരമാകുന്നു.ഓണത്തിന്റെ സന്ദേശം ഒരുമയുടേയും, സ്‌നേഹത്തിന്റേയും, ഒത്തു ചേരലിന്റേയുമാണ്‌. ഒരു ദിവസത്തെ ആഘോഷമായി ഈ വിശേഷദിനത്തെ ഒതുക്കാതെ ആ സുദിനം എന്നും കൊണ്ടാടാന്‍ കഴിയുക എന്നതാകണം നമ്മുടെ ലക്ഷ്യം. പ്രതി വര്‍ഷം നമ്മുടെ ഓര്‍മ്മ പുതുക്കാനെന്നവണ്ണം പ്രക്രുതി ഓണപൂക്കള്‍ വിടര്‍ത്തുന്നു. ഓണ നിലാവ്‌ ഉദിപ്പിക്കുന്നു. ഓണപുടവകള്‍ ചുറ്റി, ഉറ്റവര്‍ക്കും, പ്രിയപ്പെട്ടവര്‍ക്കും ഓണസമ്മാനങ്ങളുമായി എല്ലാവര്‍ക്കും ഒരിടത്ത്‌ സമ്മേളിക്കാം. പപ്പടവും, പഴവും, പായസവും കൂട്ടി ഓണ സദ്യയുണ്ടു ഓണപാട്ടുകള്‍ പാടി സന്തോഷിക്കാം. മാവേലി ഒരു പ്രതീകമാണു. എങ്കിലും പ്രജ വത്സലനായ ആ ചക്രവര്‍ത്തി വരുമെന്ന ചിന്തയും അല്ലെങ്കില്‍ അദ്ദേഹം അദ്രുശ്യനായി തിരുവോണനാളില്‍ നമ്മുടെ കൂടെയുണ്ടെന്ന്‌ ചിന്തയും നല്ലതാണ്‌. കാരണം അതു ഈശ്വര സങ്കല്‍പ്പത്തിനു തുല്ല്യമാണ്‌. വിശ്വാസമാണു ദൈവം. ഈശ്വരനില്‍ വിശ്വസിക്കുമ്പോള്‍ ജീവിതം സുഖമമാകുന്നു. മാവേലി നാടു വാണീടും കാലം മാലോകരെല്ലാരും ഒന്നുപോലെ, മാലോകര്‍ എന്നും ഒന്നുപോലെ ആകുക എന്ന മഹത്വ സുന്ദരമായ ആദര്‍ശത്തോടെ എല്ലാ വര്‍ഷവും നമുക്ക്‌ ഓണത്തെ എതിരേല്‍ക്കാം, ആഘോഷിക്കാം.

ഉണ്ണിയും ഓണവും ( ഒരു കുട്ടി കവിത )

-സുധീര്‍ പണിക്കവീട്ടില്‍

ചക്കരമുണ്ടന്റെ കസവ്‌ മുണ്ട്‌
അതില്‍ ഒട്ടിയിരിക്കുന്നു ചുംബനങ്ങള്‍
അമ്മ കൊടുത്തതിനെണ്ണമില്ല
അഛന്‍ കൊടുത്തത്‌ എണ്ണിയില്ല
ഓണനിലാവൊളി ചുറ്റി നില്‍ക്കും
മുറ്റത്ത്‌ ഉണ്ണിതന്‍ കാലടികള്‍
പുഞ്ചിരി തൂകുന്ന പൂക്കളോടും
മൂളി നടക്കുന്ന തുമ്പിയോടും
ഉണ്ണിക്ക്‌ ചോദിക്കാന്‍ ഒന്ന്‌ മാത്രം
ഓല കുടയും കുട വയറും
മെതിയടിയൊല്ലയുമായൊരാളെ
നിങ്ങളില്‍ ആരാനും ഇന്ന്‌ കണ്ടൊ?

ഓണ കിളികള്‍ പറന്നു്‌ വന്നു
ഓണവില്‍ പാട്ടിന്റെ താളം കേട്ടു
മഞ്ഞക്കുറിമുണ്ട്‌ ചുറ്റി ചേലില്‍
കുങ്കുമ പൊട്ടും കുറിയുമായി
പാദസരങ്ങള്‍ കിലുക്കിയോടി
മുറ്റത്തെ പൂക്കളം വട്ടം ചുറ്റി
ഉണ്ണിതന്‍ വായ്‌ത്താരി കേട്ടിടുന്നു
ഓണമായ്‌, ഓണമായ്‌, ഓടി വായൊ...
ഓണം പൊന്നോണമാകട്ടെയെന്നും
ഉണ്ണിക്കും എല്ലാര്‍ക്കും എന്നുമെന്നും
നേരുന്നു മാവേലി മന്നനൊപ്പം
ഉണ്ണിയും സ്‌നേഹാര്‍ദ്ര ലോലയായ്‌

ഇ-മലയാളിയും സ്‌നേഹപൂര്‍വ്വം.

താഴെ കാണുന്ന ലിങ്കില്‍ പോയാല്‍ ഇത്‌ പാടി കേള്‍ക്കാം.

http://www.youtube.com/watch?v=Zmf1qnNnjsMa
മഞ്ഞള്‍ പ്രസാദവും...: സുധീര്‍ പണിക്കവീട്ടില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക